Sunday, June 16, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 09 | വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 09 | വ്യാഴം

കപിൽ ശങ്കർ

🔹ഈ വര്‍ഷം എസ്എസ്എല്‍സിക്ക് 99. 69 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71,831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2,474 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

🔹എയര്‍ ഇന്ത്യ എക്സ്പ്രസിലെ കാബിന്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നുള്ള പ്രതിസന്ധി അടുത്ത ദിവസങ്ങളിലും തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും പുനഃക്രമീകരിച്ചും പ്രതിസന്ധി കുറച്ചെങ്കിലും മറികടക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. തൊണ്ണൂറിലേറെ സര്‍വീസുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ ആലോക് സിങ് വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് വിമാനക്കമ്പനി അധികൃതര്‍ കത്തയച്ചു. അതേസമയം വിമാനത്താവളത്തിലേക്ക് വരുന്നതിന് മുന്‍പ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്മെന്റ് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍.

🔹അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാര്‍ക്ക് മിനിമം വേണം. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔹രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും ഇന്നറിയാം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

🔹പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലയിലിരിക്കെ ആയിരുന്നു മരണം. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങി ആറോളം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയ സംഗീത് ശിവന്‍ ബോളിവുഡില്‍ എട്ടോളം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

🔹മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പണം ഉപയോഗിച്ചാണ് കുടുംബസമേതം വിദേശത്തേക്ക് പോയതെന്നും എല്ലാ അനുമതിയും വാങ്ങിയിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങനെ ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നു ചോദിച്ച എംവി ഗോവിന്ദന്‍ വിദേശകാര്യമന്ത്രിയുടെ വാദം വില കുറഞ്ഞതാണെന്നും ആരോപിച്ചു.

🔹കനത്ത കാറ്റിലും മഴയിലും എറണാകുളം ഇടപ്പള്ളിയില്‍ ഇലക്ട്രിക് കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. ലൈനുകള്‍ പൂര്‍വസ്ഥിതിയിലാക്കിയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലും ട്രാക്കിലുമായി പിടിച്ചിട്ടത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് വൈദ്യുതി ലൈനില്‍ തടസമുണ്ടായത്.

🔹കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ താമരക്കുളം പാറയില്‍ തെന്നാട്ടും വിളയില്‍ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പന്‍പാറ അനീഷിന്റെ വീട്ടിലെ മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയ സുഭാഷിന് ശ്വാസം മുട്ടിയപ്പോള്‍ രക്ഷിക്കാനായി ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്.

🔹എരുമപ്പെട്ടി : ചിറ്റണ്ടയിൽ പൊതുസ്ഥലത്ത് കഞ്ചാവുനിറച്ച ബീഡി വലിച്ച യുവാക്കളെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റണ്ട കള്ളിവളപ്പിൽ അൻഷാദ് (27), മങ്ങാട് പുത്തൂർ ജിത്തു (29) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പോലീസ് പട്രോളിങിനിടെയാണ് ഇവരെ പിടികൂടിയത്.

🔹സലാല: കണ്ണൂർ ഇരിട്ടി സ്വദേശി കെ.വി. അസ്‌ലം ( 51) സലാലയിൽ നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരിക്കൂരിലെ കിണാക്കുൽ വയൽപാത്ത് കുടുംബാഗമാണ്.

🔹കണ്ണൂർ പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാനൂര്‍ കെ.കെ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഫായിസ് ആണ് മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കുണ്ട്.

🔹വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതിയതായി 144 കുഞ്ഞുങ്ങള്‍ ജനിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പിലാണ് ഔദ്യോഗിക വിവരം പുറത്തുവന്നത്. കുഞ്ഞുങ്ങളടക്കം ആകെ 827 വരയാടുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

🔹തൃശൂര്‍: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അസം സ്വദേശി തൃശൂരിൽ പിടിയിൽ.  പെരിങ്ങാവ് പ്രദേശങ്ങളില്‍ വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നു എന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ വിയ്യൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
അസമിലെ നാഗോണ്‍ ജില്ലയിലെ ബാര്‍പേട്ട സ്വദേശിയായ മുക്‌സിദുല്‍ അലം എന്ന 24 കാരനാണ് അറസ്റ്റിലായത്. പ്രതിയെ മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. ഒന്നര മാസത്തിനുള്ളില്‍ തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയ പത്ത് കേസുകളിലെ എട്ട് പ്രതികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ ആറ് കേസുകളും ബ്രൗണ്‍ഷുഗറുമായി ബന്ധപ്പെട്ടതാണ്.

🔹കോണ്‍ഗ്രസിന്റെ ചിന്ഹമായ കൈപ്പത്തി അടിയന്തരമായി മരവിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ. പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

🔹വെറും 9.4 ഓവറില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ 167 റണ്‍സെടുത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 30 പന്തില്‍ 89 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും 28 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും മികവില്‍ 62 പന്തുകള്‍ ശേഷിക്കേ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ വിജയത്തിലെത്തി.

🔹പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’ സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം നിര്‍വഹിക്കുന്നത് നാഗ് അശ്വിനാണ്. പ്രഭാസിന്റെ ഒരു വിഷ്ണു അവതാര കഥാപാത്രത്തിന് മഹേഷ് ബാബു ശബ്ദം നല്‍കിയേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി 27ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിനാണ് കല്‍ക്കി 2898 എഡിയുടെ ഒടിടി റൈറ്റ്സ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകന്‍ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments