Tuesday, October 15, 2024
Homeഅമേരിക്കഈസ്റ്റർ: മരണത്തെ കൊന്ന ദിവസം (ഈസ്റ്റർ സന്ദേശം) ✍ഫാദർ. സന്തോഷ് ടി തോമസ് തിരുനിലത്ത്.

ഈസ്റ്റർ: മരണത്തെ കൊന്ന ദിവസം (ഈസ്റ്റർ സന്ദേശം) ✍ഫാദർ. സന്തോഷ് ടി തോമസ് തിരുനിലത്ത്.

ഫാദർ. സന്തോഷ് ടി തോമസ് തിരുനിലത്ത്.

ദൈവ തിരുനാമത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ.

മരണത്തിൻറെ മരണ മണി മുഴങ്ങി. ഈസ്റ്റർ ദിനം ആഗതമായി. ഏവർക്കും സന്തോഷപ്രദമായ , ഉത്സവപ്രദമായ ഈസ്റ്റർദിനം ആഗതമാകുമ്പോൾ യഥാർത്ഥമായ ഈസ്റ്റർ സന്ദേശം ഉൾക്കൊള്ളുവാൻ നമുക്ക് കഴിയണം.

ഈസ്റ്റർ എന്നുപറയുന്നത് മരണത്തെ കൊന്ന ദിവസമാണ്. നീ തിന്നുന്ന നാളിൽ മരിക്കും എന്ന ദൈവിക കൽപ്പനയ്ക്ക് വിരുദ്ധമായി തിന്ന് മരിച്ച മനുഷ്യനോട് കർത്താവ് വാഗ്ദാനം ചെയ്തു. എന്നെ തിന്നുന്നവൻ ഞാൻ മൂലം ജീവിക്കും.
കർത്താവ് തന്റെ തിരു ശരീര രക്തങ്ങൾ നമുക്ക് തിന്നുവാനായി തന്നത് നാം നിത്യജീവന്റെ അവകാശികളായി തീരുവാൻ ആയിട്ടാണ്.

ശുദ്ധമുള്ള യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിന്റെ ഇരുപത്തിയഞ്ചാമത്തെ വാക്യത്തിലേക്ക് നാം വരുമ്പോൾ ലാസറിനെ മരണത്തിന്റെ മേൽ ഉയർപ്പിക്കുന്ന കർത്താവ് അവിടെ ഇപ്രകാരം പറയുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവന് മരണം ഉണ്ടാവുകയില്ല. മരണത്തിന്റെ മേൽ ഉള്ളതായ തന്റെ അധികാരം പ്രഖ്യാപിച്ച കർത്താവ് യാഥാർത്ഥ്യ തലത്തിലേക്ക് കൊണ്ടുവന്നത് തൻറെ ഉയർത്തെഴുന്നേൽപ്പിലൂടെയാണ്. അതുകൊണ്ട് ഈസ്റ്റർ ദിനം മരണത്തെ കൊന്ന ദിനമാണ്.

രണ്ടാമത് പാപത്തിന്റെ അടിമത്തത്തിൽ നിന്ന് വിമോചനം പ്രഖ്യാപിച്ച ദിവസമാണ് ഈസ്റ്റർ. പാപത്തെ കൊന്ന ദിനം. അപ്പോസ്തലനായ പൗലോശ്ലീഹാ ഗലാത്യ ലേഖനത്തിൽ ഇപ്രകാരം പറയുന്നു. ക്രിസ്തു സ്വാതന്ത്ര്യത്തിനായി നിങ്ങളെ ക്ഷണിച്ചിരിക്കുന്നു. വിളിച്ചിരിക്കുന്നു. ക്രിസ്തു സ്വതന്ത്രരാക്കിയാൽ നമ്മൾ യഥാർത്ഥ സ്വാതന്ത്രരാകുന്നു.

പാപത്തിന്റെ അടിമ നുഖത്തിൻ കീഴെ വീണ്ടും വീണു പോകാതിരിക്കാൻ നമുക്ക് കടമ ഉള്ളതുപോലെ നമ്മെ സ്വാതന്ത്ര്യം നൽകിയ പാപത്തിൽ നിന്നും നമ്മെ വിമോചിപ്പിച്ച വിമോചനത്തിന്റെ വലിയ ദിവസത്തെ ഓർക്കുവാനും നമുക്ക് കഴിയണം.

മൂന്നാമതായി ഈസ്റ്റർ നൽകുന്ന സന്ദേശം പ്രത്യാശയുടെ സന്ദേശമാണ്. നിരാശയെ കൊന്ന ദിവസമാണ് ഈസ്റ്റർ. കർത്താവ് പിടിക്കപ്പെട്ടപ്പോൾ മുതൽ അവനെ ക്രൂശിച്ചപ്പോഴും അടക്കിയപ്പോഴും ശിഷ്യസമൂഹം അവനോടൊപ്പം ഉണ്ടായിരുന്നില്ല. അവർ ചിതറിക്കപ്പെട്ടുപോയി. അകന്നുപോയി. എന്നാൽ ഈസ്റ്റർദിനം അവരെ കൂട്ടി വരുത്തി.

തങ്ങളുടെ നേതാവ് നഷ്ടപ്പെട്ടു എന്ന സ്ഥാനത്തു നിന്നും തങ്ങൾക്ക് കൂടെ നിർത്തുവാൻ ഒരു നേതാവുണ്ട് എന്നും തങ്ങളെ രക്ഷിക്കാൻ കർത്താവ് ഉണ്ട് എന്നും ഉള്ളതായ വിശ്വാസം അവർക്ക് ഉണ്ടായത് ഈസ്റ്റർ ദിനത്തിലാണ്. നിരാശയിൽ നിന്നും പ്രത്യാശയിലേക്കുള്ളതായ മാറ്റം. നിരാശയെ കൊന്ന ദിനമാണ് ഈസ്റ്റർ.

പ്രിയമുള്ളവരെ ഈസ്റ്ററിൻ്റെ ഈ ദിവസത്തിൽ നമുക്ക് ഒരു പുതിയ തുടക്കം കുറിക്കാം . ആ തുടക്കം മരണത്തിൽ നിന്നും ജീവനിലേക്കുള്ള മാറ്റം ആകട്ടെ. പാപത്തിൽ നിന്നും വിശുദ്ധിയിലേക്കുള്ള മാറ്റം ആകട്ടെ. നിരാശയിൽ നിന്നും പ്രത്യാശയിലേക്കുള്ള മാറ്റം ആകട്ടെ….

“മലയാളി മനസ്സിന്റെ  എല്ലാ നല്ലവരായ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു”.

ഫാദർ. സന്തോഷ് ടി തോമസ് തിരുനിലത്ത്.

(വികാരി. സെൻറ് തോമസ് ക്നാനായ കുരിശുപള്ളി, മന്ദമരുതി, റാന്നി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments