Tuesday, September 17, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ

കപിൽ ശങ്കർ

🔹കണ്ണൂര്‍: പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി പിഴയീടാക്കി. കണ്ണൂര്‍ കോര്‍പറേഷന്‍. പയ്യാമ്പലം അസറ്റ് ഹോമിലെ യുനൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ കൂട്ടിയിട്ട് കത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 25,000 രൂപ പിഴ ചുമത്തിയത്. ഇന്നലെ രാത്രി പള്ളിയാമൂലയില്‍ ജനവാസ മേഖലയില്‍ മാലിന്യം കത്തിക്കുന്നുവെന്ന് നാട്ടുകാര്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം പി രാജേഷിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നൈറ്റ് സ്‌ക്വാഡ് പരിസരവാസികളില്‍ നിന്നു മൊഴിയെടുക്കുകയും ഹോട്ടല്‍ കണ്ടെത്തുകയും ചെയ്തു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മസേനക്ക് കൈമാറണമെന്നാണ് നിയമം. പൊതു സ്ഥലത്ത് പ്ലാസ്റ്റിക് ആണെങ്കിലും കടലാസ് ആണെങ്കിലും തീയിടുന്നത് ഇത്തരത്തില്‍ പിഴ അടയ്‌ക്കേണ്ട കുറ്റമായി മാറിയിട്ടുണ്ട്.

🔹കോയമ്പത്തൂര്‍: മലയാള സിനിമാ സംവിധായകന്‍ വിനു(69) അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനു ആണ് അന്തരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഇന്ന് വൈകിട്ടോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

🔹 കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനു സമീപം പൊയില്‍ അങ്ങാടിയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ (20) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.
സ്‌കൂട്ടറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണെന്ന് പിന്നീടു കണ്ടെത്തി.

🔹കണ്ണൂർ തോട്ടട എസ്.എൻ. കോളേജിന് സമീപം വസ്ത്ര കയറ്റുമതി സ്ഥാപനത്തിന് തീപിടിച്ച് വൻ നാശം. അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന അമ്പാടി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.ബുധനാഴ്ച രാത്രി 9.15-ഓടെയാണ് സംഭവം. തൊഴിലാളികളും ജീവനക്കാരും ജോലി കഴിഞ്ഞുപോയശേഷമാണ് അപകടമുണ്ടായത്. എന്റർപ്രൈസസിന്റെ രണ്ട് ബ്ലോക്കിൽ നൂൽ സൂക്ഷിക്കുന്ന ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടം പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

🔹വാഴക്കുളത്ത് ബിരുദ വിദ്യാര്‍ത്ഥിനി നിമിഷ തമ്പിയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതി മുര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് (44) ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. മോഷണത്തിനിടെയാണ് കൊലപാതകം നടത്തിയത്.

🔹പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. പുലര്‍ച്ചെ ആറു മണിയോടെ ഹില്‍ടോപ്പില്‍നിന്ന് യാത്രക്കാരെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്കു കൊണ്ടുവരുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്.

🔹ഭര്‍ത്താവുമായി വഴക്കിട്ടശേഷം സ്വയം തീകൊളുത്തി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനംതിട്ട പെരിങ്ങനാട് തേക്കുംവിളയില്‍ വീട്ടില്‍ ടോണിയുടെ ഭാര്യ പ്രിന്‍സിയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

🔹ചെറുതുരുത്തി ദേശമംഗലം ഊരോളി കടവിലെ പടക്ക നിര്‍മ്മാണശാലയില്‍ അനധികൃതമായി സൂക്ഷിച്ച ആയിരം കിലോ വെടിമരുന്നും പടക്കങ്ങളും പൊലിസ് പിടിച്ചെടുത്തു. അഞ്ചുപേര്‍ അറസ്റ്റിലായി. നിര്‍മ്മാണശാലയുടെ നടത്തിപ്പുകാരന്‍ സുരേന്ദ്രന്‍ ഒളിവിലാണെന്ന് പൊലീസ്.

🔹രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാലത്തിലൂടെ ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും മൃഗങ്ങള്‍ വലിക്കുന്ന വാഹനങ്ങള്‍ക്കും പ്രവേശനമില്ല. നാലു ചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാണ്. 18,000 കോടി രൂപ ചെലവിട്ടാണ് കടല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

🔹വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പ് യാത്രക്കാരന്‍ ബലമായി വാതില്‍ തുറന്ന് പുറത്തേക്കു ചാടി. കാനഡയിലെ ടൊറണ്ടോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. ദുബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ കാനഡ വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്കു ചാടിയത്. 20 അടി താഴ്ചയിലേക്ക് വീണ ഇയാള്‍ക്കു സാരമായ പരിക്കുകളുണ്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments