Wednesday, June 12, 2024
Homeയാത്രഓണസ്മൃതിയിൽ അലിഞ്ഞൊരു യാത്ര (യാത്രാവിവരണം - രണ്ടാം ഭാഗം) ✍ തയ്യാറാക്കിയത്: ഗിരിജാവാര്യർ

ഓണസ്മൃതിയിൽ അലിഞ്ഞൊരു യാത്ര (യാത്രാവിവരണം – രണ്ടാം ഭാഗം) ✍ തയ്യാറാക്കിയത്: ഗിരിജാവാര്യർ

ഗിരിജാവാര്യർ

അഞ്ചേമുക്കാൽ ആയിട്ടുണ്ടാകും ഉണർന്നപ്പോൾ.

” റൂമിലിരിക്കാൻ വന്നതാ? നമുക്ക് കാഴ്ച കാണാൻ പോണ്ടേ? ”

ചോദ്യം എന്നോടാണ്.സത്യം പറഞ്ഞാൽ,അപ്പോൾ” സൈറ്റ് സീയിങ്ങി”നുള്ള മൂഡൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങൾക്കുമുന്നിൽ കുറച്ച് സമയമേ ഉള്ളൂ. അതിനുള്ളിൽ കാണേണ്ടതൊക്കെ കാണണം. സജീവിന്റെ വണ്ടിയിൽ അടുത്തുതന്നെയുള്ള ഒരു ബീച്ചിൽ പോയി. കടലിന്റെ സായാഹ്നശോഭ ആസ്വദിക്കാൻവന്ന ഒരുകൂട്ടം ആളുകൾ അവിടവിടെയായി കൂട്ടംകൂടി നിന്നിരുന്നു. അവരോടൊപ്പമുള്ള കുട്ടികളാകട്ടെ,ഒരു വലിയ പന്ത് തട്ടിക്കളിക്കുന്ന ലഹരിയിലും.ആ സായാഹ്നഭംഗി ആസ്വദിച്ച് ഞങ്ങൾ റൂമിലേക്കു മടങ്ങി.

അടുത്തദിവസം ഞങ്ങൾക്കു കറങ്ങാനുള്ള ടാക്സി സജീവ് ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. ശ്രദ്ധയുടെ അടുത്തുള്ള ഒരു ദേവാലയമാണ്. അവിടെ ഒരു പുണ്യവാളന്റെ മൃതശരീരം സൂക്ഷിച്ചുവച്ചിട്ടുണ്ടത്രേ. പിന്നെ മറ്റെന്തൊക്കെയോ കാഴ്ചകൾ! പ്രതീക്ഷയുടെ ആ പുലരിക്കുവേണ്ടി കാതോർത്തുകിടക്കവേ, എപ്പോഴോ എന്റെ മിഴികൾ അടഞ്ഞടഞ്ഞു പോയി.

പിറ്റേന്ന് നേരത്തെ ഉണർന്നു.അലസമായ പ്രഭാതം. കാളനും മുളകാപച്ചടിയും കുറുക്കുന്ന ഓണത്തിരക്കിൽനിന്ന്,ഒഴിവായ ദിവസങ്ങൾ!
” പണിയെടുക്കേണ്ടല്ലോ” എന്ന് മനസ്സിൽ സന്തോഷിച്ചപ്പോഴും ഉള്ളിൽ എവിടെയോ ഒരു നഷ്ടബോധം.
” സത്യത്തിൽ ഈ പണിത്തിരക്കുകൾ അല്ലേ അമ്മേ ഓണം “എന്ന് അപ്പു ചോദിച്ചത് അന്വർത്ഥമായി തോന്നി. നാട്ടിലെ ഓണത്തിമർപ്പുകളെല്ലാം വിട്ടെറിഞ്ഞ്,ഈ അടച്ചിട്ട മുറിയിൽ അലസമായി ഇരിക്കുന്ന ഞാൻ..
യാത്രയുടെ തുടക്കത്തിൽ തോന്നിയ ഉല്ലാസം നഷ്ടപ്പെടുന്നുണ്ടോ?

എട്ടു മണി ആയപ്പോഴേക്കും ഡ്രൈവർ ടാക്സിയുമായി റെഡിയായി. സിനിയും മക്കളും പൂക്കളം ഒരുക്കുന്ന തിരക്കിലായിരുന്നു.

“ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങിയാൽ മതി”
സിനി പറഞ്ഞു. ആവിപറക്കുന്ന നൂൽപ്പുട്ടും കറിയും അകത്താക്കി ഞങ്ങൾ ഗോവക്കാഴ്ചകളിലേക്ക് ഇറങ്ങി.

ഡ്രൈവർ റോഡ്റിഗ്സ്.മധ്യവയസ്കനായ ഒരു ഗോവക്കാരൻ. സജീവിന്റെ നിർദ്ദേശത്തിനനുസരിച്ച് അയാൾ ഞങ്ങളെ ആദ്യം കൊണ്ടുപോയത് നേരത്തെപ്പറഞ്ഞ ദേവാലയത്തിലേക്കാണ്. ” “ബസിലിക്ക ഓഫ് ന്യൂബോൺ ജീസസ്”.പ്രാചീന കാലത്തെ കരകൗശലവിദ്യയ്ക്ക് മകുടോദാഹരണമായി ഉയർന്നുനിൽക്കുന്ന ദേവാലയം. കുറെയധികം വിദേശസഞ്ചാരികൾ അവിടവിടെയായി ക്യാമറയിൽ ഫോട്ടോ എടുത്തു കൊണ്ടിരുന്നു.

മൂന്ന് നിലകളിലായി ഉയർന്നു നിൽക്കുന്ന കെട്ടിടം. ചെത്തിത്തേയ്ക്കാത്ത ഇഷ്ടികച്ചുമരുകൾ. കൊത്തുപണികളോടുകൂടിയ കൂറ്റൻതൂണുകൾ കാവൽനിൽക്കുന്ന പ്രധാന കവാടം! അതു കയറിച്ചെല്ലുന്നത് ഒരു പ്രയർ ഹാളിലേക്കാണ്.

തികഞ്ഞ നിശബ്ദമാണ് അവിടം! കുറേപ്പേർ മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കുന്നതു കണ്ടു. മരക്കൊത്തുകളാൽ അലങ്കൃതമായ വലിയ അൾത്താരയും രൂപക്കൂടും. പ്രയർ ഹാളിന്റെ അതിരിൽ മരത്തിൽ കടഞ്ഞെടുത്ത കാലുകളുള്ള ഒരു അത്താണി. അതിനുമപ്പുറം നീണ്ടു ചുറ്റിക്കിടക്കുന്ന വരാന്തയാണ്. വരാന്തയുടെ ഒരറ്റത്ത് ജപമാലകളും കൊന്തമാലകളും,യേശുദേവന്റെയും മാതാവിന്റെയും ഫ്രാൻസിസ് പുണ്യാളന്റെയും വിവിധ രൂപങ്ങളും വില്പനയ്ക്ക് വെച്ചിട്ടുണ്ട്. എല്ലാം മതപരമായ സാധനസാമഗ്രികൾ മാത്രം. വരാന്തയുടെ ഒരു അറ്റത്ത് “Pray for us” എന്നെഴുതിയതിന്റെ ചുവട്ടിൽ മദർ തെരേസയുടെ ഒരു ഫോട്ടോ,വലിയ ഇരുമ്പ് കാലുകളിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നു. മുമ്പിൽ നടന്നിരുന്ന വിദേശ സഞ്ചാരികൾക്ക് ഒരു ഗൈഡ് എന്തൊക്കെയോ വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു.

എ.ഡി.ആദ്യപകുതിയിൽ ഇന്ത്യയിലെത്തിയ St. ഫ്രാൻസിസ് എന്ന മഹാത്മാവിന്റെ മൃതശരീരമാണ് കുഞ്ഞുമാലാഖമാർ കാവൽനിൽക്കുന്ന ഒരു പെട്ടിക്കുള്ളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. പേടകം വളരെ ഉയരത്തായതിനാൽ കാഴ്ച വ്യക്തമല്ല. പേടകത്തിന് 6 ചില്ല് കവാടങ്ങൾ ഉണ്ട്. ആ ഗ്ലാസിനുള്ളിലൂടെ നോക്കിയാൽ ഒരു മൃതശരീരം കിടത്തിയിരിക്കുന്നത് കാണാം. പത്തു വർഷത്തിലൊരിക്കൽ മാത്രമേ ആ പേടകം മുകളിൽനിന്ന് താഴെ ഇറക്കുകയുള്ളൂ. അന്നവിടെ സന്ദർശകരുടെ പ്രളയമായിരിക്കും. പലരും പേടകത്തെ കെട്ടിപ്പിടിച്ച് കരയാറുണ്ടെന്നും കുമ്പിടാറുണ്ടെന്നും ഗൈഡ് ഹിന്ദിയിൽ പറയുന്നത് കേട്ടു. അടുത്തുതന്നെ പടുത്തുകെട്ടിയ ഒരു തൂണിലുറപ്പിച്ച,ആ മഹാത്മാവിന്റെ കൂറ്റൻ പ്രതിമയും കണ്ടു.

ഒരു കൈയിൽ കുരിശുയർത്തിപ്പിടിച്ച്,അയഞ്ഞ കുപ്പായത്തിനു മുകളിൽ സ്വർണ്ണനിറമുള്ള പട്ട ധരിച്ചുനിൽക്കുന്ന ശാന്തമായ ആ മുഖം മനസ്സിൽനിന്നു മായുന്നില്ല. സമീപത്തുള്ള ഒരു ചില്ലുകൂട്ടിൽ അദ്ദേഹം ഉപയോഗിച്ചതായി പറയപ്പെടുന്ന “ചിത്രങ്ങൾതുന്നിപ്പിടിപ്പിച്ച ഒരു കുപ്പായം”പ്രദർശനത്തിന് വച്ചിരുന്നു. കുരിശ് ആലേഖനം ചെയ്ത ചിത്രപ്പണികളോടു കൂടിയ മനോഹരമായ സ്തംഭങ്ങൾ അവിടവിടെ കാണാം. ആ കലാകാരന്മാരുടെ കരവിരുതിനെ മനസാ നമിക്കാം.

ഞങ്ങളും ക്യാമറയിൽ കുറെ ചിത്രങ്ങൾ പിടിച്ചു. മുകളിലത്തെ നിലയിൽ മ്യൂസിയമാണ്.ടിക്കറ്റെടുത്ത് മുകളിലേക്ക് കയറി . അവിടെ ക്യാമറ അനുവദനീയമല്ല.ചിത്രങ്ങൾക്കും പ്രതിമകൾക്കും താഴെ “ഡോണ്ട് ടച്ച് “എന്ന് എഴുതിവെച്ചിട്ടുണ്ട്. ചില പ്രതിമകൾക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ട്.പക്ഷേ അതെല്ലാം ഭംഗിയിൽ സൂക്ഷിച്ചുവച്ചിരിക്കുന്നു. പുറത്ത് മരത്തിന് കീഴിൽ ഗ്രോട്ടോ..അവിടെ മാതാവിന്റെ തിരുരൂപം. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന ഒരു നീരുറവയും, ഫൗണ്ടനും ആ തിരുരൂപത്തിന് മാറ്റുകൂട്ടുന്നു.

ബസിലിക്കയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും വെയിലിന്റെ ശക്തി കൂടിയിരുന്നു. കത്തുന്ന വെയിലിൽ, ഞങ്ങൾ ഡ്രൈവർ റോഡ്റിഗ്സിനെ കാത്തുനിന്നു.പാർക്കിംഗ് പ്ലേസ് കുറച്ചു ദൂരെയാണെന്ന് തോന്നുന്നു. അധികം വൈകാതെ അയാൾ എത്തി. വെയിലിൽ ഞങ്ങളുടെ തൊണ്ട വറ്റിവരണ്ടിരിക്കുന്നു. അടുത്തു കണ്ട കടയിൽനിന്ന് ഒരു കുപ്പി വെള്ളം വാങ്ങി.ഗോവൻവെയിലിന്റെ ചൂടു മുഴുവൻ കുപ്പിവെള്ളത്തിന്റെ കുളിർമ്മയിൽ അലിയിച്ചു കളയുമ്പോൾ,ഞങ്ങളെയും കൊണ്ട് വാഹനം അടുത്ത ലക്ഷ്യത്തിലേക്ക് പായുകയായിരുന്നു.

തയ്യാറാക്കിയത്: ഗിരിജാവാര്യർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments