Saturday, July 27, 2024
Homeമതംസുവിശേഷ വചസ്സുകൾ (68) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (68) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സഭ ശരീരം; ക്രിസ്തു തല (കൊലോ.1:15 – 23)

അവൻ സഭ എന്ന ശരീരത്തിന്റെ തല ആകുന്നു; സകലത്തിനും താൻ മുമ്പൻ ആകേണ്ടതിനു അവൻ ആരംഭവും, മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യമായി
എഴുന്നേറ്റവനും ആകുന്നു” (വാ. 18).

ക്രിസ്തുശാസ്ത്ര (Choistology) സംബന്ധമായ ഗഹനങ്ങളായ ആശയങ്ങളാണു ധ്യാന ഭാഗത്തു വി.പൗലൊസ് അവതരിപ്പിക്കുന്നത്. ക്രിസ്തുശാസ്ത്ര സംബന്ധമായ ചിന്തകളാൽ അതിസമ്പന്നമായ ഒന്നാണു കൊലോസ്യ ലേഖനം. ശരീരമാകുന്ന സഭയും, തലയാകുന്ന ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെയാണ്, ഇവിടെ അപ്പൊസ്തലൻ എടുത്തു കാട്ടുന്നത്. തലയാകുന്ന ക്രിസ്തുവിനോടു ബന്ധപ്പെട്ടിരിക്കുന്ന എല്ലാ വിശ്വാസികളും ചേരുന്ന ഒരു സംയുക്ത ശരീരമാണു സഭ. എല്ലാ വിശ്വാസികളും, സഭയാകുന്ന ശരീരത്തിന്റെ തലയായ ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതിനാൽ, ആതിലെ അവയവങ്ങൾ മാത്രമാണ് അവർ ഓരോരുത്തരും.

സഭയെന്ന ശരീരത്തിന്റെ തലയാണു ക്രിസ്തു എന്നു പറയുമ്പോൾ, അതിൽ, വ്യത്യസ്ഥ മാനങ്ങൾ അടങ്ങിയിരിക്കുന്നു. യവന ഭാഷയിൽ ‘തല’ എന്നതിനു ‘ഉറവിടം’, ‘ആരംഭം’, ‘കാരണ ഭൂതൻ’ എന്നൊക്കെ അർത്ഥമുണ്ട്. കർത്താവിനെ സൂചിപ്പിക്കുവാൻ ഏതു സംജ്ഞ നാം തെരഞ്ഞെടുത്താലും, അവയെല്ലാം, സഭയുടെ മേലുളള തന്റെ അധികാരത്തെയും, അവകാശ ത്തെയും സൂചിപ്പിക്കുന്നു.
സഭ ക്രിസ്തുവിൽ ആണ് ആരംഭിച്ചത്. അതു് അവനിൽ ആണു നിലനിൽക്കുന്നത്. അതിനു വേണ്ടി തന്റെ ജീവൻ നൽകിയതിനാലാണ്, ക്രിസ്തു, സഭയുടെ തല
ആയിരിക്കുന്നത്. സഭയ്ക്കു ജീവൻ പ്രദാനം ചെയ്തവനും, ഇപ്പോഴും ജീവൻ പ്രദാനം ചെയ്തു കൊണ്ടിരിക്കുന്നവനും, ക്രിസ്തു മാത്രം. മറ്റാരും സഭയുടെ തലവൻ അല്ല.
സഭയുടെ അംഗങ്ങളും, ശുശ്രൂഷകരും മാത്രം.

സഭ എന്ന ശരീരത്തിന്റെ ഓരോ ചലനവും, . തലയെന്ന ക്രിസ്തുവിനാൽ നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമേ, സഭയ്ക്കു ക്രിസ്തു സഭയായിരിക്കാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ, അതു ഇതര മത സമൂഹങ്ങളെപ്പോലെ, ഒരു സമുദായം മാത്രം. ഒരു സമുദായം എന്നതിൽ നിന്നു സഭയെ വേർതിരിച്ചു നിർത്തുന്നതു ക്രിസ്തുവിനോടുള്ള ഈ വിധേയത്വവും അനുസരണവും ആണ്. ക്രിസ്തു കേന്ദ്രീകൃതവും, ക്രിസ്തു ബദ്ധവുമായ അനുഭവത്തിന്റെ പൂർണ്ണതയിലേക്കു
വളരുമ്പോൾ മാത്രമേ, അവൻ തലയും, നാം തന്റെ ശരീരത്തിന്റെ അവയവങ്ങ
ളുമായി രൂപാന്തരപ്പെടുകഉള്ളൂ. അതിനു ദൈവം നമ്മെ സഹായിക്കട്ടെ?

ചിന്തയ്ക്ക്: . ക്രിസ്തു കേന്ദ്രീകൃത ജീവിതം നയിക്കാത്ത ഒരു സമൂഹത്തിനും, ക്രിസ്തു സഭ എന്നു വിളിക്കപ്പെടാനുള്ള അർഹത ഇല്ല!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments