തിരക്കുള്ള ഒരു ചത്വരം കടന്നുവേണം അങ്ങോട്ടേക്കെത്താൻ. വഴി നിറയെ വാഹനങ്ങളാണ്. കൂടുതലും ഡ്രൈവർമാരില്ലാത്ത ഓട്ടോണമസ് വാഹനങ്ങൾ തന്നെ. ടെസ്സ്ലയാണ് മുന്നിൽ. ഹൈപ്പർ മാർക്കറ്റിലേക്കുള്ള തിരക്കാണ് അധികവും. വേണ്ട സാധനങ്ങളുടെ ലിസ്റ്റ് മാർക്കറ്റിലേക്ക് അയക്കും. അവർ സാധനങ്ങൾ വണ്ടിയിൽ കയറ്റി വിട്ടു കൊള്ളും.സമയം ലാഭിക്കാം.അതാണല്ലോ ആർക്കും ഇന്ന് ഇല്ലാത്തത്. തനിക്കും അങ്ങനെ ചെയ്താൽ മതിയായിരുന്നു.പക്ഷേ ഇത് അങ്ങനെ ചെയ്താൽ പറ്റില്ല . വളരെ ശ്രദ്ധിച്ച് മനസ്സിന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കണം. ഇനി കുറേക്കാലം കൂടെയുണ്ടാകേണ്ടതാണ്.നേരിട്ട് തന്നെ പോയി കണ്ട് ഇഷ്ടപ്പെട്ട് കൂട്ടി കൊണ്ടുപോകണം. മാത്രമല്ല വിലപേശലും നേരിട്ട് എത്തിയാലേ നടക്കൂ.
അഞ്ചാമത്തെ നിലയിലേക്ക് എത്തണം എന്നാണല്ലോ വർഗീസ് പറഞ്ഞിരിക്കുന്നതെന്ന് മനോഹരമായി അറേഞ്ച് ചെയ്തിരിക്കുന്ന വിശാലമായ എൻട്രൻസിലെത്തിയപ്പോൾ ഓർത്തു. ഇടതുവശത്തുള്ള ലിഫ്റ്റ് കണ്ടില്ലെന്ന് നടിച്ചു പടികൾ കയറാൻ തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ഹെക്ടിക് വർക്ക് ലോഡ് കാരണം എക്സസൈസ് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒന്ന്… രണ്ട്… മൂന്ന്….. നാൽപ്പത്തിയൊമ്പത്..അമ്പത്… ഞാൻ വെറുതെ പടികൾ എണ്ണിക്കൊണ്ട് കയറി .ഇടയ്ക്ക് സ്റ്റീലിന്റെ കൈവരിയിൽ പിടിച്ച് ഒന്ന് നിന്നു.ചെറിയ കിതപ്പുണ്ട്. ഹൃദയം പതിവിലും കൂടുതലായി മിടിക്കുന്നുണ്ടോ? ഏയ്…തോന്നിയതാവും.പണ്ട് ഇതുപോലെ അമ്പലത്തിന്റെ പടികൾ അച്ഛന്റെ കൈപിടിച്ച് കയറിയിരുന്നത് അവ്യക്തമായി ഓർമ്മയിലുണ്ട്.അച്ഛൻ അപ്പോൾ പറയുമായിരുന്നു.“ഈ പടികൾ പോലാടാ കൊച്ചേ മ്മടെയൊക്കെ ജീവിതവും.മുകളിൽ എത്തിപ്പെടണേ ത്തിരി പ്രയാസാ…. പക്ഷേ എത്ര മോളിലെത്തിയാലും ഒന്നു പാളിയാ …ഒരടി തെറ്റിയാലൊണ്ടല്ലോ താഴെയെത്താൻ ഈ പറഞ്ഞ സമയം ഒന്നും വേണ്ടടാ കൊച്ചേന്ന്.”
ഓർമ്മകൾ വട്ടം കറക്കിയപ്പോൾ എണ്ണം തെറ്റി.അവസാനം എണ്ണിയത് എൺപത്തിനാലോ… എൺപത്തിയഞ്ചോ…ഓ.. എത്രയെങ്കിലുമാവട്ടെ. അല്ലെങ്കിലും ഇപ്പോൾ എണ്ണം ഓർത്തിരുന്നിട്ടെന്തിനാ. ഒന്നും ഓർക്കാതിരിക്കാനാണിഷ്ടം. നാടും വീടും ഓർമ്മയിലെത്തിയിട്ട് വർഷങ്ങളായി. അവസാനം അമ്മ മരിക്കാൻ കിടന്നപ്പോൾ ആരോ വിളിച്ചിരുന്നു. പോയില്ല. വെറുതെ കാശും സമയവും കളയുന്നതെന്തിനാ.
വിശാലമായ ഒരു ഹാളാണ് മുകളിൽ. വിചാരിച്ചതു പോലെയല്ല. ധാരാളം പെമ്പിള്ളേരുണ്ട്.ഇതിലേതിനെ തിരഞ്ഞെടുക്കണം? ആകെ കൺഫ്യൂഷനായല്ലോ.വട്ടക്കണ്ണുള്ള സൂസനാണ് മുന്നിൽ നിന്നിരുന്നത്.വെളുത്തു മെലിഞ്ഞ ഒരു അമേരിക്കക്കാരി. പക്ഷേ അത്ര പോരാ. മുന്നോട്ടു നടന്നു.ജപ്പാൻകാരി എറീക്കയേയും കടന്ന് ഗൊമ്മയെന്നു പേരുള്ള ആഫ്രിക്കക്കാരിയിൽ കണ്ണൊന്നുടക്കി. ആഫ്രിക്കക്കാരികൾ പണി ചെയ്യാൻ മിടുക്കരാണെന്ന് കേട്ടിട്ടുണ്ട്.പക്ഷേ വേണ്ട… തടി അല്പം കൂടുതലാ. സ്റ്റെപ് കേറുമ്പോൾ വല്ലയിടത്തും മറിഞ്ഞു വീണാൽ പിന്നെ പൊക്കിയെടുക്കാൻ നമ്മൾ തന്നെ വേണമല്ലോ. ആരെ കൂടെ കൂട്ടണം? എല്ലാം മിടുക്കികൾ തന്നെ. കാശിത്തിരി ചിലവായാലും സാരമില്ല. കൂടെ കൂട്ടുന്നത് നല്ല ഒരെണ്ണത്തിനെ തന്നെയായിരിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു. തനിയെയുള്ള ഈ ജീവിതം മടുത്തിരിക്കുന്നു. മാത്രമല്ല വിലയ്ക്ക് വാങ്ങിയവരാകുമ്പോൾ അവകാശവാദങ്ങളും ശ്വാസം മുട്ടിക്കലുകളുമൊന്നും ഉണ്ടാവില്ല. ആ മൂലയിൽ ഒതുങ്ങി നിൽക്കുന്നത് ഒരു ഇന്ത്യാക്കാരി ആണെന്ന് തോന്നുന്നു. നല്ല ഗോതമ്പിന്റെ നിറവും ഇടതൂർന്നു കിടക്കുന്ന കറുത്ത മുടിയും അമ്മയെ ഓർമ്മിപ്പിച്ചു.
സോഫിയ. അടുത്ത് ചെന്നപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “ ബിപി കുറച്ചു കൂടുതലാണെന്ന് തോന്നുന്നല്ലോ.ഡോക്ടറുടെ കൺസൽറ്റേഷൻ എടുക്കണം” .വിഷ് ചെയ്ത കൈ വിടാതെ തന്നെ അവൾ വീണ്ടും പറഞ്ഞു. ഇത്ര പെട്ടെന്ന് ആൾക്കാരെ മനസ്സിലാക്കാനുള്ള അവളുടെ കഴിവോർത്ത് ഒരേ സമയം അത്ഭുതവും അഭിമാനവും തോന്നി. വിലപേശാനൊന്നും നിന്നില്ല. പറഞ്ഞ തുക കൊടുത്ത് അവളെ സ്വന്തമാക്കി.
മടക്കയാത്രയിൽ സോഫിയയാണ് ഡ്രൈവ് ചെയ്തത്. വളരെ എക്സ്പെർട്ട് ആയ ഒരാൾ വണ്ടിയോടിക്കുന്ന പോലെ അവൾ വിദഗ്ദമായി വണ്ടിയോടിച്ചു.ഡോക്ടറെ മറക്കാതെ കാണണമെന്നും കാറിന്റെ ഡീസൽ തീരാറായെന്നുമെല്ലാം ഇടക്കിടക്കെന്നെ ഓർമ്മിപ്പിക്കാനും അവൾ മറന്നില്ല.. അവൾ കൂടെയുണ്ടെന്നുള്ള സമാധാനത്താലാണോ അതോ ക്ഷീണം കൊണ്ടോ ഒരുപാട് നാള് കൂടി കാറിലിരുന്ന് ഞാനൊന്നുറങ്ങി.
വീടിന്റെ ലൊക്കേഷൻ കാറുമായി കണക്ട് ചെയ്തിരുന്നത് കൊണ്ട് അവൾക്ക് വഴിയൊന്നും ചോദിക്കേണ്ടി വന്നില്ല. കൃത്യമായിട്ട് സ്ഥലത്തെത്തി. “ഇറങ്ങുന്നില്ലേ ”… കുലുക്കിയുണർത്തി പുഞ്ചിരിയോടെ സോഫിയ ചോദിച്ചു.കാറിനുള്ളിൽ എങ്ങനെയോ അകപ്പെട്ടു പോയ ഒരു പല്ലിക്കുഞ്ഞ് പ്രാണരക്ഷാർത്ഥം മുറിച്ചുകളഞ്ഞ അതിന്റെ ചോരപൊടിയുന്ന വാൽ ,ജീവനെ വിട്ടുപിരിയുന്ന വെപ്രാളത്തിൽ, താഴെ കിടന്നു പിടഞ്ഞുകൊണ്ടിരുന്നു.രക്ഷപെടാനുള്ള അവസാനശ്രമം. മറ്റാർക്കും കേൾക്കാനാവാത്ത വിധത്തിൽ ആരെയും ശപിക്കാതെ, പഴിക്കാതെ നേർത്ത ഒരു തേങ്ങൽ അതിൽ നിന്ന് പുറത്തുവന്നുവോ?
റൂമിലേക്ക് നടക്കാൻ മിനക്കെട്ടില്ല. പതിവ് പെട്ടിയിൽ കയറി.വാതിലടച്ചു. ബട്ടണമർത്തി.റൂമിൽ ചെന്ന് ഡ്രസ്സ് മാറി സെറ്റിയിലിരുന്നപ്പോഴേക്കും സോഫിയ ചായയുമായെത്തി. ആവി പറക്കുന്ന നല്ല ചൂട് ചായ. ചായ കുടിച്ച് കപ്പ് വച്ചപ്പോഴാണ് അരികിലിരുന്ന ബോൺസായിയെ ശ്രദ്ധിച്ചത്.ഒരു വാട്ടം പോലെ. രണ്ട് വർഷം മുൻപ് ബർത്ത്ഡേയ്ക്ക് ഗിഫ്റ്റ് കിട്ടിയതാണ്. അതൊരു ആൽമരമായിരുന്നു.ഒരുപാട് പേർക്ക് തണലാകേണ്ടത്. ജന്മസ്ഥലമായ മണ്ണിലേക്ക് വേരുകളാഴ്ത്തേണ്ടത്.വെട്ടിയൊതുക്കി ചട്ടിയിലാക്കി.ഇപ്പോൾ വർഷങ്ങളായി…പുതുമണ്ണിന്റെ മണമറിയാതെ… മഴ നനയാതെ….വിശാലമായ ആകാശത്തെ കൊതിതീരെ കാണാതെ… കാറ്റിന്റെ ചുംബനമേൽക്കാതെ…മാനം മുട്ടെ വളരാനാവാതെ… ഇതിൽ….ഞാനൊരല്പം വെള്ളം അതിനൊഴിച്ചു കൊടുത്തു. വളരെ സൂക്ഷ്മതയോടെ.. ഒട്ടും പുറത്തേക്കു പോകാതെ… ജീവിക്കുവാൻ മാത്രമുള്ളത്.
സോഫിയ വിചാരിച്ചതിലും മിടുക്കിയായിരുന്നു. അവൾ വന്നത് മുതൽ ജീവിതത്തിന് ഒരു പ്രത്യേക ഉന്മേഷമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. പതിവുരീതികളിൽ നിന്നുള്ള ഈ വ്യത്യസ്തത ഞാൻ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. എനിക്കെന്നുമൊരു ഹെർക്യൂലിയൻ ടാസ്ക് ആയിരുന്ന കുക്കിംഗ് അവൾ വളരെ ഈസിയായി ഹാൻഡിൽ ചെയ്യുന്നത് ഞാൻ പലപ്പോളും കൗതുകത്തോടെ നോക്കിയിരുന്നു. മുറികളൊക്കെ വൃത്തിയാക്കുന്നതും തുണി മെഷീനിൽ ഇടുന്നതും ഇസ്തിരി ചെയ്യുന്നതും പാത്രങ്ങൾ കഴുകുന്നതുമൊക്കെ അവൾ എത്ര പെട്ടെന്നാണ് ചെയ്യുന്നത്? അതിലൊക്കെ എനിക്കനുഗ്രഹമായത് ഈയിടെയായി അധികരിക്കുന്ന എന്റെ മറവിയെ മനസ്സിലാക്കി ചെയ്യേണ്ട കാര്യങ്ങളൊക്കെ കൃത്യമായി അവളെന്നെ ഓർമ്മിപ്പിക്കുന്നതാണ്.ദിവസങ്ങൾ കടന്നുപോകവേ കുറച്ചു നേരത്തെ ഇവളെ കൂടെ കൂട്ടേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി.
എന്താണെന്നറിയില്ല… വല്ലാത്ത തലവേദന..ഓഫീസിൽ നിന്നെത്തിയതേ ഇന്ന് കിടന്നതാണ്.നേരത്തെ ഉണ്ടായിരുന്ന കിതപ്പും മിടിപ്പുമൊക്കെ വല്ലാണ്ടങ്ങു കൂടിയ പോലെ. ജോലിത്തിരക്കിന്റെയാവും. കമ്പനി മെറ്റാവേഴ്‌സിലേക്കു മാറുകയാണ്. അതിനുള്ള മിററും ഗ്ലാസ്സുമൊക്ക എത്തിക്കഴിഞ്ഞു. കംപ്ലീറ്റ് മെറ്റാ ഓഫീസിലേക്ക് ആയാൽ പിന്നെ ദിവസവും പോയില്ലെങ്കിലും കുഴപ്പമില്ല.അവതാറിനെ അയച്ചാൽ മതി . ട്രാഫിക് ബ്ലോക്കിലൂടെയുള്ള ഈ നശിച്ച യാത്ര ഒഴിവായിക്കിട്ടും.
സാധാരണ ഞാൻ എത്തുമ്പോൾ തന്നെ സോഫിയ ചായയുമായി എത്തേണ്ടതാണ്. ഇന്നലെ മുതൽ അവൾ അല്പം വീക് ആണ്. ഏറ്റവും അഡ്വാൻസ്ഡ് ആയ ഹ്യൂമനോയ്ഡ് ആൻഡ്രോയിഡ് റോബോട്ട് ആണ് സോഫിയ. പവർ കുറയുന്നത് മനസ്സിലാക്കി സ്വയം റീചാർജ് ചെയ്തുകൊള്ളും. അതുകൊണ്ടുതന്നെ അവളുടെ കാര്യങ്ങൾ ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നതേയില്ല. അല്ലെങ്കിലും എന്നെ ശ്രദ്ധിക്കാൻ ആണല്ലോ അവളെ കൊണ്ടുവന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായി ഉള്ള മഴമൂലം അവൾക്ക് കൃത്യമായി ചാർജ് ചെയ്യാൻ സാധിച്ചു കാണില്ല എന്ന് ഞാൻ മനസ്സിലോർത്തു.
തല പൊട്ടിപ്പോകുന്ന വേദനയുണ്ട്.അതോ ഹാർട്ടിന് ആണോ?തൊണ്ട വരളുന്നത് പോലെ…ഞാനിപ്പോൾ മരിച്ചുപോകുമോ… സോഫിയയെ കണക്ട് ചെയ്യാൻ എടുത്ത മൊബൈൽ കയ്യിൽ നിന്ന് വഴുതി.എന്തെന്നറിയാത്ത ഒരു പേടി വന്നു മൂടിയത് പോലെ. പണ്ട് കുഞ്ഞായിരിക്കുന്ന സമയത്ത് പേടിയാണെന്ന് പറയുമ്പോൾ അമ്മ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് പറയുമായിരുന്നു.
“ഞാനില്ലേടാ കണ്ണാ നീ കണ്ണടച്ച് ഉറങ്ങിക്കോ.”
അമ്മയുടെ മുടിയിൽ നിന്ന് വരുന്ന കാച്ചെണ്ണമണം എനിക്കെന്തിഷ്ടമായിരുന്നു.ആ മണത്തെ ഹൃദയത്തിന്റെയങ്ങേയറ്റത്ത് വരെ വലിച്ചെടുത്ത് അമ്മയുടെ മേത്തേക്ക് കാലുമെടുത്ത് വെച്ച് കണ്ണടച്ചൊരു കിടപ്പുണ്ട്. ആ കരവലയത്തിൽ നിന്ന് കിട്ടിയിരുന്ന സുരക്ഷിതത്വം പിന്നീട് ഒരിക്കലും എനിക്ക് കിട്ടിയിട്ടില്ല എന്ന് ഓർത്തപ്പോൾ ഒരുപാട് നാളു കൂടി അമ്മയെ ഒന്ന് കാണാൻ തോന്നി.വീണ്ടും ആ കരവലയത്തിൽ അലിയണമെന്നും മടിയിലൊന്ന് കിടക്കണമെന്നും തോന്നി.ആ പാവം എത്ര ആഗ്രഹിച്ചിട്ടുണ്ടാവും മരിക്കുന്നതിനുമുമ്പ് എന്നെ ഒന്ന് കാണാൻ.പശ്ചാത്താപം ചുടുനീരായി കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയത് അറിഞ്ഞതേയില്ല. വേദന ഞരമ്പുകൾ ഓരോന്നിനെയും കുടഞ്ഞെറിഞ്ഞവ മറവിയിലേക്ക് തലചുറ്റി വീഴുന്നു. നെഞ്ച് വിണ്ടുകീറുന്ന വേദനയ്ക്കിടയിലും മുറിയിൽ നിറയുന്ന കാച്ചണ്ണയുടെ സൗരഭ്യം എന്റടുത്തേക്ക് മെല്ലെ വരുന്നത് ഞാൻ അറിഞ്ഞു.ഒരു നനുത്ത സ്പർശം അടുത്തു വന്നിരുന്നെന്നെ മാറോട് ചേർക്കുന്നുവോ?.. കാച്ചെണ്ണയുടെ സൗരഭ്യത്തിൽ ഒഴുകി ഒഴുകി ഉയർന്നു പറന്ന് ഞങ്ങൾ അങ്ങനെ….അങ്ങനെ….അങ്ങനെ…
K R അനിത✍