Sunday, May 19, 2024
Homeകഥ/കവിതഭ്രാന്തൻകേളു (കഥ) ✍സുശീല ഗോപി

ഭ്രാന്തൻകേളു (കഥ) ✍സുശീല ഗോപി

സുശീല ഗോപി

വിമാനത്തിന്റെ കാതടപ്പിക്കുന്ന ഇരമ്പൽ കേട്ട് അമ്മു ആകാശത്തേയ്ക്കു നോക്കി. അയ്യോ എന്ത് പറ്റി വിമാനം ചെരിഞ്ഞു കുത്തിമറിയുന്നല്ലോ…!നോക്കി നിൽക്കെ വിമാനം തെന്നിതെന്നി താഴേക്കു വീണു. വലിയൊരു ശബ്ദത്തോടെ അത് നിലം പതിച്ചു. തീ ആളിപ്പടർന്നു. കണ്ണുകൾ ഇറുകെയടച്ച് ചെവിരണ്ടും പൊത്തിപ്പിടിച്ച് അമ്മു ആർത്തു കരഞ്ഞു. ശബ്ദം തൊണ്ടയിൽ കുരുങ്ങിനിന്നതല്ലാതെ പുറത്തേയ്ക്കു വന്നില്ല. പെട്ടന്നാണ് വലിയൊരു തീഗോളം അവൾക്കരികിലേയ്ക്കു തെറിച്ചു വരുന്നതായി തോന്നിയത്. “അമ്മേ”അവൾ ഉറക്കെ കരഞ്ഞു.അവൾക്കരികിൽ കിടന്നുറങ്ങിയ ഉണ്ണിക്കുട്ടൻ ഞെട്ടിയുണർന്നു.
എന്താ… എന്താ…?ഉണ്ണിക്കുട്ടൻ അവളെ തട്ടിവിളിച്ചു. രണ്ടു കൈകൊണ്ടും മുഖം പൊത്തി കരയുന്നതിനിടയിൽ അമ്മു വിമാനം വിമാനം എന്ന് പിറു പിറുക്കുന്നുണ്ടായിരുന്നു. അവൾക്കരികിലേയ്ക്കു നീങ്ങിക്കിടന്നുകൊണ്ട് അവൻ ചോദിച്ചു.എന്താ…ചേച്ചി എന്തിനാ കരയുന്നെ?
വിമാനം… വിമാനം വീണു.
വിമാനം വീഴേ… അയ്യേ ചേച്ചി ഉറക്കത്തു കണ്ടതാ… അവൻ തിരിഞ്ഞു കിടന്നു വീണ്ടും ഉറങ്ങി.അവൾക്കു പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. അവൾ കണ്ണുകൾ തിരുമ്മി തുറന്ന് എഴുന്നേറ്റിരുന്നു. ജനലിലൂടെ പുറത്തേയ്ക്കു നോക്കി.എങ്ങും കൂരിരുട്ട് !
സമയമെന്തായിക്കാണും എഴുന്നേൽക്കുക തന്നെ. ഇന്നു അത്തം തുടങ്ങുകയാണ്. പണികളെല്ലാം ചയ്തു തീർക്കണം. അച്ഛൻ സമ്മതിച്ചാൽ പൂവിടണം.അപ്പോഴാണ് അവളോർത്തത്. അച്ഛൻ സ്ഥലത്തില്ല ദൂരസ്ഥലത്തു പണിക്കു പോയതാണ്.കൂട്ടിനു അമ്മയും പോയിട്ടുണ്ട്. അതുകൊണ്ടാണല്ലോ താൻ ഇത്ര നേരത്തെ എണീറ്റത്.ഇന്നലെ ലളിത പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഇന്ന് അത്തം തുടങ്ങുകയാണെന്നും പൂത്തറ ഒരുക്കണമെന്നും.അവൾ വിളക്ക് കത്തിച്ചു വാതിൽ തുറന്ന് പുറത്തുവന്നു.താഴേക്കു നോക്കി. അവിടെയെങ്ങും വിളക്ക് തെളിഞ്ഞിട്ടില്ല.ആരും ഉണർന്നിട്ടില്ലെന്ന് തോന്നുന്നു.അവൾ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അപ്പോഴാണ് കാവിലെ ഏതോ മരത്തിൽ നിന്നും കാലൻ കോഴിയുടെ കൂവൽ കേട്ടത്. അവളോടി അകത്തു കയറി വാതിലടച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല.എത്ര നേരം കിടന്നുവെന്നറിയില്ല.എവിടെയോ കോഴികൂവുന്നത് കേട്ടു. പാതിരാ കോഴിയാവും! അവളോർത്തു. ഒരു പദ്യം പഠിക്കാനുണ്ടായിരുന്നു. രാത്രി വായിക്കാനെടുത്തു വെച്ചെങ്കിലും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോകുകയായിരുന്നു. അവൾ വിളക്ക് കത്തിച്ചു.തലയ്ക്കൽ വെച്ച പുസ്തകമെടുത്തു നാലുതവണ വായിച്ചു. അത് അവിടത്തന്നെ മടക്കി വെക്കുകയും ചെയ്തു. എപ്പോഴെന്നറിയില്ല തിരിഞ്ഞു കിടന്നു ഉറങ്ങിപ്പോയി.

ആറാം ക്ലാസ്സിലാണ് അമ്മു പഠിക്കുന്നത്. ഒരു ചെറിയ കുന്നിൻമുകളിലാണ് അവളുടെ വീട്. വീടിനു പിന്നിലായി കാവുണ്ട്. കാട്ടു മുല്ലയും കാരയും പുല്ലാഞ്ഞിപ്പൂക്കളും നിറഞ്ഞ വനസമ്പത്ത്. പന്തലിച്ചു കിടക്കുന്ന വള്ളിപ്പടർപ്പുകൾ.അവ നിറയെ പല നിറത്തിലുള്ള പൂക്കൾ.കിളികളുടെ കള കളാരവം.വണ്ടുകളുടെ മൂളിപ്പാട്ടുകൾ.എങ്ങും നിറഞ്ഞു നിൽക്കുന്ന
സുഗന്ധങ്ങളുടെ പരസ്പര പൂരകം..!
പൂമണം പേറി പറക്കുന്ന മന്ദമാരുതൻ! പാറക്കെട്ടുകൾക്കരികിലായി മഞ്ഞയും പച്ചയും നിറത്തിലുള്ള മുളകളുടെ കൂട്ടം. പലതരത്തിലും നിറത്തിലുമുള്ള പൂമ്പാറ്റകൾ, കിളികൾ,വണ്ടുകൾ,എന്നു വേണ്ടാ ഇന്ന് ഭീഷണി നേരിടുന്ന പലതരം ജന്തുക്കൾവരെ. ഇവയെല്ലാം അമ്മുവിന് സ്ഥിരം പരിചിതർ. മനസ്സിൽ സങ്കടം തോന്നുമ്പോൾ പലപ്പോഴും അവൾ അവരോടൊപ്പം ചെന്നിരിക്കും. അവരുടെ കുസൃതികളിൽ പങ്കുചേരും. ഒഴിവു കാലം ചെലവഴിക്കുന്നതും അവരോടൊപ്പമാണ്.നേർത്ത കാറ്റിൽപോലും ഉലഞ്ഞാടുന്ന മുളകളുടെ സംഗീതം കേൾക്കാം.
മ്യാവൂ… മ്യാവൂ…
മണിക്കുട്ടിയുടെ കരച്ചിൽ കേട്ട് അവൾ ഞെട്ടിയുണർന്നു. ഈശ്വരാ നേരം വെളുത്തോ?ഏട്ടനുണരും മുൻപേ മുറ്റമടിക്കണം. ഇല്ലെങ്കിൽ അടി ഉറപ്പാണ്. ചൂല് കണി കാണാൻ പാടില്ല.”മണിക്കുട്ടി” വെളുത്തു സുന്ദരിയായ പൂച്ചക്കുട്ടി.അമ്മുവിന്റെ കളിക്കൂട്ടുകാരി.അവൾ ഒന്നു മൂരിനിവർന്നു വാൽ പൊക്കി അമ്മുവിനെ വട്ടം ചുറ്റി.
ഇല്ല!ഏട്ടനുണർന്നിട്ടില്ല.കൂർക്കം വലി കേൾക്കുന്നുണ്ട്. അവൾ ചാടി എഴുന്നേറ്റ് വേഗം അടുക്കളയിൽ ചെന്ന് തലേന്ന് നുറുക്കി വെള്ളത്തിലിട്ടു വെച്ച കപ്പ കഴുകി വട്ടയിലിട്ടു മൂടിവെച്ചു. അടുപ്പിലെ വെണ്ണീര് വാരിക്കോരി രണ്ടടുപ്പിലും തീ കൂട്ടി ഒന്നില് വെള്ളവും മറ്റേതിൽ കപ്പയും വെച്ചു. ചട പടാന്ന് പണിയെല്ലാം തീർത്ത് ഏട്ടനോട് സമ്മതം വാങ്ങി.പൂ പറിക്കാൻ പോയി. കുളി കഴിഞ്ഞ് പൂവിട്ടു.
പതിവുപോലെ അന്നും അൽപ്പം വൈകിയാണ് അമ്മു സ്കൂളിലേക്ക് പോയത്.ഉണ്ണിക്കുട്ടനും, മണിക്കുട്ടനും വീടിനടുത്തുള്ളഎൽ. പി സ്കൂളിലാണ്. ഒന്നിലും നാലിലും. അവർ നേരത്തെ പോയി. അമ്മു വേഗം നടന്നു.അടുത്തവീട്ടിലെ ശോഭചേച്ചി കുഞ്ഞൂസിന് എന്തോ കൊടുക്കുകയാണ്.
എന്താ അമ്മു ഇന്നും വൈകിയോ?ശോഭ ചോദിച്ചു.
ആ ചേച്ചി ഇന്ന് ഞാൻ പൂവിട്ടു കൊറച്ചു വൈകി.
അമ്മൂ… താ നോക്ക് ഇവളൊന്നും കഴിക്കുന്നില്ല. ഭ്രാന്തൻ കേളുവിനെ അവിടെങ്ങാനും കണ്ടാൽ പറഞ്ഞു വിടണേ… അത് കേട്ടതും അവൾ സ്തംഭിച്ച് ഒറ്റ നില്പ്പായി.
എന്താ അമ്മൂ നിന്നു കളഞ്ഞത്? പോകുന്നില്ലേ…?
കുട്ടികളെല്ലാരും പോയിക്കാണോ ചേച്ചി…?
‘ഇല്ല ‘മോള് പൊയ്ക്കോ.താഴത്തെ രാഘവൻ മാഷ് പോകുന്നേണ്ടാവൂ പേടിക്കണ്ടാട്ടൊ… ശോഭ വിളിച്ചു പറഞ്ഞു. അവൾ മനസ്സില്ലാ മനസ്സോടെ നടന്നു. ഉള്ളിൽ പേടിയുണ്ട്. കേളുവിനെ എങ്ങാനും കണ്ടാൽ!അവൾ ഒരുവിധം ഓടിയും നടന്നും സ്കൂളിലെത്തി. അപ്പോഴാണവൾക്ക് ശ്വാസം വീണത്.”ഭ്രാന്തൻ കേളു”ആറടിയെങ്കിലും നീളവും,ചാടിയ വയറും, നെഞ്ചോളാം തൂങ്ങി നിൽക്കുന്ന താടിയും,കുറുകിയ കണ്ണുകളും,നെഞ്ചുവിരിച്ചുള്ള നടപ്പും, കറപിടിച്ച പല്ലുകളും, മുഷിഞ്ഞ മുണ്ടും കീറിയ ബനിയനും എല്ലാം കൂടി വല്ലാത്തൊരു പ്രകൃതം.അടുത്ത വീട്ടിലെ ശോഭചേച്ചി അപ്പുവിനും കുഞ്ഞൂസിനും ചോറുകൊടുക്കുമ്പോൾ എന്നും പറയുന്നത് കേൾക്കാം. ഭ്രാന്തൻ കേളു വരുവേ… താ ഇങ്ങനെ ഞെക്കിപ്പിടിച്ച് ഒറ്റക്കടിയാ… അയാളുടെ ആ വലിയ വയറു നിറയെ കുട്ടികളാ…
ഒരിക്കൽ കുഞ്ഞായിരുന്നപ്പോൾ അമ്മുവിനോടും പറഞ്ഞു ശോഭ. അതോടെ അവളും വിശ്വസിച്ചു. പിന്നീട് പല തവണ കണ്ടെങ്കിലും അന്നൊക്കെ മാഷിന്റെയോ, കുട്ടികളോടോപ്പമോ ആയിരിക്കും അവൾ.

ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടി. ഓണത്തിന് പൂവിട്ടാൽ അച്ഛൻ ചന്തയിൽ നിന്നും പുള്ളിപ്പാവാട വാങ്ങിക്കൊടുക്കും. അൽപ്പം ചന്തം കുറഞ്ഞാലും ചന്തയിൽ നിന്നും പാവാടയും ജമ്പറും ഷഡിയും വാങ്ങിക്കൊടുക്കും.
അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം.അമ്മു മുറ്റമടിയും പാത്രം കഴുകലും കഴിഞ്ഞ് അടുത്ത പറമ്പിലെ കിണറ്റിൽ നിന്നും വെള്ളം കോരി ഉണ്ണിയെയും മണിയെയും കുളിപ്പിച്ചു. അവളും കുളിച്ചു വീട്ടിലെത്തുമ്പോഴേയ്ക്കും എട്ടര കഴിഞ്ഞ് കാണും. സമയം നോക്കാൻ ക്ളോക്കോ വാച്ചോ ഇല്ലല്ലൊ. അമ്മപുഴുങ്ങി വെച്ച കപ്പയും മീനും കഴിച്ച് വേഗം സ്കൂളിലയ്ക്കു നടന്നു. എല്ലാവരും പോയിക്കാണും!അമ്മ ഇവിടെയെങ്ങുമാണോ പണിയ്ക്കു വന്നത്. അവൾ വയലിലേയ്ക്കു നോക്കി.ഏതൊക്കെയോ പെണ്ണുങ്ങൾ ഉണ്ട്. ആരെയും മനസ്സിലാകുന്നില്ലവേഗം നടക്കാം. അവളുടെ നടപ്പിന് വേഗം കൂട്ടിയെങ്കിലും പേടികാരണം കാലുകൾ മുന്നോട്ടു പോയതേയില്ല. ഈശ്വരാ അടുത്ത വളവിലെത്തുമ്പോഴാണ് പേടി.രണ്ടുഭാഗവും മലയാണ്. കൂടാതെ എസ് എന്നെഴുതിയ പോലെ വളവും. പല ദിവസവും ഈ ഭാഗത്തു വെച്ച്‌ കണ്ടിട്ടുമുണ്ട്. അവൾ കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ടാണ് നടന്നതെങ്കിലും പാതിവളവെത്തിയതും അതാ വരുന്നു ഭ്രാന്തൻ കേളു. ഇനിയെന്ത് ചെയ്യും. പേടി കൊണ്ടവളുടെ കാലുകൾ വിറച്ചു. തിരിഞ്ഞോടാനും വയ്യാ. റോഡ് നിയമം തെറ്റിച്ചാലോ. ആരെങ്കിലും കണ്ടാൽ സ്കൂളിൽ പറയും. അസംബ്ലിയിൽ വരാന്തയിൽ നിർത്തും.ഒന്നും നോക്കിയില്ല അവൾ ഭ്രാന്തന്റെ മുഖത്തേയ്ക്ക് നോക്കി. ഭ്രാന്തൻ അവളെ നോക്കി മന്ദഹസിച്ചു. ഭ്രാന്തന്മാർ ആദ്യം ചിരിക്കും പിന്നെ കരയും പിന്നീടത് അട്ടഹാസമാകും. അത് കണ്ട് ഭയന്ന് വിറയ്ക്കുന്ന നമ്മളെ സാന്ത്വനിപ്പിയ്ക്കാൻ അടുത്തുകൂടും എന്നിട്ട് മെല്ലെ വന്ന് നമ്മളെ പിടിയ്ക്കും.എന്നൊക്കെ അടുത്തവീട്ടിലെ ശോഭ ചേച്ചി പറയുന്നത് കേട്ടിട്ടുണ്ട്.കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ റോഡിന് കുറുകെ ഒറ്റ ഓട്ടം വെച്ചുകൊടുത്തു.റോഡ് മുറിച്ചു കടക്കും മുൻപേ എതിരെ വന്ന ജീപ്പ് വലിയൊരു ശബ്ദത്തോടെ അടുത്തുള്ള കുറ്റിക്കാട്ടിലേയ്ക്കു ഇടിച്ചുകയറി.അവൾ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഉച്ചത്തിൽ നിലവിളിച്ചു. “അമ്മേ”…അ… മ്മേ… അതോടെ അവളുടെ ബോധം മറഞ്ഞു.ഓർമ്മ തെളിയുമ്പോൾ താനേതോ ആശുപത്രിയിലാണെന്നും കൈകാലുകൾ നിറയെ വേദനയുണ്ടെന്നും അവൾ അറിഞ്ഞു. അമ്മേ അവൾ കരഞ്ഞു. മോളെ ബാലനും രാധയും അവളെ ചേർത്ത് പിടിച്ച് തഴുകി. ബാലൻ ഡോക്ടറെ കൂട്ടികൊണ്ടുവന്നു. അമ്മുവിനെ നോക്കിയ ശേഷം ഡോക്ടർ പറഞ്ഞു. മോൾക്ക്‌ പ്രശ്നമൊന്നുമില്ല. ചെറുതായിട്ടൊന്നു വീണതിന്റെയാണ് പിന്നേ ഉള്ളിലുള്ള പേടിയും. ഇന്നിവിടെ നിൽക്കട്ടെ നാളെ നോക്കാം. ഡോക്ടർ അവളുടെ നെറ്റിയിൽ തലോടി കൊണ്ട് പറഞ്ഞു. ആഹാ “മിടുക്കിയായല്ലോ, പേടിക്കണ്ടാട്ടൊ നാളെ വീട്ടിൽ പോകാമല്ലോ. അവൾ തലയാട്ടി. വൈകിട്ട് ഒന്നുമയങ്ങിയുണർന്നപ്പോൾ അവളറിഞ്ഞു തന്നെയാരോ മുറുകെ പിടിച്ചിരുന്നുകൊണ്ട് കരയുന്നുണ്ടെന്നു.
അവളറിഞ്ഞു.
.ആകെ കുഴഞ്ഞുപോയ അവൾ കണ്ണ് തുറന്നു ചുറ്റിലും നോക്കി.മുത്തേ എന്റെ മുത്തേയെന്ന് ആരോ തേങ്ങിക്കരയുന്നത് അവൾ അറിഞ്ഞു.കണ്ടു,തന്നെ ചുറ്റിവരിഞ്ഞ കൈകളിലെ വിരലുകൾ നീണ്ട് ആകെ ചെറ് പൊതിഞ്ഞിരിക്കുന്നു. മുഖമുയർത്തി നോക്കിയതും ഉറക്കെ കരഞ്ഞുകൊണ്ട് കുതറി മാറാൻ ശ്രമിച്ചു. എന്നാൽ അയാൾ അവളെ നെഞ്ചോടമർത്തി മുത്തേ എന്റെ മുത്തേ എന്നു പിറുപിറുത്ത്കൊണ്ടേയിരിക്കുന്നു.പേടിച്ചു വിറയ്ക്കുന്ന അമ്മുവിനെ കണ്ടപ്പോൾ രാധയ്ക്കു സഹിയ്ക്കാൻ കഴിഞ്ഞില്ല. അവൾ ഡോക്ടറുടെ അരികിലേയ്ക്ക് ഓടി. ഡോക്ടർ എന്റെ “മോൾ ‘അമ്മു അമ്മു… അവൾ വിക്കി വിക്കി കരഞ്ഞു.
ദാ വരുന്നു…ഡോക്ടർ ഉടൻ തന്നെ അമ്മു കിടക്കുന്ന ബെഡിനരികിലെത്തി.കേളുവിനെ പിടിച്ചുമാറ്റി അമ്മുവിനെ പരിശോധിച്ചു. അവൾക്ക് ഡ്രിപ്പ് നൽകാൻ സിസ്റ്റർക്കു നിർദ്ദേശം കൊടുക്കുന്നതിനിടയിൽ കേളു ഡോക്ടർക്കു നേരെ കൈകൂപ്പി കരഞ്ഞു. അത് കണ്ട ഡോക്ടർ അയാളെ തന്റെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി.ഏറെനേരത്തിനു ശേഷം പുറത്തുവന്ന കേളു അമ്മുവിനെ ഒന്ന് നോക്കിയതിനു ശേഷം ആശുപത്രി വരാന്തയിൽ തല കുനിച്ചിരിക്കുന്നത് കാണായി. അപ്പോഴാണ് വാര്യത്തെ രാജൻ അങ്ങോട്ട്‌ വന്നത്. എങ്ങനെയുണ്ട് രാധേ കുഞ്ഞിന് കുറവുണ്ടോ? രാധ മെല്ലെ തലയാട്ടി.അവളുടെ കണ്ണ് നിറഞ്ഞതുകണ്ട് അയാൾ അവളെ സമാധാനിപ്പിച്ചു. പിന്നെവരാംമെന്നു പറഞ്ഞു അയാൾ പോയി.ജീപ്പിന്റെ ഒച്ച കേട്ട് ആദ്യം ഓടിയെത്തിയത് രാജനായിരുന്നു.ഓടിക്കൂടിയവർ ആണ് അമ്മുവിനെ ആശുപത്രിൽ എത്തിച്ചത്.അമ്മുവിനെ തന്റെ നെഞ്ചോടമർത്തി പിടിച്ച് പൊട്ടിക്കരയുന്ന ഭ്രാന്തൻ കേളുവിനെയാണ് അവർ കണ്ടത്. അയാളുടെ കൈകളിൽ നിന്നും അമ്മുവിനെ പിടിച്ചുമാറ്റാൻ നോക്കിയെങ്കിലും അയാൾ വിടാൻ തയ്യാറല്ലായിരുന്നു.വാര്യത്തെ രാജൻ അയാളോട് പല തവണ വിടാൻ പറഞ്ഞെങ്കിലും കേളു വിട്ടില്ല.കേളു ഇത് നിന്റെ മുത്തുവല്ല പിടിവിടൂ.എന്റെ മുത്ത് എന്റെ മുത്ത്‌ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.അയാളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തൂവുന്നുണ്ട്. എന്റെ മുത്തിനെ കൊണ്ടുപോകല്ലേ… അയാൾ കരഞ്ഞുകൊണ്ട് ജീപ്പിന്റെ പിന്നാലെ ഓടി. എന്റെ മുത്തിനെ കൊണ്ടുപോകല്ലേ… എന്നേ കൂടി കൊണ്ടുപോകൂ… രാജന് അയാളോട് സഹതാപം തോന്നി.വണ്ടിയിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു അയാളെ കൂടി കയറ്റിക്കോളൂ… അയാളില്ലായിരുന്നെങ്കിൽ കുഞ്ഞിപ്പോൾ വണ്ടിയ്ക്കടിയിൽ പെട്ടേനെ…ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.രാജൻ പറഞ്ഞു.

അവൾക്ക് ഓർമ്മ തെളിയും വരെ അയാൾ ആശുപത്രിയിൽ നിന്നും പോയതേയില്ല. ചുട്ടുപൊള്ളുന്ന പനിയും വിറയലും പിറ്റേന്ന് നേരം വെളുത്തപ്പോഴേയ്ക്കും കുറഞ്ഞു.അന്ന് വൈകിട്ട് റൌണ്ട്സിനെത്തിയ ഡോക്ടർ അവളോട്‌ കേളുവിനെക്കുറിച്ചും അയാളുടെ രോഗത്തിന്റെ അവസ്ഥയെ കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. മോൾക്കിപ്പോൾ ഒന്നുമില്ലെന്നും ചെറിയൊരു പേടിമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഡോക്ടർ അവളോട്‌ പറഞ്ഞു. നാളെ വീട്ടിൽ പോകാമെന്നും ഇനി പേടിയ്ക്കരുതെന്നും പറഞ്ഞുകൊണ്ട് പുറത്തു തലോടി. അവൾക്ക് സന്തോഷമായി.പിറ്റേദിവസം രാവിലെ വൈകിയാണ് അവൾ ഉണർന്നത്. അവളമ്മയെ അവിടെയെങ്ങും കണ്ടില്ല. പകരം ബെഡിൽ തന്നെ തന്നെ നോക്കിയിരിക്കുന്ന കേളുവിനെയാണ്. ഇത്തവണ കരയുന്നതിന് പകരം അവൾ അയാളെ നോക്കി ചിരിച്ചു. അയാൾ അവളയും .അയാൾ അവളുടെ മുടിയിൽ തലോടി. അവൾ അയാളുടെ കൈകളിലേയ്ക്കു നോക്കി. ഇന്നലെയോളം കൈകളിൽ കണ്ട ചേറ് കഴുകിയിരിക്കുന്നു. അലസ്സമായി പാറിപ്പറന്നു കിടന്ന മുടി ഒതുക്കിവെച്ചിരിക്കുന്നു. ഇന്നോളം ചിരിച്ചുകാണാത്ത ചുണ്ടിൽ ചിരി വിടർന്നിരിയ്ക്കുന്നു. ചേതനയറ്റ കണ്ണുകളിൽ വെളിച്ചം വീണിരിയ്ക്കുന്നു. ബാലനും രാധയും ചായയുമായി വരുമ്പോൾ കണ്ടത് കേളുവിന്റെയടുത്ത് അനുസരണയോടെ ഇരിക്കുന്ന അമ്മുവിനെയാണ്. അവർ വരുന്നത് കണ്ടപ്പോൾ കേളു എങ്ങോട്ടെന്നില്ലാതെ നടന്നുപോയി. അവൾ രാധയോട് ചോദിച്ചു.ആരാ അമ്മേ ഈ മുത്ത്‌?കേളുവിന്റെ മോളാ പണ്ടെങ്ങോ വണ്ടിയിടിച്ചു മരിച്ചു പോയതാ… വാര്യത്തെ വളവിൽ വെച്ച്…ഇതുപോലെ സ്കൂളിൽ പോകുമ്പോൾ. അതോടെ അവന്റെ ഭാര്യയും മരിച്ചുപോയി. അതിനു ശേഷമാ ഇവനിങ്ങനെ.അതുകേട്ടപ്പോൾ അവൾക്ക് അയാളോടുള്ള പേടിയെല്ലാം പോയി. അവളയാളുടെ കണ്ണിലേക്കു നോക്കി. “പാവം”ഇയാളെയാണോ താനിത്രയും കാലം പേടിച്ചത്..!അവൾക്ക് കേളുവിനോട് സഹതാപം തോന്നി.അവളുടെ കുഞ്ഞു മനസ്സ് വിതുമ്പി…!അവൾ ബാലനോട് ചോദിച്ചു. അച്ഛാ കേളുമാമന് ഒരു മുണ്ടും ഷർട്ടും കൊടുക്കുമോ?കണ്ടില്ലേ ആകെ മുഷിഞ്ഞു കീറിയിരിക്കുന്നു. കൊടുക്കുമോ അച്ഛാ അവൾ വീണ്ടും ചോദിച്ചു. കൊടുക്കാം മോളെ. നാളെ വീട്ടിലെത്തിയിട്ടു മോള് തന്നെ എടുത്തോളൂ. സ്കൂളിൽ പോകുമ്പോൾ കൊടുക്കാമല്ലോ! അവൾ തലയാട്ടി.
അയാൾ ഓർക്കുകയായിരുന്നു തനിയ്ക്കു തന്നെ മാറിയുടുക്കാൻ ആകെ ഒന്നൊരാണ്ടോ മുണ്ടേയുള്ളൂ എന്നാലും കുഞ്ഞിന്റെ നല്ലമനസ്സിനെ അയാൾ ഉള്ളുകൊണ്ട് പ്രകീർത്തിച്ചു. ഇപ്പോൾ അമ്മുവിന് സ്കൂളിൽ പോകാൻ ഒട്ടും പേടിയില്ല. കാരണം കേളു ഇപ്പോൾ ഭ്രാന്തനല്ല!അയാൾ ഇപ്പോൾ പല്ലുതേയ്ക്കും കുളിയ്ക്കും കടത്തിണ്ണകൾ അടിച്ചുവാരിക്കൊടുത്തും ഹോട്ടലിലേയ്ക്കു വെള്ളം കോരിയും ചില്ലറ തുട്ടുകൾക്ക് പണിയെടുക്കും. അമ്മുവിന് മിഠായി വാങ്ങി അവൾ വരുന്നതും നോക്കിയിരിക്കും. അവൾ സ്കൂളിലേക്ക് വരുമ്പോൾ അയാൾക്ക്‌ കപ്പയും മീനും പൊതിഞ്ഞു കൊണ്ടുക്കൊടുക്കും. ഒരു ദിവസം മഴ നനഞ്ഞു ഓടി വന്ന അമ്മു കല്ലിൽ തട്ടിവീണപ്പോൾ മുത്തേയെന്നു വിളിച്ചു കൊണ്ട് അയാൾ ഓടിവന്നു അവളെ വാരി എടുത്തു.അതെ അമ്മു ഇന്നും അയാളുടെ
മുത്തുവാണ്. അയാളുടെ മരിച്ചുപോയ മകൾ..!അവൾക്ക് അയാൾ “ഭ്രാന്തൻ കേളു’വല്ല. കേളുമാമനാണ്.

സുശീല ഗോപി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments