Saturday, July 27, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 20, 2024 ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 20, 2024 ചൊവ്വ

🔹ലിവിംഗ്സ്റ്റണിലെ ഓഡ്രി കണ്ണിംഗ്ഹാമിൽ നിന്ന് കാണാതായ 11 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച യുഎസ് 59 ന് സമീപം ട്രിനിറ്റി നദിയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 15ന് കണ്ണിംഗ്ഹാമിന് ആംബർ അലർട്ട് നൽകിയിരുന്നു.
തിരോധാനത്തിൽ സംശയിക്കുന്ന വ്യക്തി, ഡോൺ സ്റ്റീവൻ മക്‌ഡൗഗൽ (42) ഫെബ്രുവരി 16 ന്, ആക്രമണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു .

🔹കുറുപ്പംപടി തുരുത്തി വേങ്ങൂർ അത്തുങ്കൽ പി.മത്തായി (89 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കൽ കുടുംബാംഗമാണ്. പൊതുദർശനവും ശുശ്രൂഷകളും: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8.00വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ (4637 West Orem Dr. Houston TX 77045) സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 – 10 വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ 4637 West Orem Dr. Houston, TX 77045)

🔹അറ്റോർണി സിബിൽ രാജൻ മേജർ പദവിയിലേക്ക് ഉയർത്തുപെട്ടു.
മിലിട്ടിറി യിൽ സേവനം അനുഷ്ഠിക്കുന്ന അമേരിക്കൻ മലയാളി വനിതകളിൽ മേജർ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് സിബിൽ രാജൻ. ബാർക്‌സ്‌ഡെയ്ൽ എട്ടാം എയർഫോഴ്സ് ആസ്ഥാനത്തുവെച്ചു നടത്തപ്പെട്ട പ്രത്യേക ചടങ്ങിൽ കേണൽ ജോഷ്വാ യോനോവ് പ്രിസൈഡു ചെയ്തു . മീറ്റിങ്ങിൽ .മൈക്കിൾ ഹാൻസ് ഓത്ത്‌‌ ഓഫ്‌ ഓഫീസ്‌ ചടങ്ങിനു നേതൃത്വം നൽകി.

🔹റാന്നി മുണ്ടിയന്തറ മുഞ്ഞനാട്ട് വീട്ടിൽ ജോർജ് ചാണ്ടി (ജോർജ്കുട്ടി ) 84 വയസ് ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ: അന്നമ്മ ജോർജ് (Lizy)
മക്കൾ: ജിബു , ജിജി , ജിൻസി , ജിഷി (എല്ലാവരും ഹൂസ്റ്റണിൽ)
മരുമക്കൾ: ഷീബ , മോൻസി കുര്യാക്കോസ് , ജോമോൻ , പ്രിൻസ്. സംസ്കാരം പിന്നീട്.

🔹ഡാളസ് മലയാളീ അസോസിയേഷൻ പ്രസിഡന്റും ദീർഘകാലമായി ഫോമാ നേതാവുമായ സാമുവൽ മത്തായി 2024 -2026 കാലഘട്ടത്തിലേക്കുള്ള ഫോമായുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
2020 -2022 -ൽ ഫോമായുടെ നാഷണൽ കമ്മിറ്റിയംഗമായി സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഡാളസ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിൽ സംഘടനക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

🔹പാര്‍ലമെന്റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കര്‍ഷക സംഘടനകള്‍. അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില എന്നതായിരുന്നു കേന്ദ്ര വാഗ്ദാനം. ഇത് കരാര്‍ കൃഷിയുടെ മറ്റൊരു രൂപമെന്നും 23 കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ആവശ്യമാണെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. ഇതോടെ ഒരു ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് അടിയന്തരമായി താങ്ങുവില നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കര്‍ഷകര്‍.

🔹വയനാട്ടിലെ ജനവാസ മേഖലയിലെത്തിയ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും കര്‍ണാടകയിലേക്ക് മടങ്ങി. നേരത്തെ കബനി പുഴ കടന്ന് ആന തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

🔹സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത.

🔹എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. 5 മാസത്തെ ബില്‍ കുടിശിക ആയതോടെ ആണ് ഫ്യൂസ് ഊരിയത്. 42 ലക്ഷം രൂപയാണ് കുടിശിക.

🔹ബെംഗളൂര്‍ കമ്മനഹള്ളിയിലെ ഒരു ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25)എന്നിവരാണ് മരിച്ചത്.

🔹മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ ചാലിയാറില്‍ വാഴക്കാട് വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകളും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയും സന ഫാത്തിമയെ (17) മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്നനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

🔹തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു.

🔹പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ താഴിലാളികളുടെ തൊഴില്‍ സമയം പുനര്‍ ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണറുടെ ഉത്തരവ്. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ വിശ്രമമായിരിക്കും.

🔹പ്രകൃതി ദുരന്തങ്ങള്‍ കാരണം നിര്‍മാണപ്രവൃത്തികള്‍ വൈകിയതിന് സര്‍ക്കാര്‍ നിര്‍മാണക്കാലയളവ് അഞ്ചുവര്‍ഷംകൂടി നീട്ടി നല്‍കിയതോടെ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനാകും. കരാര്‍പ്രകാരം 40 വര്‍ഷത്തേക്കാണ് നടത്തിപ്പവകാശം അദാനിക്ക് നല്‍കിയിരുന്നത്. എന്നാല്‍, സ്വന്തം നിലയില്‍ തുക മുടക്കി രണ്ടുംമൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നടത്തിപ്പവകാശം 20 വര്‍ഷത്തേക്കുകൂടി നല്‍കണമെന്ന വ്യവസ്ഥ കൂടി ചേര്‍ന്നതോടെ നടത്തിപ്പവകാശം 65 വര്‍ഷമായി.

🔹വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും, പോളിന്റെയും വീടുകളില്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ മൂന്നാഴ്ച മുമ്പ് കാട്ടാനാ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരന്‍ ശരത്തിനെ കണ്ട്, ചികിത്സ സഹായത്തിന് വഴി ഒരുക്കുമെന്ന് ഉറപ്പു നല്‍കി.

🔹വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കി എന്നും മന്ത്രി പറഞ്ഞു.

🔹മോഷണം നടത്തി കാടുകയറി ഒളിച്ചിരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കറുകവളപ്പില്‍ അശോകന് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. കാഞ്ഞിരപ്പൊയില്‍ സ്വദേശി വിജിതയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ശിക്ഷ. ഹൊസ്ദുര്‍ഗ് സബ് കോടതി ജഡ്ജി എംസി ബിജുവാണ് അശോകന് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

🔹അന്ധനായ യുവാവിനെയും അമ്മയെയും മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയില്‍ ഷമീര്‍ മന്‍സിലില്‍ ഷമീര്‍(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. മുന്‍വിരോധമാണ് അന്ധനായ യുവാവിനെതിരായ അതിക്രമത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

🔹അരുണ്‍ വിജയ്യെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാന്‍’ സിനിമയുടെ ടീസര്‍ എത്തി. നേരത്തെ സൂര്യയെ നായകനാക്കി ബാല ചിത്രീകരണം തുടങ്ങിയ സിനിമയാണിത്. എന്നാല്‍ പിന്നീട് സൂര്യ ഈ സിനിമയില്‍ നിന്നും പിന്മാമാറിയിരുന്നു. അരുണ്‍ വിജയ്യുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാകും ചിത്രത്തിലേത്. റോഷ്നി പ്രകാശ്, സമുദ്രക്കനി, മിഷ്‌കിന്‍, റിദ്ദ, ഛായാ ദേവി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ജി.വി. പ്രകാശ് കുമാര്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments