Saturday, April 27, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 28, 2024 വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 28, 2024 വ്യാഴം

കപിൽ ശങ്കർ

🔹കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

🔹ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തൽ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർടികൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോ​ഗിച്ചുള്ള നടപടികൾ കേന്ദ്രസർക്കാർ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് പൗരത്വ സംരക്ഷണ സദസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔹പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കേരള–-​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യഘട്ട ചർച്ച ആശാവഹം. കപ്പൽ സർവീസ്, വിനോദസഞ്ചാരം, ചരക്കു​ഗതാ​ഗതം തുടങ്ങിയ മേഖലകളിൽനിന്നുള്ള ഇരുപതോളം കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സാധാരണക്കാരായ പ്രവാസികൾക്ക് വിമാനയാത്രാക്കൂലിയെക്കാൾ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ കേരള മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള ചർച്ചയിൽ പറഞ്ഞു. സിംഗപ്പൂർ, ​ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് കപ്പൽ കമ്പനികൾ ഇതിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം ദേശാഭിമാനിയോട്‌ പറഞ്ഞു.

🔹നരേന്ദ്രമോദിയുടെ ഭരണത്തില്‍ അഴിമതി കാട്ടിയവര്‍ കണക്ക് പറയേണ്ടി വരുമെന്നും, മാസപ്പടി ആരോപണത്തില്‍ ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

🔹വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തിലെത്തി അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക നല്‍കുക. തുടര്‍ന്ന് നടക്കുന്ന റോഡഷോക്കു ശേഷം രാഹുല്‍ അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും.

🔹ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

🔹ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. ഡോ.പി സി ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലാണ് ഡോക്ടര്‍ കെ എസ് അനിലിനെ നിയമിച്ചത്.

🔹പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്ത് കേരള ഹൈക്കോടതിയെ സമീപിച്ചു. തനിക്കേറ്റ പരിക്കിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് മേഘ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

🔹സംസ്ഥാനത്തെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ കണ്ണൂര്‍ പരപ്പ സ്വദേശി നാസറിന്. ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനo ലഭിച്ചത്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനും ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

🔹വയനാട് ചെന്നായ്ക്കവലയില്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ആറുപ്രതികളും ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഇവര്‍ കോടതിയെ സമീപിച്ചുണ്ടെന്നാണ് വിവരം. ഫെബ്രുവരിയില്‍ 20 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ 30 മരത്തിലധികം വെട്ടിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.

🔹കോട്ടയം സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. കോളേജ് ഡേ ആഘോഷത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പോലിസ് ലാത്തി വീശി. രണ്ട് കെ.എസ്.യു. പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔹പണമിടപാട് സംബന്ധിച്ച വിഷയത്തെതുടര്‍ന്ന് നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) ആണ് കൊല്ലപ്പെട്ടത്.

🔹ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്നറിയിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ആന്ധ്രപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ തനിക്ക് അവസരം നല്‍കിയിരുന്നെന്നും ഒരു ആഴ്ചയോ പത്ത് ദിവസമോ ആലോചിച്ച ശേഷം മത്സരിക്കാനില്ലെന്ന് അറിയിച്ചുവെന്നും അവര്‍ പറഞ്ഞു. ഇവിടങ്ങളില്‍ സമുദായവും മതവും വിജയസാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണെന്നും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിര്‍മല സീതാരാമന്‍.

🔹കൊല്‍ക്കത്ത വിമാനത്തവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ പ്രവേശിക്കാന്‍ അനുമതി കാത്തുനില്‍ക്കുമ്പോള്‍, ഇന്‍ഡിഗോ വിമാനം ചിറകില്‍ ഇടിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി.

🔹പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ ചില ഡെബിറ്റ് കാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജുകള്‍ വര്‍ധിക്കുന്നു. പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ക്ലാസിക്, സില്‍വര്‍, ഗ്ലോബല്‍, കോണ്‍ടാക്റ്റ്ലെസ് ഡെബിറ്റ് കാര്‍ഡുകളുടെ നിലവിലുള്ള വാര്‍ഷിക നിരക്കുകളും യുവ, ഗോള്‍ഡ്, കോംബോ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള വാര്‍ഷിക നിരക്കുകളുമാണ് ഉയരുക. 2024 ഏപ്രില്‍ മുതല്‍ ക്ലാസിക് ഡെബിറ്റ് കാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് 200 രൂപയും ജിഎസ്ടിയുമായി വര്‍ധിക്കും. നിലവില്‍ 125 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് വാര്‍ഷിക നിരക്ക് ചാര്‍ജായി ഈടാക്കിയിരുന്നത്. യുവ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അടുത്ത മാസം മുതല്‍ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് 250 രൂപയും ജിഎസ്ടിയുമായി ഉയരും. നിലവില്‍ 175രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് നിലവിലുള്ള ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ്. പ്രീമിയം ബിസിനസ് കാര്‍ഡ്‌പ്രൈഡ് പോലെയുള്ള പ്രീമിയം ബിസിനസ് ഡെബിറ്റ് കാര്‍ഡുകളുടെ ഉപഭോക്താക്കളില്‍ നിന്നും ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് ഇനത്തില്‍ 350 രൂപയും ജിഎസ്ടിയുമാണ് നിലവില്‍ ഈടാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ വാര്‍ഷിക നിരക്ക് 425 രൂപയും ജിഎസ്ടിയുമായി ഉയരും.

🔹ലോകസിനിമ ചരിത്രത്തില്‍ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ല്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രംഗങ്ങളും ഇന്നും ചര്‍ച്ചാവിഷയമാണ്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഓര്‍മയില്ലാത്തവര്‍ ഉണ്ടാവില്ല. അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ റോസിനെ രക്ഷിച്ചത് ഒരു ‘വാതില്‍പ്പലക’യുടെ കഷണമാണ്. പലകയില്‍ രണ്ടുപേര്‍ക്കിടമില്ലാത്തതിനാല്‍ ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തില്‍ വിറ്റു പോയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തില്‍ പോയത്. ബാള്‍സ മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തി ചിലര്‍ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വര്‍ഷം സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു. യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്.

🔹ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില്‍ ഒരു മുറി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. അരികിലകലെയായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. വര്‍ക്കിയുടേതാണ് സംഗീതം. നാരായണി ഗോപനാണ് ഗാനം ആലപിച്ചിട്ടുള്ളത്. സിനിമയുടേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയംവദയാണ് ഗാനരംഗത്തിലുള്ളത്. താന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ള ചില സംശയങ്ങളാണ് ഗാനരംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകം ഉണര്‍ത്തുന്നതും ഒപ്പം ദുരൂഹമായതുമായ വരികളും സംഗീതവുമാണ് ഗാനത്തിന്റേത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments