Saturday, July 27, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

🔹പലസ്തീന് യുഎൻ അംഗത്വം. അനുകൂലിച്ച് ഇന്ത്യ. പലസ്തീന് ഐക്യരാഷ്ട്ര സംഘടനയിൽ പൂർണ അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് യുഎൻ പൊതുസഭയിലെ കരടുപ്രമേയത്തിൽ ഇന്ത്യ ഉൾപ്പെടെ 143 രാജ്യങ്ങളാണ് അനുകൂല വോട്ട് രേഖപ്പെടുത്തിയത്. അറബ് രാഷ്ട്ര കൂട്ടായ്മയുടെ അധ്യക്ഷപദവിയുള്ള യുഎഇ ആണ് 193 അംഗങ്ങളുള്ള പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്. യുഎസും ഇസ്രയേലും അടക്കം 9 രാജ്യങ്ങൾ എതിർത്തപ്പോൾ 25 പേർ വിട്ടുനിന്നു. യുഎൻ ചാർട്ടർ നാലാം വകുപ്പു പ്രകാരമുള്ള അംഗത്വത്തിന് പലസ്തീന് അർഹതയുണ്ടെന്നായിരുന്നു പ്രമേയ ഉള്ളടക്കം. യുഎൻ രക്ഷാസമിതി ഇക്കാര്യം അടിയന്തരമായി പരിഗണിച്ച് അനുകൂല തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. യുഎൻ അംഗത്വം രക്ഷാസമിതിയുടെ അധികാരപരിധിയിലാണ്. അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവിയാണ് 2012 മുതൽ പലസ്തീനുള്ളത്. ഇത് പൂർണ അംഗത്വമാക്കി മാറ്റാനാണ് കരടുപ്രമേയം നിർദേശിക്കുന്നത്. വാദപതിവാദങ്ങൾക്കു ശേഷമുള്ള വോട്ടെടുപ്പിന്റെ ഫലമറിഞ്ഞപ്പോൾ യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാദ് ഏർദാൻ രോഷാകുലനായി. ഒരു ഭീകരരാഷ്ട്രത്തെ ക്ഷണിക്കുകയാണു യുഎൻ ചെയ്യുന്നതെന്നു പറഞ്ഞ ഏർദാൻ പ്രതീകാത്മക പ്രതിഷേധമായി യുഎൻ ചാർട്ടർ ചെറുയന്ത്രത്തിലിട്ട് തുണ്ടു തുണ്ടായി കീറി. പലസ്തീന് അംഗത്വം നൽകണമെന്നു പറയുന്ന രാജ്യങ്ങൾ യുഎൻ പ്രമാണത്തെ ഇത്തരത്തിൽ ചീന്തിയെറിയുകയാണെന്നും അവർ സ്വയം ലജ്ജിക്കണമെന്നും പറഞ്ഞാണ് ഏർദാൻ സ്ഥലംവിട്ടത്.

🔹 റഫയിൽ വീണ്ടും ഒഴിപ്പിക്കൽ. തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്ന് ഇസ്രയേൽ പലസ്തീൻ‍‍‍‍‍‍‍‍‍കാരെ ഒഴിപ്പിച്ചു. കിഴക്കൻ റഫയ്ക്കു പിന്നാലെ മധ്യ, ദക്ഷിണ മേഖലകളിലും ഒഴിപ്പിക്കൽ നടക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലേറെപ്പേർ റഫ വിട്ടതായാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. 3 ലക്ഷം പേർ സ്ഥലമൊഴിഞ്ഞതായി ഇസ്രയേൽ പറയുന്നു. കെരം ശലോം അതിർത്തി കവാടം ലക്ഷ്യമാക്കി റഫയിൽനിന്ന് 4 റോക്കറ്റുകൾ വന്നതായി ഇസ്രയേൽ സേന അറിയിച്ചു. ഇതിലൊരെണ്ണം സൈന്യം തകർത്തു. ബാക്കി മൂന്നെണ്ണം വിജനമേഖലയിലാണ് പതിച്ചത്. യുദ്ധം മൂലം തകർന്നടിഞ്ഞ വടക്കൻ ഗാസയിൽ ഹമാസ് തിരികെയെത്തി ശക്തിപ്രാപിക്കുകയാണെന്നും അവിടം ലക്ഷ്യമാക്കി ഉടൻ നീങ്ങുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇതേസമയം, തങ്ങൾ നൽകിയ ആയുധങ്ങൾ അനുവദനീയമല്ലാത്ത രീതിയിൽ ഉപയോഗിച്ച് ഇസ്രയേൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്നെന്ന് യുഎസ് ഭരണകൂടം പറഞ്ഞു. യുഎസ് പാർലമെന്റായ കോൺഗ്രസിനു കൈമാറിയ റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. ഗാസയിലെ യുദ്ധാന്തരീക്ഷം മൂലം ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു.
ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയാറാണെങ്കിൽ ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നാണ് ഇസ്രയേൽ പറഞ്ഞത്. “അവർ അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെത്തന്നെ എല്ലാം അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകും” – ബൈഡൻ പറഞ്ഞു.
ഇതിനിടെ, റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഇസ്രയേലിന് കൈമാറാമെന്ന് യുഎസ് ചാരസംഘടനയായ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി) അറിയിച്ചു. ഹമാസ് തലവൻ യഹ്യ സിൻവറിനെക്കുറിച്ചുള്ള വിവരം കൈമാറാമെന്ന വിവരം സിഐഎ തലവൻ വില്യം ബേൺസ് ഇസ്രയേലിനെ അറിയിച്ചു. ഹമാസുമായി ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തോടെ ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനാണ് സിൻവർ. ഖാൻ യൂനിസിലെയും റഫാ മേഖലയിലെയും പടർന്നുകിടക്കുന്ന തുരങ്കശൃംഖലയിൽ എവിടെയോ ആണ് സിൻവർ ഒളിവിൽ കഴിയുന്നത്. മധ്യപൂർവേഷ്യയിലെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വില്യം ബേൺസ്. യഹിയ സിൻവറിനെക്കുറിച്ച് ഇസ്രയേലിന് ആവശ്യമായ വിവരങ്ങൾ കൈമാറുമെന്നാണ് ബേൺസ് അറിയിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഏതുവിധേനെയും സിൻവറിനെ പിടികൂടുമെന്ന ഇസ്രയേലിന്റെ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു.
ഇസ്രയേലിന്റെ ചാരസംഘടനകളുടെ മേധാവികളായ ഡേവിഡ് ബാർണിയ (മൊസ്സാദ്), റോണെൻ ബർ (ഷിൻ ബെത്) എന്നിവരുമായി ബേൺസ് ചർച്ച നടത്തുന്നുവെന്നാണ് വിവരം. 2023 നവംബർ അവസാന ആഴ്ചയിലെ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിൽ ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ബേൺസ് ആണ്.

🔹 മാസങ്ങൾക്കു മുൻപു ഹമാസിനെ തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ട വടക്കൻ ഗാസയിലെ ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. കിഴക്കൻ റഫയിലെ തെരുവിലും ജബാലിയയിലും ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസും സ്ഥിരീകരിച്ചു. റഫയിലെ കുവൈത്ത് ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേൽ നിർദേശം നൽകി. തെക്കും വടക്കും മേഖലകളിൽ പലസ്തീൻകാർ വീണ്ടും പലായനം തുടങ്ങി. റഫയിൽനിന്ന് 3.60 ലക്ഷം പലസ്തീൻകാർ ഖാൻ യൂനിസ് മേഖലയിലേക്കു പലായനം ചെയ്തെന്നാണ് യുഎൻ റിപ്പോർട്ട്. 5 മാസം മുൻപാണു വടക്കൻ ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഇസ്രയേൽ സൈന്യം പിന്മാറിയത്. ഇവിടേക്കു വീണ്ടും തിരിച്ചെത്തിയ സൈന്യം ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി പകൽ ഷെല്ലാക്രമണവും രാത്രികാല ബോംബിങ്ങും ശക്തമായി തുടരുകയാണ്. ജബാലിയയിൽ ഒട്ടേറെ വീടുകൾ ഇസ്രയേൽ ബോംബിട്ടുനിരത്തി. ജബാലിയയിലെ പ്രധാന മാർക്കറ്റിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു. വടക്കൻ നഗരമായ ബെയ്ത് ഹാനൂനിലെ കെട്ടിടങ്ങളും ഫാക്ടറികളും ബുൾഡോസറുകൾ ഇടിച്ചുനിരത്തി. ജബാലിയയിലെ ഉൾമേഖലകളിലേക്കു പ്രവേശിച്ച ഇസ്രയേൽ ടാങ്കുകളെ, ടാങ്ക്‌വേധ റോക്കറ്റുകൾ ഉപയോഗിച്ചു ഹമാസ് ചെറുത്തു. റഫയിലേക്കു കൂടുതൽ സൈന്യത്തെ അയയ്ക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറ‍ഞ്ഞു. റഫയിലെ ഹമാസിന്റെ തുരങ്കങ്ങൾ നശിപ്പിച്ചെന്നും അവകാശപ്പെട്ടു.
യുഎൻ പലസ്തീൻ റിലീഫ് ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) റഫയിലെ കേന്ദ്രത്തിൽ ആയുധധാരികളെ കണ്ടെന്ന വിഡിയോ പുറത്തുവിട്ട ഇസ്രയേൽ, സംഭവത്തിൽ യുഎന്നിനോടു വിശദീകരണം ആവശ്യപ്പെട്ടു. യുഎൻ ഹമാസുമായി സഹകരിക്കുന്നുവെന്നും അവരെ സംരക്ഷിക്കുന്നെന്നും ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ ആരോപിച്ചു.
ഇതിനിടെ ഗാസയിലെ യുഎൻ സുരക്ഷാസംഘാംഗമായ ഇന്ത്യക്കാരൻ റിട്ട. കേണൽ വൈഭവ് അനിൽ കലേ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്കു പോകുമ്പോഴാണു യുഎൻ വാഹനത്തിനു നേരെ ഇസ്രയേൽ ടാങ്കുകൾ വെടിയുതിർത്തത്. ഇക്കാര്യം സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം, ഏറ്റുമുട്ടൽ മേഖലയിലൂടെ യുഎൻ വാഹനം സഞ്ചരിക്കുന്ന വിവരം അറിയില്ലായിരുന്നുവെന്നും വ്യക്തമാക്കി. അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ഇന്ത്യ അറിയിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനായുള്ള നയതന്ത്രശ്രമങ്ങൾ ആരംഭിച്ചുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ജബാലിയയിൽ ഒട്ടേറെപ്പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായി വിവരമുണ്ടെങ്കിലും വൈദ്യസഹായവുമായി അവിടേക്ക് എത്താനാകാത്ത സ്ഥിതിയാണെന്ന് സന്നദ്ധസംഘടനകൾ പറഞ്ഞു. ഹേഗിലെ യുഎൻ ലോകകോടതിയിൽ (ഐസിജെ) ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ 2 ദിവസത്തെ വാദം ആരംഭിച്ചു. റഫ ആക്രമിക്കുന്നത് തടയണമെന്നാണ് ആവശ്യം. നാലാം വട്ടമാണു ഗാസ വിഷയത്തിൽ ദക്ഷിണാഫ്രിക്ക ലോകകോടതിയെ സമീപിക്കുന്നത്. അതിനിടെ, ഗാസ മുനമ്പിലെ താൽക്കാലിക തുറമുഖത്തിന്റെ പണി യുഎസ് സേന പൂർത്തിയാക്കി. കടൽമാർഗം സഹായവുമായെത്തുന്ന കപ്പലുകൾക്ക് ഇവിടെ അടുക്കാനാകും.
രൂക്ഷയുദ്ധം തുടരുന്നതിനിടെ ഇസ്രയേൽ ടാങ്കുകളിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് പ്ലറ്റൂൺ കമാൻഡർ അടക്കം 5 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. 8 സൈനികർക്കു പരുക്കേറ്റു. ഇസ്രയേൽ സൈനികർ തമ്പടിച്ചത് അറിയാതെ ഒരു മൂന്നുനില കെട്ടിടത്തിനുനേരെ ഇസ്രയേൽ ടാങ്കുകൾ വെടിവയ്പു നടത്തുകയായിരുന്നു.

🔹 അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത. ബഗ്‌ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്‌ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതായി താലിബാൻ വക്താവ് പറഞ്ഞു. തിഷ്കാൻ ജില്ലയിൽ റോഡ് ഒഴുകിപ്പോയതിനെത്തുടർന്ന് 20,000 പേർ പാർക്കുന്ന മേഖല ഒറ്റപ്പെട്ടു. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ വ്യോമസേന രംഗത്തിറങ്ങിയിട്ടുണ്ട്. പരുക്കേറ്റ നൂറിലേറെപ്പേരെ സൈനിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യുഎൻ ഭക്ഷ്യ ഏജൻസിയുടെ നേതൃത്വത്തിൽ മേഖലയിൽ ഭക്ഷണം വിതരണം ചെയ്തു. അഫ്ഗാനിസ്ഥാനിലെ 4 കോടി ജനങ്ങളിൽ 80 ശതമാനത്തിലേറെയും കർഷകരാണ്.

🔹 ഇസ്രയേലിന്റെ ഭീഷണി ഇറാന്റെ നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഉപദേശകൻ കമൽ ഖരാസി. ഇസ്രയേൽ – ഇറാൻ ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റെ പശ്ചാത്തലത്തിലാണു ഖരാസിയുടെ മുന്നറിയിപ്പ്. ‘‘ഞങ്ങൾക്ക് ആണവ ബോംബ് നിർമിക്കാനുള്ള പദ്ധതിയൊന്നുമില്ല. എന്നാൽ ഇറാന്റെ നിലനിൽപിനു ഭീഷണിയുയർത്തിയാൽ, ഞങ്ങളുടെ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തുകയല്ലാതെ മറ്റുവഴികളില്ല ’’ – ഖരാസി പറഞ്ഞു.
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ എംബസിക്കുനേരെ ഇസ്രയേൽ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയെന്ന നിലയിൽ ഇസ്രയേലിൽ ഇറാൻ മിസൈലാക്രമണവും നടത്തിയിരുന്നു.
അതേസമയം, രാജ്യാന്തര ആറ്റമിക് ഏജൻസി പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ച പുരോഗമനാത്മകാണെന്നു പറഞ്ഞാലും പ്രകടമായ പുരോഗതി ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചു. ഇറാന്റെ സഹകരണമില്ലായ്മയെ കുറ്റപ്പെടുത്തി ഐഎഇഎ മേധാവി റാഫേൽ ഗ്രോസിയും രംഗത്തുവന്നിരുന്നു.

🔹ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കഴിഞ്ഞ ജൂൺ 18നു കാനഡയിൽ വെടിവച്ചുകൊന്ന സംഭവത്തിൽ അമൻദീപ് സിങ് (22) എന്ന ഇന്ത്യക്കാരനെക്കൂടി കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാർ നാലായി. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. കാനഡയിലെ ബ്രാപ്ടൻ സറെയിൽ താമസിക്കുന്ന അമൻദീപിനെതിരെ ഗൂഢാലോചനയും കൊലപാതകക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. തോക്കും ലഹരിമരുന്നും കൈവശംവച്ച കേസിൽ 2023 നവംബർ 3 മുതൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ നിജ്ജാർ വധക്കേസിൽ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. കൂട്ടുപ്രതികളെപ്പോലെ താൽക്കാലിക വീസയിൽ കാനഡയിലെത്തിയ അമൻദീപ് പിന്നീട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. നിരോധിത ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായിരുന്നു നിജ്ജാർ.

🔹 പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) പ്ര‌ക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വൈദ്യുതി ക്ഷാമം എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. തലസ്ഥാനമായ മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചതോടെ വൻ സംഘർഷമുണ്ടായി. ദാദ്യാൽ, മിർപുർ, സമഹ്നി, സെഹൻസ, റാവലാകോട്ട്, ഖുയിരാട്ട, തട്ടപാനി, ഹട്ടിയാൻബാല തുടങ്ങിയ പിഒകെയുടെ മറ്റു ഭാഗങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും തൊണ്ണൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുസാഫറാബാദിൽ ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎഎസി) ആഹ്വാനം ചെയ്ത പണിമുടക്കിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേയ്ക്ക് വെടിവയ്ക്കുകയും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയത്. മംഗള ഡാമിൽനിന്നുള്ള നികുതിരഹിത വൈദ്യുതി, ഗോതമ്പ് പൊടിക്ക് സബ്‌സിഡി എന്നിവ ആവശ്യപ്പെട്ടാണ് അവാമി ആക്ഷൻ കമ്മിറ്റി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുസാഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തുമെന്ന് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ വടികൊണ്ട് അടിച്ച് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാക്കിസ്ഥാൻ റേഞ്ചേഴ്‌സ്, ഫ്രോണ്ടിയർ കോർപ്‌സ് എന്നിവയിൽനിന്നു കൂടുതൽ സൈനികരെ വിന്യസിച്ചും പ്രവർത്തകരെ അറസ്റ്റ് ചെയ്തും പ്രതിഷേധം അടിച്ചമർത്താനാണ് പാക്ക് സർക്കാരിന്റെ നീക്കം. മൂന്നു ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് നൽകിയതിനു പിന്നാലെ രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ഏർപ്പെടുത്തിയ കർശന വ്യവസ്ഥകളെ തുടർന്ന പാക്കിസ്ഥാൻ പണപ്പെരുപ്പത്തിൽ വലയുകയാണ്. വൈദ്യുതി ചാർജുകൾ വർധിപ്പിച്ചത് പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയും പാക്കിസ്ഥാനിലെ ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരാവുകയുമായിരുന്നു.
പ്രക്ഷോഭം അക്രമാസക്തമായതോടെ പിഒകെയിലെ എല്ലാ ജില്ലകളിലും പൊതുയോഗങ്ങളും റാലികളും ഘോഷയാത്രകളും നിരോധിച്ചു. ഇന്റർനെറ്റും റദ്ദാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി കഴിഞ്ഞദിവസം അടിയന്തര യോഗം വിളിച്ചു. സമരക്കാരുമായി ചർച്ചകൾക്കു തയാറാണെന്ന് പിഒകെ ധനമന്ത്രി അബ്ദുൽ മജീദ് ഖാൻ അറിയിച്ചു. മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക, ഗോതമ്പുപൊടിക്ക് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരത്തിന്റെ മുൻനിരയിൽ പ്രധാനമായും വ്യാപാരികളാണ്.
ഇതേസമയം പാക്കിസ്ഥാനിലെ തന്ത്രപ്രധാനമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച സമിതിയുടെ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യാന്തരനാണ്യനിധിയിൽ നിന്ന് പുതിയ വായ്പയ്ക്ക് ചർച്ച നടക്കുന്നതിനിടെയാണിതെന്നതും ശ്രദ്ധേയം. നഷ്ടമോ ലാഭമോ എന്നു നോക്കാതെ തന്ത്രപ്രധാനമല്ലാത്ത മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും 2029 നുള്ളിൽ വിറ്റൊഴിവാക്കും. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പകുതിയിലേറെയും നഷ്ടത്തിലാണ്. പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസും (പിഐഎ) അവർക്ക് ന്യൂയോർക്കിലെ മൻഹാറ്റനിലുള്ള റൂസ്‍വെൽറ്റ് ഹോട്ടലും വിൽക്കുന്നവയിൽപെടും. പിഐഎ വിൽപനയുടെ നടപടികൾ ഈ മാസം തന്നെ പൂർത്തിയാവും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ഐഎംഎഫിൽ നിന്ന് 300 കോടി ഡോളർ വായ്പയെടുത്താണ് പിടിച്ചുനിൽക്കുന്നത്.

🔹 ഹർകീവിൽ രൂക്ഷയുദ്ധം. റഷ്യ 4 ഗ്രാമങ്ങൾ പിടിച്ചെടുത്തു. ഹർകീവ് മേഖലയിലെ ഹറ്റിഷ, ക്രാസ്നേ, മോറോഖൊവെറ്റ്സ്, ഒളിനിക്കോവ് എന്നീ ഗ്രാമങ്ങളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വേറെ 5 ഗ്രാമങ്ങൾ പിടിച്ചെടുത്തതായും റഷ്യ പറഞ്ഞിരുന്നു. യുദ്ധം കനത്തതോടെ നാലായിരത്തിലധികം നാട്ടുകാർ പലായനം ചെയ്തു. ഹർകീവിലെ വോവ്ചാൻസ്ക് പട്ടണം റഷ്യൻ സേന വളയുകയാണെന്നും യുക്രെയ്ൻ വെളിപ്പെടുത്തി. ഇതിനിടെ റഷ്യൻ നഗരമായ ബെൽഗൊറോദിൽ യുക്രെയ്ൻ നടത്തിയ ഷെൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെ‌ട്ടു. 15 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഒരു പാർപ്പിട സമുച്ചയം തകർന്നു.

🔹 ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച ആൾ 2 മാസത്തിനുശേഷം മരിച്ചു. യുഎസിലെ ബോസ്റ്റണിൽ മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിൽ 62 വയസ്സുകാരനായ റിച്ചഡ് സ്‌ലേമാനിനാണു കഴിഞ്ഞ മാർച്ചിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചത്. 2 വർഷം വരെ ജീവിക്കുമെന്നായിരുന്നു മെഡിക്കൽ വിദഗ്ധരുടെ പ്രതീക്ഷ. മാറ്റിവച്ച വൃക്കയുടെ പ്രവർത്തനം മുടങ്ങിയതാണോ മരണകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്കു മുൻപ് 7 വർഷം ഡയാലിസിസ് ചികിത്സയിലായിരുന്നു. അതിനിടെ മറ്റൊരാളിൽനിന്നു വൃക്ക സ്വീകരിച്ചെങ്കിലും അതു തകരാറിലായി. തുടർന്നാണു പന്നിവൃക്ക സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ മറ്റൊരു കേസിൽ, മസ്തിഷ്കമരണം സംഭവിച്ചയാളിൽ പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചു പരീക്ഷണം നടത്തിയിരുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാംഗോൺ ഹെൽത്ത് ആശുപത്രിയാണ് ആ പരീക്ഷണം നടത്തിയത്. കഴിഞ്ഞ 2 വർഷത്തിനിടെ 2 പേർക്കു പന്നിയുടെ ഹൃദയവും മാറ്റിവച്ചെങ്കിലും ഇവർ പിന്നീടു മരിച്ചു.

🔹 ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിർദേശത്തെ തുടർന്ന് 76 ഇന്ത്യൻ സൈനികർ മാലദ്വീപ് വിട്ടിരുന്നു. ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ഇന്ത്യ നൽകിയ രണ്ടു ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി തുറന്നുപറഞ്ഞത്. ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഇത് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന അനുകൂലിയായ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണത്. മേയ് പത്തിനകം ഇന്ത്യൻ സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു. 76 സൈനികരെ ഇതിനകം ഇന്ത്യ തിരിച്ചുവിളിച്ചു.

മാലദ്വീപ് സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്ത്യൻ സൈനികർ മാലദ്വീപിൽ എത്തുന്നത്. മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുല്ല യമീൻ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യ മാലദ്വീപിന് ഹെലികോപ്റ്ററുകൾ നൽകുന്നത്. മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്താണ് ഡോർണിയർ യുദ്ധവിമാനം മാലദ്വീപിന് നൽകുന്നത്.

🔹 പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നോബേൽ ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഡിമെൻഷ്യ ബാധിച്ചിരുന്ന ആലിസ്, ഒന്റാറിയോയിലെ കെയർ ഹോമിലാണു കഴിഞ്ഞിരുന്നത്. ‘കനേഡിയൻ ചെക്കോവ്’ എന്നു വിശേഷണമുള്ള ആലിസ്, കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ഏറെയും പറഞ്ഞത്. 2009ൽ മാൻ ബുക്കർ സമ്മാനവും 2013ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും നേടി. ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് (1968), ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ (1971), ഹൂ ഡു യു തിങ്ക് യു ആർ ? (1978), ദി മൂൺസ് ഓഫ് ജൂപ്പിറ്റർ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസിൽ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികൾ. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്കാര സമിതി വിശേഷിപ്പിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി.

മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ അധികൃതർ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. മഴയുടെ ഗതിമാറ്റുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തിയതെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി അധ്യക്ഷൻ സുഹര്യാന്തോ വ്യക്തമാക്കി. പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണു നടപടി. വരും ദിവസങ്ങളിലും പടിഞ്ഞാറൻ സുമാത്രയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് ഇന്തൊനീഷ്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ആഴ്ച വരെ മഴ തുടർന്നേക്കുമെന്ന് മെറ്റീരിയോളജി, ക്ലൈമറ്റോളജി, ജിയോഫിസിക്‌സ് ഏജൻസി മേധാവി ദ്വികൊരിത കർണാവതി പറഞ്ഞു. പ്രശ്നബാധിത പ്രദേശങ്ങളിലെത്തുന്നതിനു മുമ്പേ മേഘങ്ങൾ പെയ്തുതീരുന്നതിനായി വ്യോമസേന വിമാന മാർഗം രാസവസ്തുകൾ നിക്ഷേപിച്ചതായി കർണാവതി അറിയിച്ചു. ഇത്തരത്തിൽ ക്ലൗഡ് സീഡിങ് നടത്തുന്നതിനായി 15 ടൺ ഉപ്പ് സജ്ജമാക്കിയിട്ടുണ്ട്. പ്രളയത്തിൽ ആളുകളും ഡസൻ കണക്കിനു വീടുകളുമാണ് ഒലിച്ചുപോയയത്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങി. 1500 കുടുംബങ്ങൾ സർക്കാർ ക്യാംപുകളിലേക്കു മാറിയതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പറഞ്ഞു. ബുധനാഴ്ച ചെളിയിൽനിന്നും നദികളിൽനിന്നുമായി 67 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കാണാതായ 20 പേർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. 44 ഗ്രാമവാസികൾക്കു പരുക്കുണ്ട്.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments