Friday, February 23, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ - ജനുവരി 18, 2024 വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – ജനുവരി 18, 2024 വ്യാഴം

🔹മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്) കമ്മിറ്റി ഉദ്ഘാടനം ജനുവരി 27ന് മാപ് ഐസിസി ബില്‍ഡിംഗില്‍ വെച്ച് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മാപ് ഭാരവാഹികളും ഫൊക്കാന, ഫോമ എന്നീ സംഘടനകളിലെ നേതാക്കളും പങ്കെടുക്കും. ചടങ്ങില്‍ പുതിയ കമ്മിറ്റി ഭാരവാഹികള്‍ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.

🔹മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി(മഞ്ച് ) യുടെ പത്താമത് വാർഷികാഘോഷം ജനുവരി 20 ശനിയാഴ്ച.വെകുന്നേരം 5 മണി മുതൽ ELMAS , Parsippany-Troy Hills, NJ വെച്ച് അതി മനോഹരമായ വിവിധ പരിപാടികളോട് ആഘോഷിക്കുന്നു. സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് വാർഷിക ആഘോഷം ഉൽഘാടനം ചെയ്യും. കൗണ്ടി ലെജിസ്ലേറ്റജർ ആനി പോൾ മുഖ്യ പ്രഭാഷണം നടത്തും.

🔹പെൻസിൽവാനിയയിലെ ഹൈവേയിൽ ട്രാക്ടർ ട്രെയിലർ ഇടിച്ചു അഞ്ച് സ്ത്രീകൾ മരിച്ചു.ചൊവ്വാഴ്‌ച രാത്രി അന്തർസംസ്ഥാന 81 നോർത്തിലേക്ക് പോവുകയായിരുന്ന മിനിവാനിൽ നാല് സ്‌ത്രീകൾ ഉണ്ടായിരുന്നു,
നാല് യാത്രക്കാരും ഒരു പ്രത്യേക കാറിലുണ്ടായിരുന്ന അഞ്ചാമത്തെ ആളും അവരുടെ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി. തുടർന്ന് അഞ്ചുപേരെയും ട്രാക്ടർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു.

🔹കരുനാഗപ്പള്ളി കോഴിക്കോട് വാരണതു പുത്തൻപുരയ്ക്കൽ റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ ജോർജ് 85 കോഴിക്കോട് അന്തരിച്ചു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ് ഡയറെക്ടർസ് ചെയര്മാന് ബിജിലി ജോർജിന്റെ പിതാവാണ്. ഭൗതികശരീരം ജനുവരി 20 ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 11ന് ആരംഭിക്കുകയും തുടർന്നു 12 30 കോഴിക്കോട് സെൻറ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

🔹അമേരിക്കൻ പ്രവാസിയും ഡാളസിൽ സ്ഥിരതാമസക്കാരനും എക്സ്പ്രസ്സ് ഹെറാൾഡ് പത്രത്തിന്റെ പത്രാധിപരും,സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ രാജു തരകന്റെ ലേഖന സമാഹാരമുൾപ്പെടുത്തി, ഉത്തമഗീത പുസ്തകത്തെ അധികരിച്ചെഴുതിയ ‘ഇടയകന്യക’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം, ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് കുമ്പനാട്ട് സഭാ ആസ്ഥാനത്ത് നിർവഹിച്ചു. ജ്യോതിമാർഗം പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ.

🔹അമേരിക്കന്‍ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷണ്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന 21-ാം അന്താരാഷ്ട്ര കൺവൻഷനിൽ അതിഥിയായി രാജ്യസഭാംഗവും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കും. കണ്‍‌വന്‍ഷനില്‍ പങ്കെടുക്കുമെന്ന വിവരം അദ്ദേഹം ഫൊക്കാന ഭാരവാഹികളെ അറിയിച്ചു.

🔹നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻറെ പ്രചരണാർത്ഥം കോൺഫറൻസ്‌ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങൾ ജനുവരി 14-ന് ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ്‌ മിഷൻ ഇടവക സന്ദർശിച്ചു.൨ 024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തും.

🔹അമർനാഥ് പള്ളത്ത് (ഴിക്കോടൻ) രചിച്ച ഒമ്പതാമത്തെ പുസ്തകമായ ‘ഞമ്മന്റെ കോയിക്കോട്’ കഥാസമാഹാരം 2024 ജനുവരി 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ ചലച്ചിത്ര ടെലിസീരിയൽ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നൻ പ്രകാശനം ചെയ്യും. സാഹിത്യകാരി കെ.പി.സുധീരയാണ് ആദ്യകോപ്പി സ്വീകരിക്കുന്നത്.

🔹ബംഗളൂരു: കർണാടകയുടെ അഭിമാന പൊതുമേഖല സ്ഥാപനമായ മൈസൂർ സാൻഡൽ സോപ്പിന്‍റെ വ്യാജൻ നിർമിക്കുന്ന ഫാക്ടറി ഹൈദരാബാദിൽ കണ്ടെത്തി. രണ്ട് കോടി രൂപ വിലക്ക് വിപണിയിൽ വിറ്റഴിക്കേണ്ട സോപ്പുകൾ നിറച്ച പെട്ടികൾ ഫാക്ടറി ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു. ഫാക്ടറി നടത്തിപ്പുകാരായ രാകേഷ് ജയിൻ, മഹാവീർ ജയിൻ എന്നിവരെ അറസ്റ്റ് ചെയ്തു.
150 ഗ്രാം തൂക്കമുള്ള 1800 സോപ്പുകൾ അടങ്ങിയ 20 പെട്ടികൾ, 75 ഗ്രാമിന്റെ 9400 സോപ്പുകൾ അടങ്ങിയ 47 പെട്ടികൾ, ഈ ഇനങ്ങൾ അടക്കം ചെയ്യാവുന്ന 400 പെട്ടികൾ എന്നിവ പിടിച്ചെടുത്തവയിൽ പെടും.

🔹തിരുവനന്തപുരം: പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ചൊല്ലണമെന്ന് അഭ്യര്‍ത്ഥിച്ച ഗായിക കെ.എസ്. ചിത്രയെ പിന്തുണച്ച് നിര്‍മ്മാതാവും സംവുധായകനുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്തെത്തി. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

🔹 വിമാനത്തിലെ ശൗചാലയത്തിന്റെ ലോക്ക് തകരാറയതിനെത്തുടർന്ന് വാതിൽ തുറക്കാനാകാതെ യാത്രക്കാരൻ കുടുങ്ങിയത് ഒരുമണിക്കൂർ. മുംബൈ-ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. മുംബൈയിൽനിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് യാത്രക്കാരൻ ശൗചാലയത്തിൽ കയറിയത്. പിന്നീട് വാതിൽ തുറക്കാൻ കഴിയാഞ്ഞതോടെ ഉള്ളിൽ കുടുങ്ങുകയായിരുന്നു. വിമാനം ബെംഗളൂരുവിൽ ഇറങ്ങിയശേഷം ടെക്നീഷ്യൻ എത്തിയാണ് വാതിൽ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്.

🔹മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിഴിഞ്ഞം ഹാര്‍ബറിലെ നോര്‍ത്ത് വാര്‍ഫില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തികള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

🔹അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠയോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമര്‍പ്പിക്കും. ഇന്ന് വൈകുന്നേരം 5.30 ന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് രാമതീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് ഓണവില്ല് കൈമാറും.

🔹മരിച്ച ബൈക്ക് യാത്രക്കാരന് ലേണേഴ്‌സ് ലൈസന്‍സ് മാത്രമേയുള്ളൂവെന്നു ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. ഏനാത്ത് കൈതപ്പറമ്പ് ഷിജു ഭവനില്‍ കെ ഷേര്‍ളി നല്‍കിയ ഹര്‍ജിയില്‍ 15.20 ലക്ഷം രൂപ നല്‍കാനാണ് വിധി. 2021 ല്‍ ഷേര്‍ളിയുടെ ഭര്‍ത്താവ് ഗീവര്‍ഗീസ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു.

🔹കോട്ടയം കിടങ്ങൂരില്‍ വൈദ്യുതി ലൈനിന്റെ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജീവിയ്ക്കാന്‍ മന്ത്രിയുടെ ഉറപ്പ് വേണമെന്നാണ് ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശിയായ പ്രദീപ് ആവശ്യപ്പെട്ടത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ മോഷണം പോയെന്നും മക്കള്‍ ചൈല്‍ഡ് ലൈനില്‍ ആണെന്നും ജീവിക്കാന്‍ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യം.

🔹തൃശ്ശൂരില്‍ ആന ഇടഞ്ഞോടിയതിനെ തുടര്‍ന്ന് വാദ്യക്കാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തില്‍ ഇന്ന് പുലര്‍ച്ച ആയിരുന്നു സംഭവം. കച്ചവടക്കാരുടെ സ്റ്റാളുകള്‍ ആന തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനെത്തിച്ച ശബരിനാഥ് എന്ന ആനയാണ് ഇടഞ്ഞോടിയത്.

🔹ആലപ്പുഴ ബൈപാസില്‍ കുതിരപ്പന്തിയ്ക്കു സമീപം കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോര്‍ന്നു. അഗ്നിശമന സേന ഫോം പമ്പ് ചെയ്ത് നിയന്ത്രണ വിധേയമാക്കി. തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറിയും എറണാകുളം ഭാഗത്തേക്കു പോയ കാറും കൂട്ടിയിടിച്ചണ് ടാങ്കര്‍ ലോറിയ്ക്കു ചോര്‍ച്ചയുണ്ടായത്.

🔹കാസര്‍കോട് വെസ്റ്റ് എളേരിയിലെ പുങ്ങന്‍ചാലില്‍ നടന്ന തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യവിഷബാധയേറ്റ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.

🔹തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ ശ്ലോകം ചൊല്ലുന്നതിന്റെ പേരില്‍ തമ്മിലടി. ആരാധനരീതിയെ ചൊല്ലിയാണ് വൈഷ്ണവ വിഭാഗത്തിലെ ഇരുവിഭാഗങ്ങളിലെ ആളുകള്‍ തമ്മില്‍ കൂട്ടത്തല്ലു നടത്തിയത്. വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നേരത്തെയും തെക്ക് വിഭാഗവും വടക്ക് വിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

🔹ആറു ഫ്ളാറ്റുകള്‍ 125 തവണ രജിസ്റ്റര്‍ ചെയ്ത് അത്രയും തവണ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു കോടികള്‍ തട്ടിയ സംഭവത്തില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു ബാങ്കുകളില്‍നിന്നായി 24 കോടി രൂപയെങ്കിലും തട്ടിയെടുത്തെന്നാണു റിപ്പോര്‍ട്ട്. ഒരു കെട്ടിടത്തിന്റെ ഉടമ അടക്കമുള്ളവരാണു തട്ടിപ്പ് സംഘത്തിലുള്ളത്.

🔹ഇന്ത്യക്കാര്‍ക്ക് ഇനി വിദേശത്തും ഗൂഗിള്‍ പേ ഉപയോഗിക്കാം. വിദേശയാത്ര നടത്തുമ്പോള്‍ കൈയില്‍ കറന്‍സി നോട്ടുകള്‍ കരുതുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇന്ത്യക്ക് പുറത്തും പേയ്‌മെന്റുകള്‍ സാധ്യമാക്കാന്‍ ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ പേയ്മെന്റും തമ്മില്‍ ധാരണായായി. ഇതോടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേ വഴി മറ്റ് രാജ്യങ്ങളില്‍ പണമിടപാടുകള്‍ നടത്താനാകും.

🔹മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ രണ്ട് ഭാഗങ്ങില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു സിനിമയില്‍ അവസാനിക്കുന്ന ചിത്രമല്ല വാലിബനെന്നും അതിന്റെ കഥ രണ്ടു ഭാഗങ്ങളായാകും പ്രേക്ഷകരിലേക്കെത്തുന്നതെന്നുമാണ് സൂചനകള്‍.

🔹ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശ്രീറാം രാഘവ് ഹിന്ദിയിലും തമിഴിലും ഒരേസമയം സംവിധാനം ചെയ്ത ചിത്രമാണ് ‘മെറി ക്രിസ്മസ്’. കത്രീന കൈഫ് വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം റിലീസ് ദിവസം 2.55 കോടി രൂപയാണ് നേടിയത്. അതായത് ബോളിവുഡ് പതിപ്പില്‍ നിന്ന് 2.3 കോടി രൂപയും തമിഴ് പതിപ്പില്‍ നിന്ന് 22 ലക്ഷം രൂപയും നേടി. ജനുവരി 12നാണ് ചിത്രം റിലീസായത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments