Sunday, July 21, 2024
Homeകേരളംസൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗരൂകരാവണം : ജില്ലാ പോലീസ് മേധാവി

സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗരൂകരാവണം : ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സൈബർ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകൾ  ഉൾപ്പെടെ എല്ലാത്തരം തട്ടിപ്പുകൾക്കെതിരെയും ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്. സൈബർ ലോകത്തെ പുതിയതരം തട്ടിപ്പുകളെ സംബന്ധിച്ച്  നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയർന്ന പോലീസുദ്യോഗസ്ഥൻ ചമഞ്ഞു യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട്  വീഡിയോ കോളിലൂടെ തട്ടിപ്പുകൾ നടത്തുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളതുൾപ്പെടെ എല്ലാത്തരം സൈബർ തട്ടിപ്പുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും,
അവരെ രക്ഷിക്കുകയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ലയിലും ഇത്തരത്തിൽ ഒരുപാടുപേർ കബളിപ്പിക്കപ്പെടുന്നുതും പണം നഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഉന്നതസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവർ  ഉൾപ്പെടെയുള്ളവർ ഇരകളുടെ കൂട്ടത്തിലുണ്ട്.

നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈൽ ചിത്രത്തോടുകൂടിയ ഫോൺ നമ്പരിൽ വിളിച്ച്, യൂണിഫോമിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കുറ്റവാളികൾ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബർ ലോകത്ത് ഏറ്റവും പുതിയത്. ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എൻ സി ബി, സംസ്ഥാന പോലീസ് തുടങ്ങിയവയിൽ നിന്നുള്ള യഥാർത്ഥ ഓഫീസർമാരുടെ പേരുകളായിരിക്കും അവർ ഉപയോഗിക്കുക.

തങ്ങളുടെ പേരിലുള്ള പാഴ്സലിൽ മയക്കുമരുന്നുകൾ, സ്വർണം, ഡോളർ എന്നിവയിൽ ഏതെങ്കിലും കണ്ടെത്തിയെന്നോ, ഇരകൾ ഇന്റർനെറ്റിൽ അശ്ലീല സൈറ്റുകൾ സന്ദർശിച്ചുവെന്നോ, അല്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി എന്നോ പറഞ്ഞ് വിശ്വസിപ്പിച്ചോ തട്ടിപ്പുകാർ ഭയപ്പെടുത്തും. ഇത് ബലപ്പെടുത്താൻ വേണ്ടി വിളിക്കപ്പെടുന്നയാളുടെ പേരിൽ വ്യാജ വാറന്റുകളോ എഫ് ഐ ആറുകളോ അയക്കും. വീഡിയോ കാളിനിടെവിർച്വൽ അറസ്റ്റി ലാണെന്നും തട്ടിപ്പുകാർ അറിയിക്കും. പണം നൽകിയാൽ കേസിൽ നിന്നും  ഒഴിവാക്കാമെന്ന് വാക്കുനൽകും. തുടർന്ന്, വെരിഫിക്കേഷനുവേണ്ടി തങ്ങളുടെ അക്കൗണ്ടിലുള്ള മുഴുവൻ പണവും ആർബിഐ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെടും.

ഇരകൾ പണം കൈമാറാൻ നിർബന്ധിതരാവുന്ന സാഹചര്യത്തിൽ ചില അക്കൗണ്ട് നമ്പരുകൾ അവർക്ക് കൈമാറും. പണം കൈമാറുന്നത് പൂർത്തിയാകുന്നതു വരെ ഇരയെ എങ്ങോട്ടും പോകുന്നതിനോ, ആരെയെങ്കിലും ബന്ധപ്പെടുന്നതിനോ തട്ടിപ്പുകാർ അനുവദിക്കില്ല.

വിളിക്കുന്ന വ്യക്തി ഇരയുടെ പേരും വിലാസവും മറ്റും ഇങ്ങോട്ടു പറയുമ്പോഴേക്കും വിശ്വസിച്ചു പോകുന്നതിലൂടെയാണ് തട്ടിപ്പ് സാധ്യമാവുന്നത്. ജില്ലയിൽ ഇത്തരത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സി ബി ഐയുടെ വ്യാജ ലെറ്റർപാഡ് കാട്ടി നടത്തിയ തട്ടിപ്പിന് ആറന്മുള പോലീസെടുത്ത കേസിൽ ഇരയ്ക്ക് നഷ്ടമായത് പതിനാലര ലക്ഷത്തിലധികം രൂപയാണ്. മറ്റൊന്ന് പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആണ്, മുംബൈ പോലീസ് ഇരക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായും ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതായും പറഞ്ഞു
നടത്തിയ തട്ടിപ്പിൽ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇരു കേസുകളിലും ഇരകളായത് സ്ത്രീകളാണ്. നഷ്ടപ്പെട്ട തുകയിൽ ഒരുലക്ഷം രൂപ ബ്ലോക്ക് ചെയ്ത് തിരിച്ചുപിടിക്കാൻ സാധിച്ചു.

പാര്‍സല്‍ സര്‍വീസിൽ നിന്നെന്ന് വെളിപ്പെടുത്തിയും തട്ടിപ്പ്  വ്യാപകമാണ്. പേരും വിലാസവും എല്ലാം ഇതല്ലേ എന്നു ഇരയോട്  ചോദിച്ചു വിശ്വാസം നേടി കഴിഞ്ഞ്, ഒരു പാര്‍സല്‍ നിങ്ങളുടെ പേരില്‍ വന്നത് സ്കാന്‍ ചെയ്തപ്പോള്‍ അതില്‍ മയക്കുമരുന്ന്, സ്വര്‍ണ്ണം, ഡയമണ്ട്, ഡോളര്‍ മുതലായവ ഉള്ളതിനാല്‍ മാറ്റി വെച്ചിരിക്കയാണ്‌ എന്നറിയിക്കും. പോലീസ് അറിഞ്ഞാല്‍ കേസ് ആകുമെന്നും അത് ഒഴിവാക്കണമെങ്കിൽ പണം വേണമെന്ന് തുടർന്ന് ആവശ്യപ്പെടുകയാണ് തട്ടിപ്പുകാർ ചെയ്യുക.ഫെഡക്സ് ഫ്രാഡ് എന്നും ഇത്തരം തട്ടിപ്പുകൾ അറിയപ്പെടുന്നു,കാരണം ഫെഡക്സ് കൊറിയര്‍ എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് ഈ തട്ടിപ്പ് കൂടുതലായി നടക്കുന്നത് എന്നതാണ്.   സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിക്ഷേപ കച്ചവടത്തട്ടിപ്പാണ് സൈബർ ലോകത്ത് വ്യാപകമാകുന്ന മറ്റൊരു കുറ്റകൃത്യം. സാമൂഹിക മാധ്യമങ്ങളായ വാട്സ്ആപ്പ് ടെലിഗ്രാം തുടങ്ങിയവയിലൂടെ ബന്ധപ്പെട്ട്, വൻതുകകൾ തിരികെ ലഭിക്കുന്ന  വിധത്തിൽ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പ്ലാറ്റ്ഫോമുകളിലേക്ക്  ക്ഷണിക്കുന്നതാണ് ഇവരുടെ രീതി. ഇരകളെ താൽപര്യം ജനിപ്പിച്ച ശേഷം  അത്തരം വാട്സ്ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നതാണ് അടുത്തപടി. പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ പിന്നീട് ആവശ്യപ്പെടും. ഇരയെ ബോധ്യപ്പെടുത്താൻ, വൻ തുകകൾ സമ്പാദ്യമായി  തിരിച്ചുകിട്ടുന്ന വ്യാജ റിട്ടേണുകൾ തട്ടിപ്പുകാർ കാണിക്കും. യഥാർത്ഥത്തിൽ ഒരുതരത്തിലുമുള്ള റിട്ടേണുകളും പിൻവലിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. ഇരകൾക്ക് വൻ തുകകൾ നഷ്ടപ്പെടുന്നതാണ് ഫലം. ഇത്തരം പരാതികൾ പ്രകാരം ജില്ലയിൽ കഴിഞ്ഞ വർഷവും ഈ വർഷം ഇതുവരെയുമായി 25 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആകെ 8 കോടിയോളം രൂപയാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടത്. ഇതിൽ 2,68, 988 രൂപ തിരിച്ചു കിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. സൈബർ പോലീസ് സ്റ്റേഷനിൽ 2023,2024 വർഷങ്ങളിലായി റിപ്പോർട്ട്‌ ആയ 10 കേസുകൾ ഉൾപ്പെടെയാണിത്. ബാക്കിയുള്ള 15 കേസുകൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തവയാണ്. പത്തനംതിട്ട 1, ആറന്മുള 2, അടൂർ 2, ഏനാത്ത് 1, പന്തളം 1, റാന്നി 1, പെരുനാട് 1,
തിരുവല്ല 3, പുളിക്കീഴ് 1, കോയിപ്രം 2 എന്നിങ്ങനെയാണ് മറ്റു കേസുകളുടെ എണ്ണം. എല്ലാ കേസുകളും അന്വേഷണാവസ്ഥയിലാണ് ഉള്ളത്. സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്ത് കുറ്റവാളികൾ ആളുകളെ കെണിയിൽപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സംശയകരമായ കാളുകളോ സന്ദേശങ്ങളോ വന്നാൽ ഉടൻ  തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിച്ചു ആളുകൾക്ക് വിവരം ധരിപ്പിക്കാവുന്നതാണ്. പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കാവുന്നതുമാണ്.

ജില്ലയിൽ ഇപ്പോൾ ഇൻസ്റ്റന്റ് ലോൺ തുടങ്ങിയ തട്ടിപ്പുകൾ തീരെയില്ലായെന്നും, പോലീസിന്റെ  ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ ഇത്തരം കുറ്റകൃത്യങ്ങൾ വൻ  തോതിൽ കുറഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഹണി ട്രാപ്, ഓ എൽ എക്സ് ഫ്രാഡ്, ജോലി തട്ടിപ്പ്, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ, മാട്രിമോണിയൽ പരസ്യങ്ങൾ വഴിയുള്ളവ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ  സംബന്ധിച്ച് ഈ വർഷം ഇതുവരെ 776 പരാതികളാണ് ജില്ലാ പോലീസിൽ ലഭിച്ചത്.

കഴിഞ്ഞവർഷം ഇത് 2105 ഉം, 2022 ൽ 1849 മായിരുന്നു. ഈവർഷം എടുത്ത കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. പലരും രണ്ടാമതും ചതിക്കപ്പെടുമ്പോൾ മാത്രമാണ് പോലീസിൽ പരാതിപ്പെടുന്നത്. പ്രഫഷണലുകൾ ഉൾപ്പെടെയുള്ളവർ വ്യത്യസ്തമായ സൈബർ തട്ടിപ്പുകളിൽ ഇരകളാകുന്നത് ഗൗരവതരമായ കാര്യമാണ്.

സൈബർ ബോധവൽക്കരണപരിപാടികൾ ജില്ലാ പോലീസ് തുടരുമെന്നും, ആളുകൾ കൂടുതൽ ജാഗ്രതയോടെ വർത്തിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അഡിഷണൽ എസ് പി ആർ ബിനു, സൈബർ പോലീസ് ഇൻസ്‌പെക്ടർ ജോബിൻ ജോർജ്ജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments