Thursday, May 30, 2024
Homeഅമേരിക്കമലയാളത്തിന്റെ ചലച്ചിത്ര ഗാനങ്ങളുടെ അപൂർവ രാഗമായ ദേവരാജൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് 18 വർഷങ്ങൾ... 🎼

മലയാളത്തിന്റെ ചലച്ചിത്ര ഗാനങ്ങളുടെ അപൂർവ രാഗമായ ദേവരാജൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് 18 വർഷങ്ങൾ… 🎼

ലാലു കോനാടിൽ

മലയാളസിനിമ ചരിത്രത്തിന് മറക്കാൻ കഴിയാത്ത ഒരു പേരാണ് ദേവരാജൻ മാസ്റ്ററുടേത്. വരികൾക്കും വാക്കുകൾക്കും എന്തിന് പറയുന്നു അക്ഷരങ്ങൾക്കും ഭാവങ്ങൾക്കും വരെ ജീവൻ നൽകിയായിരുന്നു അദേഹം ഓരോ ഗാനങ്ങൾക്കും ഈണം കൊടുത്തിരുന്നത്.. സിനിമാഗാനത്തിൽ സാഹിത്യം വേണമെന്നും ഈണങ്ങളും അതുപോലെ ആയിരിക്കണമെന്നും നിർബന്ധം പിടിച്ച ഒരു സംഗീത സംവിധായകനായിരുന്നു അദ്ദേഹം. വർഷങ്ങൾ പിന്നിട്ടിട്ടും സിനിമ ലോകം അടിമുടി മാറിയിട്ടും അദേഹത്തിന്റെ പാട്ടുകൾക്ക് ഇന്നും ആരാധകർ ഉള്ളത് ഇക്കാരണങ്ങൾ കൊണ്ടായിരിക്കാം. മലയാള സിനിമയിലെ ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ രാഗങ്ങള്‍ ഉപയോഗിച്ച സംഗീതജ്ഞൻ ദേവരാജൻ മാസ്റ്റർ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്…

ആയിരം പാദസരങ്ങള്‍ കിലുങ്ങി, സന്ന്യാസിനി നിൻ പുണ്യാശ്രമത്തിൽ, ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം, താഴമ്പൂ മണമുളള തണുപ്പുളള രാത്രിയിൽ, മഞ്ഞലയിൽ മുങ്ങിത്തോർത്തി, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ഏഴു സുന്ദര രാത്രികൾ, ആയിരം പാദസരങ്ങൾ കിലുങ്ങി തുടങ്ങി നിരവധി ഗാനങ്ങളാണ് അദ്ദേഹത്തിന്റെ ഈണങ്ങളിൽ ഉടലെടുത്ത് മലയാളികളുടെ കാതുകളിൽ ഇന്നും അലയടിക്കുന്നത്. മലയാളത്തിൽ മൂന്നൂറോളം സിനിമൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. ഭാവഗായകനായ പി. ജയചന്ദ്രനും ഗാനഗന്ധർവൻ ആയ കെ. ജെ യേശുദാസുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ കൂടുതലായും പാടിയിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നട എന്നിങ്ങനെ പല ഭാഷകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏകദേശം രണ്ടായിരത്തിനടുത്ത് ഗാനങ്ങളാണ് അദ്ദേഹം സംഗീത നൽകി പുറത്തിറക്കിയിട്ടുള്ളത്. വയലാര്‍ രാമവര്‍മ്മ, ഒഎൻവി, പി.ഭാസ്കരൻ തുടങ്ങിയ വിഖ്യാത ഗാനരചയിതാക്കളുടെ കവിത തുളുമ്പുന്ന വരികളാണ് അദ്ദേഹം എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാക്കി മാറ്റിയിരുന്നത്…

1927 സെപ്റ്റംബര്‍ 27ന് കൊല്ലം ജില്ലയിലെ പറവൂരിലാണ് ദേവരാജൻ മാസ്റ്ററുടെ ജനനം. മൃദംഗ വിദ്ദ്വാനായ കൊച്ചു ഗോവിന്ദനാശാന്റേയും കൊച്ചുകുഞ്ഞിന്റെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ നാമം പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്നായിരുന്നു. അച്ഛന്റെ കീഴിൽ സംഗീതം അഭ്യസിച്ചുകൊണ്ട് ആ പാത തന്നെ പിന്തുടരുന്ന അദ്ദേഹം തന്റെ പതിനെട്ടാം വയസ്സിൽ അരങ്ങേറ്റം നടത്തി. തൃശ്ശിനാപ്പളളി റേഡിയോ നിലയത്തിലൂടെ സംഗീതക്കച്ചേരി ആദ്യമായി പ്രക്ഷേപണം ചെയ്തു. പിന്നീട് കെപിഎഎസിക്ക് വേണ്ടി നാടകഗാനങ്ങൾക്ക് സംഗീതം നൽകി തുടങ്ങി. കൈലാസ് പിക്‌ചേഴ്‌സിന്റെ ‘കാലം മാറുന്നു’ എന്ന സിനിമയ്ക്കാണ് ദേവരാജൻ മാസ്റ്റർ ആദ്യമായി സംഗീതം നൽകിയത്. 1959ലാണ് വയലാറിനൊപ്പം ഈണമിടുന്നത്. അവിടുന്ന് മുതലാണ് പിന്നീട് വയലാർ – ദേവരാജൻ എന്ന മലയാളത്തിന്‍റെ ഏറെ പ്രശസ്തമായ കൂട്ടുകെട്ട് തുടങ്ങുന്നത്. ‘ചതുരംഗം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വയലാറിനൊപ്പം ഈണമിടുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു…

കെപിഎസിയുടെ വിപ്ലവചൂടുള്ള വരികള്‍ക്കും, കാൽപനികമായ സിനിമാ ഗാനങ്ങൾക്കും അദ്ദേഹം ഈണം നൽകി. ശബരിമലയിൽ പോകാതെ തന്നെ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന് ഈണമിട്ട നിരീശ്വരവാദി എന്ന പ്രത്യേകതയും ദേവരാജൻ മാസ്റ്ററിന് ഉണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന ഒരാളായിരുന്നു മാസ്റ്റർ. പിന്നീട് സംഗീതത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. കേരള പീപ്പിള്‍സ് ആര്‍ട്ട്‌സ് ക്ലബ് എന്ന നാടക സംഘത്തിലും അദ്ദേഹം അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ന്നു നിന്ന കവിയായിരുന്നു ദേവരാജന്റെ സുഹൃത്ത് കൂടിയായിരുന്ന ഒ.എന്‍.വി. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഗാനമായ ‘പൊന്നരിവാള്‍ അമ്പിളിയില്’ എന്ന് തുടങ്ങുന്ന ഗാനം സംഗീതം ചെയ്തതും മാസ്റ്ററായിരുന്നു. ‘ദേവരാഗങ്ങളുടെ രാജശില്‍പി’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളാണ് ദേവരാജൻ മാസ്റ്ററെ തേടി എത്തിയിട്ടുള്ളത്. 2006 മാര്‍ച്ച് 15നാണ് മാസ്റ്റര്‍ സംഗീത ലോകത്തോട് വിട പറഞ്ഞത്…✍️

ലാലു കോനാടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments