ഒളിച്ചോട്ടം കാമ്യമല്ല!
……………………………………..
രണ്ടു സുഹൃത്തുക്കൾ ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. കാഴ്ചകൾ കണ്ടും, വിശേഷങ്ങൾ പങ്കുവച്ചും, അവർ യാത്ര ആഘോഷിച്ചു! കുറച്ചു കഴിഞ്ഞപ്പോൾ, ബസ്സിൽ തിരക്കു കൂടി വന്നു. അളുകൾ വളരെ തിക്കിത്തിരക്കി നിന്നു യാത ചെയ്യുന്നതു കണ്ട സുഹൃത്തുക്കളിൽ ഒരാൾ, കണ്ണടച്ചിരിക്കാൻ തുടങ്ങി! ഇതു കണ്ട അപരൻ ചോദിച്ചു: “എന്താണ് പെട്ടെന്നുള്ള ഈ ഭാവമാറ്റത്തിനു കാരണം?”
അയാൾ പറഞ്ഞു: “ബസ്സിൽ ആളുകൾ കൂടിയിരിക്കുന്നു. സ്ത്രീകളും, കുട്ടികളും, വൃദ്ധരുമെല്ലാം ഈ തിരക്കിനിടയിൽ നിന്നു കഷ്ടപ്പെടുന്നതു കാണാൻ എനിക്കു കഴിവില്ല!”
ഒന്നും കാണാതിരുന്നാലും, ഒന്നിനോടും പ്രതികരിക്കാതിരുന്നാലും, ഒന്നും നഷ്ടപ്പെടില്ല! ഒന്നും അറിയുന്നില്ല എന്നു നടിക്കുന്നതുകൊണ്ട്, സൽപേരിനോ, നല്ലവൻ എന്ന ശീർഷകത്തിനോ, ഒരു കോട്ടവും സംഭവിക്കയുമില്ല! സ്വന്തം സൗകര്യത്തിനു വിഘാതമാകുന്നവയ്ക്കു നേരേ കണ്ണും കാതുമടയ് ക്കുന്നത്, അപരന്റെ ദുഃഖം തന്റെ മനസമാധാനം കെടുത്തുമോ എന്ന ശങ്ക മൂലം നടത്തുന്ന ഒളിച്ചോട്ടമാണ്. കണ്ണടച്ച് ഇരുട്ടാക്കൽ പ്രക്രീയ! സ്വന്തം സുഖാവസ്ഥ സംരക്ഷിക്കണമെങ്കിൽ, അന്യന്റെ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കേണ്ടി വരും. ഇല്ലെങ്കിൽ മന:സാക്ഷിക്കുത്തുണ്ടായി എന്നു വരാം?
വിശന്നു മരിക്കുന്നവന്റെ മുമ്പിലിരുന്നു സദ്യയുണ്ണാൻ, നാമാരും മുതിർന്നു എന്നു വരില്ല! എന്നാൽ ദാരിദ്ര്യത്തിനപ്പുറത്തു മതിൽ നിർമ്മിച്ച്, അതിനുള്ളിലിരുന്നു ധാരാളിത്തം കാണിക്കുന്നതിൽ, ഒരു കുറ്റബോധവും നമുക്കുണ്ടാകണമെന്നില്ല! അപരന്റെ സഹനങ്ങൾ കണ്ടിട്ടും അവയോടു പ്രതികരിക്കാതെ, സ്വന്തം സംരക്ഷണ കുമിളകൾക്കുള്ളിൽ വിലയം പ്രാപിക്കുന്നവർ, എന്നെങ്കിലും മാനസാന്തരപ്പെടും എന്നു കരുതാനുമാകില്ല!
തിരഞ്ഞെടുത്ത കാഴ്ചകൾ മാത്രമാണ്, എല്ലാവർക്കും ഇഷ്ടം! അപ്രതീക്ഷമായതും, ആഗ്രഹിക്കാത്തതും കണ്ണിൽപ്പെട്ടാൽ, പെട്ടെന്നു ദൃഷ്ടി തിരിച്ചു കളയുന്നവർ, തങ്ങൾക്കു താൽപര്യമുള്ളവയെ, അന്വേഷിച്ചു കണ്ടെത്തി എന്നും വരാം?
അവനവനുണ്ടാകുന്ന ചെറിയ നഷ്ടങ്ങൾ, അപരനു വലിയ സന്തോഷങ്ങൾക്കു കാരണമാകുമെങ്കിൽ, അവ്വിത സുകൃതങ്ങൾ നിർവ്വഹിക്കുന്നത്, ഏറെ കാമ്യമായിരിക്കില്ലേ? സർവ്വേശ്വരൻ സഹായിക്കട്ടെ? എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്കാരം!
പ്രൊഫസ്സർ എ.വി. ഇട്ടി✍