Saturday, July 27, 2024
Homeഅമേരിക്കഡോക്ടർ - രോഗി വിവര വിനിമയത്തെ കുറിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പഠനം നടത്തുന്നു

ഡോക്ടർ – രോഗി വിവര വിനിമയത്തെ കുറിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പഠനം നടത്തുന്നു

പോൾ ഡി. പനയ്ക്കൽ

ആയുർവേദം, സിദ്ധ, യുനാനി തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായങ്ങളുടെ അവിഭാജ്യ ഘടകമായ ഔഷധ സസ്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഔഷധങ്ങളും സപ്ലിമെൻ്റുകളും ഇന്ത്യക്കാർ നൂറ്റാണ്ടുകളായി വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇന്ത്യയിലെ എഴുപതു ശതമാനം ആളുകളെങ്കിലും അല്ലോപ്പതിക് അല്ലാത്ത മരുന്നുകൾ എടുക്കുന്നുണ്ടെന്നാണ് കണക്ക്. 2007-ഇൽ നടന്ന പഠനത്തിനു ശേഷം മറ്റൊരു പഠനം നടന്ന വിവരം ലഭ്യമല്ലാത്തതു കൊണ്ടാണ് ഈ കണക്ക് ഉപയോഗിക്കുന്നത്. പരമ്പരാഗത മരുന്നുകളോട് ഇൻഡ്യക്കാർക്കുള്ള മമതയ്ക്ക് ഇപ്പോളും കുറവു വന്നതായി തെളിവുകൾ ഇല്ല. ആയുർവേദം, യുനാനി, സിദ്ധ, തുടങ്ങിയ ചികിത്സാമുറകൾക്ക് ഇന്ത്യയിൽ പ്രചാരം കൂടി വരുകയാണ് കാരണം ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് നടത്തുന്ന പഠനങ്ങളും ഗവേഷണങ്ങളും ചികിത്സയുടെ ഫലങ്ങൾ തെളിവു സഹിതം പ്രസിദ്ധപ്പെടുത്തുകയും ഇന്ത്യയിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കോൺട്രോൾസ് ഓർഗനൈസേഷൻ (CDSCO) അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്; ചെയ്യുന്നുണ്ട്. ആയുർവേദ കോളേജുകളിൽ നിന്ന് വിദ്യാഭാസം നേടിയിട്ടുള്ള അഞ്ചു ലക്ഷത്തിലധികം ഡോക്റ്റർമാർ ഗവണ്മെന്റ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും രോഗ ചികിത്സ നടത്തുന്നുണ്ട്. ചുക്ക്, കുരുമുളക്, മല്ലി, മഞ്ഞൾ, നെല്ലിക്ക, ഏലക്കായ, ഗ്രാമ്പൂ തുടങ്ങിയ അനേകമനേകം ഹെർബൽ ഉൽപ്പന്നങ്ങൾ ഡോക്ടർമാരാരും പ്രിസ്‌ക്രൈബ് ചെയ്യാതെ ദശലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്നുണ്ട്. ഗ്രീക്കുകാരിൽ തുടങ്ങി, പിന്നെ അറബി-പേർഷ്യൻ വികസനത്തിലൂടെ ദക്ഷിണേഷ്യയിൽ ജനകീയമായ യുനാനി മരുന്നുകളും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ചികിത്സാക്രമമെന്നറിയപ്പെടുന്ന സിദ്ധ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും ഇന്ത്യക്കാരുടെ പാരമ്പര്യ സംസ്ക്കാരം പോലെ പ്രിയപ്പെട്ടതും പ്രചുരപ്രചാരവുമാണ്.

വിദേശത്താണെങ്കിലും, പതിവായി ഡോക്റ്ററെ കണ്ട് അസുഖങ്ങൾക്കും കൊളെസ്റ്റെറോൾ പോലുള്ള കണ്ടീഷനുകൾക്കും മരുന്നുകൾ വാങ്ങി കഴിക്കുന്നുണ്ടെങ്കിലും, നേരത്തെ പറഞ്ഞ ചികിത്സാ സമ്പ്രദായത്തിൽ പെട്ട

മരുന്നുകളോ ചുക്കുവെള്ളം, വെളുത്തുള്ളി, അതുപോലുള്ള ഹെർബൽ ഉല്പന്നങ്ങളോ മറ്റെന്തെങ്കിലും ലേഹ്യമോ കഷായമോ വൈറ്റമിൻ പോലുള്ള ഡയറ്ററി സപ്പ്ളിമെന്റുകളോ എടുക്കുന്നവർ ഇന്ത്യക്കാരുടെ ഇടയിൽ ധാരാളം. ഇത്തരം ആരോഗ്യ-ക്ഷേമ സംബന്ധമായ സാധനങ്ങൾക്ക് പാർശ്വഫലങ്ങൾ (side effects) ഇല്ലായെന്ന പൊതുവിശ്വാസം നില നിൽക്കുന്നുണ്ട്. പക്ഷെ, പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് മറിച്ചാണെന്നതാണ് വാസ്തവം. ശരീരം മരുന്നിനെ വലിച്ചെടുക്കുന്നതിനെയും (absorption) മരുന്നിന്റെ ശരീരത്തിലേക്കുള്ള വിതരണത്തെയും (distribution) ശരീരത്തിൽ അതിന്റെ പരിണാമത്തെയും (metabolism) ശരീരത്തിൽ നിന്നുള്ള വിസർജ്ജനത്തെയും (excretion) അല്ലെങ്കിൽ മരുന്നിന്റെ ഗുണത്തെയും പല ഉൽപ്പന്നങ്ങളും പ്രസക്തമായ വിധം ചികിത്സയെ ബാധിക്കുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രോഗികൾ ഡോക്റ്ററെ കാണുമ്പോൾ പൊതുവെ എന്തെല്ലാം മരുന്നുകളാണ് എടുക്കുന്നതെന്ന് ഡോക്റ്റർമാരുടെ ഓഫീസിൽ ചോദിക്കാറുണ്ട്. “ദോഷമുണ്ടാക്കാത്ത” അല്ലെങ്കിൽ “ആരോഗ്യം വർധിപ്പിക്കുന്ന” സാധനങ്ങളാണെന്ന ധാരണയിൽ പലരും അവയെ മരുന്നുകളുടെ കൂട്ടത്തിൽ പെടുത്താറില്ല. ഇംഗ്ലീഷ് മരുന്നുകൾ കൂടാതെ ഡയറ്ററി സപ്പ്ളിമെന്റുകളോ ഹെർബൽ ഉല്പന്നങ്ങളോ എടുക്കുന്നുണ്ടെന്ന കാര്യം അവർ ഡോക്റ്ററോടു വെളിപ്പെടുത്തുന്നുണ്ടെന്നോ അല്ലെങ്കിൽ ഡോക്റ്ററുമായുള്ള സംസാരത്തിൽ എത്രത്തോളം അതുൾപ്പെടുന്നുണ്ടെന്നോ അറിയില്ല. ഇക്കാരണങ്ങൾ മൂലം ഡോക്റ്റർമാരുമായുള്ള (അല്ലെങ്കിൽ നേഴ്സ് പ്രാക്ടീഷണര്മാർ/ഫിസിഷ്യൻ അസ്സിസ്റ്റന്റുമാർ) ആരോഗ്യസംബന്ധമായ സംഭാഷണങ്ങളിൽ എന്തെങ്കിലും ഡയറ്ററി സപ്പ്ളിമെന്റുകളോ ആയുർവേദ/സിദ്ധ/യുനാനി മരുന്നുകളോ മറ്റു ഹെർബൽ ഉല്പന്നങ്ങളോ എടുക്കുന്നുണ്ടെന്ന കാര്യം ഉൾപ്പെടുത്തേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമത്രെ.

ന്യൂ യോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ അമേരിക്കൻ നഴ്സുമാരുടെ സ്വര സംഘടന ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി), രോഗിയും ഡോക്ട്ടരും (അല്ലെങ്കിൽ നേഴ്സ് പ്രാക്ടീഷണർ/ഫിസിഷ്യൻ അസിസ്റ്റന്റ്) തമ്മിലുള്ള വിവര വിനിമയത്തെ വിലയിരുത്തുന്നതിനുള്ള ഒരു പഠനം നടത്തുകയാണ്. ലോങ്ങ് ഐലന്റിലെ അഡാൽഫായ് യൂണിവേഴ്സിറ്റിയുടെ ഇന്സ്ടിട്യൂഷനൽ റിവ്യൂ ബോർഡ് പഠനത്തിന്റെ ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചു അംഗീകാരം

നൽകിയശേഷമാണ് ഐനാനി ഈ പഠനം തുടങ്ങിയത്. പഠനത്തിന്റെ പ്രിൻസിപ്പാൾ ഇൻവെസ്റിഗേറ്റർ ഡോ. ആനി ജേക്കബ് നോർത്ത് വെൽ ഹെൽത്തിൽ നേഴ്സ് സയന്റിസ്റ്റും അഡൽഫായ് യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് ക്ലിനിക്കൽ പ്രൊഫെസ്സറുമാണ്. ഡോ. മേഴ്‌സി ജോസെഫ്, ടെസി തോമസ്, ഡോ. അന്നാ ജോർജ്, പോൾ പനക്കൽ എന്നിവർ സഹ ഇൻവെസ്റ്റിഗേറ്റർമാരായി പ്രവർത്തിക്കുന്നു. എല്ലാവരും ഒന്നുകിൽ ഫൈൻസ്റ്റൈൻ ഇൻസ്റ്റിട്യൂട്ട്സ് ഫോർ മെഡിക്കൽ റിസേർച്ചിലോ അഡൽഫായ് യൂണിവേഴ്സിറ്റിയിലോ റിസേർച്ചർമാരായി അഫിലിയേറ്റ് ചെയ്തവരാണ്.

പഠനം ഒരു സർവ്വേ രൂപത്തിലാണ് നടത്തുന്നത്. പ്രായ വിഭാഗം, ജോലി, താമസിക്കുന്ന സ്ഥലത്തെ പിന് കോഡ് എന്നിവ മാത്രമേ വ്യക്തിഗത സ്‌ക്രീനിങ്ങിൽ ഉള്ളൂ. തുടർന്നുള്ള വളരെ ലളിതമായ ചോദ്യങ്ങൾ ഏകദേശം പത്തിൽ താഴെ മിനുട്ടുകൾ കൊണ്ട് തീർക്കാം. ഇരുന്നൂറിനും മുന്നൂറിനുമിടയ്ക്ക് ഇന്ത്യക്കാരുടെ പങ്കാളിത്തമാണ് ഐനാനി പ്രതീക്ഷിക്കുന്നത്.

മലയാളി മനസിന്റെ യു എസിലെ വായനക്കാരോട് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് വളരെ പ്രാധാന്യമർഹിക്കുന്ന ഈ സർവേയിൽ പങ്കെടുത്തു സഹായിക്കണമെന്ന് പ്രിൻസിപ്പാൾ ഇൻവെസ്റിഗേറ്റർ ഡോ. ആനി ജേക്കബും ഐനാനി പ്രെസിഡന്റും സഹ ഇൻവെസ്റിഗേറ്ററുമായ ഡോ. അന്നാ ജോര്ജും താല്പര്യപ്പെടുന്നു. ഇതോടൊപ്പമുള്ള ഫ്ലായറിലെ QR കോഡ് സ്കാൻ ചെയ്‌താൽ സർവേയിലേക്കുള്ള ലിങ്ക് കിട്ടും.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. അന്നാ ജോർജ് (inanypresident@gmail.com), പോൾ പനക്കൽ (paul.panakal@liu.edu), ഡോ. മേഴ്സി ജോസെഫ് (mjoseph@adelphi.edu), ടെസി തോമസ് (tesithomas@mail.adelphi.edu). ഡോ. ആനി ജേക്കബ് (ajacob@adelphi.edu)

പോൾ ഡി. പനയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments