Sunday, June 15, 2025
Homeകായികംചാമ്പ്യൻമാർ രക്ഷപ്പെട്ടു ; കർണാടകത്തെ ഡൽഹി കുരുക്കി.

ചാമ്പ്യൻമാർ രക്ഷപ്പെട്ടു ; കർണാടകത്തെ ഡൽഹി കുരുക്കി.

ഇറ്റാനഗർ കിരീടം നിലനിർത്താനിറങ്ങിയ കർണാടകം സമനിലയുമായി രക്ഷപ്പെട്ടു. സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ ഡൽഹിയാണ്‌ ചാമ്പ്യൻമാരെ 1–-1ന്‌ തളച്ചത്‌. പരിക്കുസമയം കിട്ടിയ പെനൽറ്റി ഡൽഹി കളഞ്ഞത്‌ കർണാടകത്തിന്‌ ആശ്വാസമായി. പ്രതിരോധക്കാരൻ ജി നിഖിൽ ഭാരന്യു ഭൻസാലിനെ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. എന്നാൽ, ഡൽഹി മുന്നേറ്റക്കാരൻ ശ്രിധർത് നോൻഗെയിക്‌പാമിന്റെ ദുർബല കിക്ക്‌ ഗോൾകീപ്പർ ടി ക്രിസ്‌തുരാജൻ തട്ടിയകറ്റി. മലയാളിയാണ്‌ ഈ ഗോളി. ഷാനിദ്‌ വാളൻ, സി കെ റാഷിദ്‌ എന്നീ മലയാളികളും കർണാടക നിരയിലുണ്ട്‌.

അപ്പു ആരോഗ്യസ്വാമിയിലൂടെ കർണാടകമാണ്‌ മുന്നിലെത്തിയത്‌. എന്നാൽ, മൂന്ന്‌ മിനിറ്റിനുള്ളിൽ പ്രബീൺ ടിഗ്ഗയുടെ പിഴവുഗോൾ ഡൽഹിക്ക്‌ സമനില നൽകി. ഒഡിഷക്കാരനായ പ്രബീൺ ഇത്തവണ കർണാടകയ്‌ക്കായാണ്‌ കളിക്കുന്നത്‌. കളിപിടിക്കാൻ ചാമ്പ്യൻമാർ എല്ലാ അടവും പുറത്തെടുത്തെങ്കിലും നടന്നില്ല. മികച്ച പ്രതിരോധം പടുത്തുയർത്തി ഡൽഹി കരുത്തോടെനിന്നു.

അവരുടെ മലയാളി ഗോൾകീപ്പർ ആശിഷ്‌ സിബിയും മികച്ച രക്ഷപ്പെടുത്തലുകൾ നടത്തി. നാളെ മിസോറമുമായാണ്‌ കർണാടകത്തിന്റെ അടുത്ത മത്സരം. ബി ഗ്രൂപ്പിലെ മറ്റു കളികളിൽ മണിപ്പുരും റെയിൽവേസും 1–-1ന്‌ പിരിഞ്ഞു. മഹാരാഷ്‌ട്ര 3–1ന് മിസോറമിനെ തോൽപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ