Tuesday, May 21, 2024
Homeകായികംവനിതോത്സവം ; വനിതാ പ്രീമിയർ ക്രിക്കറ്റ്‌ ലീഗ്‌ രണ്ടാംപതിപ്പ്‌ ഇന്നുമുതൽ.

വനിതോത്സവം ; വനിതാ പ്രീമിയർ ക്രിക്കറ്റ്‌ ലീഗ്‌ രണ്ടാംപതിപ്പ്‌ ഇന്നുമുതൽ.

വനിതാ പ്രീമിയർ ലീഗ് ക്യാപ്റ്റൻമാരായ ബെത്ത് മൂണി (ഗുജറാത്ത് ജയന്റ്സ്), അലിസ ഹീലി (യുപി വാരിയേഴ്സ്), മെഗ് ലാന്നിങ് (ഡൽഹി ക്യാപിറ്റൽസ്), സ്-മൃതി മന്ദാന (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ), ഹർമൻപ്രീത് കൗർ (മുംബെെ ഇന്ത്യൻസ്) എന്നിവർ കിരീടത്തോടൊപ്പം.
ബംഗളൂരു
ക്രിക്കറ്റിൽ വീണ്ടും വനിതകളുടെ ഉത്സവം. വനിതാ പ്രീമിയർ ലീഗിന്‌ ഇന്ന്‌ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ തുടക്കം. രണ്ടാംസീസണിലെ ആദ്യകളി രാത്രി 7.30ന്‌ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ്‌.

റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗളൂർ, യുപി വാരിയേഴ്‌സ്‌, ഗുജറാത്ത്‌ ജയന്റ്‌സ്‌ എന്നിവയാണ്‌ മറ്റു ടീമുകൾ. സ്‌പോർട്‌സ്‌ 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം. രണ്ട്‌ വേദികളിലായി 22 കളികളുണ്ട്‌. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയവും ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയവുമാണ്‌ വേദി. ടീമുകൾ പരസ്‌പരം ഹോം ആൻഡ്‌ എവേ അടിസ്ഥാനത്തിൽ രണ്ടുതവണ ഏറ്റുമുട്ടും. കൂടുതൽ പോയിന്റ്‌ നേടുന്ന ടീം നേരിട്ട്‌ ഫൈനലിലാണ്‌. രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌ എലിമിനേറ്റർ കളിച്ച്‌ ഫൈനലിലെത്താം. അഞ്ച്‌ ടീമിലായി 90 കളിക്കാരാണുള്ളത്‌. അതിൽ 30 വിദേശതാരങ്ങൾ. ഒരു ടീമിലെ 18 പേരിൽ ആറുപേർ വിദേശികളാണ്‌. മലയാളികൾ മൂന്നുപേരാണ്‌. വയനാട്ടുകാരായ മിന്നുമണിയും (ഡൽഹി ക്യാപിറ്റൽസ്‌) എസ്‌ സജനയും (മുംബൈ ഇന്ത്യൻസ്‌). തിരുവനന്തപുരത്തുകാരി ആശ ശോഭന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ താരമാണ്‌. ഇതിൽ സജനയൊഴിച്ച്‌ രണ്ടുപേർക്കും രണ്ടാം അവസരമാണ്‌.

ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറാണ്‌ മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്‌. ദേശീയ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയ്‌ക്കാണ്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്റെ ചുമതല . മറ്റു മൂന്ന്‌ ടീമുകൾക്കും ഓസ്‌ട്രേലിയൻ താരങ്ങളാണ്‌ നായികമാർ. ഡൽഹിയെ മെഗ്‌ ലാന്നിങും ഗുജറാത്ത്‌ ജയന്റ്‌സിനെ ബെത്ത്‌ മൂണിയും യുപി വാരിയേഴ്‌സിനെ അലിസ ഹീലിയും നയിക്കും.

ഐപിഎൽ മാർച്ച്‌ 22 മുതൽ ; ആദ്യകളി ചെന്നൈ x ബാംഗ്ലൂർ.

ഐപിഎൽ ക്രിക്കറ്റ്‌ പുതിയ സീസണിലേക്കുള്ള ആദ്യഘട്ട മത്സര പട്ടിക പുറത്തിറക്കി. മാർച്ച്‌ 22നാണ്‌ ഉദ്‌ഘാടനമത്സരം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നേരിടും. ഏപ്രിൽ ഏഴുവരെയുള്ള മത്സര പട്ടികയാണ്‌ ബിസിസിഐ പുറത്തുവിട്ടത്‌. ബാക്കി പട്ടിക പൊതുതെരഞ്ഞെടുപ്പിനുശേഷമായിരിക്കും. മെയ്‌ 26നായിരിക്കും ഫൈനൽ. ഉദ്‌ഘാടനമത്സരം ചെന്നൈയിലാണ്‌. രാത്രി എട്ടിനാണ്‌ കളി. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ഏഴരയ്‌ക്കായിരിക്കും. പകൽ മത്സരങ്ങൾ 3.30നും.

RELATED ARTICLES

Most Popular

Recent Comments