Thursday, May 30, 2024
Homeഅമേരിക്ക👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിയാറാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിയാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)സ്റ്റാമ്പിന്റെ കഥ (B) പഴഞ്ചൊല്ലു കൾ (C)പൊതു അറിവും, (D)ഒരു പ്രചോദന കഥ യും ,കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ(E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടല്ലോ….?മുൻപ് കാണിച്ചു തന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പരിശീലിച്ചു വെന്ന് കരുതുന്നു .😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) സ്റ്റാമ്പിന്റെ കഥ(10)

ശകുന്തളയുടെ പ്രേമലേഖനം

രാജാക്കന്മാർക്കിടയിലെ ചിത്രകാരനും, ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രാജാ രവിവർമ്മ. സ്ത്രീസൗന്ദര്യത്തിന്റെ ആവിഷ്കരണത്തിൽ രവിവർമ്മ ചിത്രങ്ങൾ പുലർത്തിയ മിഴിവും, അഴകും, പ്രൗഢിയും സമാനതകളില്ലാത്തതാണ്.രാജാ രവിവർമ്മയുടെ 1876 ​​ലെ ചിത്രമാണ് ശകുന്തളയുടെ പ്രേമലേഖനം . 1876ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക് രവിവര്‍മ്മ തന്റെ ഈ ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ് (ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ രണ്ടാമത്തെ ബോഡൻ പ്രൊഫസറായിരുന്നു). തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ് തർജമക്ക് മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറിയിരുന്നു.

1960-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് ഒരു രൂപ, മൂന്ന് നയാ പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ കാമുകൻ ദുശ്യന്തന് താമര ഇതളിൽ പ്രണയലേഖനം എഴുതുന്ന ശകുന്തളയെ പുല്ലിൽ കിടക്കുന്നതായി ചിത്രീകരിച്ച് പുറത്തിറക്കി.

📗📗

👫B) പഴഞ്ചൊല്ലു കൾ (10)

1) മടിയൻ മല ചുമക്കും . –
ചിട്ടയായി ചെയ്യാത്തവൻ കഠിനാധ്വാനം ചെയ്യേണ്ടതായി വരും.

2) മിന്നുന്നതെല്ലാം പൊന്നല്ല. –
പുറംമോടികണ്ട് ഭ്രമിക്കരുത്.

3) ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുക –
ചെറിയകാര്യങ്ങൾ ചെയ്ത് വലിയ നഷ്ടമുണ്ടാക്കുക

4) ചേരയെത്തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം. –
സ്ഥലകാലമനുസരിച്ച് പ്രവർത്തിക്കണം.

5) കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ –
തൻകാര്യക്കാർ അവർക്കിഷ്ടമുള്ള കാര്യം മാത്രം നോക്കും. (ഏതു സാഹചര്യത്തിലും അഭിരുചികൾ കൈവിടാത്തവരെപ്പറ്റി).

6) കൈനനയാതെ മീൻപിടിക്കുക –
കഷ്ടപ്പെടാതെ ലാഭമുണ്ടാക്കുക.

7) കൊക്കിനു വച്ചത് ചക്കിനു പറ്റി –
ഒന്നിനുവേണ്ടി പ്രവർത്തിച്ചത് മറ്റൊന്നായി തീരുക.

8) ഗതികെട്ടാൽ പുലി പുല്ലും തിന്നും –
ജീവിക്കാൻ വേണ്ടി എന്തും പ്രവർത്തിക്കുക.

9) ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുക –
ചെറിയകാര്യങ്ങൾ ചെയ്ത് വലിയ നഷ്ടമുണ്ടാക്കുക

10) ചേരയെത്തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം. –
സ്ഥലകാലമനുസരിച്ച് പ്രവർത്തിക്കണം.

📗📗

👫C) പൊതുഅറിവ് (19)

കുട്ടീസ്….ഈ ആഴ്ച യിലെ പൊതു അറിവിൽ നമ്മൾ വിവിധ തരം പാട്ടുകൾ 60എണ്ണം മുൻപേ പന്ത്രണ്ടു വാരങ്ങളിൽ പരിചയപ്പെട്ടതിന്റെ തുടർച്ചയായി 8 എണ്ണം കൂടി അറിയാം…. ട്ടോ😍. ഈ വാരത്തിൽ പാട്ടുകളുടെ പരിചയം നിറവടയുന്നു.

61) കതിരുപാട്ട്

പുഷ്പക സമുദായത്തിലെ സ്ത്രീകൾ – ‘ബ്രാഹ്മണി ‘ – കളുടെ അനുഷ്ഠാന ഗാനങ്ങൾ. നെടുമംഗല്യത്തിനായി കന്യകമാർ കതിരെടുത്ത് നൃത്തം ചെയ്യുമ്പോൾ പാടുന്ന പാട്ടുകൾ.

62) കരിങ്കുട്ടൻ പാട്ട്

പുള്ളുവർ പാടുന്ന അനുഷ്ഠാന ഗാനങ്ങൾ.

63) എലെലം കരടി പാട്ട്

കേരളത്തിലെ വനങ്ങളിൽ പാർക്കുന്ന ഇരുളവർഗ്ഗക്കാർ നൃത്തം ചെയ്യുമ്പോൾ പാടുന്ന പാട്ട്. വട്ടത്തിൽ കറങ്ങിക്കൊണ്ട് പാടുന്ന പാട്ടിന്റെ അകമ്പടി വാദ്യങ്ങൾ “പൊറി ” എന്ന് വിളിക്കുന്ന മദ്ദളവും മരക്കുഴലും.

64) ഓണപ്പാട്ടുകൾ

ഓണക്കാലത്ത് പാടുന്ന പാട്ടുകൾ. മഹാബലിയെ പ്രകീർത്തിച്ചു കൊണ്ടാണു് പാട്ടുകൾ.

65) ഏറ്റപ്പാട്ട്

വെള്ളം തേവുന്ന യന്ത്രത്തിനരുകിൽ നിന്നുകൊണ്ട് വെള്ളം തേവുമ്പോൾ പാടുന്ന പാട്ടുകൾ.

66) മാരൻ പാട്ട്

കണിയാൻ, വണ്ണാൻ, മുതലായ വർഗ്ഗക്കാർ പാടുന്ന ശൃംഗാര രസപ്രധാന ഗാനങ്ങൾ. ഗ്രാമീണശൈലിയിൽ നാടൻ വൃത്തത്തിൽ ആണു് ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്.

67) മാരിപ്പാട്ട്

ഉത്തരകേരളത്തിലെ പുലയർ കർക്കടമാസതിൽ പാടുന്ന അനുഷ്ഠാന ഗാനം. കർക്കിടകം 16 നാൾ മുതൽ പൊയ്മുഖം അണിഞ്ഞു വീടുകൾ തോറും കയറി ഇറങ്ങി പാടുന്നു. തുടി, ചേങ്ങില എന്നീ വാദ്യങ്ങൾ അകമ്പടി. “കലിയൻ ” പാട്ട് എന്നും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഐശ്വര്യലബ്ധിയാണ് ഉദ്ദേശം.

68) കറിപ്പാട്ടുകൾ

പാചകവിധി വർണ്ണിക്കുന്ന നാടൻ പാട്ടുകൾ. കുമ്പളപ്പാട്ട്, കക്കിരിപ്പാട്ട്, ചീരപ്പാട്ട് തുടങ്ങിയ പേരുകളിൽ പ്രചാരം. വിവാഹം, തുടങ്ങിയ ആഘോഷവേളകളിൽ പാചകം ചെയ്യുമ്പോൾ പാടുന്നു .

📗📗
👫D) പ്രചോദന കഥ (6)

പിറവിയല്ല മുഖ്യം, പ്രവൃത്തി

കുടുംബാംഗങ്ങൾ എല്ലാവരും കടൽത്തീരത്ത് ഉല്ലസിക്കുകയാണ്. കുട്ടികളിൽ രണ്ടുപേർ കടലിൽ കുളിക്കുന്നു. ഒരാൾ മണലുകൊണ്ടു കൊട്ടാരമുണ്ടാക്കുന്നു. വൃദ്ധയായ ഒരു സ്‌ത്രീ ദൂരെനിന്നു നടന്നുവരുന്നുണ്ട്. മുഷിഞ്ഞ വസ്‌ത്രമാണ്, മുടിയിഴകൾ കാറ്റിൽ പറക്കുന്നു. നടക്കുന്ന വഴിയിൽനിന്ന് എന്തൊക്കെയോ പെറുക്കി സഞ്ചിയിൽ ഇടുന്നു. തനിയെ സംസാരിക്കുന്നുമുണ്ട്.

മാതാപിതാക്കൾ കുട്ടികളെ ആ സ്‌ത്രീയുടെ അടുത്തേക്കു പോകുന്നതു വിലക്കി. അവരുടെ അടുത്ത് എത്തിയപ്പോഴും ആ സ്‌ത്രീ എന്തോ പെറുക്കി തന്റെ സഞ്ചിയിലിട്ടു. ആ സ്ത്രീ ചിരിച്ചു കാണിച്ചെങ്കിലും അവർ മുഖം തിരിച്ചു. ആഴ്‌ചകൾക്കുശേഷം അവർ പത്രത്തിൽ ഒരു മരണവാർത്ത വായിച്ചു – കുപ്പിച്ചില്ലുകളും മറ്റും പെറുക്കിയെടുത്തു കടൽത്തീരം വൃത്തിയാക്കിയിരുന്ന സ്ത്രീയെക്കുറിച്ച്. വാർത്തയ്ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോയ്‌ക്ക് അന്നുകണ്ട സ്‌ത്രീയുടെ മുഖച്ഛായ ആയിരുന്നു.

ജീവിതം സമ്പന്നമാകാൻ ജനനം ശ്രേഷ്‌ഠമാകണമെന്നില്ല. ജനിച്ച ഇടം പുൽക്കൂടാകാം, മണിമാളികയാവാം. ജന്മസ്ഥലത്തിന്റെ മാഹാത്മ്യം ആരെയും സവിശേഷ പ്രതിഭകൾ ആക്കിയിട്ടില്ല. എവിടെ ജനിച്ചു എന്നതിനേക്കാൾ എന്തിനുവേണ്ടി ജനിച്ചു എന്നതാണു പ്രസക്തം. സ്വന്തം ജനനത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെങ്കിലും കർമത്തിന് ഉത്തരം പറയേണ്ടിവരും. ചെയ്‌തികളാണു ജന്മത്തെ സാധൂകരിക്കുന്നത്.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (10)

അവതരണം:
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments