Sunday, June 23, 2024
Homeസ്പെഷ്യൽസർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവീൻ... ✍അഫ്സൽ ബഷീർ തൃക്കോമല

സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവീൻ… ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേരെ പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല. അതിന്റെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. എന്നാൽ 1904 മെയ് ഒന്ന് ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിൽ എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷീക ദിനമാണ് ലോക തൊഴിലാളിദിനമായി മാറിയതെന്നും ഒരു പക്ഷമുണ്ട് .സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം അന്നത്തെ യോഗം പാസ്സാക്കി.അതിനും മുൻപ് 1856 മെയ് ഒന്നിന് ഓസ്ട്രേലിയയിൽ എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെ തുടർന്ന് മെയ്ദിനം ആഘോഷിക്കാൻ അവിടുത്തെ ഭരണകര്താക്കൾ അനുവദിച്ചിരുന്നു എന്നൊരു ചരിത്രവുമുണ്ട് .1909 ൽ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ അർജന്റീനയിൽ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി, അത് തൊഴിലാളി ദിനമെന്ന ആശയത്തിന് ആക്കം കൂട്ടി .

“അദ്ധ്വാനം മാത്രം കൈമുതലായി ജീവിതോപാധി നടത്തുന്ന , ഉല്പാദനോപാധികളിന്മേൽ ഉടമസ്ഥാവകാശങ്ങളില്ലാത്ത ജനവിഭാഗങ്ങളെയാണ്” ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ  തൊഴിലാളിവർഗ്ഗം
എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

1923ലാണ്​ ഇന്ത്യയില്‍ ആദ്യമായി ലേബർ കിസാൻ പാർട്ടി ഓഫ്​ ഹിന്ദുസ്​ഥാ​ൻറ സിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിൽ മേയ്‌ ദിനം ആഘോഷിച്ചു . ചെങ്കൊടി ഉയർത്തി മദ്രാസ് ഹൈകോടതിയുടെ മുമ്പിലും ട്രിപ്ലിക്കന്‍ ബീച്ചി​ലുംമാണ് സമ്മേളനങ്ങൾ നടന്നത്. പിന്നീട് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധിയാക്കണ മെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയിൽ പൊതു അവധിയായത്.ഇന്ത്യയിൽ ത്രിപുര ഒഴിച്ചുള്ള മുഴുവൻ സംസ്ഥാനങ്ങളിലും മെയ് ഒന്ന് പൊതു അവധിയാണ് .

1899 ല്‍ ഇന്ത്യന്‍ റെയില്‍വേയിൽ ആദ്യമായി സംഘടിതവും രാജ്യവ്യാപകവുമായ  ഒരു പണിമുടക്കു ഇന്ത്യയിൽ നടന്നിട്ടുണ്ട്.അതിന് അക്കാലത്തെ പത്രങ്ങൾ പിന്തുണ കൊടുത്തുവെങ്കിലും സമരം ആളി കത്തിയില്ല .തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനു വേണ്ടി 1926ല്‍ നമ്മുടെ രാജ്യത്ത് ട്രേഡ് യൂണിയന്‍ ആക്ട് നിലവിൽ വന്നു.അതിനു ശേഷം കേരളത്തിൽ 1928 ജൂലൈയില്‍ നടന്ന റെയില്‍വേ പണിമുടക്കിനെത്തുടര്‍ന്ന് വിവിധ ട്രേഡ് യൂണിയനുകള്‍ രൂപം കൊള്ളുകയും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക, ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം ചരിത്രത്തിന്റെ ഭാഗമായി മാറി .അവകാശങ്ങൾ നേടിയെടുക്കുന്നതിന് പിന്നീട് എത്രയെത്ര സമരങ്ങളാണ് നടന്നത് .

ലോകത്തിൽ വിവിധ രാജ്യങ്ങൾ “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവീൻ “എന്ന മുദ്രാ വാക്യമുണർത്തി മെയ് ദിനം തൊഴിലാളി ദിനമായി കൊണ്ടാടുന്നു .എന്നാൽ അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത് എന്നത് ചരിത്രത്തിന്റെ വൈരുധ്യമായി കണക്കാക്കാം.

പ്രവാസികളുൾപ്പടെ തൊഴിൽ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു .തൊഴിലിടങ്ങളിലെ പീഡനങ്ങളും ,വർധിച്ചു വരുന്ന തൊഴിൽ നഷ്ടങ്ങളും ,വില സൂചികക്കനുസരിച്ചു വേതന വ്യവസ്ഥകൾ പരിഷ്കരിക്കാത്തതും ,തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അകൽച്ചയും സേവന വേതന വ്യവസ്ഥകളിലെ പാളിച്ചകളും എല്ലാം ആത്യന്തികമായി തൊഴിലാളികൾക്ക് തിരിച്ചടിയായി നിലനിൽക്കുന്നു .മുതലാളിത്ത വ്യവസ്ഥകളും പുത്തൻ സാമ്പത്തിക നയങ്ങളും ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങളും ഒക്കെ വിവിധ രാജ്യങ്ങളിൽ തൊഴിലാളികൾക്ക് ഏറെ പ്രതിസന്ധികൾക്ക് വഴിവെച്ചിട്ടുണ്ട് .

കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ “അഥിതി തൊഴിലാളികൾ” എന്ന ഓമന പേരിൽ തൊഴിലിടങ്ങൾ പൂർണമായും കൈയ്യടക്കി അതാതു സ്ഥലങ്ങളിലെ ആളുകൾ ജോലിയിലാതെയോ മടിയന്മാരായോ നിൽക്കുന്ന ദയനീയ കാഴ്ചകൾ അത്ര സുഖമുള്ളതല്ല .രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉൾപ്പടെ തൊഴിലാളികളെ വോട്ട് ബാങ്കായി മാത്രം കണ്ടു പൊടികൈകളിലൂടെ സംഘടിപ്പിച്ചു നിർത്തുന്നതും വർത്തമാന കാലത്തെ സ്ഥിരം കാഴ്ചയായി മാറുന്നു .ഏതായാലും തൊഴിലാളികളാണ് ഒരു സമൂഹത്തിന്റെ സമഗ്ര വികസനത്തിന്റെ ആണിക്കല്ല് .അവരുടെ പ്രശ്നങ്ങളിലേക്ക് ഭരണാധികാരികൾ ഇറങ്ങി ചെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ രാജ്യ പുരോഗതി പോലും ചോദ്യ ചിഹ്നമായി മാറും .മഹാ വ്യാധിയുടെ അതി ജീവനത്തിന്റെ പുതിയ കാലത്തും തൊഴിലാളികളെ ഒന്നടങ്കം പട്ടിണിയിലാക്കുമ്പോളും നല്ല നാളയെന്ന സ്വപ്നം തൊഴിലാളികൾ ഈ മെയ് ദിനത്തിലും പങ്കു വെക്കുന്നു ….

ഏറെ തെറ്റി ധരിക്കപ്പെട്ട “പാടത്തു പണി വരമ്പത്തു കൂലി “എന്ന മഹത്തായ
ഭാരത സംസ്കാരവും തൊഴിലാളിയുടെ വിയർപ്പുണങ്ങുന്നതിനു മുൻപ്
കൂലി നൽകണമെന്ന് പഠിപ്പിച്ച നബി
വചനത്തിനും വർത്തമാന കാലത്തു ഏറെ പ്രസക്തിയുണ്ട്.

ഏവർക്കും മെയ് ദിനാശംസകൾ ….

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments