പ്രിയമുള്ള കുഞ്ഞുങ്ങളേ,
പുതിയ അധ്യയനവർഷത്തെ വിശേഷങ്ങൾ എന്താെക്കെയാണ്? സ്കൂൾ തുറക്കുന്നതിനും മുമ്പേ മഴയുമായി കാലവർഷമെത്തി. പലയിടങ്ങളിലും കാറ്റിലും കാേളിലും പെരുമഴയിലുമായി ധാരാളം കഷ്ടനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം വീടുകളിൽ നിന്നും മാറി ക്യാമ്പുകളിൽ താമസിക്കേണ്ടി വന്നവരുണ്ട്. അവരുടെ സങ്കടങ്ങളിൽ നമ്മളും പങ്കുചേരുകയാണ്. ക്ലാസ്സുകൾ ആരംഭിച്ചു കഴിഞ്ഞു. ചില കൂട്ടുകാർക്ക് പനിയും ജലദോഷവും പിടിച്ചിട്ടുണ്ട്. മരുന്നൊക്കെ കഴിക്കണം. മഴയത്ത് അധികം കളിച്ചു നടക്കരുത്.
ഈ ആഴ്ചയിൽ മുന്നിലെത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമുണ്ട്. ദേശീയ ബാലവേല വിരുദ്ധദിനം, ജൂൺ 12 നാണത് കൊണ്ടാടുന്നത്.
ആചരണത്തോടനുബന്ധിച്ച് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ബാലവേലയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും വെബ്ബിനാർ നടത്തുകയും ചെയ്യുന്നു .വീഡിയോകൾ സ്ലൈഡുകൾ ഇവ ഓൺലൈനായി കുട്ടികളിലേക്ക് എത്തിക്കുകയും ബാലവേല നിയമവിരുദ്ധമാണെന്ന ബോധ്യം അവരിലും മുതിർന്നവരിലും ഉറപ്പിക്കുകയുമാണ് ലക്ഷ്യം.
മുതിർന്നവരുടെ താളത്തിനൊപ്പിച്ചു തുള്ളേണ്ട പാവകളല്ല കുട്ടികൾ. സമൂഹവും കുടുംബവും വ്യക്തികളും കുഞ്ഞുങ്ങളോട്’ മാനുഷികമായി ഇടപെടേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരൽ ചൂണ്ടുന്നത്.
മറ്റൊരു പ്രധാന ദിവസമാണ് ജൂൺ 14. അന്ന് ദേശീയ രക്ത ദാനദിനമാണ്.
ലോകാരോഗ്യസംഘടനയുടെ ആഹ്വാനപ്രകാരമാണ് എല്ലാവർഷവും ജൂൺ 14 ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നത്. 2004 മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.
നിങ്ങളും സ്കൂളുകളിൽ ഈ ദിനങ്ങൾ ആചരിക്കണം. ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തവരെ ബോധവാന്മാരാക്കാൻ ശ്രമിക്കുകയും വേണം.
ഇനി മാഷെഴുതിയ ഒരു കവിതയായാലോ?
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
💥💥💥💥💥💥💥💥💥💥💥
കാഴ്ചകൾ
ചുണ്ടെലിക്കുഞ്ഞൊരാൾ വീടിന്റെ
മുറ്റത്ത്
ചുറ്റി നടക്കുന്നു.
കണ്ടതും കേട്ടതുമൊക്കെയുമന്നവൻ
അമ്മയോടോതുന്നു.
” ഇന്നമ്മേ യാത്രയിൽ രണ്ടാളെക്കണ്ടു
ഞാൻ
ഒന്നൊരു ഭീകരനാ.
വീടിന്റെ ചുറ്റിലും ചിക്കിയും മാന്തിയും
വീരൻ നടക്കുന്നു.
തലയില് പൂവുണ്ട് , കൂർത്തുള്ള
ചുണ്ടുണ്ട്
താമരവാലുമുണ്ട്.
കൊക്കൊന്നുയർത്തീട്ടു
ചിറകുമടിച്ചവൻ
കൊക്കര കൂവിയമ്മേ.
പേടിച്ചു ഞാനെന്റെ ജീവനും
കൊണ്ടോടി
പൊത്തിലൊളിച്ചു നിന്നു.”
” നീ കണ്ട രണ്ടാമനാരാണ്
ചൊല്ലെടാ …. ”
കൊഞ്ചിക്കുന്നാഖുവമ്മ.
” മറ്റവൻ പാവമാ തിണ്ണയിലറ്റത്താ-
യൊറ്റയ്ക്കുറങ്ങിടുന്നു.
നാലുകാലുണ്ട്, ചേലുണ്ട് ,
നീണ്ടുള്ളതാം
വാലുണ്ട്,രോമമുണ്ട്,
നക്കുന്നു തോർത്തുന്നു വാലൊന്നിളക്കീട്ടു
നോക്കുന്നുപാവ,മെന്നെ.”
അമ്മ പറയുന്നു ” നീ കണ്ട ഭീകരൻ
പാവമല്ലെൻ്റെ കുഞ്ഞേ.
പാവമായ് കണ്ടവൻ
ക്രൂരനാണോർക്കുക
നമ്മുടെ ശത്രുവാണ്.
കാഴ്ചയ്ക്കു നല്ലവരാകണമെന്നില്ല
വേഴ്ചയ്ക്കു ചേരുന്നവർ.”
————————————–
എലിക്കുഞ്ഞ് കണ്ട ഭീകരൻ കോഴിയാണ്. പാവമെന്നോർത്തവനോ എലികളുടെ നിതാന്തശത്രുവായ പൂച്ച. കാഴ്ചയിലല്ല പ്രവൃത്തിയിലാണ് വ്യക്തിയുടെ നന്മ എന്നാണ് ഈ കവിത നമ്മോട് പറയുന്നത്.
കൂട്ടുകാരേ….. ഈ കവിത നിങ്ങൾ പാടിപ്പഠിക്കണം. കൂട്ടുകാരെ കേൾപ്പിക്കണം.
—————————————-
ഇനി ഒരു കഥ കേൾക്കാം. പറയാനെത്തുന്നത് കോഴിക്കോട്ടുകാരനായ സാഹിത്യപ്രതിഭയാണ്. – ശ്രീ. അമർനാഥ് പള്ളത്ത്.
മെക്കാനിക്കൽ എഞ്ചിനീയർ, ക്രയോജനിക് സ്പെഷ്യലിസ്ററ് എന്നിങ്ങനെയുള്ള തസ്തികകളിൽ വിവിധ കമ്പനികളിൽ പ്രവർത്തിച്ചു. വിരമിച്ചശേഷം സാർ ഇപ്പോൾ കോഴിക്കോട് താമസമാക്കിയിരിക്കുകയാണ്.
ശ്രീ. അമർനാഥ് അഞ്ചു മലയാളം പുസ്തകങ്ങളും മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“എന്റെ സുന്ദരിപ്പെണ്ണുങ്ങൾ” എന്ന കഥാസമാഹാരം 2022 ലെ സത്യജിത്റേ ഫിലിം സൊസൈറ്റിയുടെ പുരസ്‌കാരവും, “പീപ്പിളി” എന്ന കവിതാസമാഹാരത്തിന് “അക്ഷര നിറവ്” പുരസ്കാരവും ലഭിച്ചു. “Unravel Relationship Algorithms” എന്ന പുസ്തകം AMAZON Best Seller ആണ്.
ശ്രീ. അമർനാഥ് പള്ളത്ത് രചിച്ച കഥ താഴെ കൊടുക്കുന്നു.
🌛🌛🌛🌛🌛🌛🌛🌛🌛🌛🌛
💥💥💥💥💥💥💥💥💥💥💥
അമ്പിളിയമ്മാവൻ
ശ്രീ. അമർനാഥ് പള്ളത്ത്.
“മുത്തച്ഛാ – അന്ന് മുത്തച്ഛൻ പറഞ്ഞില്ലേ മുത്തച്ഛൻ്റെ ചെറുപ്പകാലത്ത് ഒരു പാട്ടുണ്ടായിരുന്നെന്ന്”. അനുമോൾ ചോദിച്ചു.
“ മോളെ, ഏതു പാട്ടാണ് നീ ചോദിക്കുന്നത്?’
അമ്പിളിയമ്മാവാ, വാനത്തങ്ങിനെ നിന്നാലോ… എന്ന പാട്ട് മോൾ കൊഞ്ചി
“ നീ ചെറുതായിരുന്നപ്പോൾ പാടിത്തന്നതല്ലേ? ”
“അതിനെപ്പറ്റി എനിക്കിപ്പോളോർമ്മ വന്നു മുത്തച്ഛാ”
“അതെന്തേ, മോളെ?” മുത്തശ്ശനു സംശയമായി.
“ഇന്ന് സ്കൂളിൽ പോയപ്പോൾ എന്റെ ചങ്ങാതിച്ചി സുമ എന്നോട് ചോദിച്ചു, നീ ചന്ദ്രയാൻ ആകാശത്തേക്കു പോയ കാര്യം അറി ഞ്ഞോ എന്ന്”
“ആഹ്, എന്നിട്ട്?”
“അപ്പോളാ മുത്തച്ഛൻ പാടിത്തന്ന പാട്ടിനെപ്പറ്റി ഓർത്തത്”
“ഉം, അതു ശരി.
ചന്ദ്രൻ ഏറ്റവും വലുതായി കാണുന്ന ദിവസത്തെപ്പറ്റി പത്രത്തിൽ വന്നത് മോളറിഞ്ഞില്ലേ ?”
“ അറിഞ്ഞു. . നമുക്കതു നോക്കിക്കാണണം.
പിന്നെ മുത്തച്ഛാ,
ആ പാട്ടിൽ അമ്പിളിയെ അമ്മാവനായിട്ടാണല്ലോ പറയുന്നത്?”
“ഹ ഹ”
മുത്തച്ഛൻ ചിരിച്ചു – “അത് പാട്ടല്ലേ മോളെ.”
“പാട്ടിലെന്തിനാ വാനത്തങ്ങനെ നിന്നാലോ എന്നെല്ലാം പറയുന്നത് ! അമ്പിളി അമ്മാവൻ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുകയല്ലേ?”
അനുമോൾ മുത്തശ്ശനെ വെറുതെ വിടാൻ ഭാവമില്ല.
“ അതൊക്കെ ശരിയാണു മോളേ !”
മുത്തച്ഛൻ ചിരിച്ചു..
“മുത്തച്ഛാ – നമ്മുടെ ഭൂമിയിൽ നിന്നും എത്ര ദൂരെയാണ് അമ്പിളിയമ്മാവൻ?”
“കുറെയേറെ കിലോമീറ്റർ ദൂരെ.. ”
“എത്ര ദൂരം കാണും? മുത്തശ്ശൻ പറ ”
”മൂന്നുലക്ഷത്തി എൺപത്തിനാലായിരത്തി നാന്നൂറ് കിലോമീറ്റര് ”
“അപ്പൊ ഈ ചന്ദ്രയാൻ ഇത്ര ദൂരം പോകുമോ?” അനു മോൾക്ക്
അത്ഭുതമായി.
“പിന്നെ!”
“എത്ര ദിവസം എടുക്കും ചന്ദ്രൻ്റെ അടുത്തെത്താൻ?”
“ഏകദേശം 40 ദിവസം”
“എനിക്കും പോണം, അമ്പിളിയമ്മാവന്റെയടുത്ത്” – അനുമോൾ ശാഠ്യംപിടിച്ചു.
“ഒരു കാര്യം ചെയ്യ് – നീയും നിൻ്റെ ചങ്ങാതി സുമയും ഓരോ ടിക്കറ്റ് എടുത്തു വെച്ചോളൂ” മുത്തച്ഛൻ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.
“പോകാൻ പറ്റുമോ മുത്തച്ഛാ?”
“മുത്തച്ഛൻ ചെറുതായിരുന്നപ്പോൾ ഇപ്പൊ കാണുന്ന ടി വി യു സെൽഫോണും, ചന്ദ്രയാനും ഒന്നുമില്ലായിരുന്നു ഇപ്പോൾ എന്തെല്ലാം
മാറ്റങ്ങളായി.”
“അപ്പൊ മുത്തച്ഛൻ എന്താ ചെയ്തിരുന്നത്?” അനു അതിശയിച്ചു.
“മുത്തച്ഛന്റെ മുത്തച്ഛൻ കഥകൾ പറഞ്ഞു തരും. ആ കഥകൾ ഇന്നുമോർമ്മയിലുണ്ട്.” മുത്തച്ഛൻ ഓർമ്മകളിലേക്ക് പോയി.
“ പഴഞ്ചൊല്ലുകളും, നാടൻ പാട്ടുകളുമൊക്കെ – അന്നത്തെ കുട്ടികൾ ശ്രദ്ധിക്കുമായിരുന്നു.”
“അതെല്ലാം നല്ലതല്ലേ, മുത്തച്ഛാ?”
അനുവിന് ഉത്സാഹമായി.
“ഇന്നതൊക്കെ പോയില്ലേ കുട്ടി?. മോളിനി ഇത്തിരി കൂടി വളർന്നാൽപ്പിന്നെ സെൽഫോണും കയ്യിൽ പിടിച്ചൊരു നടത്തം ഉണ്ടാകും. മുത്തച്ഛനെ കണ്ട ഭാവം തന്നെ ഉണ്ടാകില്ല”
“അല്ല മുത്തച്ഛാ – ഞാൻ അമ്പിളിയമ്മാവന്റെ പാട്ടിനെപ്പറ്റി ചോദിച്ചപ്പോൾ മുത്തച്ഛൻ എത്ര കാര്യങ്ങളാ പറഞ്ഞു തന്നത്.? സുമേച്ചി പറയുന്നത് നമുക്ക് കഥ പറയാൻ ഗൂഗിളമ്മായി ഉണ്ടല്ലോന്നാ,”
അനുമോൾ ചിരിച്ചു.
“എല്ലാം പറയുമായിരിക്കും. പക്ഷെ ഗൂഗിളമ്മായിക്ക് സ്നേഹിക്കാൻ അറിയുമോ മോളേ – അതുകൂടി വേണ്ടേ? “ മുത്തശ്ശൻ്റെ വാക്കുകളിൽ സങ്കടമുണ്ട്.
“അതെ മുത്തച്ഛാ. സ്നേഹമാണ് വേണ്ടത്“
അനു മോൾ മുത്ത ച്ഛനോട് ചേർന്നിരുന്നു.
“ശുദ്ധമായ സ്നേഹമാണ്, മനുഷ്യർ മനുഷ്യരോടും ലോകത്തുള്ള എല്ലാ ജീവജാലങ്ങളോടും കാണിക്കേണ്ടത്” മുത്തച്ഛൻ മോളുടെ തലയിൽ വിരലോടിച്ചു.
“ എൻ്റെ മുത്തച്ഛനൊരു ചക്കര ഉമ്മ” അവൾ മുത്തച്ഛനെ കെട്ടിപ്പിടിച്ച് കവിളത്ത് ഒരുമ്മ കൊടുത്തു.
—————————–
അമ്പിളി അമ്മാവൻ്റെ കഥ രസകരമല്ലേ? ചന്ദ്രയാനിൽക്കയറി അങ്ങോട്ട് പോകണമെന്ന് ആഗ്രഹമുണ്ടോ? പോകാമല്ലോ. നിങ്ങൾ പഠിച്ചു മിടുക്കന്മാരും മിടുക്കികളുമായാൽ എന്തും സാധിക്കുമെന്ന് തീർച്ചയാണ് .
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഈ കഥയ്ക്കു ശേഷം നമുക്കൊരു കവിതയാവാം
ഈ സുന്ദരമായ കവിത പാടിയാടാം !
++++++++++++++++++++++++++
എറണാകുളം ജില്ലയിൽ അങ്കമാലി മൂക്കന്നൂർ സ്വദേശിയായ എം പി ജോസഫിന്റെതാണ് ഈ കവിത.
ജോസഫ് സ്കൂൾ പഠനകാലം മുതൽ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. യുസി കോളജിൽ മലയാളം ബിരുദ വിദ്യാർത്ഥിയായിരിക്കെ 1983ൽ കേരള സർവകലാശാല യുവജനോത്സവത്തിൽ കവിതാ രചനയ്ക്കു രണ്ടാം സ്ഥാനം നേടി. അക്കാലത്തു കവി അയ്യപ്പപ്പണിക്കർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച കലാലയ കവിതകൾ എന്ന സമാഹാരത്തിൽ ജോസഫിന്റെ കവിത ഉണ്ടായിരുന്നു. ബാലരമ, പൂമ്പാറ്റ, കുടുബദീപം, കേരള ടൈംസ് കുട്ടികളുടെ വിശേഷാൽ പ്രതി, മാതൃഭൂമി ബാലപംക്തി, ദേശാഭിമാനി വാരിക, ജന്മഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ തുടർച്ചയായി കവിതകൾ എഴുതിയിരുന്നു. ആകാശവാണി തൃശൂർ നിലയത്തിൽ നിന്നു കവിതകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.. 1987 മുതൽ 2010 വരെ മലയാള മനോരമ പെരുമ്പാവൂർ ലേഖകനായിരുന്നു. 2010 മുതൽ മലയാള മനോരമ ആലുവ ലേഖകനായി പ്രവർത്തിക്കുന്നു. വാർത്തകളുടെ ലോകത്തു മുഴുകിയതോടെ കവിതയെഴുത്തിൽ നിന്ന് അകന്നെങ്കിലും അടുത്തിടെ വീണ്ടും കുട്ടികൾക്കു വേണ്ടി എഴുതിത്തുടങ്ങി. 2022 ഓഗസ്റ്റിൽ, സിപ്പി പള്ളിപ്പുറത്തിൻ്റെ അവതാരികയോടെ ആകാശക്കുട എന്ന ബാലകവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.
എം പി ജോസഫിന്റെ കവിതയാണ് താഴെ കൊടുക്കുന്നത്.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കുഞ്ചുവിന്റെ വീട്
എം പി ജോസഫ്
അഞ്ചു മുറിയുള്ള
വീടാണതെങ്കിലും
കുഞ്ചുവിനില്ലൊരു
സന്തോഷം.
അഞ്ചിലുമുണ്ടേറെ –
യാഡംബരം പക്ഷേ
കുഞ്ചുവിനില്ലൊരു
സന്തോഷം.
കൂടപ്പിറപ്പുകൾ
കൂട്ടിനുണ്ടെന്നാലും
കുഞ്ചുവിനില്ലൊരു
സന്തോഷം.
ഇറ്റു മഴവെള്ളം
താഴേക്കിറങ്ങുവാൻ
മുറ്റത്തൊരു തരി
മണ്ണില്ല,
കാറ്റിനിടയ്ക്കൊന്നു
ചുറ്റിയടിക്കുവാൻ
പറ്റില്ല, ചുറ്റിലും
ചില്ലല്ലേ,
തത്തയ്ക്കിരിക്കുവാൻ
പൊത്തില്ല, കാക്കയ്ക്കു
താമസിക്കാനുള്ള
കൂടില്ല,
ചുണ്ടെലിപ്പിള്ളേരു
കണ്ടാൽ വിറയ്ക്കുന്ന
കണ്ടൻ കരിമ്പൂച്ച
കൂട്ടില്ല,
ഊഞ്ഞാലു കെട്ടുന്ന
മാവില്ല, കാവില്ല,
മഞ്ഞക്കിളിയുടെ
പാട്ടില്ല
പൂവില്ല, പൂമ്പാറ്റ –
ക്കുഞ്ഞില്ല, തുമ്പിക്കു
തുള്ളുവാൻ പച്ചില –
ക്കൂമ്പില്ല.
കൂവിയുണർത്തുവാൻ
ചോന്ന തലപ്പാവു
കെട്ടിയ പൂവനു –
മില്ലല്ലോ
പഞ്ചനക്ഷത്ര വീ-
ടെങ്കിലുമാ വീട്ടിൽ
കുഞ്ചുവിനില്ലൊരു
സന്തോഷം.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
ഇങ്ങനെയുള്ള വീട്ടിലെന്തു സന്തോഷമാണ്. ചുറ്റിലും കാണുന്നതൊന്നുമില്ലാത്ത പഞ്ചനക്ഷത്രവീട് യഥാർത്ഥത്തിൽ കുഞ്ചുവിന് തടവറയായി തോന്നിയിട്ടുണ്ടാവും! നിങ്ങൾക്കാേ ?
🍄🌸🌱☘️💮🌺🌴🌹🌳💐🌿
ഈ നല്ല കവിതയ്ക്കു ശേഷം ഒരു കഥയാണ് വേണ്ടതല്ലേ.? ആവാം. കഥ പറയാൻ എത്തായിട്ടുണ്ട് ഒരു മാമൻ – മോഹൻ മംഗലത്ത്.
കുട്ടികളെ രസിപ്പിക്കുന്ന കഥകളും കവിതകളും ധാരാളമായി എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബാലസാഹിത്യകാരനാണ് മോഹൻ മംഗലത്ത്.
എറണാകുളം ജില്ലയിൽ മുവാറ്റുപുഴയാണ് അദ്ദേഹത്തിന്റെ ജന്മനാട്. സാങ്കേതിക വിദ്യാഭ്യാസത്തിനു ശേഷം നോർത്ത് ഫൗണ്ടേഷൻ കമ്പനിയുടെ കൊച്ചിയിലെ പ്രൊജക്ട് മാനേജരായി ജോലി ചെയ്തു.
പഠനകാലത്ത് യുഗകേസരി,പൂജ്യം തുടങ്ങിയ പ്രസിദ്ധീകരണ ങ്ങളുടെ പത്രാധിപരായിരുന്നു. 1967 മുതൽ ആനുകാലികങ്ങളിലെ ബാലപംക്തികളിൽ എഴുതിത്തുടങ്ങി. നിരവധി സാഹിത്യമത്സരങ്ങളിലെ വിജയിയായിട്ടുള്ള ശ്രീ. മോഹൻ മംഗലത്ത് ഇപ്പോഴും മുൻനിര ബാലപ്രസിദ്ധീകരണങ്ങളിലെ സജീവസാന്നിധ്യമാണ്. തേവരുടെ ആന, പപ്പടവട്ടം, കാലൻകരടിയും കാട്ടുകടന്നലും,(ബാലസാഹിത്യം) തുടങ്ങിയ പുസ്തകളുടെ രചയിതാവുമാണ്.
🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️🌪️
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പുൽച്ചാടിയും പൂത്തുമ്പിയും
മോഹൻ മംഗലത്ത്
പുൽച്ചാടിയും പൂത്തുമ്പിയും ചങ്ങാതിമാരാണ്. എന്നും രാവിലെ രണ്ടുപേരും ഒന്നിച്ച് തീറ്റതേടാൻ പോകും. കിട്ടുന്ന ആഹാരസാ ധനങ്ങളെല്ലാം കൂട്ടിൽ കൊണ്ടുവന്ന് പങ്കിട്ടുകഴിക്കും. അങ്ങനെ തിന്നും കുടിച്ചും കളിച്ചും ചിരിച്ചും അവർ സന്തോഷത്തോടെ കഴിഞ്ഞുപോന്നു.
ഒരു ദിവസം പുൽച്ചാടിയും പൂത്തുമ്പിയും തീറ്റതേടിയിറങ്ങി. പെട്ടെന്ന് ജാലവിദ്യക്കാരൻ ഓന്തുണ്ണി അവരുടെ മുമ്പിലേക്ക് ചാടിവന്നു. അവനെക്കണ്ടപ്പോൾത്തന്നെ അവരൊന്നു ഞെട്ടി. എന്തു ചെയ്യണമെന്നറിയാതെ പുൽച്ചാടിയും പുത്തുമ്പിയും പേടിച്ചു വിറച്ചുനിന്നപ്പോൾ ഓന്തുണ്ണിപറഞ്ഞു.
“പുൽച്ചാടീ കണ്മണിയേ പൂത്തുമ്പീ കണ്മണിയേ രണ്ടിലൊരാളെ വിഴുങ്ങീടാൻ
തക്കംനോക്കി നടപ്പൂ ഞാൻ “
ഓന്തുണ്ണി പറഞ്ഞാൽ പറഞ്ഞതാണ്.തങ്ങളിൽ ഒരാളെ
അവൻ പിടികൂടും എന്നവർക്ക് ഉറപ്പായി. അവർ ഓന്തുണ്ണിയുടെ മുന്നിൽ ശ്വാസമടക്കിപ്പിടിച്ചു നിന്നു.
പെട്ടെന്ന് എന്തെങ്കിലും ചെയ്തേപറ്റൂ. വരുന്നത് വരട്ടെ എന്നു തീരുമാനിച്ച് പൂത്തുമ്പി പുൽച്ചാടിയോട് പറഞ്ഞു.
“ ഓന്തുണ്ണി എന്നെ പിടിച്ചോട്ടെ. നീ വേഗം ഇവിടെ നിന്ന് പോകണം.”
പൂത്തുമ്പി പറഞ്ഞത് പുൽച്ചാടി സമ്മതിച്ചില്ല.
“നീയില്ലാതെ ഞാനെങ്ങനെ ഒറ്റയ്ക്ക് ജീവിക്കും നീ രക്ഷപ്പെ ളു. ഓന്തുണ്ണി എന്നെ തിന്നോട്ടെ”
അതുകേട്ട് പൂത്തൂമ്പിയുടെ കണ്ണുകൾ നിറഞ്ഞു.സങ്കടം ങ്ങാനാവാതെ രണ്ടുപേരും പൊട്ടിക്കരഞ്ഞു.
ഇതെല്ലാം കണ്ടും കേട്ടും നിന്ന ഓന്തുണ്ണി ആകെ കുഴങ്ങി.
“ഇപ്പോഴും ഇങ്ങനെ സ്നേഹിക്കുന്നവരുണ്ടോ? ചങ്ങാതിമാരായാൽ ഇങ്ങനെ വേണം.
ഇവരെ ഞാൻ വേർപിരിക്കുന്നതെങ്ങനെ?”
ഓന്തുണ്ണിയുടെ മനസ്സലിഞ്ഞു.
ഓന്തുണ്ണി രണ്ടുപേരേയും അടുത്തു വിളിച്ച് പാടി.
“നിങ്ങടെ സ്നേഹം കണ്ടിട്ടെന്നുടെ
ഹൃദയം തുള്ളിച്ചാടുന്നു വേർപിരിയാത്തവരായിട്ടെന്നും
നിങ്ങൾ നീണാൾ വാഴട്ടെ!”
ഓന്തുണ്ണി അവരെ വിട്ട് മറ്റൊരിടത്തേക്കു പോയി.
പുൽച്ചാടിയും പൂത്തുമ്പിയും സന്തോഷത്തോടെ തീറ്റതേടാൻ തുടങ്ങി.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
സ്നേഹത്തിൻ്റെ പര്യായങ്ങളായ രണ്ടു കൂട്ടുകാർ. അവർ ആപത്തിൽ പരസ്പരം സഹായികളായി. രണ്ടു പേരും രക്ഷപ്പെട്ടു. നല്ല സൗഹൃദം അങ്ങനെയാണ്. സങ്കടങ്ങളിലും തുണയായിരിക്കും.
☘️☘️☘️☘️☘️🌱🌱🌱🌱☘️☘️
ഇക്കഥയ്ക്കു ശേഷമൊരു കവിതയാണ്.
നിറങ്ങളെക്കുറിച്ചുള്ള ഒരു കുഞ്ഞു കവിതയുമായി എത്തുന്നത് ജ്യോതിലക്ഷ്മി ടീച്ചറാണ്.
കോഴിക്കോട് ജില്ലയിലെ പാനൂരിലാണ് ജ്യോതിലക്ഷ്മി ജെ.ആർ ജനിച്ചത്.. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊയിലാണ്ടിയിലെ അപ്സര ആർട്സ് കോളേജ്, നളന്ദ കോളേജ് എന്നീ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കോളേജ് വിദ്യാഭ്യാസം. ബിരുദം പൂർത്തിയാക്കും മുമ്പ് വിവാഹിതയായി. രണ്ടു മക്കൾ -മകനും മകളും.
കൊയിലാണ്ടി ബി എസ് എം കോളേജിൽ നിന്നും നഴ്സറി ടീച്ചർ ട്രെയിനിങ്ങിനു ശേഷം പതിനെട്ടു വർഷത്തോളം അൺ എയ്ഡഡ് സ്കൂൾ അധ്യാപികയായും രണ്ടു വർഷം നഴ്സറി ട്രെയിനിങ് ടീച്ചറായും ജോലി ചെയ്തു. അഞ്ചു വർഷത്തിലേറെ ഡോ.ജോൺസ് കെ.മംഗലത്തിന്റെ മദ്യാസക്തരോഗികളുടെ പുനരധിവാസകേന്ദ്രമായ തൃശൂർ പൂമല പുനർജനിയിൽ സേവനമനുഷ്ഠിച്ചു.കൊയിലാണ്ടിയിലുള്ള സ്ത്രീകൂട്ടായ്മയായ ഉജ്ജ്വല മഹിളാസമാ ജവുമായി ചേർന്ന് സാമൂഹ്യ സേവനം ചെയ്യുന്നു. പഠനകാലം മുതൽ കലയിലും സാഹിത്യത്തിലും തല്പരയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ് കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു.
ജ്യോതി ലക്ഷ്മി ജെ.ആർ ടീച്ചറുടെ കവിത
💐💐💐💐💐💐💐💐💐💐💐
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
നിറങ്ങൾ
വള്ളിത്തൊട്ടിലിൽ ഊഞ്ഞാലാടും
മുല്ലേ നിന്നുടെ നിറമെന്ത്?
“വെണ്ണ കണക്കെ വെളുത്ത നിറം.”
കൂ കൂ കൂകും കുയിലമ്മേ
നിന്നുടെ നിറമെന്തറിയാമോ?
“കറുപ്പിന്നഴകായ് കറുത്തവൾ ഞാൻ.
ഇന്നു പഠിച്ചു രണ്ടു നിറം
നാളേം രണ്ടു പഠിച്ചീടാം.
🌿🌱☘️🌿🌱🌿🌱☘️🌿🌱☘️
നല്ല കവിത. കുഞ്ഞു കവിത. എല്ലാവർക്കും ഇഷ്ടപ്പെട്ടുവോ?
ഈ ആഴ്ചയിലെ വിഭവങ്ങൾ എങ്ങനെയുണ്ട്. എല്ലാ കവിതകളും കഥകളും രസകരങ്ങളല്ലേ? ഇവ കൂട്ടുകാർക്കും മുതിർ വർക്കും വായിച്ചു കൊടുക്കണം.
പുതിയ എഴുത്തുകാരും അവരുടെ രചനകളുമായി അടുത്ത ആഴ്ചയിൽ മാഷ് വരുന്നുണ്ട്. വിശേഷങ്ങളെല്ലാം എഴുതിയറിയിക്കണം
സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം