Monday, December 9, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* ചന്ദ്രനിലേക്കു മനുഷ്യനെ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത സ്പേസ് എക്സ് സ്റ്റാർഷിപ് ബഹിരാകാശപേടകത്തിന്റെ മൂന്നാം പരീക്ഷണവും പരാജയപ്പെട്ടു. വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും ബഹിരാകാശത്തുനിന്നു ഭൗമാന്തരീഷത്തിലേക്കു തിരികെപ്രവേശിക്കവേ റോക്കറ്റ് കത്തിയമർന്നതായി കമ്പനി അറിയിച്ചു. ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് കേന്ദ്രത്തിൽനിന്ന് ഉയർന്ന പേടകം ഭൗമാന്തരീഷത്തിൽ 50 മിനിറ്റു യാത്രയ്ക്കുശേഷം ഇന്ത്യൻ സമുദ്രത്തിൽ പതിക്കുകയായിരുന്നു ലക്ഷ്യം.

സ്റ്റാർഷിപ്പിന്റെ മുൻപു നടത്തിയ 2 പരീക്ഷണവും പരാജയമായിരുന്നു. 2023 ഏപ്രിലിൽ നടന്ന ആദ്യപരീക്ഷണത്തിൽ പേടകം പറന്നുയർന്നു 4 മിനിറ്റിനകം പൊട്ടിത്തെറിച്ചു. നവംബറിൽ നടന്ന രണ്ടാം പരീക്ഷണത്തിൽ, കുറച്ചുകൂടി ദൂരം പോയെങ്കിലും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടമായി.

ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർഷിപ്. നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാണിത്. 2026 സെപ്റ്റംബറിനകം ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള യുഎസ് ദൗത്യത്തിന് സ്റ്റാർഷിപ്പായിരിക്കും ഉപയോഗിക്കുക.

* പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്.ഫെയ്‌സിയെ ഈ വർഷത്തെ പ്ലാനറ്റ് എർത്ത് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തു. അമേരിക്കയിലെ ഒറിഗോൺ സർവകലാശാല ആസ്ഥാനമായുള്ള വേൾഡ് അലയൻസ് ഓഫ് സയന്റിസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്. ശാസ്ത്ര ജ്ഞാനം ഉപയോഗിച്ച് ആഗോള പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഫലപ്രദമായി ഇടപെടുന്നവരെയാണു പുരസ്‌കാരം വഴി ആദരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറു പേരാണ് ഇത്തവണ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് 77 ന്റെ ഉപദേശകനായി വികസ്വരലോകത്തിന്റെ പരിസ്ഥിതി കാഴ്ചപ്പാടുകൾ യുഎൻ പരിസ്ഥിതി സമ്മേളന വേദികളിൽ അവതരിപ്പിക്കുന്ന ഡോ.എസ്. ഫെയ്‌സി ഭൗമ ഉച്ചകോടി, ജൈവവൈവിധ്യ ഉടമ്പടി, സുസ്ഥിര വികസന ആഗോള ഉച്ചകോടി എന്നിവയിൽ പ്രധാന നെഗോഷ്യേറ്റർ ആയിരുന്നു. യുഎൻഡിപി, യുനെസ്കോ, ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്നിവയുടെ ഉപദേശകനായി പലരാജ്യങ്ങളിലും കൊല്ലം പോരുവഴി സ്വദേശിയായ ഡോ. ഫെയ്സി പ്രവർത്തിച്ചിട്ടുണ്ട്. ജപ്പാൻ ഇന്റർനാഷനൽ കോഓപ്പറേഷൻ ഏജൻസിയുടെ ജൈവവൈവിധ്യ ഉപദേശകനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതി വിദഗ്ദനായിരുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ഏഴാമത് ആഗോള പരിസ്ഥിതി റിപ്പോർട്ടിന്റെ റിവ്യൂ എഡിറ്റർ ആണ് ഡോ.എസ്.ഫെയ്‌സി. നിലവിൽ റാസൽഖൈമ സർക്കാരിന്റെ പരിസ്ഥിതി വകുപ്പിന്റെ സസ്‌റ്റൈനബിലിറ്റി വിഭാഗം ഡയറക്ടർ ആണ്. ആഗോള പരിസ്ഥിതി ചർച്ചകളിൽ പാശ്ചാത്യ ലോകത്തിന്റെ മുൻഗണനകൾക്കു പകരമായി വികസ്വര ലോകത്തിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിൽ ഡോ.എസ്. ഫെയ്‌സി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു പുരസ്‌കാര സമിതി വിലയിരുത്തി.

* മധ്യഗാസയിലെ നുസറേത്ത് അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 36 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതടക്കം വെള്ളിയാഴ്ച രാത്രിയിൽ 64 തവണയാണ് ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയത്. ഗാസയുടെ തെക്കൻ അതിർത്തിയിലെ വേലിക്കപ്പുറത്തുനിൽക്കുന്ന ഈജിപ്തുകാരായ സൈനികരോട് ഭക്ഷണം യാചിക്കാനായി വൈദ്യുത തൂണിൽ പിടിച്ചുകയറുന്ന പലസ്തീൻ കുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഞങ്ങൾക്ക് വിശപ്പടക്കണം, ജീവിക്കണം’ എന്നു പറഞ്ഞാണ് കുട്ടി ആഹാരത്തിനു വേണ്ടി കെഞ്ചുന്നത്. ഇതിനിടെ, ഗാസയുടെ വിവിധഭാഗങ്ങളിൽനിന്നായി പലായനം ചെയ്തെത്തിയവർ ഉൾപ്പെടെ കഴിയുന്ന റഫ പട്ടണത്തി‍ൽ സൈന്യത്തെ ഇറക്കിയുള്ള ആക്രമണ പദ്ധതിയുമായി മുന്നോട്ടു പോകുമന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു. ഹമാസ് അംഗങ്ങൾ റഫ കേന്ദ്രമാക്കി ഒളിപ്പോരു നടത്തുകയാണെന്ന് ഇസ്രയേൽ പറയുന്നു.
ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, ഗാസയുടെ തെക്കുനിന്ന് സഹായവുമായി പുറപ്പെട്ട 13 ട്രക്കുകൾ സുരക്ഷിതമായി വടക്കൻ മേഖലയിലെത്തി. നാലു മാസത്തിനിടെ ഇതാദ്യമാണ് മേഖലയിലേക്ക് കരമാർഗം തടസ്സമില്ലാതെ സഹായമെത്തിയത്. ജബാലിയയിലും ഗാസ സിറ്റിയിലുമാണ് ട്രക്കുകൾ എത്തിയത്. സഞ്ചികളിലാക്കിയ ധാന്യപ്പൊടിയുടെ വിതരണവും ആരംഭിച്ചു. വടക്കൻ ഗാസയിൽ യു​എൻ ഏജൻസികളുടെ സഹായവിതരണം ഇസ്രയേൽ സൈന്യം തടഞ്ഞിരിക്കുകയായിരുന്നു.

* അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. താൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിൽ നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ ട്രംപിന്റ രക്തച്ചൊരിച്ചിൽ പരാമർശം എന്തിനെ സംബന്ധിച്ചാണെന്ന് വ്യക്തമല്ല. മെക്സിക്കോയിൽ കാർ നിർമാണം നടത്തി അമേരിക്കയിൽ വിൽക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമർശിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ‘‘ഞാൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിലായിരിക്കും, ഏറ്റവും കുറഞ്ഞത് നടക്കാൻ പോകുന്നത് അതാണ്. അത് രാജ്യത്തിന് വേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷേ അവർ കാറുകൾ വിൽക്കാൻ പോകുന്നില്ല.’’ എന്നായിരുന്നു ട്രംപിന്റെ പരാമർശം.
ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഈ രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പ് ജനങ്ങൾ കാണുമോ എന്ന കാര്യം തനിക്ക് സംശയമാണെന്നും ജോ ബൈഡൻ ഏറ്റവും മോശം പ്രസിഡന്റാണെന്ന വാദവും അദ്ദേഹം ആവർത്തിച്ചു. ‘‘ബൈഡൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സാമൂഹിക സുരക്ഷ ഇല്ലാതാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അദ്ദേഹം തകർത്തുകൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയിൽ മെഡികെയർ കൂടി ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലെ മുതിർന്ന പൗരന്മാർ വലിയ പ്രതിസന്ധിയിലാകാൻപോവുകയാണ്. സാമൂഹിക സുരക്ഷയും മെഡികെയറും നിലനിർത്താമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.’’ – ട്രംപ് പറഞ്ഞു.

* മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വ്ളാഡിമിർ പുട്ടിൻ. . റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക മഹായുദ്ധത്തിന് ചുവടകലെയാണെന്നാണ് അർഥമാക്കുന്നതെന്നും എന്നാൽ യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു പുട്ടിന്റെ പ്രസ്താവന.
യുക്രെയ്നിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മൂന്നാംലോക മഹായുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി പുട്ടിൻ എത്തിയത്. ആധുനിക ലോകത്ത് എന്തും സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഇത് മൂന്നാംലോക മഹായുദ്ധത്തിൽ നിന്ന് ഒരു പടിമാത്രം അകലെയാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. പക്ഷേ ആർക്കും അതിൽ താല്പര്യമുള്ളതായി എനിക്ക് തോന്നുന്നില്ല. ’’ പുട്ടിൻ പറഞ്ഞു. യുക്രെയ്നിൽ നാറ്റോ സൈനികരുടെ സാന്നിധ്യമുണ്ടെന്നും ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കുന്നവരെ റഷ്യ യുക്രെയ്നിൽ നിന്ന് പിടികൂടിയെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നിലെ യുദ്ധത്തെ വഷളാക്കുന്ന നടപടികൾ അവലംബിക്കുന്നതിന് പകരം മാക്രോൺ സമാധാനത്തിനായി പരിശ്രമിക്കണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു.

റഷ്യൻ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് റഷ്യൻ അതിർത്തികളിൽ യുക്രെയ്ൻ ആക്രമണം കടുപ്പിച്ചിരുന്നു. ആക്രമണം തുടരുകയാണെങ്കിൽ റഷ്യൻ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്രെയ്നിലെ ഖാർകിവ് മേഖല പിടിച്ചെടുത്ത് ബഫർസോൺ ആക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പുട്ടിൻ സൂചന നൽകി. റഷ്യൻ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അമേരിക്കയുടെ വിമർശനത്തെയും പുട്ടിൻ പുച്ഛിച്ചുതള്ളി. യുഎസ് തിരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

* റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ ‘ചരിത്രവിജയം’ നേടിയതിനെ ചൈനയും ഉത്തര കൊറിയയും ഒഴികെയുള്ള രാജ്യങ്ങളെല്ലാം വിമർശിച്ചു. 87.28% വോട്ട് നേടിയാണ് പുട്ടിൻ 6 വർഷം കൂടി പ്രസിഡന്റ് പദവിയിൽ തുടരാൻ അർഹത നേടിയത്. സോവിയറ്റ് കാലത്തിന് ശേഷം ഒരു സ്ഥാനാർഥിക്കു ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടുകളാണിത്. 2018 ൽ 75.5% വോട്ടുകളാണു പുട്ടിനു ലഭിച്ചത്. യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ ഉൾപ്പെടെ വോട്ടെടുപ്പു നടത്തിയിരുന്നു.
എതിർശബ്ദങ്ങളെല്ലാം അടക്കി പുട്ടിൻ നേടിയ ഏകപക്ഷീയ വിജയത്തെ പ്രഹസനമെന്ന് പാശ്ചാത്യരാജ്യങ്ങൾ വിശേഷിപ്പിച്ചു. രാഷ്ട്രീയ എതിരാളികളെയെല്ലാം ഒന്നൊന്നായി ഇല്ലാതാക്കി, മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കി പുട്ടിൻ നടത്തിയ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യപ്രക്രിയ എന്നു പറയാനാവില്ലെന്ന് ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറൺ പറഞ്ഞു. നിലവിലെ ആഗോള രാഷ്ട്രീയ ചേരിതിരിവ് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് മറ്റ് രാഷ്ട്രങ്ങളിൽ നിന്നും ഉണ്ടായത്. റഷ്യൻ ജനതയിൽ ബഹുഭൂരിപക്ഷവും പുട്ടിനെ പിന്തുണയ്ക്കുന്നുവെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചുവെന്ന് റഷ്യ പ്രതികരിച്ചു. ചൈനയും ഉത്തര കൊറിയയും വിജയത്തിൽ പുട്ടിന് ആശംസകളറിയിച്ചു. ഏറ്റവും കൂടുതൽ കൃത്രിമം നടന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് റഷ്യയിലെ സ്വതന്ത്ര മനുഷ്യാവകാശ സംഘടന ഗോലോസ് ആരോപിച്ചു. റഷ്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾ മുഴുവൻ നിഷേധിച്ചു നടന്ന തിരഞ്ഞെടുപ്പിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു. സ്വതന്ത്ര നിരീക്ഷകരെ പൂർണമായും നിരോധിച്ചിരുന്നു. ഭരണകൂടത്തിനെതിരെ പ്രതികരിച്ചവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരുന്നു. മൂന്നു ദിന വോട്ടിങ്ങിന്റെ അവസാന ദിവസമായ ഞായറാഴ്ച 74 പേർ അറസ്റ്റിലായിരുന്നു.

* വെടിനിർത്തൽ ചർച്ച ഖത്തറിലെ ദോഹയിൽ ആരംഭിക്കാനിരിക്കേ, ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ സൈന്യം വീണ്ടും കടന്നുകയറി. 30,000 പേരോളം അഭയം തേടിയിട്ടള്ള ആശുപത്രിക്കുളളിൽ കടന്ന സൈന്യം വെടിവയ്പു നടത്തി. 80 പേരെ അറസ്റ്റ് ചെയ്തു. ഹമാസ് വീണ്ടും ആശുപത്രി താവളമാക്കിയെന്നാരോപിച്ചായിരുന്നു റെയ്ഡ്. ആരോപണം ഹമാസ് നിഷേധിച്ചു.

കഴിഞ്ഞ നവംബറിൽ ഇസ്രയേൽ സൈന്യം അൽ ഷിഫ ആശുപത്രി പിടിച്ചെടുത്തെങ്കിലും അവിടെ ഹമാസ് കമാൻഡ് സെന്റർ ഉണ്ടായിരുന്നുവെന്നതിനു തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഒക്ടോബറിനു ശേഷം നാലാം തവണയാണ് അൽ ഷിഫയിൽ സൈന്യം കയറുന്നത്.

വടക്കൻ ഗാസയിൽ ഈ മാസത്തിനും മേയ്ക്കുമിടയിൽ എപ്പോൾ വേണമെങ്കിലും പട്ടിണിമരണങ്ങൾ സംഭവിക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നൽകി. ജനസംഖ്യയുടെ പകുതിയോളം (11 ലക്ഷത്തിലേറെ) ഭക്ഷണമില്ലാതെ നരകിക്കുന്ന ഗാസയിൽ വടക്കൻ മേഖലയിലാണ് ക്ഷാമം പിടിമുറുക്കിയിട്ടുള്ളത്. പുറംലോകവുമായി ബന്ധമറ്റ അവിടെ 3 ലക്ഷത്തിലേറെ ജനങ്ങളിൽ 2.10 ലക്ഷം പേരും പട്ടിണിമരണത്തിലേക്കു നീങ്ങുകയാണെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) റിപ്പോർട്ട് വ്യക്തമാക്കി.

യുഎൻ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയായ ഐപിസിയാണു ലോകത്തെവിടെയും ക്ഷാമാവസ്ഥ വിലയിരുത്തി റിപ്പോർട്ട് നൽകുന്നത്. ഗാസയിൽ പട്ടിണി പടരുന്നതു സംബന്ധിച്ച് ഡിസംബറിൽ ഐപിസി മുന്നറിയിപ്പു നൽകിയിരുന്നു. ഗാസയിലേതു മനുഷ്യൻ വരുത്തിവച്ച ക്ഷാമമാണെന്നും അതു പടരുന്നതു തടയാനുള്ള തീവ്രയത്നത്തിലാണെന്നും യുഎന്നിന്റെ പലസ്തീൻ അഭയാർഥികൾക്കുള്ള ഏജൻസി (യുഎൻആർഡബ്ല്യൂഎ) മേധാവി ഫിലീപ് ലാസ്സറീനി കയ്റോയിൽ പറഞ്ഞു. അതിനിടെ, റഫ സന്ദർശിക്കാനുള്ള ലാസ്സറീനിയുടെ അപേക്ഷ ഇസ്രയേൽ നിരസിച്ചു. ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് ഇസ്രയേൽ തുടരുകയാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസഫ് ബോറൽ പറഞ്ഞു.

* ഹമാസിന്റെ നേതൃനിരയിൽ രണ്ടാം സ്ഥാനക്കാരനായ മർവൻ ഈസ കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ സ്ഥിരീകരിച്ചു. എന്നാൽ ഹമാസ് പ്രതികരിച്ചിട്ടില്ല.

* വിവേചനപരവും നീതിപൂർവമല്ലാത്തതുമായ വിവാഹമോചന നിയമങ്ങളിൽ പ്രതിഷേധിച്ച് എണ്ണൂറിലേറെ ജൂത വനിതകൾ ശാരീരിക ബന്ധം നിഷേധിച്ച് സമരം ആരംഭിച്ചു. ന്യൂയോർക്കിലെ കിരിയാസ് യോവേൽ എന്ന ജൂത സമൂഹത്തിലെ വനിതകളാണ് അപൂർവ സമരം ആരംഭിച്ചത്.

2020ൽ ഭർത്താവിൽനിന്നു പിരിഞ്ഞു വിവാഹമോചനത്തിനു കാത്തിരിക്കുന്ന മാൽകി ബെർകോവിറ്റ്സാണ് നേതൃത്വം നൽകുന്നത്. ഈ സമൂഹത്തിന്റെ നിയമപ്രകാരം ഗാർഹിക പീഡനത്തിനെതിരെ പരാതി നൽകാൻപോലും സമൂഹാചാര്യന്റെ അനുമതി ആവശ്യമാണ്. ഭാര്യയ്ക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ പോലും അവകാശമില്ല.

* ഓൺലൈനിലൂടെ പുറത്തുവിട്ട ഡീപ് ഫെയ്ക് അശ്ലീല വിഡിയോകൾക്ക് ഒരു ലക്ഷം യൂറോ ‌‌‌‌(ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം തേടി ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി കോടതിയെ സമീപിച്ചു. നിർമിതബുദ്ധി ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖം മറ്റൊരാളുടേതിൽ കൃത്രിമമായി ചേർക്കുന്നതാണ് ഡീപ് ഫെയ്ക്. വിഡിയോ നിർമിച്ചതെന്നു കരുതുന്ന നാൽപതുകാരനെയും പിതാവിനെയും പറ്റി അന്വേഷണം നടക്കുകയാണ്. ഇതിനുപയോഗിച്ച മൊബൈ‍ൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നതിനു മുൻപുള്ളതാണ് മെലോനിയുടെ വിഡിയോകൾ. 2020 ൽ യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ഇത് ലക്ഷക്കണക്കിന് ആളുകൾ മാസങ്ങളോളം കണ്ടു.
ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് പ്രതികരിക്കാൻ ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു. ജൂലൈ 2ന് കോടതിയിൽ ജോർജ മെലോനി മൊഴി നൽകും.

* സമാധാനശ്രമങ്ങൾക്ക് ഇസ്രയേലിനെ പ്രേരിപ്പിക്കുന്നതിന് യുഎസ് ശ്രമം തുടരുന്നു. മധ്യപൂർവദേശത്തെ ആറാംവട്ട സന്ദർശനത്തിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിരിച്ചു. കഴിഞ്ഞ 5 തവണയും ഇസ്രയേൽ സന്ദർശിച്ച ബ്ലിങ്കന്റെ യാത്രാപരിപാടിയിൽ ഇക്കുറി ഇസ്രയേലിനെക്കുറിച്ചു പറയുന്നില്ല. സൗദിയിലെ സൽമാൻ രാജകുമാരനെ സന്ദർശിക്കുന്ന അദ്ദേഹം സമാധാനനീക്കങ്ങൾക്ക് മുൻകൈയെടുക്കുന്ന ഖത്തറും സന്ദർശിക്കും.

ഗാസയിലെ ജനങ്ങൾ അഭയകേന്ദ്രമാക്കിയ ഈജിപ്ത് അതിർത്തി നഗരമായ റഫ ആക്രമിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം ഇസ്രയേൽ നിരാകരിച്ചത് ബന്ധങ്ങളിൽ അസ്വാരസ്യം ഉണ്ടാക്കി. 6 മാസം പിന്നിട്ട യുദ്ധം റമസാൻ നോമ്പുകാലത്തെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമം ഇസ്രയേലിന്റെ കടുംപിടിത്തം മൂലമാണ് പരാജയപ്പെട്ടതെന്ന സൂചന യുഎസ് നൽകുന്നുണ്ട്.

* റഷ്യയിലെ മോസ്കോ നഗരത്തിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ 40 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments