Friday, April 19, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 29, 2024 വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 29, 2024 വ്യാഴം

🔹കര്‍ഷക സമരത്തിനിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട യുവകര്‍ഷകന്റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പഞ്ചാബ് പോലീസ് കേസെടുത്തു. സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ മരിച്ച ശുഭ്കരണ്‍ സിങ്ങിന്റെ (21) അച്ഛന്‍ ചരണ്‍ജിത് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ പട്യാല രവീന്ദ്ര ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കിയ കര്‍ഷകരുടെ പാസ്പോര്‍ട്ട്, വീസ മുതലയാവ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് ഹരിയാന പൊലീസ്.

🔹പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ പ്രധാനപ്രതിയായ അഖിലിനെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കല്‍പ്പറ്റ ഡിവൈഎസ്പി വ്യക്തമാക്കി. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.

🔹കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും കൂടി പുറത്തെടുത്തു. ഇന്നലെയാണ് ക്യാമ്പസിലെ ജീവനക്കാര്‍ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന വാട്ടര്‍ ടാങ്കിന്റെ മാന്‍ഹോള്‍ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാകാന്‍ കാരണം

🔹ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭാര്യ വര്‍ക്കല ചാവര്‍കോട് സ്വദേശി ലീല മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അശോകന്‍ റിമാന്‍ഡിലാണ്. ഫെബ്രുവരി 26 ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു.

🔹ക്വാട്ടേഴ്സിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ എഴുകുമണ്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

🔹താനൂരില്‍ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും, മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അമ്മ ജുമൈലത്ത് പൊലീസിന് മൊഴി നല്‍കി. ജുമൈലത്ത് ഒരു വര്‍ഷമായി ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞു കഴിയുകയായിരുന്നു.

🔹മുന്‍ എംപിയും ചലച്ചിത്ര താരവുമായ ജയപ്രദയെ മാര്‍ച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ യുപി കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഏഴ് പ്രാവശ്യം സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തര്‍പ്രദേശിലെ രാംപുരിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്.

🔹വന്യജീവി ആക്രമണങ്ങളില്‍ ആളുകളുടെ ജീവന്‍ നഷ്ടമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുകയാണെന്ന് ആരോപിച്ച് പ്രമേയം പാസാക്കി ഇടുക്കി രൂപത. കപട പരിസ്ഥിതിവാദികള്‍ക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പൊതു സമൂഹത്തിന് അപമാനമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒ ക്കെതിരെയും ഇടുക്കി രൂപത പ്രതിഷേധിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സമരമുഖത്ത് സജീവമാകുമെന്നാണ് രൂപതയുടെ മുന്നറിയിപ്പ്.

🔹മലപ്പുറം ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ലീഗ് മുന്‍ എംഎല്‍എ യുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും, റിസര്‍വ് ബാങ്ക് നിലപാടും കോടതി തള്ളി. ലയനത്തിന് അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന് കോടതി ചോദിച്ചു. സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിഐ യുടെ വാദം.

🔹അടുത്ത മാസം രണ്ടിന് ആലപ്പുഴയില്‍ നടക്കുന്ന കാര്‍ഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. പച്ചക്കറി വിറ്റ വകയില്‍ ഹോര്‍ട്ടികോര്‍പ്പിന് കോടികള്‍ നല്‍കാനുണ്ട്. കൂടാതെ പമ്പിംഗ് സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശ്ശിക നല്‍കാനുണ്ട്. ഇതിനിടെയാണ് കാര്‍ഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിച്ച തീരുമാനം വരുന്നത്. ഇതില്‍ 20 ലക്ഷം കൃഷിവകുപ്പിന്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയില്‍ നിന്നാണ് നല്‍കുന്നത്. ബാക്കി വകുപ്പിന് കീഴില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പായി കണ്ടെത്താനാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.

🔹യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് മീനു പരാതി നല്‍കി. വിദേശ നമ്പറില്‍ നിന്ന് മീനുവിന്റെ സുഹൃത്തുക്കള്‍ക്ക് വീഡിയോ അയച്ചതായി പരാതിയില്‍ പറയുന്നു. ആലപ്പുഴ വള്ളികുന്നം സ്വദേശിയുടെ പേരിലുള്ള വിദേശ നമ്പറാണിത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

🔹മദ്ധ്യപ്രദേശിലെ ദിണ്ടോരിയില്‍ പിക്കപ്പ് വാഹനം തലകീഴായി മറിഞ്ഞ് പതിനാല് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഗ്രാമീണര്‍ പിക്കപ്പില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വാഹനം തലകീഴായി മറിയുകയായിരുന്നു.

🔹യാത്രയ്ക്ക് പോകുന്നവരില്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. എത്തേണ്ട സ്ഥലത്തേയ്ക്കുള്ള വഴി കണ്ടെത്താന്‍ മുഖ്യമായി ഗൂഗിള്‍ മാപ്പിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. യാത്രയില്‍ ഗൂഗിള്‍ മാപ്പ് കൂടുതല്‍ പ്രയോജനകരമാകാന്‍ നിരവധി ഫീച്ചറുകളും ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് ഗ്ലാന്‍സബിള്‍ ഡയറക്ഷന്‍ ഫീച്ചര്‍. നാവിഗേറ്റ് ചെയ്യുമ്പോള്‍ ഒരേസമയം ഉപയോഗിക്കാവുന്ന ഗൂഗിള്‍ മാപ്പ്‌സിലെ ഒരു പുതിയ ക്രമീകരണമാണിത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. എത്തേണ്ട സ്ഥലം എപ്പോള്‍ എത്തുമെന്നുള്ള കൃത്യമായ ലൈവ് വിവരം നല്‍കുന്നത് അടക്കമുള്ള സേവനങ്ങളാണ് ഈ ഫീച്ചര്‍ നല്‍കുന്നത്. അടുത്ത ടേണ്‍ എവിടെയാണ് എന്ന വിവരം, യഥാര്‍ഥ പാതയില്‍ നിന്ന് മാറിയാല്‍ ഓട്ടോമാറ്റിക്കായി റൂട്ട് ശരിയാക്കുന്ന രീതി അടക്കമുള്ളവയാണ് മറ്റു സേവനങ്ങള്‍. സ്മാര്‍ട്ട്‌ഫോണിന്റെ ലോക്ക് സ്‌ക്രീനില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന വിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ വിവരങ്ങള്‍ ലഭിക്കും. യാത്രയെ ഒരുവിധത്തിലും തടസ്സപ്പെടുത്താതെയാണ് ഇതില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ്‌സില്‍ പ്രൊഫൈല്‍ പിക്ചര്‍ ടാപ്പ് ചെയ്ത് വേണം ഈ ഫീച്ചര്‍ ആക്ടീവ് ആക്കേണ്ടത്. തുടര്‍ന്ന് സെറ്റിങ്‌സ് തെരഞ്ഞെടുക്കുക. നാവിഗേഷന്‍ സെറ്റിങ്‌സില്‍ പോയി ‘Glanceable directions while navigating’ എന്ന ടോഗിള്‍ ഓണ്‍ ചെയ്യുന്നതോടെ ഇത് ലൈവ് ആകും.

🔹മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും വന്‍ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡും നേടിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ എക്കാലത്തേയും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ മൂന്ന് കോടി രൂപയിലധികം നേടിയപ്പോള്‍ ടൊവിനോ തോമസിന്റെ 2018ന്റെ റെക്കോര്‍ഡാണ് മറികടന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

🔹സംവിധായകന്‍ മോഹന്‍ലാല്‍ എന്നതിനാല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ബറോസ്. നായകനായി എത്തുന്നതും മോഹന്‍ലാലാണ്. മാര്‍ച്ച് 28നാണ് മോഹന്‍ലാലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാനിക്കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് നീളുമെന്നും മെയ് ആറിനായിരിക്കും പ്രദര്‍ശനത്തിന് എത്തുക എന്നുമാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ബറോസ് ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹോളിവുഡില്‍ നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് എന്നത് പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്ന ഒന്നാണ്. മോഹന്‍ലാലിന്റെ ബറോസ് ഒരു ത്രിഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തുക. മലയാളത്തിലെ ഒരു എപ്പിക് ഫാന്റസി ചിത്രമായിരിക്കും ബറോസ്. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. ചിത്രം ഒരുങ്ങുന്നത് ജിജോ പുന്നൂസ് എഴുതിയ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രെഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments