Friday, July 26, 2024
Homeഅമേരിക്കദേശീയ ശാസ്ത്രദിനവും രാമൻ പ്രഭാവവും ✍സുമ റോസ്

ദേശീയ ശാസ്ത്രദിനവും രാമൻ പ്രഭാവവും ✍സുമ റോസ്

      ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഇന്ത്യൻ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്  ഡോ.സി.വി രാമൻ.
“രാമൻ പ്രഭാവം”എന്ന വിസ്മയാവഹമായ കണ്ടെത്തലിന് 1930ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ അദ്ദേഹം ഈ ബഹുമതി കരസ്ഥമാക്കിയ ആദ്യ ഏഷ്യക്കാരൻ എന്ന പേരിനും അർഹനായി.
ഇന്ത്യ സ്വതന്ത്രമായ വർഷംതന്നെ നാഷണൽ പ്രൊഫസർ എന്ന അംഗീകാരത്തിനും അദ്ദേഹം പാത്രമായി.
ഇന്ത്യയിൽ ഒരു പൗരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ “ഭാരതരത്ന ” 1954ൽ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

രാമൻ പ്രഭാവം എന്ന വ്യഖ്യാതകണ്ടെത്തൽ
ലോകത്തിന് സമർപ്പിച്ചത് 1928 ഫെബ്രുവരി 28ന് ആയിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ്റെ (NCSTC) ആഭിമുഖ്യത്തിൽ രാജ്യമൊട്ടാകെ ആഘോഷിക്കുന്നു.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ  ചന്ദ്രശേഖര അയ്യർ –
പാർവതി അമ്മാളു ദമ്പതികളുടെ മകനായി 1888 നവംബർ 7 നാണ് ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചത്. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് 1904 ൽ  ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണ്ണമെഡലോടെയാണ് ബിരുദം പൂർത്തികരിച്ചത്. ഉപരിപഠനത്തിനായി ലണ്ടനിൽ പോകാൻ  ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാൽ  രാമൻ ബിരുദാനന്തര ബിരുദവും 1907 ൽ അതേ കോളേജിൽ ഒന്നാം റാങ്കോടെ  പൂർത്തീകരിച്ചു.

നമ്മുടെ രാജ്യത്തിൻ്റെ യശസ്സ് ആഗോളതലത്തിലുയർത്തിയ കണ്ടെത്തലായിരുന്നു രാമൻ പ്രഭാവം. 1921 ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ അദ്ദേഹം കടലിൻ്റെ നിറം നിരീക്ഷിച്ചു. കടലിൻ്റെ നീലനിറത്തിന് കാരണം ആകാശത്തിൻ്റെ പ്രതിഫലനമാണെങ്കിൽ ആകാശം കാർമേഘംകൊണ്ട്  മറഞ്ഞിരിക്കുമ്പോൾ കടൽ കറുത്തിരിക്കണമല്ലോ?  എന്ന സി.വി രാമൻ്റെ മനസ്സിൽ ഉടലെടുത്ത സംശയമാണ് വർഷങ്ങൾനീണ്ട പരീക്ഷണങ്ങളിലേക്കും മഹത്തായ കണ്ടെത്തലിലേക്കും അദ്ദേഹത്തെ നയിച്ചത്.

കടലിൻ്റെ ഉപരിതലത്തിലെ നീലനിറത്തിന്  കാരണം പ്രകാശം ജലതന്മാത്രകളിൽ തട്ടി ചിതറുന്നതാണ്. ഇത് സാധാരണ പ്രകാശവിസരണം എന്ന പ്രതിഭാസമാണ്. എന്നാൽ  കടലിലെ ആഴമേറിയ ഭാഗങ്ങളിലെ കടുത്ത നീലനിറത്തിനു കാരണം പ്രകാശത്തിൻ്റെ ആഗിരണവും കൂടിയാണ്.  അതായത് പ്രകാശം ജലത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ ഊർജം കുറഞ്ഞ തരംഗദൈർഘ്യം കൂടിയ പ്രകാശം ആഗിരണം ചെയ്യപ്പെടുകയും ഊർജം കൂടിയ തരംഗദൈർഘ്യം കുറഞ്ഞ നീലനിറത്തിനോടടുത്ത പ്രകാശത്തിൻ്റെ ഭാഗംമാത്രം കാണപ്പെടുകയും ചെയ്യുന്നു.

നീലാകാശത്തിൻ്റെ പ്രതിഫലനത്താലാണ് കടൽ നീലനിറത്തിൽ കാണപ്പെടുതെന്ന
അന്നുവരെയുള്ള ശാസ്ത്രലോകത്തിൻ്റെ വിശ്വാസത്തെ തിരുത്തിക്കുറിക്കാൻ ഈ കണ്ടെത്തലിന് സാധിച്ചു.അദ്ദേഹത്തിൻ്റെ പ്രകാശ പ്രകീർണനത്തെക്കുറിച്ചുള്ള ഈ   പരീക്ഷണങ്ങളുടെ ഫലമായി 1928 ഫെബ്രുവരി 28 ന് ‘രാമൻ പ്രഭാവം ‘ എന്ന മഹത്തായ സിദ്ധാന്തം ലോകത്തിന് സമ്മാനിച്ചു.

ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏക വർണ്ണകിരണങ്ങളെ സുതാര്യമായ ഒരു പദാർത്ഥത്തിൽക്കൂടി കടത്തിവിടുമ്പോൾ പ്രകീർണനം മൂലം ആ നിറത്തിൽ നിന്നും വ്യത്യസ്തമായ നിറത്തോടുകൂടിയ പ്രകാശരശ്മികളുണ്ടാവുന്നു. പുതിയ ഈ പ്രകാശരശ്മികളെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണ്ണരാജിയിൽ പുതിയ രേഖകൾ പ്രത്യക്ഷപ്പെടുന്നു. ഈ രേഖകൾ രാമൻ രേഖകൾ (Raman lines) എന്നും വർണ്ണരാജി (Raman Spectrum) രാമൻ വർണ്ണരാജി എന്നും വിളിക്കപ്പെടുന്നു.

ദ്രാവകങ്ങളിൽ പ്രകാശത്തിൻ്റെ വിസരണവുമായി ബന്ധപ്പെട്ട ഈ പ്രതിഭാസമാണ് രാമൻ പ്രഭാവം ( Raman Effect) അഥവാ രാമൻ വിസരണം ( Raman Scattering ).

നൊബേൽ സമ്മാനം ലഭിച്ചതിനുശേഷം 1933ൽ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേൽക്കുകയും 1948 ൽ വിരമിച്ചതിനുശേഷം ബാഗ്ലൂരിൽ രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ചെയ്തു. 1970 നവംബർ 21ന്  82 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.. ആദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം യാതൊരു മതപരമായ ചടങ്ങുകളുമില്ലാതെ രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മൃതദേഹം സംസ്കരിച്ചത്.

ഒരോ വർഷവും പ്രാമുഖ്യമുള്ള പ്രത്യേകവിഷയം കേന്ദ്രീകരിച്ചായിരിക്കും ദേശീയ ശാസ്ത്രദിന പരിപാടികൾ ആസൂത്രണം ചെയ്യപ്പെടുക. 2024 ലെ ദേശീയ ശാസ്ത്രദിനത്തിൻ്റെ വിഷയം “വികസിത ഭാരതത്തിനുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ ” എന്നതാണ്.

ശാസ്ത്രസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം.  വളർന്നുവരുന്ന ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനും, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ സംഭാവനകളെ ഓർമ്മിക്കാനുമുള്ള ദിനം കൂടിയാണിത്.

മനുഷ്യൻ്റെ സാമൂഹ്യക്ഷേമത്തിനും നന്മക്കും ശാസ്ത്ര രംഗത്തെ പ്രവർത്തനങ്ങളും ശ്രമങ്ങളും നേട്ടങ്ങളും പൊതു സമൂഹത്തിന് പരിചയപ്പെടുത്തുക, നമ്മുടെ ദൈനംദിന ജീവിതത്തിൽ ശാസ്ത്രത്തിൻ്റെ ആവശ്യകതയും പ്രായോഗികതയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുക, തുടങ്ങിയവ ശാസ്ത്ര ദിനാചരണം ലക്ഷ്യമിടുന്നുണ്ട്.
ഇതിൻ്റെ ഭാഗമായി സ്കൂൾ, കോളേജ്, ദേശീയ- സംസ്ഥാന ഗവേഷണ സ്ഥാപനങ്ങൾ എന്നിവങ്ങളിൽ സെമിനാർ, ശാസത്രപ്രദർശനം, ഡിബേറ്റ്, ക്വിസ് മത്സരം  തുടങ്ങിയ വിവിധ പരിപാടികൾ നടത്തപ്പെടുന്നു.

           രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രമേളയായാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്.
ഓരോ ശാസ്ത്രദിനവും അനുബന്ധപ്രവർത്തനങ്ങളും നമ്മുടെ രാജ്യത്തിൻ്റെ ശാസ്ത്രമേഖലയെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് നയിക്കട്ടെ.
ശാസ്ത്രബോധമുള്ള ഒരു ജനതയായ് നമ്മൾ മാറേണ്ടത് അനിവാര്യമാണ്.
ജീവിതത്തെ ശാസ്ത്രവുമായി ചേർത്തുനിർത്തിയാൽ മാത്രമേ അന്ധവിശ്വാസങ്ങളുയർത്തുന്ന   വെല്ലുവിളികളെ നേരിട്ടുകൊണ്ട്
വരും നാളുകളെ ഫലപ്രദമായി അതിജീവിക്കാൻ കഴിയുകയുള്ളു.

സുമ റോസ്✍

RELATED ARTICLES

Most Popular

Recent Comments