Sunday, June 15, 2025
Homeസിനിമഫ്രൈഡേ സ്‌ക്രീനിംഗ് : 'ആന്റിക്രൈസ്റ്റ്' പ്രദര്‍ശിപ്പിക്കും.

ഫ്രൈഡേ സ്‌ക്രീനിംഗ് : ‘ആന്റിക്രൈസ്റ്റ്’ പ്രദര്‍ശിപ്പിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച വിഖ്യാത ഡാനിഷ് സംവിധായകന്‍ ലാര്‍സ് വോണ്‍ ട്രിയറുടെ ‘ആന്റിക്രൈസ്റ്റ്’ പ്രദര്‍ശിപ്പിക്കും വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
2009ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഷാര്‍ലറ്റ് ഗെയ്ന്‍സ്‌ബെര്‍ഗ് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. യുറോപ്യന്‍ ഫിലിം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ബെര്‍ലിന്‍, ടൊറൻ്റോ, കാര്‍ലോ വിവാരി, ഷിക്കാഗോ, മെല്‍ബണ്‍, ഐ.എഫ്.എഫ്.കെ തുടങ്ങിയ മേളകളില്‍ പ്രേക്ഷകപ്രശംസ നേടുകയും ചെയ്ത ചിത്രമാണിത്.

വിഷാദം കേന്ദ്രപ്രമേയമായ മെലന്‍കോളിയ (2011), നിംഫോമാനിയാക് (2013) എന്നീ സിനിമകള്‍ കൂടി ഉള്‍പ്പെടുന്ന ലാര്‍സ് വോണ്‍ ട്രിയറുടെ വിഷാദചലച്ചിത്ര ത്രയത്തിലെ ആദ്യ സിനിമയാണിത്. ദമ്പതികള്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിനിടെ അവരുടെ അശ്രദ്ധയാല്‍ കിടപ്പുമുറിയുടെ ജനലിലൂടെ താഴെ വീണ് കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് അമ്മ കടുത്ത മാനസിക സംഘര്‍ഷത്തിലാവുന്നു. സൈക്കോ തെറാപ്പിസ്റ്റ് ആയ ഭര്‍ത്താവ് അവളെ ചികില്‍സിക്കുന്നു. കാട്ടിലെ ഏദന്‍ എന്ന താമസസ്ഥലത്തേക്ക് പോകുമ്പോള്‍ പ്രകൃതി ചെകുത്താന്റെ പള്ളിയാണെന്ന് കരുതുന്ന ഭാര്യയുടെ തൃഷ്ണകള്‍ അങ്ങേയറ്റം ഹിംസാത്മകമാവുന്നു. 108 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ