Friday, December 6, 2024
Homeലോകവാർത്ത'തിമിംഗല അസ്ഥി'കള്‍ക്ക് 2024 ലെ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയർ അവര്‍ഡ്.

‘തിമിംഗല അസ്ഥി’കള്‍ക്ക് 2024 ലെ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയർ അവര്‍ഡ്.

2024-ലെ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാര്‍ഡ് ലഭിച്ചത് സ്വീഡിഷ് ഫോട്ടോഗ്രാഫറായ അലക്‌സ് ഡോസണിന്. അദ്ദേഹം പകര്‍ത്തിയ ഗ്രീൻലാൻഡ് ഐസ് ഷീറ്റിന് താഴെയുള്ള ഒരു മിങ്കെ തിമിംഗലത്തിന്‍റെ അസ്ഥികൂടത്തിന്‍റെ ചിത്രത്തിനാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചത്. ലോകമെമ്പാടുമുള്ള അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാരിൽ നിന്നുള്ള 6,500 എൻട്രികളിൽ നിന്നാണ് അലക്‌സ് ഡോസണിന്‍റെ മിങ്കെ തിമിംഗലത്തിന്‍റെ അസ്ഥികൂട ചിത്രത്തിന് ഇത്തവണത്തെ അവര്‍ഡ് ലഭിച്ചതെന്ന് അമേച്വർ ഫോട്ടോഗ്രാഫർ ഡോട്ട് കോം വ്യക്തമാക്കി. ഫ്രീഡൈവിംഗ് മോഡിൽ വൈഡ് ആംഗിൾ വിഭാഗത്തിലാണ് ‘തിമംഗല അസ്ഥി’ (Whale Bones) എന്ന് പേരിട്ടിരുന്ന ചിത്രം മത്സരത്തിന് അയച്ചത്.

സമുദ്രാന്തര്‍ ലോകത്തിന്‍റെ അദൃശ്യമായ സൌന്ദര്യം പകര്‍ത്തുന്നതിനൊപ്പം സമുദ്രജീവികളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ് അലക്സ് ഡോസണിന്‍റെ ചിത്രം. തിമിംഗലവേട്ടയുടെ അവശിഷ്ടങ്ങളെ കുറിച്ചും ഈ ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം സമുദ്ര – വന്യജീവികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിക്കുന്നതെന്ന പഠനങ്ങളും ഈ ചിത്രത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണെന്ന് മത്സരത്തിലെ വിധി കര്‍ത്താവും മുൻ മറൈൻ ബയോളജിസ്റ്റുമായ അലക്സ് മസ്റ്റാർഡ് പറഞ്ഞു. വന്യജീവി സംരക്ഷണത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതിന്‍റെ ആവശ്യകതയും ചിത്രം എടുത്ത് കാണിക്കുന്നു. ഭൂമിയില്‍ മനുഷ്യന്‍ ശക്തി പ്രാപിച്ചതിന് പിന്നാലെ വന്യജീവികളുടെ എണ്ണത്തില്‍ 85 ശതമാനത്തിന്‍റെ കുറവ് രേഖപ്പെട്ടുത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമുദ്രാന്തര്‍ ഫോട്ടോഗ്രഫിയിലെ തന്‍റെ അനുഭവങ്ങളെ കുറിച്ച് അലക്‌സ് ഡോസണ്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കി. മിങ്കെ തിമിംഗലത്തിന്‍റെ അസ്ഥികൂടത്തിന്‍റെ ചിത്രം കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ പകര്‍ത്തിയതാണെന്ന് അദ്ദേഹം പറയുന്നു. ധ്രുവ പ്രദേശത്തിന് സമീപത്തെ ഗ്രീൻലാൻഡ് ഹിമപാളിക്ക് താഴെ നിന്നാണ് ചിത്രം പകര്‍ത്തിയത്. ചിത്രത്തില്‍ മിങ്കെ തിമിംഗലത്തിന്‍റെ അസ്ഥികൂടത്തിന്‍റെ മുകളിലായി ഒരു മുങ്ങല്‍ വിദഗ്ദനെയും കാണാം. ഈ കാഴ്ച ഒരു അന്യഗ്രഹ സ്വഭാവം ചിത്രത്തിന് നല്‍കുന്നു. ഇത് കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ചിത്രത്തിന്‍റെ നിലഛായ അതിന് ഒരു മാന്ത്രിക സ്വഭാവം നല്‍കുന്നു.

RELATED ARTICLES

Most Popular

Recent Comments