തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി. നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ സുരേഷ് ഗോപി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പാർട്ടിയുടെ കണക്കു കൂട്ടല്‍.
തൃശൂർ നിയോജക മണ്ഡലത്തിൽ മാത്രം 10000 വോട്ടിന്റെ ലീഡ് സുരേഷ് ഗോപി നേടുമെന്നാണ് വിലയിരുത്തല്‍. ഇവിടുത്തെ ഹിന്ദു വോട്ടുകള്‍ മുഴുവൻ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു എന്നാണ് പാർട്ടി കരുതുന്നത്.
ഇതിന് പുറമെ മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചു.ഈ മണ്ഡലത്തില്‍ മാത്രം അയ്യായിരം വോട്ടുകള്‍ പിടിക്കും. ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് സുരേഷ് ഗോപിക്ക് തുണയാകും എന്നാണ് വിലയിരുത്തല്‍. ഇവിടെ സുരേഷ് ഗോപി 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നേറും.ഇതെല്ലം ചേർത്തിട്ടാണ് 20000 എന്ന കണക്ക് അവർ മുന്നോട്ട് വയ്ക്കുന്നത്.
കഴിഞ്ഞ തവണ മണ്ഡലത്തില്‍ ആകെ സുരേഷ് ഗോപിയ്ക്ക് 2,93,822 വോട്ടുകളാണ് ലഭിച്ചത്. ഇക്കുറി ഈ കണക്കുകളില്‍ കാര്യമായ മാറ്റമുണ്ടാകും എന്നാണ് വിലയിരുത്തല്‍.