Thursday, May 30, 2024
Homeസ്പെഷ്യൽഹൃദയവും തലച്ചോറും പിന്നെ പിക്കാസോയും (ലേഖനം) ✍ കണ്ണൻ ഇമേജ്

ഹൃദയവും തലച്ചോറും പിന്നെ പിക്കാസോയും (ലേഖനം) ✍ കണ്ണൻ ഇമേജ്

✍കണ്ണൻ ഇമേജ്

റോഡിലൂടെ പായുന്ന കാറിനെ ചൂണ്ടി അതിൻ്റെ ചിത്രം ഒരു കൊച്ചുകുട്ടിയോട് വരയ്ക്കാൻ പറഞ്ഞു നോക്കു.. നാലു വൃത്തങ്ങൾക്കു മീതെ രണ്ടുചതുരങ്ങളോ അതിനോടു സാമ്യപ്പെടുന്നതോ ആയ ഒരു കാറിനെ കുട്ടി വരച്ചുകാണിച്ചെന്നിരിക്കും.

നിലവിലുള്ള കാഴ്ചനിയമങ്ങളുടെ സൗന്ദര്യ ശാസ്ത്ര ബാധ്യതകൾ കുഞ്ഞിനില്ലാത്തതിനാൽ ആ ചിത്രം അതിൻ്റെ മൗലികമായ സൗന്ദര്യ വിതാനം
കൊണ്ട് നമ്മിൽ പ്രകാശം പൊഴിക്കുന്നു.

ക്ഷണനേരം കഴിഞ്ഞ് ഉണരുന്ന ത്രിമാനതാബോധം; കാറിൻ്റെ ഫോട്ടോയും സമാന ചിത്രങ്ങളും കാണിച്ചു കൊടുത്തുകൊണ്ട് വേണ്ട തിരുത്തലുകൾ ആദ്യം വരച്ച ചിത്രത്തിൽ വരുത്താൻ കുഞ്ഞിനോട് സദുദ്ദേശത്തോടെത്തന്നെ നാം ആവശ്യപ്പെട്ടേയ്ക്കാം.

ഇവിടെയൊരു പ്രശ്നമണ്ഡലം തുറന്നു വരുന്നു.

കുഞ്ഞിൻ്റെ സ്വാഭാവിക സർഗാത്മകതയെ നിയന്ത്രിക്കാൻ പാടുണ്ടോ

അഥവാ പതിവു ശിക്ഷണ സമ്പ്രദായങ്ങൾ അവരുടെനൈസർഗികതയെ
ഉടച്ചുകളയുന്നുണ്ടോ

കാഴ്ചയുടെ നേരവതരണങ്ങളെയും സ്വാംശീകരണങ്ങളെയും കുറിച്ച് നാം ആലോചിച്ചു തുടങ്ങുന്നു.

അധ്യയനം തൊഴിൽ – ജീവിത സുരക്ഷിതത്വത്തിന് മാത്രമുള്ള പരിശീലനപദ്ധതികളായി മാറുന്നതിൻ്റെ സന്ദിഗ്ധതകൾ നമ്മെ കുഴക്കുന്നു

 

* * * *

കോടിക്കണക്കിന് വർഷങ്ങളിലൂടെ പ്രകൃതിയൊരുക്കുന്ന എണ്ണമറ്റ കലാവിഷ്കാരങ്ങളാണ് ഇക്കണ്ട ജീവജാലങ്ങളത്രയും.

പ്രകൃതിയുടെ കലാ സങ്കൽപം സാമ്പ്രദായികങ്ങളെ ചേർത്തിണക്കുന്നതും നിരാകരിക്കുന്നതുമാണ്.

അതിൽ നിന്ന് വേറിട്ടതൊന്നും തങ്ങൾക്കും ആവിഷ്കരിക്കാനില്ലെന്ന് എല്ലാവർക്കും ബോധ്യവുമുണ്ടെങ്കിലും തങ്ങളുടെ രീതിയിൽ തീർത്തും വിഭിന്ന രൂപഭാവബോധങ്ങളിലൂടെ പ്രകൃതിയെ പിന്തുടരുകയും അതേ സമയം കലയിലെ സ്വാതന്ത്ര്യമനുഭവിക്കുകയുമാണ് മനുഷ്യർചെയ്യുന്നത്.

ക്രമബദ്ധമായ ആവിഷ്കാരങ്ങളുടെയും , മുൻമാതൃകകകളുടെയും നിയമങ്ങൾക്കതീതമായി തൻ്റെ ആശയങ്ങളെയും വസ്തുക്കളെയും ചിത്രശില്പകലളിൽ
ആവിഷ്കരിച്ച വിഖ്യാതനായ കലാകാരനാണ് പിക്കാസോ.

(പാബ്ലോ പിക്കാസോ -1881-1973 സ്പെയിൻ ).

അദ്ദേഹം അനുവർത്തിച്ച രചനാരീതി ക്യൂബിസം എന്നറിയപ്പെടുന്നു.
തൻ്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ മരിക്കുന്നതിനു മുമ്പ് അമ്പതിനായിരത്തോളം ചെറുതും വലുതുമായ വ്യത്യസ്ഥരചനകൾ അദ്ദേഹത്തിലൂടെ ലോകത്തിന് കിട്ടി.

സ്വതന്ത്രമായ ഒന്നിനോട് സ്വതന്ത്രമായ മറ്റൊന്ന് പതിവു രീതിയിൽ ചേർത്തു വയ്ക്കുന്ന വ്യവസ്ഥാപിതരീതിയുടെ യുക്തിഭദ്രത അദ്ദേഹം ചോദ്യം ചെയ്യുന്നു.

പ്രകൃതിയിലും അത് കാണാവുന്നതാണ്

സാമാന്യ മനുഷ്യ ബോധത്തിനതീതമായ അസംഖ്യം വിചിത്രരൂപഭാവ വൈജാത്യങ്ങൾ നമുക്കു ചുറ്റുമുണ്ട്.

നെഞ്ചിൻ്റെ മധ്യഭാഗത്താണ് മനുഷ്യ ഹൃദയമെന്ന് നമുക്കറിയാം ശരീരത്തിലുടനീളം രക്തചംക്രമണത്തിനായി പ്രവർത്തിക്കുന്ന അവയവമാണ് അതെന്നും അറിയാം

ആ നെഞ്ചിൽ കൈവച്ചാലേ നമുക്ക് “ഞാൻ” എന്ന് ചിന്തിക്കാനും പറയാനും കഴിയു…
ഇക്കണ്ട ശാസ്ത്ര പുരോഗതിയുടെയും ബോധാ ബോധങ്ങളുടെയും ആലോചനകളത്രയും നടന്ന മസ്തിഷ്കത്തെ -അതുൾക്കൊള്ളുന്ന തലയെ തൊട്ട് നമുക്ക് ഞാൻ എന്ന് പറയാനാവാത്ത തെന്താണ്…..?

(തലച്ചോറിനുള്ളിൽ ഹൃദയം മറഞ്ഞ മനുഷ്യരും ഹൃദയത്തിൽ തലയൊളിപ്പിച്ച മനുഷ്യരുമുണ്ട്…!)

തലയിൽ ഹൃദയമുള്ള ഒരാളെ പ്രകൃതി പക്ഷെ രൂപകല്പന ചെയ്തിട്ടുണ്ട്

കടൽ ജീവികളായ കൊഞ്ചിൻ്റെ ഹൃദയം തലയിലാണ് സ്ഥാനപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു കൂട്ടരെ നോക്കു മൂന്ന് ഹൃദയങ്ങളും എട്ടു കൈകളിലായി ഒമ്പത് തലച്ചോറുകളുടെ നാഡീ ന്യൂറോണുകളെയും ഉൾച്ചേർത്തൊരുക്കിയ ജീവിയാണ് നീരാളി.

വേർപെട്ടാലും ഈ ജീവിയുടെ കൈകൾ പ്രതികരിക്കുന്നതിൻ്റെ രഹസ്യമതാണ്.

ഹീമോസയാനിൻ എന്ന രാസവസ്തു ചാലിച്ചു ചേർത്താണ് ഇവയുടെ രക്തം പ്രകൃതി നീല നിറമാക്കിയത് ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ സ്വന്തം ശരീരമുല്പാദിപ്പിക്കുന്ന സ്രവം സ്വജീവനു തന്നെ ഈ ജീവികൾക്ക് പ്രതികൂലമായിത്തീരാറുമുണ്ടെന്ന് പഠിതാക്കൾ പറയുന്നു.

സാധാരണയായി നാം കാണുന്ന ഈച്ചയ്ക്ക് രണ്ട് വലിയ കണ്ണുകളാണുള്ളതെന്ന് തോന്നാം എന്നാൽ നാലായിരത്തിനടുത്ത സൂഷ്മ പ്രകാശഗ്രാഹികളുടെ സമുച്ചയമാണത്.

വാർപ്പുമാതൃകകൾ നിർമ്മിച്ചെടുക്കലല്ല. കുട്ടികളുടെ പ്രകൃതം – സ്വതന്ത്രവും നീതിയുക്തവുമായ അറിവിലേക്കുള്ള ദിശയൊരുക്കം മാത്രമാണ് അദ്ധ്യാപനവും.

കണ്ണൻ ഇമേജ് / മൊബൈൽ ചിത്രങ്ങൾ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments