Saturday, October 5, 2024
Homeകഥ/കവിതരജനി (കഥ) ✍ ശ്രീ മിഥില

രജനി (കഥ) ✍ ശ്രീ മിഥില

ശ്രീ മിഥില

എന്തിനോ വേണ്ടി യാത്ര പറയുന്ന പോക്കുവെയിൽ മനസ്സിലെ സന്തോഷമാകെ ഉരുക്കിയെടുത്തതുപോലെ കുങ്കുമം പാലിലലിഞ്ഞ നിറമുള്ള സായന്തനങ്ങൾ
രജനിക്കിഷ്ടമായിരുന്നു. രാത്രിയുടെ പേരുള്ള പെണ്ണിന് എന്നും പകലിനോടായിരുന്നു പ്രണയം. രാത്രിയെ വലിയ ഭയമായിരുന്നവൾക്ക്, ഇരുട്ടിനെ വെറുപ്പും.

കുളിരുള്ള നനുത്ത പ്രഭാതങ്ങളെ, അമൃതവർഷമായി പെയ്തിറങ്ങുന്ന മഴയെ, വൈഡൂര്യ ശോഭയാൽ ജ്വലിക്കുന്ന മദ്ധ്യാഹ്നങ്ങളെ, ചന്ദനമണമുള്ള സന്ധ്യകളെ അവൾ വല്ലാതെ സ്നേഹിച്ചു.

ആദ്യം കണ്ട ദിവസം തന്നെ എന്തോ ഒരു പ്രത്യേകത ഇവളിലുണ്ടല്ലോ എന്നു തോന്നിപ്പിച്ച രജനി.  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി എന്റെ ഓഫീസിൽ താത്കാലിക ടൈപ്പിസ്റ്റായി വന്ന ദിവസം നന്നായോർക്കുന്നു.
ചുവന്ന സാരിയിൽ ഇരുനിറക്കാരിയായ കോലുന്നനെയുള്ള പെണ്ണ്.
ഭംഗിയുള്ള വിടർന്ന കണ്ണുകൾ കൊണ്ടവൾ ഞങ്ങളെ ഓരോരുത്തരെയായി ഉറ്റുനോക്കി. സുന്ദരി എന്നു പറയാനൊക്കില്ലെങ്കിലും ആകർഷകമാണ്
ആ കണ്ണുകൾ. ദീപ്തമായ മുഖത്ത് ചെറിയൊരു പരിഭ്രമം കൂടു കൂട്ടിയിരുന്നു.
സ്നേഹത്തോടെയുള്ള സംഭാഷണവും ജോലിയിലുള്ള ആത്മാർത്ഥതയും മൂന്നാലു മാസം കൊണ്ട് ഓഫിസിൽ അവളെ പ്രിയങ്കരിയാക്കി. ജീവനക്കാരുടെ ഭാഷയിൽ ‘ഭീകരനായ’ സൂപ്രണ്ട് രാമനാഥൻ സാറിനു പോലും രജനിയെക്കുറിച്ചു നല്ലതേ പറയാനുണ്ടായിരുന്നുള്ളു.

ചെറിയ സംശയങ്ങളുമായി ചോദ്യ ഭാവത്തിൽ അവൾ വരുമ്പോൾ, ഭംഗിയുള്ള ആ മൂക്കിന്റെ തുമ്പത്തെ സ്വേദബിന്ദുക്കൾ തിളങ്ങുന്നത് കാണുമ്പോൾ, ചന്ദനവും കർപ്പൂരവും തുളസിയും ചേർന്ന അവളുടെ ഗന്ധത്തിന്റെ സാമീപ്യത്തിൽ ഹൃദയം തുടിക്കുന്നത് ഞാനറിഞ്ഞു. മറ്റാരോടുമില്ലാത്ത ഒരടുപ്പം ഞങ്ങളിൽ ഉണ്ടാകുന്നത് അൽപ്പം അഭിമാനത്തോടെ ഞാൻ തിരിച്ചറിഞ്ഞു.

ഒരു ദിവസം ഓഫീസ് കഴിയാറായപ്പോൾ അവൾ അടുത്തുവന്നു, എന്തോ പറയാനുണ്ടെന്ന് ആ മുഖം പറഞ്ഞു,
‘എന്നോടൊപ്പം ഒരിടം വരെ വരാമോ?’
നേർത്ത സ്വരത്തിൽ അവൾ ചോദിച്ചു.
തിരയടിച്ചുയർന്ന ആഹ്ലാദമടക്കി ഞാൻ തലയാട്ടി
‘എങ്കിൽ കാന്റീന്റെ പിന്നിൽ ഞാൻ നിൽക്കാം’ പറഞ്ഞിട്ട് അവൾ ബാഗുമായി ഇറങ്ങി.

കാന്റീനു സമീപം വെക്കുന്ന സ്കൂട്ടർ എടുക്കാൻ തുനിഞ്ഞ എന്നെ അവൾ വിലക്കി
‘നമുക്കൊരു ഓട്ടോയിൽ പോകാം’

അവളുടെ അരികിലിരുന്നു യാത്ര ചെയ്യുമ്പോൾ അതുവരെ അറിയാതിരുന്ന പ്രണയത്തിന്റെ സൗരഭ്യം ഞാനറിയുന്നുണ്ടായിരുന്നു, ഈ കൊച്ചു പെണ്ണിന്റെ സാമീപ്യം മനസ്സിനെ തൊട്ടുണർത്തുന്നു, ലോകം ഈ ഓട്ടോയിലക്കൊതുങ്ങുന്നത് തെല്ലു വിസ്മയത്തോടെ ഞാനനുഭവിച്ചു

അഞ്ചു കിലോമീറ്റർ ദൂരം ഇത്രയും പെട്ടന്നു തീരുമെന്ന് അന്നാദ്യമായി
എനിക്കു മനസ്സിലായി. ഓട്ടോ നിന്നത് ഒരു കൂറ്റൻ മതിലിന്റെ മുൻപിൽ,

ദുർഗ്ഗുണ പരിഹാര പാഠശ്ശാല

അമ്പരന്നു നിന്ന എന്നെ നോക്കി അവൾ പറഞ്ഞു

‘എന്റനുജൻ ഇവിടെയാണുള്ളത്.

നിറം മങ്ങിയ സന്ദർശനമുറിയിൽ ഇരുന്ന ഞങ്ങളുടെ അടുത്തേക്ക്
കൗമാര പ്രായക്കാരനായ ഒരു ഇരുനിറക്കാരൻ വേഗത്തിൽ നടന്നു വന്നു
ചേച്ചിക്കാ…
രജനിയും അനുജനും ഒരു സ്നേഹാലിംഗനത്തിൽ ഒന്നാവുന്നത് കൗതുകത്തോടെ ഞാൻ കണ്ടുനിന്നു.

‘ഇതാരാ ചേച്ചിക്കാ’ ചേച്ചിയെ വിട്ടുമാറി അല്പം ജാള്യതയോടെ അവൻ ചോദിച്ചു
‘ചേച്ചിയുടെ ഓഫിസിലെ സാറാണ്.
രാജുനിഷ്ടായോ?’
‘മം മം.. ‘
അനുവദിച്ച സമയം കഴിഞ്ഞ് മടങ്ങുമ്പോൾ രജനി അവന്റെ കഥ പറഞ്ഞു.

റെയിൽവേ പാളത്തിന്റെ ജോലികൾക്കായി സേലത്തു നിന്നും വന്നതായിരുന്നു വീരമുത്തു,
റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന രത്നമ്മയിൽ താല്പര്യം തോന്നിയ അയാൾ രണ്ടു കുടുംബത്തിന്റെയും സമ്മതത്തോടെ രത്നമ്മയെ താലി കെട്ടി.
അവർക്കുണ്ടായ മക്കളാണ് രജനിയും രാജുവും.
ചുരുങ്ങിയ സൗകര്യത്തിൽ സന്തോഷമായി അവർ ജീവിച്ചു.
രാജുവിന് പത്തു വയസ്സാകും വരെ.

ഒരുരാത്രി മറ്റൊരു സ്ത്രീയുമായി വീരമുത്തുവിനുണ്ടായ ബന്ധത്തെ ചോദ്യം ചെയ്ത രത്നമ്മയെ അയാൾ പൊതിരെ തല്ലി.
രജനി അന്ന് കൂട്ടുകാരിയുടെ വീട്ടിലായിരുന്നു.
കരച്ചിൽ കേട്ടോടിവന്ന രാജു കണ്ടത് അമ്മയുടെ തലക്കു കുത്തിപ്പിടിച്ചു. ഭിത്തിയിലിടിക്കുന്ന അച്ഛനെയാണ്, രത്നമ്മയുടെ നെറ്റിയിലൂടെ രക്തം ഒലിക്കുന്നതും..
വേണ്ടപ്പാ … എന്നവൻ കരഞ്ഞുകൊണ്ട് മുത്തുവിനെ തടയാൻ ശ്രമിച്ചു. അയാളുടെ ഒറ്റത്തട്ടിന് രാജു തെറിച്ചു വീണു.
അമ്മ മരിച്ചേക്കുമോ എന്നു ഭയന്ന ബാലൻ ഒരു നിമിഷം എല്ലാം മറന്നു.
അടുപ്പിൽ പുകയൂതുന്ന ഇരുമ്പു കുഴൽ കൊണ്ട് മുത്തുവിന്റെ ശിരസ്സിനു പിന്നിൽ ഒരൊറ്റ അടി.
വീണ മുത്തു പിന്നെ എഴുന്നേറ്റില്ല.
രത്നമ്മ വിധവയായി, രാജു കുട്ടികളുടെ ജയിലിലും.

പറഞ്ഞു തീർന്ന രജനിയെ കെട്ടി പിടിച്ചുമ്മ വെക്കാൻ തോന്നി.
പക്ഷെ നിയന്ത്രിച്ചു, ഇവൾ ആഗ്രഹിക്കുന്നോ എന്നറിയാതെ ശരിയല്ല.

ഒരു മാസം കടന്നു പോയി, എന്റെ കണ്ണുകൾ കൊണ്ടുള്ള പ്രേമാർഥന രജനി തിരിച്ചറിഞ്ഞതായി തോന്നിയില്ല.
നേരിട്ട് പറയാൻ എനിക്കല്പം ജാള്യതയും ആയിരുന്നു.

‘നാളെ എന്റെ കോൺട്രാക്ട് തീരും, സർ നാളെ എന്നെ വീട്ടിൽ കൊണ്ടു വിടുമോ’
പെട്ടന്നൊരുനാൾ രജനി ചോദിച്ചപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു, ആറു മാസം എത്ര വേഗം കഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം കടം വാങ്ങിയ കാറിൽ കാന്റീനു സമീപം രജനിയെ കാത്തിരിക്കുമ്പോൾ മനസ് ആസ്വസ്ഥമായിരുന്നു. കാറിന്റെ പിൻസീറ്റിൽ കയറിയ
രജനി പതിവുപോലെ പ്രസന്ന വദനയായി കാണപ്പെട്ടു.
വീട്ടിനു സമീപം എത്തും വരെ അവൾ കലപിലാ സംസാരിച്ചു കൊണ്ടിരുന്നു .
“ഇവിടെ വരെയേ കാർ പോകൂ.
നിർത്തിക്കോളൂ ‘
ഇത് പറഞ്ഞ രജനിയെ തിരിഞ്ഞു നോക്കി.
ആളെ കാണാൻ പറ്റുന്നതിനു മുൻപെ നെറ്റിയിൽ രജനിയുടെ ചുണ്ടമർന്നു,
കണ്ണുകളിൽ, കവിളത്ത്, കഴുത്തിൽ,
അവസാനം ചുണ്ടുകളിൽ അവളുടെ നനഞ്ഞ അധരോഷ്ടങ്ങളുടെ ചൂടുള്ള ചുംബനം നിറഞ്ഞു. സുഖസ്പർശത്താൽ ഒരു നിമിഷം സ്വർഗത്തിലാണോ എന്നു തോന്നി
കണ്ണു തുറന്ന എന്റെ മുൻപിൽ കാറിൽ നിന്നിറങ്ങിയോടിയ രജനിയുടെ പിൻഭാഗം അകലങ്ങളിലേക്കലിഞ്ഞു പോയി .

രജനിയുടെ കാര്യം വീട്ടിൽ എങ്ങനെ അവതരിപ്പിക്കും എന്നോർത്തിരിക്കുമ്പോൾ
ഒരാഴ്ച്ചക്ക് ശേഷം ഓഫിസിൽ അവളെത്തി, പതിവുപോലുള്ള ചിരിയോടെ,,
‘അടുത്ത മാസം എന്റെ കല്യാണമാണ് സാറ് വരണം’
ഇതു പറഞ്ഞു നീട്ടിയ വിവാഹക്ഷണപത്രിക എന്റെ കൈകാലിരുന്നു വിറയാർന്നു.

ശ്രീ മിഥില✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments