Sunday, February 25, 2024
HomeUS News🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

✍സജു വർഗീസ് (ലെൻസ്മാൻ)

 

🟥ജയറാമിന്റെ വമ്പന്‍ തിരിച്ചു വരവും മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിയും ആഘോഷമാക്കി മലയാളി പ്രേക്ഷകര്‍. ‘എബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. 2.85 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആഗോളതലത്തില്‍ 5 കോടി നേടിയെന്നും 3 കോടി നേടിയെന്നും ചില ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമാവുകയാണ് ഓസ്ലര്‍. റിലീസ് ദിനമായ ഇന്നലെ കേരളത്തില്‍ 150ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം നേരിന്റെ ആദ്യ ദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്ലര്‍ മറികടന്നു. 130ല്‍ അധികം എക്‌സ്ട്രാ ഷോകളായിരുന്നു റിലീസ് ദിനത്തില്‍ നേരിന് ഉണ്ടായിരുന്നത്. ഹൗസ് ഫുള്ളായി പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന ചിത്രം 2024-ലെ ആദ്യ വലിയ റിലീസാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണിത്. അബ്രഹാം ഓസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്ലറിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

🟥‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ഭ്രമയുഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അടിമുടി ഭയം ജനിപ്പിക്കുന്ന ടീസര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഇതേ വരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. ഇതുവരെ കാണാത്ത ഭാവത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിര്‍മാണം സംരംഭമാണ് ഭ്രമയുഗം. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരിക്കിയിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടിഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

🟥ബ്രോ ഡാഡിക്ക് ശേഷം നടി മീന വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് മീന എത്തുന്നത്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മീന അവതരിപ്പിക്കുന്നത്. കോളേജ് പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശ്രീകാന്ത് കേളേജ് അധ്യാപകനായും മനോജ് കെ ജയന്‍ അഭിഭാഷകനായും എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, മീര നായര്‍, അര്‍ജുന്‍ പി അശോകന്‍, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധര്‍, ഷൈന ചന്ദ്രന്‍, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവീക ഗോപാല്‍ നായര്‍, ആര്‍ലിന്‍ ജിജോ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയില്‍ അഭിനിയിക്കുന്നുണ്ട്. റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍, ആല്‍ബര്‍ട്ട് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു.

🟥വീണ്ടുമൊരു ജന്മദിന സമ്മാനവുമായി മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ടീം. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ നായകന്മാരായ ധ്യാന്‍ ശ്രീനിവാസന്റെയും പ്രണവിന്റെയും ജന്മദിനത്തിലേത് പോലെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വര്‍ഗ്ഗീസിന്റെ ജന്മദിനത്തിലും ഒരു പുതിയ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് അജു വര്‍ഗീസിനെ പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

🟥ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്ന മണിരത്നം – കമല്‍ ഹാസന്‍ ചിത്രം ‘തഗ് ലൈഫി’ന്റെ പുതിയ അപ്‌ഡേറ്റ് മലയാളികള്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ്. മലയാളത്തില്‍ നിന്ന് പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ ചിത്രത്തിലുള്ള കാര്യം ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ സ്ഥിതീകരിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു പ്രിയതാരവും ഈ പ്രോജക്റ്റിന്റെ ഭാഗമാണെന്നു ഒഫീഷ്യല്‍ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. തന്റേതായ അഭിനയ പ്രകടനത്തിലൂടെ നാഷണല്‍ അവാര്‍ഡും, സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം ജോജു ജോര്‍ജും തഗ് ലൈഫിലെ ഒരു പ്രധാന റോളില്‍ എത്തുന്നു. മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഉലകനായകന്‍ കമല്‍ഹാസന്‍ മണിരത്നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന ചിത്രത്തില്‍ കമല്‍ഹാസനോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ജോജു ജോര്‍ജ്, ജയം രവി, ഗൗതം കാര്‍ത്തിക് ,തൃഷ തുടങ്ങി വമ്പന്‍ താരനിര തഗ് ലൈഫിന്റെ മാറ്റ് കൂട്ടുന്നു. തഗ് ലൈഫില്‍ കമല്‍ ഹാസനും മണിരത്‌നവും ഇസൈപുയല്‍ എ.ആര്‍.റഹ്‌മാനൊപ്പം വീണ്ടും കൈകോര്‍ക്കുന്നു.

🟥ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നേരത്തെ റിലീസ് ചെയ്ത ടീസറിനും വലിയ സ്വകാര്യതയാണ് ലഭിച്ചിരുന്നത്. കോമഡി എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നതും ട്രെയ്ലറില്‍ കാണാന്‍ സാധിക്കും. സംവിധായകന്‍ കമലിന്റെ സിനിമാ ജീവിതത്തിലെ ഒരു തിരിച്ചുവരവ് ആയിരിക്കും വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിലൂടെ എന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്. ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് വിവേകാനന്ദന്‍ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.

🟥സായ് സൂര്യ ഫിലിംസിന്റെ ബാനറില്‍ ആദിത്യ സായ്, അലന്‍സിയര്‍ ലേ ലോപ്പസ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജ?ഗത് ലാല്‍ ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മായാവനം റിലീസിന്. ആക്ഷന്‍- സര്‍വൈവല്‍ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. നാല് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്. സുധി കോപ്പ, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ആമിന നിജാം, ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോക്കി, റിയാസ് നര്‍മ്മകല, കലേഷ്, അരുണ്‍ കേശവന്‍, സംക്രന്ദനന്‍, സുബിന്‍ ടാര്‍സന്‍, പ്രേംജിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

🟥തമിഴ് സിനിമാ രംഗത്തെ രണ്ട് പ്രതിഭകള്‍ ആദ്യമായി ഒന്നിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും യുവ സംവിധായകന്‍ മാരി സെല്‍വരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം പുറത്ത്. ‘തലൈവര്‍ 172’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. രജനികാന്തിന്റെ അഭിനയ ജീവിതത്തിലെ 172 മത് ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ തിരക്കഥ രജനിക്ക് ഇഷ്ടപ്പെട്ടതായും, ലോകേഷ് കനകരാജുമായുള്ള ചിത്രത്തിന് ശേഷം തലൈവര്‍ 172 ചിത്രീകരണം ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പേരിയേറും പെരുമാള്‍, കര്‍ണ്ണന്‍, മാമന്നന്‍, വാഴൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും തലൈവര്‍ 172.

🟥കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘രഘുതാത്ത’. കീര്‍ത്തി സുരേഷിന്റെ രഘുതാത്ത സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നതിന് എതിരെയുള്ള കഥയുമായാണ് രഘുതാത്ത എത്തുന്നത് എന്നാണ് വ്യക്തമാക്കുന്നത്. തമിഴില്‍ സൊല്ല് എന്ന് ടീസറില്‍ പറയുന്ന കീര്‍ത്തി സുരേഷിന് മികച്ച ഒരു അവസരമാണ് രഘുതാത്ത. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‌കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്യും ആനന്ദസാമിയുമൊക്കെയുണ്ട്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. സലാറിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തിയുടെ രഘുതാത്ത എത്തുക. കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമാകുന്ന ചിത്രം സൈറും പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. ജയം രവിയാണ് നായകന്‍.

🟥നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഈ വര്‍ഷം വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോമഡി- എന്റര്‍ടൈനറായാണ് ചിത്രമൊരുങ്ങുന്നത്. നിവിന്‍ പോളിയെ കൂടാതെ ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനശ്വര രാജന്‍, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്.

✍സജു വർഗീസ് (ലെൻസ്മാൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments