Saturday, April 27, 2024
Homeമറ്റുള്ളവവര്‍ണ്ണം ചാലിച്ച് മൂട്ടി മരങ്ങള്‍ പൂത്തു : മെയ് മാസത്തോടെ കായ്‌കള്‍ വിളയും

വര്‍ണ്ണം ചാലിച്ച് മൂട്ടി മരങ്ങള്‍ പൂത്തു : മെയ് മാസത്തോടെ കായ്‌കള്‍ വിളയും

വര്‍ണ്ണം ചാലിച്ച് മൂട്ടി മരങ്ങള്‍ പൂത്തു : മെയ് മാസത്തോടെ കായ്‌കള്‍ വിളയും

കേരളം —കണ്ണിനു കാഴ്ച ഒരുക്കി മുട്ടി മരങ്ങള്‍ ഒന്നാകെ പൂത്തു തുടങ്ങി. വനമേഖലയില്‍ എമ്പാടും മുട്ടി മരങ്ങളുണ്ട്. നാട്ടിന്‍ പുറങ്ങളിലും വെച്ചു പിടിപ്പിച്ച മുട്ടി മരങ്ങള്‍ ഇടതൂര്‍ന്നു പൂത്തു തുടങ്ങി .

വനമേഖലയിൽ മുട്ടി മരങ്ങൾ യഥേഷ്ടം തഴച്ചു വളരുന്നുണ്ട്. ഫെബ്രുവരി മാസത്തിൽ പൂവിടുന്ന മരങ്ങളിൽ ഏപ്രില്‍ മാസത്തോടെ കായകള്‍ വിളഞ്ഞു തുടങ്ങും .മെയ് ജൂണ്‍ മാസത്തോടെ മൂത്തുപഴുത്ത കായ്ക്കൾ നിറയും. കരടി, മാൻ, ആമ, മലയണ്ണാൻ ,മുള്ളൻപന്നി തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ടഭക്ഷണമാണ് ഇതിലെ ഫലങ്ങൾ.കായ് പഴുത്തു തുടങ്ങുന്നതോടെ പഴങ്ങൾ തിന്നാൻ എത്തുന്ന ചെറുജീവികളെ പിടികൂടാൻ പുലി, പെരുമ്പാമ്പ് തുടങ്ങി തുടങ്ങിയവ മുട്ടിമരങ്ങൾക്കു സമീപം ചുറ്റിപ്പറ്റി നിൽക്കും. കുന്തപ്പഴം, മുട്ടിപ്പുളി, മുട്ടികയ്പ്പൻ, തുടങ്ങിയ പ്രാദേശീക പേരുകളിലും ഇവ അറിയപ്പെടുന്നു.

വേനൽക്കാലത്ത് പലതരം കായ്‌കളുണ്ടാകുമെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്‌ മുട്ടിപ്പഴം.വേനൽ ആരംഭിക്കുന്നതോടെ മുട്ടിമരങ്ങൾ പൂത്തു തുടങ്ങും. തായ്ത്തടിയിൽനിന്ന് വള്ളിരൂപത്തിൽ നീണ്ടുകിടക്കുന്ന തണ്ടിലാണ് പൂക്കളുണ്ടാകുന്നത്. മരച്ചുവട്ടിൽനിന്ന് ആരംഭിച്ച് ഒന്നരയാൾ ഉയരത്തിൽവരെ ഇടതൂർന്ന് ചുവന്നനിറത്തിലുള്ള കായ്കളുണ്ടാകും.

ഏപ്രിലോടെ നിറംവച്ചുതുടങ്ങും. മേയ്‌മാസത്തോടെ പഴുപ്പെത്തും .കട്ടിയുള്ള പുറന്തോടു പൊട്ടിച്ച് അതിനുള്ളിലെ മാംസളമായ ഭാഗമാണ് ഉപയോഗിക്കേണ്ടത് മൂപ്പെത്തുന്നതിനുമുമ്പ് കായ്കൾ അച്ചാറിടാൻ ഉപയോഗിക്കാറുണ്ട്. റംബുട്ടാന്‍റെ വലുപ്പമുള്ള പഴങ്ങൾക്ക് പുളികലർന്ന രുചിയാണ്. മുട്ടിപ്പഴമുള്ള സ്ഥലങ്ങളിൽ പക്ഷികളെക്കൂടാതെ ആമകളും ധാരാളമായി എത്താറുണ്ട്. .ലഭ്യതക്കുറവും രുചിയുടെ പ്രത്യേകതയും തായ്ത്തടി ചുമന്ന കായ്കളാൽ പൊതിഞ്ഞു നിൽക്കുന്ന കാഴ്ചയുംകൊണ്ട് പലയിടങ്ങളിലും ആളുകള്‍ സ്വന്തമായി മുട്ടിമരം വച്ചുപിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. കോന്നി ഊട്ട് പാറയിലും അരുവാപ്പുലത്തും വള്ളിക്കോട് മേഖലയിലെ വീടുകളിലും മുട്ടി മരം ഉണ്ട് . ഇതില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങി .

കേരളത്തിലെ വനങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടിപ്പഴം (ശാസ്ത്രീയനാമം: Baccaurea courtallensis)മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുറുക്കൻതൂറി, മുട്ടിത്തൂറി, കുന്തപ്പഴം, മൂട്ടിത്തൂറി എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ആദിവാസികൾ കാട്ടിൽനിന്ന് ഈ പഴങ്ങൾ പറിച്ച് നാട്ടിൽകൊണ്ടുവന്ന് കഴിക്കാറുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക.

ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. വേനല്‍ക്കാലമായ ഫെബ്രുവരിയില്‍ ആണ് പൂക്കാലം. ദളങ്ങളില്ലാത്ത പൂക്കൾ ചുവന്നതാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. ഫലത്തിനു നെല്ലിക്കയുടെ വലിപ്പമുണ്ട്. വേനൽക്കാലത്താണ് ഫലം മൂപ്പെത്തുന്നത്. പഴുക്കുമ്പോൾ ഫലത്തിന്റെ നിറം കടുംചുവപ്പാണ്. ശിഖരങ്ങളിലും കായ ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി കാണുന്നത്. കായിൽ ധാരാളം ജലമുണ്ട്. പുളിപ്പും മധുരവുമുള്ള ഇതു ഭക്ഷ്യയോഗ്യമാണ്. ഇലകൾക്ക് 14 സെന്റീമീറ്റർ നീളവും 7 സെന്റീമീറ്റർ വീതിയും ഉണ്ടാകും. അനുപർണ്ണങ്ങളുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. തടിക്ക് ഈടും ബലവും കുറവായതിനാൽ വിറകിനായി ഉപയോഗിക്കുന്നു. പാലോട് ബൊട്ടാനിക്കൽ ഗാർഡനിൽ നിന്ന് മൂട്ടിപ്പഴത്തിന്‍റെ തൈകള്‍ വാങ്ങിക്കാൻ കഴിയും.

RELATED ARTICLES

Most Popular

Recent Comments