Saturday, July 27, 2024
Homeയാത്ര' ബാണാസുര സാഗർ ഡാം. ' (റിറ്റ ഡൽഹി എഴുതുന്ന "മൈസൂർ - കൂർഗ് -...

‘ ബാണാസുര സാഗർ ഡാം. ‘ (റിറ്റ ഡൽഹി എഴുതുന്ന “മൈസൂർ – കൂർഗ് – കേരള യാത്രാ വിശേഷങ്ങൾ” (PART-10)

റിറ്റ ഡൽഹി

കേരളം-വയനാട്-

ബാണാസുര സാഗർ ഡാം.

ഇന്ത്യയിലെ വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ മണ്ണു ഡാമാണിത്.

കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുര മല. ചെങ്കുത്തായ മലനിരകളാണിത്. മലനിരകളുടെ താഴ് വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയത്തോട് ചേർന്നാണ് ബാണാസുര സാഗർ അണക്കെട്ട്.

‘പറയാതെ പറഞ്ഞു തന്ന അനുഭവങ്ങളാണ് ‘ എനിക്ക് ബാണാസുര സാഗറുമായുള്ളത്. KSEB യിൽ ഉദ്യോഗസ്ഥനായിരുന്ന  എന്റെ അച്ഛൻ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ സമയത്ത് ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിച്ചിരുന്ന ആ നാളുകളിൽ അച്ഛന് സ്ഥിരമായി ഇങ്ങോട്ടേക്കുള്ള യാത്ര പതിവായിരുന്നു. എൻ്റെ   അവധിക്കാലങ്ങളിൽ  വയനാട് കാണാനായി അച്ഛൻ്റെ യാത്രകളിൽ എന്നേയും കൂട്ടിനായി വിളിക്കാറുണ്ട്.  പക്ഷെ ഞാൻ’ No’ പറയുമായിരുന്നു  . അച്ഛന്റെ ആ ചോദ്യത്തെ എനിക്ക് അംഗീകരിക്കാൻ പോലും സാധിച്ചിരുന്നില്ല. തലസ്ഥാന നഗരിയിൽ വിലസുന്ന എനിക്ക് , എന്തിനാണ്  വയനാട്ടിലേക്കൊരു യാത്ര? ആലോചിക്കാനെ വയ്യ !  കേരളത്തിലെ ടൂറിസ്സത്തിന് പുത്തനുണർവ്വുമായി പിന്നീട്  വയനാട് വിലസി. വടക്കെ ഇന്ത്യക്കാർ കല്യാണം കഴിക്കുന്നത് തന്നെ കേരളത്തിലെ വയനാട്ടിൽ ഹണിമൂൺ പോകാം എന്ന രീതിയിലായി കാര്യങ്ങൾ.  വയനാട് കാണാത്ത ‘ഇവൾ എന്ത് മലയാളി ? ‘ എന്ന മട്ടിലായിരിക്കുന്നു –  ഡൽഹി  കൂട്ടുകാരികൾക്ക്. അതോടെ യാത്രകൾക്ക് NO പറയുന്ന സ്വഭാവം ഞാൻ  നിറുത്തി . എൻ്റെ ആദ്യത്തെ  സന്ദർശനമാണിവിടെ.

‘कार को थोड़ा पास पार्क करें………..  വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലം തുടങ്ങി   നമ്മുടെ ദേശീയ ഭാഷയുടെ പ്രയോഗം തുടങ്ങും .ഏതൊരു ടൂറിസ്റ്റ് സ്ഥലത്തിൻ്റെ മുൻപിൽ കാണുന്ന കടകളായ തൊപ്പികൾ, കൂളിംഗ് ഗ്ലാസ്സ്, ഉപ്പിലിട്ടത്…  എല്ലാവരും   ദേശീയ ഭാഷയിൽ പ്രാവീണ്യം നേടിയവർ. മലയാളം ആരോടു പറയും എന്ന മട്ടിലായി ഞാൻ.

നാലു ദിക്കിലും കോട്ട പോലെ ചക്രവാളം മുട്ടി നിൽക്കുന്ന മലനിരകൾ. മഹാബലിയുടെ മകനായ ബാണൻ്റെ കോട്ടയായിരുന്നുവത്രേ ഈ മല ! നാലഞ്ചു മലകൾ നിരന്നു നിൽക്കുന്നതിനാൽ കോട്ട തീർത്തതുപോലെ തോന്നും. ഡാമിനടുത്ത് ബാണാസുരൻ്റെ പേരിൽ ക്ഷേത്രവുമുണ്ട്. ജലാശയത്തിൻ്റെ അടുത്തേക്ക് നടന്നോ / ബസ്സിലോ പോകാം.

ഡാമിൻ്റെ ദൂരെക്കാഴ്ച കാണുന്നതിനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് നിറയെ മരങ്ങൾ. അതിലെല്ലാം ഊഞ്ഞാൽ കെട്ടിയിരിക്കുന്നു . ഏതോ പഴയ തറവാട് വീടിൻ്റെ പറമ്പിൽ എത്തിയതു പോലെ. ഗതകാല സുഖ സ്മരണകൾ തലപൊക്കിയതുപോലെ. സഞ്ചാരികൾക്കായി കുതിര സവാരി, റോപ്പ് വേ, ഫിഷ് സ്പാ ……. അതുപോലെ ജലാശയത്തിലൂടെ സഞ്ചരിക്കാൻ ബോട്ടുകളുമുണ്ട്. സ്പീഡ് ബോട്ടും സാധാരണ ബോട്ടുകളുമാണുള്ളത്. ടിക്കറ്റ് വാങ്ങിക്കാനായി ഒരു പൂരത്തിൻ്റെ തിരക്കുണ്ട്.

ജലാശയവും  ബാണാസുര മലനിരകളും വെള്ളത്തിൽ മുങ്ങിയ മൊട്ടക്കുന്നുകളും പച്ചപ്പും ചേർന്ന് ഒരു സുന്ദരക്കാഴ്ച തന്നെ സമ്മാനിക്കുന്നു. 1979-ൽ ആരംഭിച്ച ഈ അണക്കെട്ട് 2004ൽ ആണ്  പണി പൂർത്തിയാക്കിയത്. മൺസൂൺ തുടങ്ങി ഒന്നര – രണ്ടു മാസമെങ്കിലും മഴ പെയ്താലെ ഡാo ഭാഗികമായെങ്കിലും നിറയുകയുള്ളുവത്രേ! വെള്ളം നിറഞ്ഞാൽ ഡാമിൻ്റെ ഷട്ടർ തുറന്നു വിടാറുണ്ട്. പാൽ പോലെ പതഞ്ഞ് വെള്ളം താഴേക്കു വെള്ളം ഒലിച്ചിറങ്ങും.  ഷട്ടറിനിടയിലൂടെ ചാടി വരുന്ന ചെമ്പല്ലികളെ പിടിക്കുന്നതും വലിയൊരു ആഘോഷമായിരുന്നുവത്രേ. എന്നാൽ ഈ  അടുത്ത കാലങ്ങളിൽ സ്ഥിതി മാറി .ഇത്തരം വാർത്തകൾ കൂടുതൽ ഭീതിയോടെയാണ്  പ്രാദേശിക ജനങ്ങൾ കാണുന്നത്.

അവിടെ നിന്നുള്ള ചിത്രങ്ങൾ അച്ഛന് അയച്ചു കൊടുത്തപ്പോൾ,’ ഇതൊക്കെ ടൂറിസ്സത്തിനുള്ളതല്ലേ? Solar panels ഉള്ള പന്തൽ കണ്ടില്ലേ എന്നാണ് തിരിച്ചുള്ള ചോദ്യം. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന അച്ഛൻ, ആ പഴയ ഉദ്യോഗസ്ഥനായോ എന്ന് സംശയം.  അച്ഛന്  KSEB യോടുള്ള മമത കാണുമ്പോൾ, ‘ വെറുതെ ഒരു ഭാര്യ’ എന്ന സിനിമയിലെ ജയറാമി നെയാണ് ഓർമ്മ വരുക. ഒരു പക്ഷെ അച്ഛനെ മനസ്സിൽ കണ്ടാണോ ആ കഥാപാത്രം ഉരുതിരിഞ്ഞതെന്നു പോലും സംശയിക്കാറുണ്ട്.

ഡാമിൽ ഒഴുകി നടക്കുന്ന തരത്തിലുള്ള സോളാർ പാനലുകളാണ് ആദ്യം സ്ഥാപിച്ചത്.വെള്ളത്തിൻ്റെ ഏറ്റക്കുറച്ചിലും ഗതിമാറ്റങ്ങളും പാനൽ പ്രതലത്തെ ബാധിക്കില്ല.അതിനു പുറമെ  അണക്കെട്ടിൻ്റെ കിഴക്കേ ഭാഗത്ത് നീളത്തിൽ പാനലിൻ്റെ ഒരു പന്തൽ തന്നെ ഒരുക്കിയിരിക്കുന്നു. സഞ്ചാരികൾക്ക് വെയിൽ കൊള്ളാതെ ഇതിനിടയിലൂടെ നടക്കാമെന്ന സൗകര്യവുമുണ്ട്. വയനാട് സ്വദേശികളും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായിരുന്ന  രണ്ടു പേരുടെയാണ്  ഇതിൻ്റെ പ്രാരംഭ സാങ്കേതിക വിദ്യ!

ബാണാസുര സാഗർ ഡാം – ആ പദ്ധതിയുടെ അണിയറ ശില്പികളിൽ പലരും ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു. എന്നാലും മനുഷ്യ നിർമിതമായ  മനോഹരമായ ഈ സ്ഥലത്തിൽ നിന്ന് യാത്ര പറയുമ്പോൾ, അവർക്കെല്ലാം എൻ്റെ വലിയൊരു സല്യൂട്ട്!

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments