ട്രക്ക് ബൈക്കില്‍ ഇടിച്ചുകയറി ടിവി നടന്‍ അമന്‍ ജയ്സ്വാള്‍ (23) അന്തരിച്ചു. മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ആയിരുന്നു അപകടം. ‘ധര്‍തിപുത്ര നന്ദിനി’ എന്ന ടിവി സീരിയലിലെ പ്രധാന വേഷത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.
ജയ്സ്വാളിനെ കാമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചുവെന്ന് അംബോലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബാലിയ സ്വദേശിയാണ്. രവി ദുബെയും സര്‍ഗുണ്‍ മേത്തയും നിര്‍മിച്ച ഉദരിയാന്‍ എന്ന ജനപ്രിയ ഷോയില്‍ പ്രത്യക്ഷപ്പെട്ടാണ് അഭിനയ രംഗത്തെത്തുന്നത്. മോഡലായാണ് കരിയര്‍ ആരംഭിച്ചത്. 2021 ജനുവരി മുതല്‍ 2023 ഒക്ടോബര്‍ വരെ സംപ്രേഷണം ചെയ്ത സോണി ടിവി ഷോ പുണ്യശ്ലോക് അഹല്യഭായിയില്‍ യശ്വന്ത് റാവു ഫാന്‍സെയെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു