വയനാട് ദുരന്തബാധിതരിൽ ഇഎംഐ ഈടാക്കിയ കൽപ്പറ്റ കേരള ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം. ഗ്രാമീൺ ബാങ്ക് റീജനൽ ഓഫിസിന് മുന്നിൽ രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിലാണ്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും ബാങ്കിന്റെ വായ്പ കുടിശ്ശികയിലേക്ക് ഇഎംഐ പിടിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 1500 രൂപ മുതൽ 5000 രൂപ വരെയാണ് ബാങ്ക് പിടിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ബാങ്കിന്റെ ചൂരൽമല ശാഖയിൽനിന്നു വായ്പ എടുത്തവരിൽനിന്നാണു പ്രതിമാസ തിരിച്ചടവ് ഈടാക്കിയത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന 10 പേർ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തി. നടപടി വിവാദമായതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നം പരിഹരിക്കാൻ കലക്ടറോടു നിർദേശിച്ചു. തുടർന്ന്, സംഭവം വിവാദമായതോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍നിന്ന് സഹായധനമായി നല്‍കിയ 10,000 രൂപയില്‍നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി.