Saturday, September 14, 2024
Homeഅമേരിക്കആകാശത്തിലെ പറവകൾ - (18) വവ്വാലുകൾ

ആകാശത്തിലെ പറവകൾ – (18) വവ്വാലുകൾ

എല്ലാ വായനക്കാർക്കും നമസ്കാരം

പറക്കാത്ത സമയമത്രയും ശീര്‍ഷാസനത്തില്‍ വിശ്രമിക്കുന്ന  ഇവരെ കൂടാതെ പ്രേത കഥകൾ ഉണ്ടോ എന്ന് സംശയമാണ്.

കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടി വളർത്തുന്ന സസ്തനിയായ വവ്വാലിനെ

 കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.അവയുടെ മുൻകാലുകൾ ചിറകുകളായി പൊരുത്തപ്പെട്ടിരിക്കുന്നതിനാൽ  പറക്കാൻ കഴിവുള്ള ഒരേയൊരു സസ്തനികളാണിവ .കടവാതിൽ, വാവൽ. നരിച്ചീറ്. പാർകാടൻ, പാറാടൻ തുടങ്ങി പലപേരുകളിൽ ഇവരെ വിളിക്കാറുണ്ട്.പറക്കാനുള്ള കഴിവുകാരണം കൊടും തണുപ്പും ചൂടും ഉള്ള സ്ഥലങ്ങളിൽ ഒഴികെ എല്ലായിടങ്ങളിലും കാണുന്നവരാണ് ഇവർ.

 മനുഷ്യർ പരിണമിച്ചിട്ട് വളരെ കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും 50 ലക്ഷം വർഷം മുമ്പേ പരിണമിച്ച് ഈ ഭൂമിയിൽ വാഴുന്നവരാണത്രേ വവ്വാലുകൾ !

പതിനായിരത്തിൽ കുറവ് വർഷങ്ങളെ ആയിട്ടുള്ളു വവ്വാലുകളുമായി മനുഷ്യർ സമ്പർക്കത്തിൽ ആയിട്ട്. എന്നാൽ ഇപ്പോൾ നമ്മുടെ പേടിസ്വപ്നമായ പല വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണത്രേ!

വിശ്രമ സമയം നിലത്ത് നിൽക്കാം എന്നു വിചാരിച്ചാൽ പറ്റുകയില്ല. ഇവയുടെ പിങ്കാലുകൾ പരിണാമപരമായി നടക്കാനുള്ള ആവശ്യത്തിനായി പരിണമിച്ചവ അല്ല.അതിനാലാണ് പറക്കാത്ത സമയമത്രയും ശീർഷാസനത്തിൽ തന്നെ തുടരേണ്ടി വരുന്നത്.

അതുപോലെ പറക്കാൻ കഴിയും എന്നൊക്കെ പറയാമെങ്കിലും മറ്റു പക്ഷികളെപ്പോലെ നിന്ന നിൽപ്പിൽ ചിറകുകൾ വീശി ശരീരത്തെ ഉയർത്താൻ ഇവർക്ക് വലിയ വിഷമം ആണ്.ഉയരത്തിലെ തൂങ്ങിക്കിടപ്പിൽ കാൽ കൊളുത്ത് വിടുവിച്ച് താഴോട്ടുള്ള വീഴ്ചയ്ക്കിടയിലാണ് ടേക്കോഫിനുള്ള വേഗത ഇവർ ആർജ്ജിക്കുന്നത്. നിലത്ത് വീണുപോയ വവ്വാലിന് പറക്കണമെങ്കിൽ ഇത്തിരി ഉയരത്തിലേക്ക് പിടിച്ച് കയറണം. അല്ലെങ്കിൽ പിടച്ച് പൊങ്ങണം. പക്ഷെ, കൈകൾ സ്വതന്ത്രമായുള്ള തൂങ്ങിക്കിടപ്പിനിടയിൽ ശത്രുആക്രമണം ഉണ്ടെന്ന സൂചനകിട്ടിയ നിമിഷം തന്നെ പറന്നു രക്ഷപ്പെടാൻ ഈ കിടപ്പ് സഹായിക്കും.

എന്നാൽ ഈ തൂങ്ങിക്കിടപ്പിൽ ഇവ വിസർജ്ജിക്കുമ്പോൾ ശരീരത്തിലാകാത്ത വിധം ഒരു നിമിഷം ശീർഷാസനം നിർത്തി കാൽ കൊളുത്തിന് പകരം കൈ കൊണ്ട് കൊളുത്തി ഗുദ ദ്വാരം താഴോട്ട് വരും വിധം ഞാഴ്ന്ന് കിടക്കും – കാര്യം കഴിഞ്ഞാൽ വീണ്ടും പഴയ ശീർഷാസനം തുടരും . മൂത്രമൊഴിക്കുന്നതും ഇതുപോലെ തന്നെ. പ്രസവിക്കുമ്പോഴും തലകുത്തിക്കിടപ്പ് പരിഷ്കരിക്കും. ശരീരത്തിൽ ഗർഭാശയ ദ്രവങ്ങളും രക്തവും ആകാതെ നോക്കാനും കുഞ്ഞുങ്ങൾ താഴെ വീഴാതെ കാക്കാനും ഇവർക്ക് അറിയാം.

പ്രസവം ഇഷ്ടമുള്ള കാലത്തേക്ക് പ്ലാൻ ചെയ്യാൻ ഇവർക്ക് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.ഏതു സമയത്ത് ഇണ ചേർന്നാലും പ്രസവം കുഞ്ഞുങ്ങൾക്ക് നന്നായി ഭക്ഷണം കിട്ടുന്ന കാലത്ത് തന്നെ ആക്കാൻ പെൺ വവ്വാലിന് സാധിക്കും. ബീജം ഉള്ളിൽ സൂക്ഷിച്ച് വെച്ച് അണ്ഡവുമായി ചേരുന്നത് തടഞ്ഞോ, ബീജ സങ്കലനം കഴിഞ്ഞാലും അണ്ഡ നാളികളിൽ തന്നെ കഴിഞ്ഞോ, അണ്ഡത്തിന്റെ വളർച്ച നിയന്ത്രിച്ചോ ഒക്കെ പ്രസവം ഇഷ്ടമുള്ള കാലത്തേക്ക് പ്ലാൻ ചെയ്യാൻ ഇവർക്ക് കഴിയും. ഒരു വർഷം ഒരു കുഞ്ഞു മാത്രമേ ഉണ്ടാകുകയുള്ളു.

ലക്ഷക്കണക്കിന് വവ്വാൽ കൂട്ടങ്ങൾക്കിടയിൽ നിന്ന് തന്റെ കുഞ്ഞിനെ അമ്മ വവ്വാൽ പ്രത്യേക ശബദവും മണവും ഉപയോഗിച്ചാണ് ഇരുളിൽ തിരിച്ചറിഞ്ഞ് മുലയൂട്ടുക.

300-ലധികം ഇനം പഴങ്ങൾ  പരാഗണത്തിന് വവ്വാലുകളെ ആശ്രയിക്കുന്നുണ്ട്.അണ്ടിപ്പരിപ്പ്, അത്തിപ്പഴം, കൊക്കോ എന്നിവയുടെ വിത്തുകൾ പരത്താൻ വവ്വാലുകൾ സഹായിക്കുന്നു.

വിവിധ വവ്വാലുകൾ വ്യത്യസ്ത തരം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും, ബഹുഭൂരിപക്ഷം പേരും പാറ്റകൾ, വണ്ടുകൾ, കൊതുകുകൾ, കിളികൾ എന്നിങ്ങനെ പലതരം പ്രാണികളെ ഭക്ഷിക്കുന്നു. ഓരോ രാത്രിയിലും, വവ്വാലുകൾക്ക് ആയിരക്കണക്കിന് പ്രാണികളെ തിന്നാൻ കഴിയും! ഈ  ഭക്ഷണക്രമം വനപാലകരെയും  കർഷകരെയും അവരുടെ വിളകളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു .

ഒരുകാലത്ത് വെടിമരുന്ന് നിർമ്മിക്കാൻ വവ്വാൽ കാഷ്ടം ഉപയോഗിച്ചിരുന്നു. അതുപോലെ നൈട്രേറ്റുകളാൽ സമ്പുഷ്ടമായ ഇത് നല്ലൊരു വളമായി ഉപയോഗിക്കുന്നുണ്ട്.

വവ്വാലുകളുടെ ശരീരം പൊതുവേ രോമത്താൽ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഓറഞ്ച്, ചാരം കലർന്ന വെള്ളയോ തവിട്ടോ നിറങ്ങൾ എന്നിവയാണ്‌ പ്രധാന നിറങ്ങൾ. ഈ നിറങ്ങൾ പകൽ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നതിനും രാത്രികാലങ്ങളിൽ ഇര തേടുന്നതിനും സഹായിക്കുന്നു. കാഴ്ചശക്തി വളരെ കൂടുതലാണ്‌. എങ്കിലും ഇവയ്ക്ക് നിറങ്ങൾ തിരിച്ചറിയാൻ സാധിക്കുകയില്ല. രാത്രിയിൽ ഇരയുടെ ആകൃതി, ചലനം എന്നിവ മനസ്സിലാക്കാൻ ഈ കാഴ്ചകൊണ്ട് വവ്വാലുകൾക്ക് കഴിയുന്നു. ഇത്രയും കാഴ്ചശക്തിയുണ്ടെങ്കിലും വവ്വാലുകൾ മിക്കപ്പോഴും ആശയവിനിമയം നടത്തുന്നത് ശബ്ദവും മണവും കൊണ്ടാണ്‌. കുഞ്ഞുങ്ങളെയും താമസസ്ഥലത്തെയും തിരിച്ചറിയുന്നത് മണം കൊണ്ടാണ്‌. മിക്കവാറും എല്ലാ തരം വവ്വാലുകളും പ്രത്യേക തരം സ്രവം ഉത്പാദിപ്പിക്കുന്നു. ഈ മണമാണ്‌ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത്.

ഉയർന്ന ആവർത്തിച്ചുള്ള ശബ്ദത്തിന്റെ പ്രതിധ്വനി വിശകലനം ചെയ്ത് സഞ്ചാരപാതയിലെ തടസ്സങ്ങളും മറ്റും തിരിച്ചറിയുന്നതിനു സഹായിക്കുന്നു  . ഈ സംവിധാനം  ഷഡ്പദഭോജികളായ വവ്വാലുകൾക്ക് ഇരയുടെ വലിപ്പം, ദൂരപരിധി, പറക്കുന്ന ഉയം, ചലനവേഗത എന്നീ സൂക്ഷ്മവിവരങ്ങൾ 99% കൃത്യതയോടെ തിരിച്ചറിയാൻ സഹായിക്കും.

ഏറ്റവും വലിപ്പം കൂടിയ വവ്വാലുകളായി കണക്കാക്കുന്നത് ഫിലിപ്പീൻസിൽ കാണുന്ന പറക്കും കുറുക്കൻ ആണ്. അതിന് 1.6കിലോഗ്രാം വരെ തൂക്കമുണ്ടാകും. തായ്ലാന്റിലെയും മ്യാന്മറിലെയും ചുണ്ണാമ്പ് ഗുഹകളിൽ കാണുന്ന ‘കിറ്റി’യുടെ പന്നിമൂക്കൻ വവ്വാലുകളാണ് ഏറ്റവും ചെറിയ വവ്വാൽ ഇനം . 2- 3 ഗ്രാം വരെ തൂക്കമുണ്ടാകും.

ചെന്നായയുടെ മുഖാകൃതിയും അറപ്പും ഭയവും ഉണ്ടാക്കുന്ന രൂപവും ഡ്രാക്കുളക്കഥകളിലൂടെ ഉള്ള ഓർമ്മയും കൂടിയാകുമ്പോൾ പൊതുവെ വവ്വാലിനെ  പലർക്കും ഇഷ്ടമല്ല. പഴം തീനി വവ്വാലുകളാണ് കോവിഡും നിപ്പയും നമ്മളിലേക്ക് എത്തിച്ചത് എന്ന അറിവുകൂടിയായപ്പോൾ ശത്രുവായിട്ടാണ് നമ്മൾ അവരെ  കാണുന്നത്. എന്നാലും വവ്വാൽ വിശേഷങ്ങൾ അത്ഭുതാവഹം അല്ലേ!

Thanks

റിറ്റ ഡൽഹി 

RELATED ARTICLES

Most Popular

Recent Comments