Thursday, June 20, 2024
Homeസ്പെഷ്യൽകോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസർ ഡോ. ജോസ് കെ.മാനുവലുമായ് ...

കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസർ ഡോ. ജോസ് കെ.മാനുവലുമായ് ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം

ഡോക്ടർ തോമസ് സ്കറിയ പാലമറ്റം

മലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള
അഭിമുഖ പരമ്പര – (ഭാഗം – 7)

സർഗ്ഗാത്മകതയില്ലാത്തവർ നല്ല അധ്യാപകരാകില്ല.
ഡോ. ജോസ് കെ. മാനുവൽ

കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസറാണ് ഡോ. ജോസ് കെ.മാനുവൽ. മലയാളത്തിലെ തിരക്കഥാ സാഹിത്യം സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം സിനിമയെയും തിരക്കഥയെയും സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. ചലച്ചിത്ര സങ്കേതങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന അദ്ദേഹത്തിൻ്റെ സിനിമയിലെ ശരീരഭാഷ എന്ന ഗ്രന്ഥത്തിനെഴുതിയ അവതാരികയിൽ പ്രശസ്ത സംവിധായകൻ കമൽ ചലച്ചിത്രത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ചു ആഴത്തിൽ ബോധ്യമുള്ള ഒരക്കാദമീഷ്യനാണ് ഡോ ജോസ് കെ. മാനുവൽ എന്നു അടിവരയിട്ടു പറയുന്നു. തിരക്കഥാ രചന : കഥയും സിദ്ധാന്തവും, സിനിമയുടെ പാഠങ്ങൾ നാടകവും സിനിമയും ഒരു താരതമ്യ വിശകലനം, ന്യൂജനറേഷൻ സിനിമ, തിരക്കഥാ സാഹിത്യം: സൗന്ദര്യവും പ്രസക്തിയും തുടങ്ങിയവയാണ് പ്രധാന സിനിമാപഠനഗ്രന്ഥങ്ങൾ.അഭിലോഷിക, യഹൂര എന്നീ നോവലുകളും കാലത്തിനൊപ്പം ഒരു പെൺകുട്ടി എന്ന കഥാസമാഹാരവും ഡോ. ജോസ് കെ. മാനുവൽ രചിച്ചിട്ടുണ്ട്.

സിനിമയുടെ സങ്കേതത്തെയും ഉള്ളടക്കത്തെയും വിലയിരുത്തുകയും നിർണ്ണായക പ്രാധാന്യമുള്ള നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന ഡോ. ജോസ് കെ.മാനു വലുമായി ഡോ. തോമസ് സ്കറിയ നടത്തുന്ന അഭിമുഖം.

ചോദ്യം 1

മലയാളത്തിൽ ഇന്ന് സിനിമാപഠനം ഒരു പ്രധാന മേഖലയായി മാറിയിട്ടുണ്ട്. എന്നാൽ, അങ്ങനെ അല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ സിനിമയെ പഠിക്കാനും സിനിമയെക്കുറിച്ച് ഗവേഷണം ചെയ്യാനും എഴുതാനും തയ്യാറായ ഒരു നിരൂപകനാണ് താങ്കൾ .ആ പശ്ചാത്തലം ഒന്നു വിവരിക്കാമോ?

ഏറ്റവും ശക്തവും ജനപ്രിയവുമായ കലയായി തന്നെയാണ് ഞാൻ ആദ്യം മുതൽ സിനിമയെ കണ്ടിരുന്നത്. കാലത്തിനനുസരിച്ച് പഠിക്കേണ്ട കലയാണ് സിനിമയെന്ന വിശ്വാസം സ്വാഭാവികതയോടെ ഉള്ളിൽ വളർന്നു വന്നു. പിഎച്ച്.ഡിക്ക് സിനിമയുമായി ബന്ധപ്പെട്ട ഒരു വിഷയം എടുക്കാൻ ഗൈഡിനെ കിട്ടാത്ത കാലം. അക്കാദമികമേഖല സിനിമയെ മാറ്റി നിർത്തിയതിൻ്റെ യുക്തി എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. കഥകളി, നാടകം തുള്ളൽ തുടങ്ങിയ കലകൾ പഠിപ്പിക്കുന്നതിൽ ആരും ഒരു പ്രശ്നവും കണ്ടില്ല. എനിക്കു തോന്നുന്നു സാങ്കേതികതയോടുള്ള മലയാളികളുടെ ഭയമാണ് സിനിമ | പഠിപ്പിക്കാതെ മാറ്റി നിർത്തിയത്. മദിരാശി സർവകലശാലയിൽ പോയാണ് ഞാൻ പിന്നിട് ഗവേഷണം പൂർത്തിയാക്കുന്നത്. സിനിമയെ ഒരു സമ്പൂർണ്ണകലയായി കാണാവുന്നതാണ്. പുതുസിനിമ ഭാവന, ഭാഷ, ഭാവുകത്വം എന്ന എൻ്റെ പുസ്തകത്തിൽ അത് ഞാൻ വിശദമാക്കുന്നുണ്ട്. എൻ്റെ പുസ്തകങ്ങളെല്ലാം http://www.josekmanuel.in/ എന്ന ലിങ്കിലൂടെ സൗജന്യമായി ആർക്കും വായിക്കാനുള്ള സൗകര്യം ഉണ്ട്.

ചോദ്യം 2

സിനിമ മാത്രമല്ല താങ്കളുടെ മേഖല. കഥയും നോവലും തിരക്കഥയുമൊക്കെ എഴുതിയിട്ടുണ്ട്. ഒരു പക്ഷേ, സംവിധാനവും വഴങ്ങിയേക്കാം. എങ്ങനെയാണ് അധ്യാപനവും സർഗ്ഗാത്മകതയും പൊരുത്തപ്പെടുക?

സർഗാത്മകതകൊണ്ട് സജീവമായവരാണ് നല്ല അധ്യാപകർ .ചിലർ ആസ്വാദകരായി മാത്രം നിലയുറപ്പിക്കുമ്പോൾ മറ്റു ചിലർ എഴുത്ത്, പ്രഭാഷണം തുടങ്ങിയ മേഖലകളിൽ കൂടി ശ്രദ്ധിക്കുന്നു.
എം.ടി. എന്നെ ഏറ്റവുംസ്വാധീനിച്ച എഴുത്തുകാരനാണ് അദ്ദേഹത്തിൻ്റെ മുഴുവൻ കഥകളും നോവലുകളും തിരക്കഥകളും പഠനങ്ങളും ആവശത്തോടെ വായിച്ചിരുന്നു. എഴുത്ത് എന്നു പറയുന്നത് സർഗ്ഗാത്മകമായി സമൂഹത്തിൽ ജീവിക്കുന്നതിൻ്റെ ഭാഗം കൂടിയാണ്. പുതിയ കാര്യങ്ങൾ അറിയുവാനും പഠിക്കുന്നതിനുമുള്ള മനസ് എന്നുമെനിക്കുണ്ടായിരുന്നു. ഇതിൻ്റെയെല്ലാം തുടർച്ചയായി പല മേഖലകളിലുള്ള എഴുത്ത് സംഭവിച്ചതാണ്. ദൃശ്യഭാഷയുടെ ഉണർവ് മനസിൽ ഉള്ളതുകൊണ്ട് ചല ച്ചിത്രകലയും വഴങ്ങുമെന്നു തന്നെയാണ് വിശ്വാസം. സിനിമയുടെ രൂപസ്വഭാവം ഉൾക്കൊണ്ട ഭാവനിർമ്മിതമായ പാഠമാണ് തിരക്കഥ. അതിന് അതിൻ്റേതായ വ്യക്തിത്വമുണ്ട്. ഋ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ഞാനാണ്.

ചോദ്യം 3

ശരീരഭാഷ, സൈബർ സാഹിത്യം, സൈബർ ഭാഷ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ടല്ലോ. ഇങ്ങനെ വിവിധ അക്കാദമിക മേഖലകളിൽ ഒരേ സമയം വ്യാപരിക്കാൻ കഴിയുന്നതെങ്ങനെയാണ്?

മദ്രാസ് സർവ്വകലാശാലയിലെഡോ. കെ .എം. പ്രഭാകരവാരിയരുടെ ഭാഷാശാസ്ത്ര ക്ലാസിലിരുന്ന് പഠിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. ഭാഷയേയും സാഹിത്യത്തേയും കുറിച്ചുള്ള വാരിയർ സാറിന്റെ കാഴ്ചപ്പാടുകൾ സ്വാഭാവികതയോടെ എന്നിലേക്കും സഞ്ചരിച്ചെത്തിയിട്ടുണ്ട്. ശരീരഭാഷ, മസ്തിഷ്ക ഭാഷ താർക്കികയുക്തിയുടെ ഭാഷ തുടങ്ങിയവയെല്ലാമാണ് ഇന്ന് പ്രസക്തമായിരിക്കുന്ന ഭാഷശാസ്ത്ര മേഖലകൾ എന്ന് വാരിയർ സാർ പകർന്നു തന്ന അറിവിൻ്റെ തുടർച്ചയിൽ നിന്നാണ് ശരീരഭാഷയെ പറ്റിയുള്ള പഠനം തുടങ്ങുന്നത്.
ബഹുജന മാധ്യമപഠനം എൻ്റെ ഇഷ്ടമേഖലയാണ് ‘അച്ചടി, റിക്കാർഡിങ്ങ്, സിനിമ, റേഡിയോ എന്നീ ബഹുജനമാധ്യമങ്ങളാണ്
ആധുനികതയ്ക്ക് നിമിത്തമായത്. ‘ഉത്തരാധുനികതയ്ക്ക് കാരണമായ മാധ്യമം ടെലിവിഷനാണ്. ഇൻ്റർനെറ്റും മൊബൈൽ ഫോണുമാണ് സൈബർ ആധുനികതയ്ക്ക് നിമിത്തമായ മാധ്യമങ്ങൾ. മലയാളത്തിൽ ആരും തന്നെ സൈബർ ആധുനികതയെ പറ്റി എഴുതാത്തതുകൊണ്ട് ഞാൻ ആ ദൗത്യം ഏറ്റെടുത്തെന്നേയുള്ളൂ.
ഭാഷയും കലയും സാഹിത്യവുമെല്ലാം സൈബർ വത്ക്കരണത്തിന് വിധേയമായതോടെ വ്യവഹാരങ്ങളും മാറ്റത്തിന് വിധേയമായി. കാലത്തിനനുസരിച്ച് ഭാഷയെ പഠിച്ചപ്പോൾ സൈബർ ഭാഷാപഠനത്തിൻ്റെ മേഖലയിൽ എത്തിയെന്നേയുള്ളൂ.

ചോദ്യം 4

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിലാണ് വർക്കു ചെയ്യുന്നത്. അതിൻ്റെ ഡയറക്ടറുമായിരുന്നു. പ്രശസ്തരായ ഒട്ടേറെ പ്രതിഭാശാലികളുമായി ഇടപെടാൻ അവസരമുണ്ടായിട്ടുണ്ട്. ജീവിതത്തെ അതെങ്ങനെ സ്വാധീനിച്ചു.?

സിനിമയും സാഹിത്യമായുള്ള ചങ്ങാത്തമാണ് സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എന്നെ എത്തിച്ചത്.പി.ബാലചന്ദ്രൻ ,വി.സി.ഹാരിസ്, പി പി രവീന്ദ്രൻ തുടങ്ങിയ സിനിയറായ പ്രതിഭകൾക്കൊപ്പം ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഓരോ പരിചയങ്ങളും സ്ഥാനങ്ങളും തൊഴിലിൻ്റെ ഭാഗമായി സംഭവിക്കുന്നതാണ്
കാലത്തിനനുസരിച്ച് സ്കൂൾ ഒഫ് ലെറ്റേഴ്സ് പുതുക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ അതിൻ്റെ പഴയകാല പ്രതാപം ഉൾക്കൊണ്ട് നിലനിൽക്കാനാവില്ല.

ചോദ്യം 5

തിരക്കഥയാണ് ഇഷ്ടവിഷയം എന്നു പറയുന്നതിൽ തെറ്റുണ്ടോ? തിരക്കഥയുടെ സൗന്ദര്യശാസ്ത്രം ഒന്നു വിവരിക്കാമോ?

തിരക്കഥ ഇഷ്ടവിഷയം തന്നെയാണ്. യഥാർത്ഥത്തിൽ തിരക്കഥ ഒരു സാങ്കേതിക സാഹിത്യമാണ്. വായിക്കുമ്പോൾ തന്നെ മനസിൻ്റെ തിരശീലയിൽ ദൃശ്യാത്മകമായി വസ്തുതകൾ കാണുന്ന രീതി എനിക്ക് പ്രത്യേക അനുഭവം തന്നെയാണ് തരുന്നത്.
തിരക്കഥയുടെ സൗന്ദര്യ ശാസ്ത്രം കാലത്തിനും സാങ്കേതിക സാധ്യതകൾക്കുമനുസരിച്ച് ഏതു കഥയും ആഖ്യാനിക്കാമെന്നുള്ളതാണ്. വർത്തമാനകാലം ദൃശ്യമാധ്യമങ്ങളുടെതാണ്. അത് കൊണ്ടുതന്നെ ഭാഷയും ക്രമത്തിൽ ദ്യശ്യവത്കരണത്തിന് വിധേയമാകുന്നുണ്ട്. യഥാർത്ഥത്തിൽ തിരക്കഥയെന്ന അടിത്തറയിൽ നിന്നാണ് സിനിമയെന്ന സാങ്കേതിക കല രൂപപ്പെട്ടു വരുന്നത്.

ചോദ്യം 6

മലയാളഭാഷയിൽ കാലഘട്ടത്തിനനുസരിച്ച് വരുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ നോക്കിക്കാണുന്ന ഒരധ്യാപകനാണ് ഡോ. ജോസ് കെ. മാനുവൽ എന്ന് പറയാറുണ്ട്. അതിനെക്കുറിച്ച് എന്താണഭിപ്രായം?

കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാത്ത ഭാഷയും സമൂഹവും വ്യക്തിയും ക്രമത്തിൽ അപ്രസക്തമാകുക തന്നെ ചെയ്യും. കാലത്തിനനുസരിച്ച് സഞ്ചരിക്കാനുള്ള ശ്രമമാണ് വസ്തുതകളെ തുറന്ന മനസോടെ കാണുവാൻ പ്രേരിപ്പിക്കുന്നത്.

ചോദ്യം 7

പുതിയ അക്കാദമിക് പ്രോജക്ടുകൾ എന്തൊക്കെയാണ്?

പല സർവകലാശാലകളുടെ യും ബോർഡ് ഓഫ് സ്റ്റഡീസിൽ ഉണ്ട്. സിലബസുകൾ കാലാനുസൃതമായി പുതുക്കേണ്ടതുണ്ട്. അതിൽ സഹകരിക്കുന്നുണ്ട്. കൂടാതെ എഴുതിക്കൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥം വേഗം പൂർത്തികരിക്കേണ്ടതു മുണ്ട്.

ചോദ്യം 8

നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ടല്ലോ. ഓരോ പുരസ്കാരവും ഉത്തരവാദിത്വം കൂട്ടുന്നില്ലേ?

അംഗീകാരങ്ങൾ സന്തോഷം നൽകുന്ന കാര്യമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ അവാർഡുകൾ നൽകുന്ന സ്ഥലം കേരളമാണെന്ന് തോന്നുന്നു. പല അവാർഡുകൾ പ്രഖ്യാപിക്കുമ്പോളുമുണ്ടാകാറുള്ള വിവാദങ്ങൾ അതിൻ്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നുണ്ട്.

ചോദ്യം 9

ഇഷ്ടപ്പെട്ട എഴുത്തുകാർ ആരൊക്കെയാണ്? സ്വാധീനിച്ചിട്ടുള്ളവരും ?

എം.ടി ,എം.മുകുന്ദൻ, എൻ. എസ്. മാധവൻ, സക്കറിയ തുടങ്ങിയ ഏറെ എഴുത്തുകാർ പ്രിയപ്പെട്ടവരാണ്.

ചോദ്യം 10

മലയാളത്തിലെ പുതിയ എഴുത്തുകാരെ എങ്ങനെ വിലയിരുത്തുന്നു ? നിരൂപണം വലിയ പ്രതിസന്ധിയിലാണോ?

കടലാസിൻ്റെ കാലത്തുനിന്നും സ്ക്രീനിൻ്റെ കാലത്തേയ്ക്ക് നമ്മൾ മാറിക്കഴിഞ്ഞു. സൈബർ സാഹിത്യം’ സമൂഹത്തിൻ്റെ ഭാഗമായി .
കേവലം മനുഷ്യരായി ജീവിച്ചിരുന്നവർ പോസ്റ്റ് ഹ്യൂമൻ എന്ന രീതിയിൽ ജീവിക്കുന്നവരായി . ഈ പശ്ചാത്തലത്തിൽ സ്വാഭാവികതയോടെ കലയും സാഹിത്യവുമെല്ലാം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പുതിയ കാലത്തെ കലാകാരന്മാർ സൈബർ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ലിഖിത സാഹിത്യത്തിന് വ്യാപകമായി തന്നെ പഴയകാല പ്രതാപം നഷ്ടപ്പെട്ടിട്ടുണ്ട്.

തയ്യാറാക്കിയത്:

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments