Saturday, July 27, 2024
Homeലോകവാർത്തഅമേരിക്കൻ ഫണ്ട് ലഭിച്ചിട്ടിട്ടും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലെന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ *

അമേരിക്കൻ ഫണ്ട് ലഭിച്ചിട്ടിട്ടും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലെന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ *

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഡ്ടെക് സ്ഥാപനമായ ബൈജൂസിനോട് അവകാശ ഓഹരി വില്‍പ്പന വഴി സമാഹരിച്ച തുക പ്രത്യേക അക്കൗണ്ടിലേക്ക് (എസ്‌ക്രോ) മാറ്റാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതോടെ ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലായെന്ന് ജീവനക്കാര്‍ക്കയച്ച കത്തില്‍ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ അറിയിച്ചു.

നിക്ഷേപകരുടെ തര്‍ക്കം മൂലമാണ് പണം നിലവില്‍ വിനിയോഗിക്കാനാകാതെ പോകുന്നതെന്ന് ബൈജു രവീന്ദ്രന്‍ കുറ്റപ്പെടുത്തി. നൂറ്റമ്പതധികം നിക്ഷേപകരുള്ളതില്‍ നാലുപേര്‍ പ്രകോപനപരമായി പ്രവര്‍ത്തിച്ചതു കൊണ്ട് ശമ്പളം നല്‍കാനായി സ്വരൂപിച്ച പണം വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നും, സാധ്യമായ മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും, മാര്‍ച്ച് 10നകം എല്ലാവര്‍ക്കും ശമ്പളം നല്‍കുമെന്നും ബൈജു പറയുന്നു.

അമേരിക്കന്‍ ഹെഡ്ജ് ഫണ്ടില്‍ നിക്ഷേപിച്ച 53.3 കോടി ഡോളര്‍ (ഏകദേശം 4,416 കോടി രൂപ) എവിടെയെന്നും അതുപയോഗിച്ച് ശമ്പളം നല്‍കിക്കൂടെയെന്നുമാണ് നിക്ഷേപകരുടെ ചോദ്യം. ബൈജൂസിന്റ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെ സഹായിക്കാനായി 53.3 കോടി ഡോളര്‍  അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് വിദേശത്തേക്ക് മാറ്റിയതായാണ് കരുതുന്നത്. എങ്ങോട്ടാണ് വകമാറ്റിയതെന്നതിനെ കുറിച്ച് വ്യക്തമാക്കാന്‍ അമേരിക്കന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇടപാടുകാരുടെ സ്വകാര്യതയെ മാനിക്കണമെന്ന വാദം ഉയര്‍ത്തികൊണ്ട് കാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ട് പണത്തെ കുറിച്ചുള്ള വിവിരങ്ങള്‍ വെളിപ്പെടുത്തുന്നത് എതിര്‍ത്തിരുന്നു.

യു.എസിലെ ഡെലവെയര്‍ ആസ്ഥാനമായുള്ള ബൈജൂസിന്റെ ഉപകമ്പനിയായ ഇന്‍സ്പിലേണിലേക്ക് അന്വേഷണം വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. ബൈജൂസിന്റെ ഉപകമ്പനിയായ ആല്‍ഫയില്‍ നിന്ന് മറ്റൊരു ഉപകമ്പനിയായ ഇന്‍സ്പിലേണ്‍ എന്ന സ്ഥാപനത്തിലേക്ക് പണം നിക്ഷേപിച്ചതായി നേരത്തെ ബൈജു പറഞ്ഞിരുന്നു.

അമേരിക്കന്‍ വായ്പാദാതാക്കളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ആല്‍ഫയുടെ നിയന്ത്രണം നിക്ഷേപകര്‍ ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ബൈജു രവീന്ദ്രന്റെ സഹോദരനും ബൈജൂസിന്റെ ഡയറക്ടറുമായ റിജു രവീന്ദ്രന്‍ ഈ തുക വിദേശ ഫണ്ടിലേക്ക് മാറ്റിയത്. ആല്‍ഫയുടെ നിയന്ത്രണം നിക്ഷേപകര്‍ക്ക് നല്‍കിയ കോടതി വിധിയെ ചോദ്യം ചെയ്ത് റിജു രവീന്ദ്രന്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. എന്നാൽ വകമാറ്റിയ ഈ 53.3 കോടി ഡോളര്‍ ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാനും നിക്ഷേപകര്‍ ബൈജുസിനോട് ആവശ്യപ്പെടുന്നുണ്ട്.

ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളിലൊന്നായിരുന്ന ബൈജൂസ് ഇപ്പോള്‍ സമാനതകളില്ലാത്ത പ്രതിസന്ധികളെയാണ് നേരിടുന്നത്.  കഴിഞ്ഞ മാസം ബൈജൂസിന്റെ ബോര്‍ഡില്‍ നിന്ന് ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ വോട്ട് ചെയ്തിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2,200 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന ബൈജൂസിന്റെ മൂല്യം 2023ല്‍ ഏകദേശം 90 ശതമാനത്തോളമാണ് ഇടിഞ്ഞത്. നിലവില്‍ നിക്ഷേപകര്‍ ബൈജൂസിന് കണക്കാക്കുന്ന മൂല്യം വെറും 200 കോടി ഡോളർ മാത്രമാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments