Friday, May 3, 2024
Homeകായികംഡല്‍ഹിയില്‍ പാണ്ഡ്യയെ കൂവിയാല്‍ പണികിട്ടും; കടുത്ത നിലപാടെടുത്ത് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍.

ഡല്‍ഹിയില്‍ പാണ്ഡ്യയെ കൂവിയാല്‍ പണികിട്ടും; കടുത്ത നിലപാടെടുത്ത് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍.

ന്യൂഡല്‍ഹി: ഐപിഎല്‍ 17-ാം സീസണില്‍ സ്വന്തം ടീമിന്റെ ആരാധകരില്‍ നിന്നുപോലും ഏറെ വിമര്‍ശനം നേരിടേണ്ടിവരുന്നയാളാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. സ്ഥിരം ക്യാപ്റ്റനും അഞ്ച് കിരീടങ്ങളിലേക്ക് ടീമിനെ നയിക്കുകയും ചെയ്ത രോഹിത് ശര്‍മയെ പെട്ടെന്ന് ഒരു ദിവസം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്ന് ക്യാപ്റ്റനാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ സ്വന്തം മൈതാനത്ത് പോലും ആരാധകര്‍ ഹാര്‍ദിക്കിനെ കൂവുകയാണ്. സീസണില്‍ ഇതുവരെ ഒരു ജയംപോലും നേടാന്‍ മുംബൈക്ക് സാധിക്കാത്തതും ഹാര്‍ദിക്കിനെതിരായ വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

ഹോം മത്സരത്തിലും എവേ മത്സരത്തിലും ഹാര്‍ദിക്കിനെ കൂവലോടെയാണ് കാണികള്‍ സ്വീകരിക്കുന്നത്. മുംബൈയുടെ കഴിഞ്ഞ മത്സരത്തില്‍ ടോസിനിടെ താരത്തെ കൂവിയ കാണികളോട് മാന്യമായി പെരുമാറാന്‍ കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ക്ക് പറയേണ്ടതായി വരെ വന്നു.

എന്നാല്‍ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ). ഡല്‍ഹിയില്‍വെച്ച് നടക്കുന്ന മുംബൈയുടെ മത്സരത്തില്‍ ഹാര്‍ദിക്കിനോട് മോശമായി പെരുമാറുന്ന കാണികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഡിഡിസിഎ പ്രസിഡന്റ് രോഹന്‍ ജയ്റ്റ്‌ലി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. താരത്തെ ലക്ഷ്യംവെച്ചുനടക്കുന്ന മനപ്പൂര്‍വമായ മോശം പെരുമാറ്റങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് അസോസിയേഷന്റെ നിലപാട്. ഇത്തരത്തില്‍ പെരുമാറുന്ന കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.

ഏപ്രില്‍ 27-ാം തീയതിയാണ് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍വെച്ച് മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം. കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് കടുത്ത നടപടികളിലേക്ക് കടക്കാനാണ് അസോസിയേഷന്‍ ആലോചിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments