Tuesday, March 5, 2024
HomeUS Newsമാറ്റങ്ങളുടെ ശുഭ പ്രതീക്ഷ ✍🏼നിഷ എലിസബത്ത് ജോർജ്

മാറ്റങ്ങളുടെ ശുഭ പ്രതീക്ഷ ✍🏼നിഷ എലിസബത്ത് ജോർജ്

നിഷ എലിസബത്ത് ജോർജ്✍

പണ്ടു പണ്ട് ചെക്കു റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ “ശിഖരങ്ങളുടെ പട്ടണം ” ( ധാരാളം ഉയർന്ന കെട്ടിടങ്ങൾ ഉണ്ടായിരുന്നതിനാലാവാം ഈ പേരു കൈവന്നത്) എന്നറിയപ്പെടുന്ന ‘പരാഗിൽ’ ജെർമ്മൻ സംസാരിക്കുന്ന യഹൂദനായ “ഫ്രാൻസ് കാഫ്ക്ക” എന്നഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു.

1883 ൽ ജനിച്ച് 1924 മരിക്കുമ്പോൾ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധരായ സാഹിത്യകാരൻമാരിൽ ഒരാളായിരുന്നു.

ഒരിക്കൽ കാഫ്ക്ക ബെർലിനിലെ ഒരു പൂന്തോട്ടത്തിൽ കൂടി നടക്കുമ്പോൾ വിഷമിച്ചു നിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ കണ്ടു .കാരണം തിരക്കിയപ്പോൾ അവളുടെ പ്രിയപ്പെട്ട പാവയെ കളഞ്ഞുപോയി എന്ന് കരഞ്ഞുകൊണ്ട്‌ അദ്ദേഹത്തോട് പറഞ്ഞു.
തുടർന്ന് അവർ രണ്ടുപേരും കൂടി അവിടമാകെ പാവയെ തിരഞ്ഞു നടന്നു നിരാശ ആയിരുന്നു ഫലം.

പിറ്റേദിവസം വീണ്ടും അവിടെതന്നെ വരണം നമുക്കു രണ്ടുപേർക്കും കൂടി ഒന്നു കൂടി നോക്കാം എന്നു പറഞ്ഞാശ്വസിപ്പിച്ച് അവളെ കാഫ്ക്ക വീട്ടിൽ പറഞ്ഞു വിട്ടു.

പിറ്റേന്ന് അവളെ കണ്ടപ്പോൾ കാഫ്ക്ക പെൺകുട്ടിയുടെ പാവ എഴുതിയത് എന്നരീതിയിൽ ഉള്ള ഒരു കത്ത് അവൾക്കു വായിച്ചു കൊടുത്തു തന്നെ അന്വേഷിച്ചു സമയം കളയണ്ട എന്നും താൻ ലോക രാജ്യങ്ങൾ സന്ദർശിക്കാൻ പോയിരിക്കആണന്നും ആയിരുന്നു ആ കത്തിന്റെ സാരം.

അൽപം ദുഖം തോന്നിയെങ്കിലും പിറ്റേന്നു മുതൽ കാഫ്ക്ക വായിച്ചു കൊടുക്കുന്ന പാവയുടെ യാത്രാ വിവരണങ്ങളും സ്ഥല വർണ്ണനകളും കേട്ട് പെൺകുട്ടി അത്ഭുതപ്പെട്ടുനിന്നു . പ്രിയപ്പെട്ട പാവയുടെ അഭാവം അവൾക്ക് സങ്കടകരമായിരുന്നെങ്കിലും കാഫ്ക്കയുടെ സ്നേഹവും കരുതലും കഥകളായി, ലോക വർണ്ണനകളായി അവൾക്കു മുൻപിൽ അവതരിച്ചിറങ്ങി..

ഇങ്ങനെ ദിവസങ്ങൾ കടന്നുപോയി ഒരു അപ്രതീക്ഷിത ദിവസം കാഫ്ക്ക ഒരു പാവയെ കടയിൽ നിന്നു വാങ്ങി ആ പെൺകുട്ടിക്കു മുൻപിൽ കൊണ്ടുവന്നുകൊണ്ടു പറഞ്ഞു ” നോക്കൂ നിന്റെ പാവ ഇതാ തിരിച്ചു വന്നിരിക്കുന്നു”

പാവയെ നോക്കിയ പെൺകുട്ടി അതിനെ നിഷേധിച്ചു കൊണ്ടുപറഞ്ഞു ” ഇതു എന്റെ പാവ അല്ല , ഇതല്ല എന്റെ പാവ”

കാഫ്ക്ക അടുത്ത കത്ത് എടുത്തുവായിച്ചുകൊണ്ടു പാവ എഴുതുന്നതായി പറഞ്ഞു, “യാത്രകൾ എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു, എന്റെ രൂപവും ഭാവവും എല്ലാം മാറി പക്ഷേ ഞാൻ നിന്റെ പാവതന്നെ ആണ്. ”

പെൺകുട്ടിക്കു സന്തോഷമായി അവൾ ആ പാവയെ സ്വീകരിച്ചു ,കെട്ടി്പ്പിടിച്ചു ,ചുംബിച്ചു വീട്ടിലേയ്‌ക്ക്‌ പോയി.

ഒരു വർഷത്തിനുള്ളിൽ കാഫ്ക്ക മരിച്ചു.

വർഷങ്ങൾ പലതു കടന്നു പോയി . നമ്മുടെ പഴയപെൺകുട്ടി ഇപ്പോൾ ഒരു യുവതി ആണ് .
പഴയ സാധനങ്ങൾ അടുക്കിവെക്കുന്ന ഏതോ ഒരു സമയത്ത് അവൾ കാഫ്ക്ക കൊടുത്ത ആ പാവയെ കണ്ടു .

ഓർമ്മകൾ അലയടിച്ച ഒരു നിമിഷം ആപാവയുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന കാഫ്ക്കയുടെ കൈഒപ്പോടുകൂടിയ ഒരു ചെറിയ കുറിപ്പ് അവൾ കണ്ടെടുത്തു അതിൽ ഇപ്രകാരം എഴുതിയിരുന്നു

” നീ സ്നേഹിക്കുന്ന പലതും കാലക്രമത്തിൽ നിനക്കു നഷ്ട്ടപ്പെട്ടേക്കാം പക്ഷേ സ്നേഹം നഷ്ടപ്പെടില്ല അതു കൊടുത്താൽ വേറൊരു വഴിയിലുടെ അതു തിരികെ വരും”

മാറ്റങ്ങൾ ആണ് ജീവിതം , അത് സുഗമമായ വളർച്ചയ്ക്ക് അനിവാര്യമാണ് . ഒരുമിച്ചു നമുക്ക് നമ്മുടെ വേദനകളെ സ്നേഹത്തിന്റെ അത്ഭുതങ്ങളാക്കാം . പക്ഷേ ശ്രദ്ധയോടെ മനുഷൃബന്ധങ്ങൾ ഉണ്ടാക്കുക എന്നത് നമ്മുടെ ചുമതല ആണ്.

നിരാശയിലും ദൂഖത്തിലുമായിരുന്ന പെൺകുട്ടിയോടു ചേർന്ന് ഒരു ആത്മ ബന്ധം ഉണ്ടാക്കി ഒരു മാറ്റത്തിനായി കാഫ്ക്ക നിലകൊണ്ടു, ഒരിക്കലും അറിയാത്ത ഒരു ലോകത്തെ, പാവയുടെ വിവരണത്തിലൂടെ അവൾക്കു മുന്നിൽ തുറന്നിട്ടു . പെട്ടന്നു തീരുന്ന ഈ ജീവിതം ചെറിയ സന്തോഷങ്ങളുടേയും പ്രതീക്ഷകളുടേതാകട്ടെ.

നിഷ എലിസബത്ത് ജോർജ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments