Thursday, May 30, 2024
Homeസ്പെഷ്യൽറേഡിയോ പഠനത്തിന്റെ ആദ്യ മലയാളമാതൃക ✍ഡോ.തോമസ് സ്കറിയ

റേഡിയോ പഠനത്തിന്റെ ആദ്യ മലയാളമാതൃക ✍ഡോ.തോമസ് സ്കറിയ

ഡോ.തോമസ് സ്കറിയ

രൂപത്തിലും ഭാവത്തിലും നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മാധ്യമമാണ് റേഡിയോ . ഭൂമിശാസ്ത്രപരവും സാമൂഹികവുമായ അതിരുകൾക്കപ്പുറത്തുള്ള ആശയവിനിമയത്തി ന്റെ എക്കാലത്തെയും വിശ്വസ്തവും വിശ്വസനീയവുമായ മാർഗ്ഗം പ്രദാനം ചെയ്യുന്ന മാധ്യമമാണത്. മനുഷ്യർ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു മാധ്യമം. ശബ്ദത്തെ കൂടുതൽ ശക്തമാക്കുന്ന റേഡിയോയെ പക്ഷേ, മാർഷൽ മക്‌ലൂഹൻ ഉഷ്ണ മാധ്യമമായാണ് കണ്ടത്. മനസ്സിന്റെ കണ്ണുകളെ ഉത്തേജിപ്പിക്കാനുള്ള’ റേഡിയോയുടെ കഴിവിനെക്കുറിച്ച് മക്‌ലൂഹൻ ചിന്തിച്ചില്ല. അതുകൊണ്ടാണ് ഭാവി ടെലിവിഷന്റേതായിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചത്. ലോകത്തെയും അതിലെ എല്ലാ ആളുകളെയും കൂടുതൽ സ്പഷ്ടവും കൂടുതൽ യഥാർത്ഥവുമാക്കുന്ന വിധത്തിൽ ആളുകളുടെ ശബ്ദം കേൾക്കാനും സംവാദം നിലനിർത്താനും കഴിയുന്ന ഒരു വിവേചനാത്മക ഇടം റേഡിയോ ഒരുക്കുന്നു ലോകത്തെ വിശാലമായ ഒരു ജാലകമാകാനുമുള്ള അതിന്റെ കഴിവിനെക്കുറിച്ച് ഇന്ന് ആർക്കും സംശയമില്ല. നമ്മുടെ കാറുകളിലും വീടുകളിലും ഐപോഡുകളിലും അത് എപ്പോഴും ഉണ്ട്. അതിൽ പ്രക്ഷേപണം ചെയ്യുന്ന വാർത്തയും വിജ്ഞാനവും സംഗീതവും, ചിലപ്പോഴൊക്കെ അലോസരമാകുന്ന പരസ്യങ്ങളും സമകാലിക ജീവിതത്തിന്റെ പശ്ചാത്തല ശബ്ദഭാഗമാണ്. “റേഡിയോ” എന്താണെന്നും അത് എന്താണ് ചെയ്യുന്നതെന്നും അതിലെ പരിപാടികൾ ഏതൊക്കെയാണെന്നും അതിന്റെ അഭിരുചി രൂപീകരണമെങ്ങനെയെന്നും ശ്രാവ്യ സംസ്കാരo അർത്ഥമാക്കുന്നത് എന്താണെന്നും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു പഠനഗ്രന്ഥമാണ് ഡോ. ജൈനിമോൾ കെ. വി എഴുതിയ റേഡിയോ : ചരിത്രം, സംസ്കാരം, വർത്തമാനം :ആകാശവാണി മുതൽ സ്വകാര്യ എഫ്.എം വരെ . ആധുനിക റേഡിയോ ശ്രവണം യഥാർത്ഥത്തിൽ കാറുകളിലാണ് സംഭവിക്കുന്നത്. റേഡിയോ മുഖ്യമായും ഒരു വിനോദ മാധ്യമമാണെങ്കിലും, വാർത്തകളുടെയും മറ്റ് സമയബന്ധിതമായ വിവരങ്ങളുടെയും മികച്ച ഉറവിടം കൂടിയാണത്. റേഡിയോയിലൂടെയാണ് പലരും പ്രധാനപ്പെട്ട വാർത്തകൾ ആദ്യം കേൾക്കുന്നത്. വീട്ടിലും ജോലിസ്ഥലത്തും വാഹനത്തിലും യാത്രക്കിടയിലും റേഡിയോ കേൾക്കുന്നവരേറെയാണ്. റേഡിയോയെ സംബന്ധിച്ച് എല്ലാവരേയും, പ്രക്ഷേപകരെയും ശ്രോതാക്കളെയും , ഒരുപോലെ ബാധിക്കുന്നത് അത് ഒരു അന്ധമാധ്യമമാണ് എന്നതാണ്. നമുക്ക് അതിന്റെ സന്ദേശങ്ങൾ കാണാൻ കഴിയില്ല. അവ ശബ്ദവും നിശബ്ദതയും മാത്രമുള്ളതാണ്. മാത്രമല്ല റേഡിയോയുടെ എല്ലാ വ്യതിരിക്തമായ ഗുണങ്ങളും – അതിന്റെ ഭാഷയുടെ സ്വഭാവം, പരിപാടികൾ, പ്രേക്ഷകർ ഉപയോഗിക്കുന്ന രീതി – ആത്യന്തികമായി അതിന്റെ അന്ധതയുടെ ഒരേയൊരു വസ്തുതയിൽ നിന്നാണ് ഉരുത്തിരിഞ്ഞു വരുന്നത്. മറ്റ് ആശയവിനിമയ രീതികളുമായി താരതമ്യപ്പെടുത്തുന്നതിലൂടെ റേഡിയോയുടെ സവിശേഷതകളെ കുറിച്ച് നമുക്ക് വ്യക്തമായ ധാരണ ലഭിക്കും. മറ്റു മാധ്യമങ്ങളിൽ നിന്ന് റേഡിയോയെ എങ്ങനെ വേർതിരിച്ചറിയാനാകുമെന്നും അതിന്റെ ബഹുജനവിനിമയ സ്വഭാവമെങ്ങനെയാണെന്നും ആശയവിനിമയ സിദ്ധാന്തങ്ങൾ വിവരിച്ചു കൊണ്ട് ഡോ. ജൈനിമോൾ കെ.വി. വിശദമാക്കുന്നു. ഇത് റേഡിയോയെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ്., റേഡിയോ പഠനം മാധ്യമപഠനത്തിന്റെ താരതമ്യേന പുതിയ മേഖലയാണ്.2000 മുതൽ കലയിലും മാനവികതയിലുടനീളവും ശ്രാവ്യമാധ്യമങ്ങളിലും കേൾവി സംസ്‌കാരത്തിലും ഉണ്ടായ വലിയ താൽപ്പര്യത്തിന്റെ ഭാഗമായി വികസിതമായ മാധ്യമപഠന മേഖലയിലെ വിസ്‌ഫോടനാത്മകമായ വളർച്ചയെ സൂചിപ്പിക്കുന്ന താരതമ്യേന സമീപകാല പദമാണ് റേഡിയോ സ്റ്റഡീസ്. വാസ്തവത്തിൽ, റേഡിയോ പഠനം എന്ന തലക്കെട്ടിൽ ഉള്ള ആദ്യത്തെ മലയാള പുസ്തകമാണിത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ റേഡിയോ കണ്ടുപിടിച്ചതു മുതൽ റേഡിയോ , ഗവേഷണത്തിന്റെയും എഴുത്തിന്റെയും ഒരു വിഷയമാണ്. എന്നാൽ,പ്രസിദ്ധീകരിച്ച അത്തരം കൃതികളിൽ ഭൂരിഭാഗവും റേഡിയോയുടെ സാങ്കേതികതലത്തെക്കുറിച്ചുള്ളതായിരുന്നു. റേഡിയോ ചരിത്രം, റേഡിയോയിലെ സംഭാഷണത്തിന്റെ സ്വഭാവം, റേഡിയോ പരിപാടികൾ , അവതരണം, വിനിമയം തുടങ്ങിയവ അത്തരം ഗ്രന്ഥങ്ങളിൽ കാര്യമായി പഠിക്കപ്പെടുകയുണ്ടായില്ല. ആ പരിമിതി പരമാവധി പരിഹരിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോ. ജൈനിമോൾ കെ.വി. തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ , ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാകുമ്പോഴാണിങ്ങനെ ഒരാധികാരിക പഠനം വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

ജനപ്രിയ സംസ്കാരപഠനം മാധ്യമങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും അവ നിർമ്മിക്കുന്ന സംസ്കാരവും അന്വേഷണവിധേയമാക്കുന്നു. അതുകൊണ്ട് റേഡിയോ സമൂഹത്തിനും വ്യക്തികൾക്കിടയിൽ എങ്ങനെ ഇടപെടുന്നുവെന്നറിയാൻ ജനപ്രിയ സംസ്കാര പഠനത്തിന്റെ രീതിശാസ്ത്രം സഹായകമാകും. അത് ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. അതിനു ശേഷം റേഡിയോ പ്രക്ഷേപണത്തിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നു. ഇന്ത്യൻ റേഡിയോ പ്രക്ഷേപണചരിത്രത്തെ അതിന്റെ വികാസത്തെ അടിസ്ഥാനമാക്കി സ്വാതന്ത്ര്യപൂർവഘട്ടം , സ്വാതന്ത്ര്യാനന്തരഘട്ടം, വികസന ഘട്ടം, ആധുനിക കാലഘട്ടം എന്നിങ്ങനെ തരം തിരിച്ച് വിശദീകരിക്കുന്നു. എഫ്.എം. പ്രക്ഷേപണ ചരിത്രവും സ്വകാര്യ എഫ് എം. റേഡിയോ ചരിത്രവും വിവരിക്കുന്നുണ്ട്. റേഡിയോ പ്രക്ഷേപണത്തിന്റെ സങ്കേതങ്ങളായ ആംപ്ലിറ്റ്യൂഡ് മോഡുലേഷനും ഫ്രീക്വൻസി മോഡുലേഷനും ഫേസ് മോഡുലേഷനും വിശദമാക്കുന്നു. ഇന്റർനെറ്റ് റേഡിയോ, ഹാം റേഡിയോ, കമ്യൂണിറ്റി റേഡിയോ എന്നിവയുടെ ചരിത്രവും പറയുന്നുണ്ട്. ഒരു നവ സംസ്കാരത്തെയും നവലോകത്തെയും റേഡിയോ എങ്ങനെ സൃഷ്ടിച്ചുവെന്നതാണ് പറയുവാൻ ശ്രമിക്കുന്നത്.

കേൾവിയുടെ രാഷ്ട്രീയമാണ് മൂന്നാം അധ്യായത്തിന്റെ അന്വേഷണ വിഷയം. പത്തൊമ്പതാം നൂറ്റാണ്ടു വരെ കേരളീയ ഭൂമണ്ഡലത്തിൽ വ്യാപിച്ചിരുന്ന കേൾവി സംസ്കാരത്തിന്റെ ആദേശമാണ് റേഡിയോയുടെ വരവോടെ സാധ്യമായത്. റേഡിയോ പരിപാടികൾ കേരളീയ വിനോദസംസ്കാരത്തിന്റെ തുടർച്ചയായിരുന്നു. റേഡിയോയുടെ ഒന്നാം വരവിന്റെ രാഷ്ട്രീയം സാമ്രാജ്യ യുദ്ധോപകരണമെന്ന നിലയിൽ കണ്ടെത്താം. ഒന്നാം വരവിൽ അതിന്റെ രാഷ്ട്രീയം ലോകമെങ്ങും ഒരേ മട്ടിലായിരുന്നു. എന്നാൽ,രണ്ടാം വരവിൽ അതല്ല സ്ഥിതി. ഒരു ശിഥില സമൂഹത്തിന്റെ മാധ്യമമായി അപ്പോഴേയ്ക്കും റേഡിയോ മാറിക്കഴിഞ്ഞിരുന്നു. കേരളത്തിൽ ആകാശവാണി രൂപപ്പെടുത്തിയ കേൾവി സംസ്കാരത്തിൽ നിന്നും പുതിയ വഴികളിലേക്ക് എഫ് എമ്മുകൾ സഞ്ചരിച്ചു. വിനോദത്തിനു വേണ്ടി മാത്രമുള്ള മാധ്യമമാണ് അതെന്ന് റേഡിയോ മാംഗോയുടെയും ക്ലബ് എഫ് എമ്മിന്റെയും റെഡ് എഫ്.എമ്മിന്റെയും മുദ്രാവാക്യങ്ങൾ ഉദാഹരിച്ചു കൊണ്ട് ഡോ. ജൈനിമോൾ കെ.വി സമർത്ഥിക്കുന്നു.

സ്വകാര്യ എഫ്.എം റേഡിയോയെക്കുറിച്ചുള്ള വിശദമായ പഠനങ്ങളാണ് നാലും അഞ്ചും അധ്യായങ്ങൾ . സ്വകാര്യ എഫ് എം റേഡിയോയുടെ ഉദയത്തിന് ആറു സാഹചര്യങ്ങൾ ഡോ. ജൈനിമോൾ കെ.വി. ചൂണ്ടിക്കാണിക്കുന്നു. വാഹന സംസ്കാരത്തിന്റെ വ്യാപനം, ആവർത്തന വിരസമായ ടെലിവിഷൻ ചാനലുകളോടുള്ള അതൃപ്തി, ഇന്റർനെറ്റും സ്മാർട്ടു ഫോണും മധ്യവർഗ മലയാളിക്ക് പൂർണ്ണമായും പ്രാപ്യമല്ലാതിരുന്ന അവസ്ഥ, ആകാശവാണിയുടെ ഔപചാരികതയും പഴമയും , സ്വകാര്യ ജീവിതത്തിനു കേരളീയ കുടുംബ ക്രമത്തിൽ വന്ന പ്രാധാന്യം, പൊതുമണ്ഡലത്തിന്റെ തകർച്ച എന്നിവ ഒരു സാംസ്കാരിക സാഹചര്യം സ്വകാര്യ എഫ്.എമ്മിന്റെ സ്വാധീനത്തിനു ഇടയാക്കി. സ്വകാര്യ എഫ് എം. പരിപാടികളുടെ വിജയ പശ്ചാത്തലവും പരസ്യങ്ങളുടെ രീതികളും സ്വഭാവ വിശകലനവുമൊക്കെയായി വിവര സമൃദ്ധമായ ഈ രണ്ടധ്യായങ്ങളാണ് ഗ്രന്ഥത്തെ കനമുള്ളതാക്കി മാറ്റുന്നത്.റേഡിയോ ഭാഷണത്തിന്റെ വ്യത്യസ്തതകൾ നിർണ്ണയിക്കുകയും സ്വാഭാവികതാ പ്രതീതി, സഹസാന്നിധ്യം ,ചടുലതാ ,നർമ്മ o, തത്സമയത, പ്രാദേശികത എന്നീ സവിശേഷതകൾ അവയ്ക്കുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. സ്വകാര്യ എഫ്.എം. റേഡിയോ അവതാരകരുടെ പ്രകടനത്തെ വിലയിരുത്തുന്നിടത്ത് പ്രകടന പഠനത്തിന്റെ രീതിശാസ്ത്രം ഗ്രന്ഥകാരി ഉപയോഗപ്പെടുത്തുന്നു. മാതൃകാ വിശകലനത്തിലൂടെ പഠനത്തെ ആധികാരികമാക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യ എഫ്.എം. റേഡിയോ പാട്ടും വർത്തമാനവുമായി രൂപപ്പെടുത്തിയെടുത്ത അഭിരുചി യുവജനഹൃദയത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ളതാണെന്ന കണ്ടെത്തൽ വസ്തുതാപരമാണ്. പൊതു സമൂഹത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ അധികമൊന്നും എഫ് എം പരിപാടികളിൽ കടന്നുവരുന്നില്ല. അതേസമയം ഒരു ബോധവൽക്കരണോദ്യമം അവയുടെ പക്ഷത്തു നിന്നുണ്ടാകുന്നുമുണ്ട്. ഏത് ആഗോള വിഷയത്തെയും പ്രാദേശികവൽക്കരിക്കുവാൻ സ്വകാര്യഎഫ്.എം. മടിക്കുന്നില്ല. എന്നാൽ, പരിപാടികളുടെ പേരുകളിലും സ്വഭാവത്തിലും പാശ്ചാത്യ മാതൃക പിന്തുടരുന്നുമുണ്ട്. എഫ് എം റേഡിയോകൾ പരിപാടികളിൽ നിരവധി പുതുമകൾ പരീക്ഷിച്ചു. വിവിധയിനം മത്സര പരിപാടികൾ, റേഡിയോ റിയാലിറ്റി ഷോ, ഫോൺ – ഇൻ പരിപാടികൾ എന്നിവയൊക്കെ ഉദാഹരണമായി പറയാം. പാട്ടുവണ്ടിയും പാട്ടുവഞ്ചിയുമൊക്കെ റേഡിയോ മാംഗോയെ ശ്രോതാക്കൾക്ക് പ്രിയപ്പെട്ട റേഡിയോയാക്കി മാറ്റി. വിപണിയുടെ മനശ്ശാസ്ത്രം അറിഞ്ഞാണ് സ്വകാര്യ എഫ്.എംറേഡിയോകൾ പ്രവർത്തിക്കുന്നത്. കച്ചവടതന്ത്രവും മൂലധനവിനിമയവുമാണ് ഇന്ന് വിപണികളെ നിയന്ത്രിക്കുന്നത്. വിപണിയുടെ രാഷ്ട്രീയം എഫ്.എം. റേഡിയോകളുടെ ജനപ്രിയതക്കു കാരണമാകുന്നുണ്ട്.

ശ്രാവ്യ സംസ്കാരം ഇന്ന് എല്ലാ അതിർത്തികളെയും ഭേദിച്ച് ഒരു വിശാല മണ്ഡലത്തിൽ എത്തി നിൽക്കുന്നു. ചലനാത്മകതയാണ് മാധ്യമമണ്ഡലത്തിന്റെ സവിശേഷത. റേഡിയോ സമൂഹത്തിലെ നിരന്തര പരിവർത്തനത്തിനനുസരിച്ച് പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു . മറ്റു പല മാധ്യമങ്ങളും സത്യം വിറ്റ് വിരൂപഗോപുരങ്ങളായി മാറിയപ്പോഴും റേഡിയോ സ്വരത്തിലും സ്വത്വത്തിലും നന്മയുടെ ദാർഢ്യം കാത്തുസൂക്ഷിക്കുന്നു. പലതരത്തിലുള്ള ഇടപെടലുകളാണ് റേഡിയോയ്ക്കുള്ളതെന്നും അവയുടെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങൾ എന്തൊക്കെയാണെന്നും ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതുണ്ട്.സ്വകാര്യ എഫ്.എമ്മുകളുടെ വരവ് ഒരു വ്യവസായത്തിന്റെ തലത്തിലേക്ക് റേഡിയോയെ കൊണ്ടുപോകുന്നുണ്ടെങ്കിലും വിശ്വാസ്യത എന്ന ഗുണത്തിന് ഇനിയും മങ്ങലേറ്റിട്ടില്ല എന്നു ഡോ. ജൈനിമോൾ കെ.വി.ഉറപ്പിച്ചു പറയുന്നു. ഒരു നൈതിക സ്വരൂപത്തിന്റെ തെളിവുറ്റ കേൾവിയും അഭയവുമാണ് റേഡിയോ. ശ്രാവ്യസംസ്കാര പഠനമേഖലയ്ക്ക് ഉണർവ്വും ഉയിരുമായിത്തീരാവുന്ന ഈ ഗ്രന്ഥം എന്തുകൊണ്ടും ഒരു പാഠപുസ്തകമായി പരിഗണിക്കാവുന്നതാണ്. വിസ്മയത്തോടെ മാത്രം വായിച്ചു തീർക്കാവുന്ന ഒരു പഠനഗ്രന്ഥം.


റേഡിയോ ചരിത്രം സംസ്കാരം വർത്തമാനം
ആകാശവാണി മുതൽ സ്വകാര്യ എഫ്.എം. വരെ .
ഡോ. ജൈനിമോൾ കെ.വി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
വില 130/-

ഡോ.തോമസ് സ്കറിയ✍

അസോസിയേറ്റ് പ്രൊഫസർ
മലയാള വിഭാഗം
സെന്റ് തോമസ് കോളേജ് പാലാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments