Sunday, May 19, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ - ജനുവരി 22, 2024 തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ജനുവരി 22, 2024 തിങ്കൾ

കപിൽ ശങ്കർ

🔹മോണ്ട്‌ഗോമറി കൗണ്ടിയിൽ ശനിയാഴ്ച രാത്രി ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയ കൊള്ളക്കാരായ നാലു പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

🔹പെൻസിൽവാനിയയിലെ നോറിസ്‌ടൗണിലെ വുഡ് ആൻഡ് പവൽ സ്ട്രീറ്റിൽ രാത്രി എട്ടുമണിക്കാണ് സംഭവം. വെടിയേറ്റ വില്യം വാലസ് കാർട്ടറെ (35) കൊള്ളയടിക്കുകയും വെടിവയ്ക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

🔹ഫിലഡൽഫിയയിലെ ഈസ്റ്റ്‌വിക്ക് സെക്ഷനിലെ ഒരു കൺവീനിയൻസ് സ്റ്റോറിനുള്ളിൽ നടന്ന മാരകമായ ഇരട്ട വെടിവെപ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പിൽ 33 വയസ്സുള്ള ഒരാൾ കൊല്ലപ്പെടുകയും 33 വയസ്സുള്ള ഒരാൾ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുകയും ചെയ്യുന്നു.

🔹ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ ജംബോ ഷ്രിമ്പ് ബാഗുകൾക്കുള്ളിൽ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് യാത്രക്കാരനായ യു എസ് പൗരൻ സക്കറി സ്കോട്ട് (22)നെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.

🔹കാൽഗറി സെന്റ് തോമസ് മാർ തോമസ് പള്ളിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന “ഹെവൻലി ഹാർമണി” എന്ന സംഗീത പരിപാടി കാൽഗറിയിൽ. 2024 ഏപ്രിൽ 28 ഞായറാഴ്ച southeast കാൽഗറിയിലെ സൗതവ്യൂ അലയൻസ് ചർച്ച് ഹാളിൽ വെച്ച് സംഗീതവിരുന്നു നടത്തപ്പെടും.

🔹യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ അസോസിയേഷൻറെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂ യോർക്കിൽ നടത്തിയ കെസ്റ്റർ ലൈവ് കൺസെർട്ടിൽ ജനങ്ങളിൽ നിന്നും ലഭിച്ച ധനസഹായം. നിർധനരായവർക്കും, നിർധനരായ കുട്ടികളുടെ പഠനത്തിനായും ജനുവരി 27 ന് കൊട്ടാരക്കരയിൽ ഏദൻ ട്രസ്റ്റ് ഹോംസിൽ വച്ച് വിതരണം ചെയ്യുന്നു. മുഖ്യ അഥിതി ആയിരിക്കുന്ന മാവേലിക്കര പാർലമെന്റ് അംഗവും ഏദൻ ട്രസ്റ്റ് ഹോംസിൻറെ രക്ഷാധികാരിയുമായ കൊടികുന്നിൽ സുരേഷ് എം. പി ഉൽഘാടനം ചെയ്യുന്ന യോഗത്തിൽ. ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ, സാമൂഹ്യ പ്രവർത്തക ഡോക്ടർ. എം. എസ് സുനിലിനെയും സമൂഹത്തിനു നൽകിയ നല്ല പ്രവർത്തനങ്ങൾക്കു ആദരിക്കുകയും ചെയ്യുന്നു.

🔹അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍മികത്വം വഹിച്ച ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരും പൂജാ ചടങ്ങുകളില്‍ ഭാഗമായിരുന്നു. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ രാംലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്തതിന് പിന്നാലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഹെലികോപ്ടറുകളില്‍ പുഷ്പവൃഷ്ടിയും നടത്തി.നിശ്ചയിച്ച പ്രകാരം 12.20 നും 12.30 നും ഇടയില്‍ തന്നെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിര തന്നെ അയോധ്യയിലെത്തിയിരുന്നു.

🔹തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ജീവനക്കാർ ബുധനാഴ്ച (ജനുവരി 24) പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സെക്രട്ടേറിയറ്റ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ അറിയിച്ചു.
ആറു ഗഡു (18%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മിഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

🔹തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുപ്പിള്ളി സ്വദേശി ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പുറകിൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

🔹കെയ്‌റോ: 100 ദിവസം പിന്നിട്ട ഗാസയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി. ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, പലസ്തീന്‍ രാജ്യം രൂപീകരിക്കാന്‍ സാഹചര്യമൊരുക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.

🔹ഹൗസ് ബോട്ടുകള്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

🔹ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്‌നിപര്‍വ്വതമായ അര്‍ജന്റീന – ചിലി അതിര്‍ത്തിയിലെ ഓഗോസ് ദെല്‍ സലോദോ കീഴടക്കി മലയാളി പര്‍വതാരോഹകന്‍. 22,600 അടി ഉയരമുള്ള അഗ്‌നിപര്‍വ്വതം പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ ഷെയ്ഖ് ഹസന്‍ ഖാനാണ് കീഴടക്കിയത്. എം എ അലി അഹമ്മദ് ഖാന്റെയും ജെ ഷാഹിദയുടെയും മകനാണ് ഈ മുപ്പത്താറുകാരന്‍.

🔹ഇടുക്കി ബി എല്‍ റാമില്‍ കാട്ടാനയായ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന സൗന്ദര്‍രാജനാണ് (60) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന കൊച്ചു മകന്‍ ഓടി രക്ഷപ്പെട്ട് നാട്ടിലെത്തിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

🔹കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകാതെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

🔹എന്‍.കെ. പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ മാവേലിക്കര പുതിയകാവില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. എംപിയുടെ നെറ്റിയിലും കാലിലും പരിക്കേറ്റു.

🔹അഞ്ഞൂര്‍ പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശിയും വാദ്യ കലാകാരനുമായ കരുമത്തില്‍ വീട്ടില്‍ വേണുഗോപാല്‍, ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

🔹കോഴിക്കോട് പൊറ്റമ്മലില്‍ ഇലക്ട്രിക് വയര്‍ കടിച്ചു മുറിച്ചെടുക്കാന്‍ ശ്രമിച്ചയാള്‍ ഷോക്കേറ്റു മരിച്ചു. മദര്‍ ഡെന്റല്‍ ആശുപത്രിക്കു സമീപം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

🔹അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണത്തിനു തയാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ പിടിച്ചെടുത്ത തമിഴ്നാട് പോലീസിന്റെ നടപടി സുപ്രീം കോടതി തടഞ്ഞു. സംപ്രേക്ഷണവും അന്നദാനവും തടയരുതെന്നു കോടതി ഉത്തരവിട്ടു.

🔹മലൈക്കോട്ടൈ വാലിബന്‍’ ആല്‍ബം പുറത്തിറങ്ങി. ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് ആല്‍ബം. മൊത്തം എട്ട് പാട്ടുകള്‍ ലിസ്റ്റിലുണ്ട്. സരിഗമപ മലയാളത്തില്‍ പാട്ടുകള്‍ ആരാധകര്‍ക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ഗാനവും ഇക്കൂട്ടത്തിലുണ്ട്. ‘പുന്നാര കാട്ടിലെ പൂവനത്തില്‍..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരണ്‍മയിയും ചേര്‍ന്നാണ്. പ്രശാന്ത് പിള്ളയും പി എസ് റഫീഖും സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹന്‍ലാല്‍ ആലപിച്ച റാക്കും ഓഡിയോയില്‍ ഉണ്ട്. ‘മദഭര മിഴിയോരം..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്. ‘ഏഴിമല കോട്ടയിലെ..’ എന്ന ഗാനവും ആലപിച്ചിരിക്കുന്നത് പ്രീതിയാണ്. ഈ ഗാനത്തിന് വന്‍ അഭിപ്രായം ആണ് ലഭിക്കുന്നത്.

🔹നടന്‍ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ‘മാരീശന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments