Friday, December 6, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 15, 2024 വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 15, 2024 വെള്ളി

🔹ഡാളസിൽ അന്തരിച്ച ഇന്ത്യാ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് രവി എടത്വായുടെ സംസ്കാര ചടങ്ങുകൾ നാളെ (ശനി ) രാവിലെ 10 മണിക്ക് ഡാളസിലുള്ള ഹ്യുഗ്സ് ഫ്യൂണറൽ ഹോമിൽ (9700 Webb Chapel Rd, Dallas, Tx 75220) വെച്ച് നടത്തപ്പെടും. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും ആയിരുന്ന രവി എടത്വാ, ഫ്‌ളവേഴ്‌സ് ടിവിയുടെ ടെക്‌സാസ് റീജിയണല്‍ മാനേജരും ഒപ്പം അമേരിക്കയിൽ നിന്നുള്ള എല്ലാ മലയാള ദൃശ്യ മാധ്യമങ്ങൾക്കും വളരെ സഹായിയും ആയിരുന്നു.

🔹ഫിലഡൽഫിയയിലെ കെൻസിംഗ്ടൺ സെക്ഷനിലുള്ള മക്‌ഡൊണാൾഡിൻ്റെ ഡ്രൈവ്-ത്രൂവിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ ഒരു സായുധ കൊള്ളക്കാരൻ ക്യാഷ് രജിസ്റ്റർ മോഷ്ടിച്ചു. കെൻസിംഗ്ടണിലെ വെസ്റ്റ് ലെഹി അവന്യൂവിലെ 200 ബ്ലോക്കിൽ പുലർച്ചെ 2:30 നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

🔹നോർത്ത് ഈസ്റ്റ്‌ ഫിലഡൽഫിയയിൽ വ്യാഴാഴ്ച പുലർച്ചെ ട്രാക്ടർ-ട്രെയിലറിലുണ്ടായ വൻ ചരക്ക് മോഷണം പോലീസ് അന്വേഷിക്കുന്നു. കരോലിൻ റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിനുള്ളിലെ ബർബോണാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാക്കൾ ഓടിച്ച കാറുകളെ അടിസ്ഥാനമാക്കിയുള്ള സൂചനകൾ ലഭിച്ചു പിന്തുടരുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബർബൺ കയറ്റിക്കൊണ്ടുപോയ ട്രക്കിൻ്റെ ഡ്രൈവർ ക്യാബിനുള്ളിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും മോഷണ വിവരം അറിഞ്ഞില്ല. ഏകദേശം പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്.

🔹അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ടെക്സാസിൽ നിന്നും റീജിയണൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവർത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫാൻസി മോൾ പള്ളാത്തു മഠം മത്സരിക്കുന്നു.

🔹2021-ൽ മിഷിഗൺ ഹൈസ്‌കൂളിൽ നാല് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ ഈതൻ ക്രംബ്ലിയുടെ പിതാവ് ജെയിംസ് ക്രംബ്ലി, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈതന്റെ മാതാവും ഇതേ കുറ്റത്തിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് പിതാവിന്റെ വിചാരണ നടന്നത് .മനഃപൂർവമല്ലാത്ത നരഹത്യക്ക് 15 വർഷം വരെ തടവ് ലഭിക്കാവുന്ന നാല് കുറ്റങ്ങൾക്കാണ് ക്രംബ്ലി ശിക്ഷിക്കപ്പെടുക.

🔹തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം പാതിവഴിയിൽ നിര്‍ത്തിയത് പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ വിവാദമായ കലോത്സവം കോഴക്കേസിൽ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം.

🔹ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്‍തയാൾ എ ഐ ക്യാമറയെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവം പങ്കിട്ട് മോട്ടോർ വാഹന വകുപ്പ്. ഹെൽമറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിയാതിരിക്കാൻ ബൈക്ക് ഓടിക്കുന്നയാളുടെ കോട്ടിനകത്ത് തലയും ഉടലും ഒളിപ്പിച്ചായിരുന്നു യാത്ര.

🔹കൊച്ചി : കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശി ജിനോ (32) ആണ് മരിച്ചത്. ഇന്നലെയാണ് ലോഡ്ജിൽ മുറി എടുത്തത്. മുറി തുറക്കാത്തതിനെ തുടർന്ന് രാവിലെ കുത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് കാലടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മോർച്ചയിയിലേക്ക് മാറ്റി.

🔹ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മഷീന്‍. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമോ എന്നത് ആകാംക്ഷയാണ്.

🔹പത്തനംതിട്ട: എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ അദ്ദേഹത്തിൻ്റെ മുൻ പ്രസംഗങ്ങൾ മലയാളത്തിൽ വേദിയിൽ. നിർമിത ബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കിയാണ് ഹിന്ദിയിലുള്ള പ്രസംഗങ്ങൾ മലയാളത്തിലാക്കി വേദിയുടെ പിന്നിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് മോദി പത്തനംതിട്ടയിലെ വേദിയിലെത്തുക. എന്നാൽ, രാവിലെ ഒമ്പത് മുതൽ എ.ഐ. പ്രസംഗങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്ത് മോദി പ്രസംഗിച്ചതടക്കമുള്ളതാണ് എ.ഐ.യിലൂടെ മലയാളത്തിലേക്ക് എത്തിയത്. ബി.ജെ.പി സർക്കാരിൻ്റെ നേട്ടങ്ങളായിരുന്നു പ്രസംഗങ്ങളുടെ ഉള്ളടക്കം.

🔹റബ്ബര്‍ കയറ്റുമതിക്കാർക്ക് കേന്ദ്ര സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചു. ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബർ വിലവർധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ചേർന്ന റബർ ബോർഡ് മീറ്റിംഗിലാണ് തീരുമാനം അറിയിച്ചത്.

🔹റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീന്റെ സര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ. റേഷൻ കടകളിൽ സംഘർഷം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, ഒരേ സമയം സംസ്ഥാനം മുഴുവൻ മസ്റ്റെറിങ് നടത്താൻ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

🔹കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ ജാസി ഗിഫ്റ്റിന്‍റെ മൈക്ക് പിടിച്ചുവാങ്ങിയ  പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ്  വേദി വിട്ട് ഇറങ്ങിപ്പോയി. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തു. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.

🔹പിക്കപ്പ് വാൻ ഇടിച്ച് ഗുരുതര പരിക്കേറ്റ മണ്ണാർക്കാട് സ്വദേശി രാജൻ മരിച്ചു. കല്ലടിക്കോട് പാലത്തിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടുമണിക്കാണ് അപകടമുണ്ടായത്. രാജനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു ഇന്ന് രാവിലെയാണ് മരിച്ചത്.

🔹ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ വനപാലകർക്കൊപ്പം തുരത്തിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂർ ഓവേലി പെരിയ ചുണ്ടിയിൽ പ്രസാദ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം.

🔹പാലക്കാട് എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ, രണ്ട് എക്സൈസ് ജീവനക്കാർക്കെതിരെ നടപടി. പ്രതി തൂങ്ങിമരിച്ച സമയത്ത്, രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന പ്രതിയുടെ കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് , കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണo.

🔹മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകള്‍ നടത്തി. ബസുകളില്‍ ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവിടങ്ങളില്‍ എയര്‍ ലീക്ക് ഉണ്ടാകുന്നതായി കണ്ടെത്തി.819 ബസുകളുടെ എയര്‍ ലീക്ക് പരിഹരിച്ചെന്നും മറ്റുള്ളവയുടെ തകരാറുകള്‍ 30ന് മുന്‍പ് പരിഹരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

🔹ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ പുരുഷന്‍റേതെന്നാണ് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗം കാടു കയറിക്കിടക്കുകയായിരുന്നു. മുന്നാഴ്ച മുമ്പാണ് തൊട്ടടുത്ത പറമ്പിലെ കാടു വെട്ടിത്തെളിച്ചത്.

🔹50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ 8 ന്. സൂര്യനും ഭൂമിക്കുമിടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതോടെ പകല്‍ രാത്രിയാകും. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെടുക.

🔹ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കര്‍ ആണ്. തിരക്കഥയും അദ്ദേഹം തന്നെ. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ലിറിക്കല്‍ വീഡിയോ ആണ് ഗാനം റിലീസായിരിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീതം പകര്‍ന്ന് ആര്‍സീ ഗാനരചന നിര്‍വ്വഹിച്ച് ആലപിച്ച ‘നേരം ഈ കണ്ണുകള്‍ നനയും..’ എന്ന ഗാനം ഏറെ ശ്രദ്ധനേടുകയാണ്. ഏപ്രില്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments