മുംബൈ; ബോൾട്ടിന്റെ ബോംബിങ് മുംബൈയുടെ ഹൃദയത്തിലായിരുന്നു. രണ്ടുപന്തിൽ രണ്ടു വിക്കറ്റെടുത്ത് ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിനെ ഞെട്ടിച്ചു. അഞ്ചുതവണ കിരീടം നേടിയ മുൻ ചാമ്പ്യൻമാർ ആ ആഘാതത്തിൽനിന്ന് പിന്നീട് കരകയറിയില്ല. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് ആറു വിക്കറ്റിന് മുംബൈയെ കീഴടക്കി. രാജസ്ഥാൻ മൂന്നുകളിയും ജയിച്ച് ഒന്നാമതെത്തി. മുംബൈ മൂന്നുകളിയും തോറ്റ് അവസാനസ്ഥാനത്താണ്.
ആദ്യം ബാറ്റെടുത്ത മുംബൈ ഒരിക്കലും മറക്കാത്ത തുടക്കമായിരുന്നു. ആദ്യ ഓവറിലെ അഞ്ചാംപന്തിൽ ഓപ്പണർ രോഹിത് ശർമയും ആറാംപന്തിൽ സ്വാധീനതാരം നമൻ ധീറും റണ്ണെടുക്കാതെ മടങ്ങിയപ്പോൾ തിങ്ങിനിറഞ്ഞ വാംഖഡെ സ്‌റ്റേഡിയം നടുങ്ങി. വിക്കറ്റ്‌കീപ്പർ സഞ്‌ജു സാംസണിന്റെ മിടുക്കിൽ രോഹിത് പുറത്തായപ്പോൾ നമൻ ധീർ വിക്കറ്റിനുമുന്നിൽ കുടുങ്ങി.
സ്വാധീനതാരം ഡെവാൾഡ് ബ്രെവിസിനെയും മടക്കി ബോൾട്ട് വീണ്ടും പ്രഹരമേൽപ്പിച്ചു. ബ്രെവിസ് റണ്ണെടുക്കുംമുമ്പ് ബർഗറുടെ കൈയിലൊതുങ്ങി. വൈകാതെ ഇഷാൻ കിഷനും (14 പന്തിൽ 16) മടങ്ങിയതോടെ മുംബൈ 3.3 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 20 റണ്ണെന്നനിലയിൽ സ്‌തബ്‌ധരായി. ബർഗറുടെ പന്തിൽ സഞ്‌ജുവാണ് ഇഷാനെ പിടിച്ചത്.
ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യയും തിലക്‌വർമയും ചേർന്ന് അഞ്ചാംവിക്കറ്റിൽ 56 റണ്ണടിച്ചു. ഹാർദികിനെ വീഴ്‌ത്തി രാജസ്ഥാൻ കളി മുറുക്കി. ചഹാലിന്റെ പന്തിൽ റോവ്‌മാൻ പവൽ പിടിച്ചു. 21 പന്തിൽ 34 റണ്ണെടുത്ത ക്യാപ്‌റ്റൻ ആറു ഫോറടിച്ചു.കളിയിലെ താരമായ ബോൾട്ട് നാല് ഓവറിൽ 22 റൺ വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റെടുത്തത്. ചഹാൽ മൂന്നു വിക്കറ്റെടുക്കാൻ വഴങ്ങിയത് 11 റൺ. ബർഗർക്ക് രണ്ടു വിക്കറ്റുണ്ട്.
റിയാൻ പരാഗാണ് രാജസ്ഥാന് അനായാസ ജയം ഒരുക്കിയത്. 39 പന്തിൽ 54 റണ്ണുമായി പുറത്തായില്ല. അഞ്ചു ഫോറും മൂന്നു സിക്‌സറും പറത്തിയാണ് ജയം ഒരുക്കിയത്. ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ 10 പന്തിൽ മൂന്നു ഫോറടിച്ച് (12) മടങ്ങി. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും (10) ജോസ് ബട്‌ലർക്കും (12) ഒരിക്കൽക്കൂടി വലിയ സ്‌കോർ സാധ്യമായില്ല. ആർ അശ്വിൻ 16 റണ്ണെടുത്തു.
വാംഖഡെ സ്‌റ്റേഡിയത്തിൽ, നേരിട്ട ആദ്യപന്തിൽ രോഹിത് ശർമ പുറത്ത്. ട്രെൻഡ് ബോൾട്ടിന്റെ മൂളിപ്പറന്നുവന്ന പന്തിന് ബാറ്റുവച്ച മുൻ ക്യാപ്‌റ്റനെ വിക്കറ്റ്‌കീപ്പർ സഞ്‌ജു സാംസൺ പിടികൂടി. വലത്തോട്ടുചാടിയാണ് സഞ്‌ജു വിലപ്പെട്ട ക്യാച്ചെടുത്തത്. ആദ്യ ഓവറിലെ അഞ്ചാംപന്തായിരുന്നു അത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ റണ്ണെടുക്കാതെ പുറത്തായ റെക്കോഡ് രോഹിതിനും സ്വന്തമായി. രോഹിതും ദിനേശ് കാർത്തികും 17 തവണയാണ് പൂജ്യത്തിൽ പുറത്തായത്. ഗ്ലെൻ മാക്സ്‌വെൽ, പിയൂഷ് ചൗള, മൻദീപ് സിങ്, സുനിൽ നരെയ്‌ൻ എന്നിവർ 15 തവണ റണ്ണെടുത്തിട്ടില്ല.