Saturday, May 18, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം - 3) 'യാത്ര'.✍സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം – 3) ‘യാത്ര’.✍സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,
ഇവിടെ നിന്നും ആറുമണിക്ക് പുറപ്പെടുന്ന പാലക്കാട് എക്സ്പ്രസ് ബസ്സിലേക്കുള്ള സീറ്റ് റിസർവേഷൻ കൂപ്പണുകൾ റിസർവേഷൻ കൗണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്. കോട്ടയം, മൂവാറ്റുപുഴ , പെരുമ്പാവൂർ, അങ്കമാലി, തൃശ്ശൂർ വഴി പാലക്കാട്.

ചങ്ങനാശ്ശേരി കെ. എസ്. ആർ. ടി. സി സ്റ്റാൻഡിനോട് ചേർന്നുള്ള ടീ സ്റ്റാളിൽ നിന്നും ചായ കുടിച്ചു കൊണ്ടിരുന്ന സദാനന്ദൻ മാഷ് അനൗൺസ്മെൻറ് കേട്ടതും റിസർവേഷൻ കൗണ്ടറിന്റെ മുന്നിലേക്ക് കുതിച്ചു. കൗണ്ടറിന്റെ മുൻപിൽ എത്ര പെട്ടെന്നാണ് വരി പ്രത്യക്ഷപ്പെട്ടത്! നോക്കിയാൽ കാണാവുന്ന സ്ഥലത്ത് ബാഗ് വെച്ച ശേഷം മാഷ് വരിയിൽ നിന്നു.

കൂപ്പണും വാങ്ങി ബസ്സിനുള്ളിൽ കയറി സീറ്റ് നമ്പർ പരതി, ഭാഗ്യം സൈഡ് സീറ്റ് ആണ്. മാഷിന് സൈഡ് സീറ്റ് ഒരു ദൗർബല്യമാണ്. ഒന്നാമത്തെ കാര്യം ഒരു വശത്തേക്ക് ചാരിയിരിക്കാം. പിന്നെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചിരിക്കാം. ചില പുറം കാഴ്ചകൾ ജീവിതത്തിന്റെ കാണാ കാഴ്ചകൾ മനസ്സിലാക്കാൻ ഉതകുന്നതുമാണ്. യഥാർത്ഥ ജീവിതം നമ്മൾ കേട്ടറിഞ്ഞതിനേക്കാൾ എത്രയോ അകലെയായിരിക്കും!.

കൃത്യം ആറ് മണിക്ക് തന്നെ ബസ് പുറപ്പെട്ടു. പകുതിയോളം സീറ്റുകൾ ഒഴിഞ്ഞു കിടന്നിരുന്നു . നല്ല തണുത്ത കാറ്റ് മുഖത്തെ തഴുകി കടന്നുപോയി. ദൂരെ കുന്നിൻ മുകളിൽ നിന്ന് സൂര്യൻ എത്തി നോക്കുന്നുണ്ടായിരുന്നു. ഒരു ഞരക്കത്തോടെ ബസ് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നു.

കനമുള്ള ബാഗും തൂക്കി തിക്കി തിരക്കി ബസ്സിനുള്ളിലേക്ക് ആളുകൾ കയറുന്നത് കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല.

‘എക്സ്ക്യൂസ് മി..
ശകലം നീങ്ങി ഇരിക്കുമോ? ‘

ഏകദേശം 23 വയസ്സുള്ള ഒരു യുവതിയാണ് . സദാനന്ദൻ മാഷ് ഒതുങ്ങി ഇരുന്നു. ബസ് ഏതാണ്ട് നിറഞ്ഞു . എല്ലാ സീറ്റിലും ആളുകളുണ്ട്.
എക്സ്പ്രസ് ആയതിനാൽ നിന്നുള്ള യാത്ര അനുവദനീയം അല്ല.
നാഗമ്പടം സ്റ്റാൻഡ് കഴിഞ്ഞതും ബസ്സിന് വേഗത കൂടി.

‘ ഞാൻ ഈ സൈഡ് സീറ്റിൽ ഇരുന്നോട്ടെ ? ‘

ഇടയ്ക്ക് പാതി മയക്കത്തിലേക്ക് വഴുതി വീണിരുന്ന സദാനന്ദൻ മാഷ് തല ഉയർത്തി ഒന്ന് നോക്കി.

‘എന്താ?..’
‘അല്ലാ, ഈ സൈഡ് സീറ്റിൽ ഞാൻ ഇരുന്നോട്ടെ, ഛർദ്ദിക്കും അതാ…’

സീറ്റ് മാറാൻ മാഷിന് ഒരു താല്പര്യവും ഇല്ലായിരുന്നു. പക്ഷേ യുവതി നിരത്തിയ കാരണം കേട്ടപ്പോൾ യുവതിയുടെ ആവശ്യം അംഗീകരിച്ചു കൊടുക്കുന്നതാണ് നല്ലത് എന്ന് മാഷിന് തോന്നി.
മാഷ് വലത് വശത്തേക്ക് മാറിയിരുന്നു.

ഏതാണ്ട് പത്തുമണി കഴിഞ്ഞപ്പോൾ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കാന്റീനിനു മുന്നിൽ ബസ് നിർത്തി. ‘പത്ത് മിനിറ്റ് സമയം ഉണ്ട്…’
കണ്ടക്ടർ ആണ്.
ചിലർ വേഗം ഇറങ്ങി കാൻറീനിലേക്ക് കയറി.
ചിലർ ടോയ്ലറ്റ് തപ്പി പോയതാണ് എന്ന് തോന്നുന്നു. എന്തായാലും ബസ് ഏതാണ്ട് കാലിയായി. അടുത്ത് വേറെ ഹോട്ടൽ ഇല്ല. റോഡ് ക്രോസ് ചെയ്താൽ ഒരുപക്ഷേ കണ്ടേക്കാം , പക്ഷേ അവിടെ കയറാൻ പറ്റില്ലല്ലോ?
ഡ്രൈവറും കണ്ടക്ടറും കയറുന്ന ഹോട്ടലിൽ കയറുന്നതാണ് യാത്രക്കാർക്ക് നല്ലത് . വണ്ടി വിട്ടുപോകും എന്ന പേടി വേണ്ടല്ലോ!

മാഷ് കൈ കഴുകി വന്നപ്പോൾ അതാ ബസ്സിൽ അടുത്തിരുന്ന യുവതി പുട്ടും കടലയും കഴിക്കുന്നു.
മാഷിന് ഒരു പുഞ്ചിരി സമ്മാനിക്കാനും അവർ മറന്നില്ല.

‘ഇനി ആരെങ്കിലും വരാനുണ്ടോ? ‘

കണ്ടക്ടർ ഉറക്കെ ചോദിച്ച് ഉടൻ തന്നെ ഡബിൾ ബെൽ കൊടുത്തു.
ബസ് നീങ്ങി.

ഛർദ്ദിക്കും എന്ന് പറഞ്ഞ് തൻ്റെ സീറ്റ് തട്ടിയെടുത്ത യുവതി ഛർദ്ദിക്കുക പോയിട്ട് ഒന്ന് ഓക്കാനിക്കുക പോലും ചെയ്തില്ല .
ചിലർ അങ്ങനെയാണ് സാമർത്ഥ്യം അല്പം കൂടും, മാഷ് മനസ്സിൽ കരുതി.

‘യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന ശീലം ഉണ്ടെന്ന് പറഞ്ഞത് വെറുതെ ആയിരുന്നു ഇല്ലേ? ‘
മാഷ് ചോദിച്ചു .
ഒരു ചിരി ആയിരുന്നു മറുപടി. എന്താ തന്റെ പേര് ?
‘മോളി..’
‘എവിടെ പോകുന്നു ? ‘
‘വെട്ടത്തൂർ ..’
സ്ഥലം പറഞ്ഞതും കൂടെ ഒരു പുഞ്ചിരിയും.
ദോഷം പറയരുതല്ലോ അവളുടെ പുഞ്ചിരിക്ക് ഒരു പ്രത്യേക ആകർഷണം ഉള്ളതുപോലെ തോന്നി.
‘എന്തു ചെയ്യുന്നു? ‘
മാഷ് വീണ്ടും ചോദിച്ചു.
‘അവിടെ സ്കൂളിൽ ടീച്ചറായി ജോലി കിട്ടി.
നാളെ ജോയിൻ ചെയ്യണം…’
‘ഓഹോ, ടീച്ചർ ആണ് അല്ലേ..? ‘
‘അതെ..’.

സ്കൂൾ വിശേഷങ്ങളും, നാട്ടുവിശേഷങ്ങളും , വീട്ടു വിശേഷങ്ങളും പരസ്പരം പങ്കുവെച്ച് സമയം പോയതറിഞ്ഞില്ല.
വണ്ടി തൃശ്ശൂർ സ്റ്റാൻഡിൽ എത്തി.

അപ്പോഴേക്കും രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു.
തൃശ്ശൂർ നിന്നും ബസ് മാറി കയറിയിട്ട് വേണം രണ്ടുപേർക്കും പോകാൻ.

‘വിശക്കുന്നില്ലേ എന്തെങ്കിലും
കഴിച്ചിട്ട് പോയാലോ..? ‘
‘ഉം…’

അവർ റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന റോഡിന്റെ ഇടത് വശത്തുള്ള ഹോട്ടലിൽ കയറി .

‘ഊണ് പോരെ ?..’
‘മതി..’
രണ്ടുപേരും എതിർ ദിശയിലാണ് ഇരുന്നത്. ഊണ് കഴിക്കുന്നതിനിടെ കണ്ണുകൾ പരസ്പരം പലവട്ടം നേർക്ക് നേർ കൂട്ടിമുട്ടി.

ഭക്ഷണം കഴിച്ചു വരുമ്പോൾ ഒരു നിലമ്പൂർ ബസ് അവിടെ കിടപ്പുണ്ടായിരുന്നു. പക്ഷേ , രണ്ടോ മൂന്നോ സീറ്റ് അത്രമേ ഒഴിവ് ഉണ്ടായിരുന്നുള്ളൂ.

‘നമുക്ക് അടുത്ത ബസ്സിൽ പോയാൽ പോരേ? ‘
‘മതി..’
ഏതാണ്ട് അഞ്ച് മിനിട്ട് കഴിഞ്ഞതും
പെരിന്തൽമണ്ണ വഴി പോകുന്ന നിലമ്പൂർ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ട്രാക്കിൽ വന്നു.

ഇരുവരും ബസ്സിൽ കയറി. ഇത്തവണയും ഒരു സീറ്റിലാണ് രണ്ടുപേരും ഇരുന്നത്.
തൃശൂർ റൗണ്ടിലൂടെ വടക്കേ സ്റ്റാൻഡിൽ കയറി ബസ് മുന്നോട്ട് നീങ്ങി.

നഗരം വിട്ടു ഗ്രാമത്തിലേക്ക് ബസ് പ്രവേശിച്ചത് വിളിച്ചറിയിച്ച് റോഡിന് ഇരുവശവും തെങ്ങിൻ തോട്ടം കണ്ട് തുടങ്ങി. മാഷിന്റെ സ്കൂളിലെ ക്ലാസ്സ് വിശേഷങ്ങൾ അല്പം പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞപ്പോൾ ബസ് ആണെന്ന് പോലും ശ്രദ്ധിക്കാതെ മോളി പൊട്ടിച്ചിരിച്ചു.

റോഡിന് ഇരുവശവും പറങ്കിമാവ് പൂത്തുലഞ്ഞ നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തന്നെ.

അങ്ങകലെ പാലക്കാടിനെ അടയാളപ്പെടുത്തുന്ന കരിമ്പന കൂട്ടങ്ങൾ തലയുയർത്തി നിൽക്കുന്നു.

ബ്രിട്ടീഷ്കാരുടെ കാലത്ത് പണികഴിപ്പിച്ച കൊച്ചി പാലത്തിലൂടെ ഭാരതപ്പുഴയുടെ മനോഹര ദൃശ്യം സമ്മാനിച്ചു കൊണ്ട് ബസ് മുന്നോട്ടു നീങ്ങി. ചെറുതുരുത്തിയും ഷോർണൂരും താണ്ടി നാല് മണിയോടെ ബസ് പെരിന്തൽമണ്ണ സ്റ്റാൻഡിൽ എത്തി.

സബ്റീന ഹോട്ടലിന്റെ ഒഴിഞ്ഞ കസേരയിൽ ഇരുന്ന് മാഷ് സ്വപ്നങ്ങൾ നെയ്തു കൂട്ടി.
മോളി തന്റെ ആരാണ്?
കേവലം ആറോ, ഏഴോ മണിക്കൂർ നേരത്തെ പരിചയം മാത്രം!
എന്നിട്ടും ഇതുവരെ ആരോടും തോന്നാത്ത എന്തോ ഒന്ന് മനസ്സിനെ ഇളക്കി മറിക്കുന്ന പോലെ…!

വിൻഡോ ഗ്ളാസ് ഒരു വശത്തേക്ക് നീക്കിയപ്പോൾ തണുത്ത കാറ്റ് തട്ടി മോളിയുടെ ചുരുണ്ട മുടിയിഴകളെ പാറിപ്പറപ്പിച്ചു.

ദൂരെ കുന്നിൻ ചെരുവിലേക്ക് സൂര്യൻ എരിഞ്ഞടങ്ങാൻ തുടങ്ങി. ഓറഞ്ചും കടും ചുവപ്പും കലർന്ന പ്രകാശത്തിലൂടെ ദീപ്തമായ ആകാശം.

‘എടോ തനിക്ക് പോണ്ടേ? ‘
‘ഉം..’
‘ഇനി എന്നാ കാണുക?
‘അറിയില്ല…’
‘വല്ലപ്പോഴും ഒരു കത്ത് അയക്കില്ലേ?.’

പകരം ഒരു പുഞ്ചിരി ആയിരുന്നു മറുപടി. ‘ഓർമ്മയിൽ കുറിച്ചിടാൻ ഒരു ദിനം അല്ലെ ? ‘
‘ഉം..’
മനസ്സിന്റെ മൂലയിൽ എപ്പോഴും ഇരിക്കും എന്ന് പ്രതീക്ഷയോടെ സദാനന്ദൻ മാഷും മോളിയും അവരവരുടെ ബസ്സിൽ കയറി….
(തുടരും….)

സജി ടി. പാലക്കാട് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments