കോട്ടയം: ഫോമായുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായി തിളങ്ങുന്ന, ഫിലഡൽഫിയ മലയാളികളുടെ അഭിമാന താരം ഷാലു പുന്നൂസ് ഇനിമുതൽ സിനിമാ നടനായും അറിയപ്പെടുന്നു. ‘ശുക്രൻ’ എന്ന സിനിമയിലാണ് തമിഴ്നാട് കമ്പനി മുതലാളിയായി ഷാലൂവിന് വേഷം ഇടാൻ അവസരം ലഭിച്ചത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഷാലു ഇപ്പോൾ കോട്ടയത്തെ ലൊക്കേഷനിൽ അഭിനയത്തിരക്കിൽ ആണ്.
ഒരു തുടക്കക്കാരൻ എന്നുള്ള ടെൻഷൻ ഒന്നുമില്ലാതെ, ആകാര മികവിലും, അഭിനയ ശേഷിയിലും തനിക്ക് ലഭിച്ച തമിഴ്നാട് കമ്പനി മുതലാളിയുടെ റോളിൽ കസറുവാൻ ഷാലുവിന് നിഷ്പ്രയാസം സാധിക്കുന്നതായി സിനിമയുടെ അണിയറശില്പികൾ വ്യക്തമാക്കി. തന്റെ വളരെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നുള്ളത്, ഈ ആഗ്രഹം സാധിച്ചതിൽ താൻ വളരെയധികം സന്തോഷവാനാണ് എന്ന് ഷാലു പുന്നൂസ് മലയാളിമനസ്സിനോട് പറഞ്ഞു.
മാപ്പ് പ്രസിഡന്റ്, ട്രസ്റ്റ്രീ ബോർഡ് അംഗം, എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവാനിയായുടെ മുൻ ജെനറൽ സെക്രട്ടറി, മോണ്ട്ഗോമറി കൗണ്ടി ഹെൽത്ത് അഡ്മിനിസ്ട്രേഷൻ കമ്മറ്റി അംഗം എന്നീ നിലകളിൽ മികവ് തെളിയിച്ച ഷാലു, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു പ്രശസ്തിയാര്‍ജ്ജിച്ചതും, 250 -ൽ അധികം യുവജനങ്ങൾ അംഗങ്ങളുമായുള്ള ഫിലഡൽഫിയായിലെ ‘ബഡി ബോയ്‌സ് ‘ എന്ന ശക്തമായ ചാരിറ്റി സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയാണ്. റിയൽ എസ്റ്റേറ്റ് ഏജന്റും, ഹോംകെയർ, അഡൽറ്റ് ഡേ കെയർ സെന്റർ, റിയൽ എസ്റ്റേറ്റ്, പെപ്പർ പാലസ് ഫിലി റസ്റ്റോറന്റ് തുടങ്ങിയ ബിസിനസുകളിലും ശോഭിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം ഫിലഡല്‍ഫിയാ പ്രിസണില്‍ രജിസ്‌റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു.
നേരത്തെ ഫോമായുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായി മികച്ച ഭൂരിപക്ഷത്തിൽ ഷാലു വിജയിച്ചിരുന്നു. എല്ലാം ദൈവാനുഗ്രഹം മാത്രം എന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്കൻ മലയാളിയും, നിനിമാ പ്രൊഡ്യൂസറുമായ ജിമോൻ ജോർജ് ആണ് ഷാലു പുന്നൂസിന് ഈ അവസരം ഒരുക്കി കൊടുത്തത്. ഷാലു വളരെ ഭംഗിയായി അഭിനയിക്കുകയും, ഇനിയും നിരവധി അവസരങ്ങൾ ഷാലുവിനെ തേടി വരട്ടെ എന്നും ജീമോൻ പറയുകയുണ്ടായി. തനിക്ക് അവസരം ഒരുക്കി കൊടുത്ത ജീമോൻ ജോർജിനും രാഹുൽ കല്യാണിനും ശുക്രൻ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഷാലു നന്ദി അറിയിച്ചു.