Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 12 | ബുധൻ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 12 | ബുധൻ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സവിശേഷമായ പ്രാർത്ഥന
————————————————

സർക്കസിലെ കോമാളി, ഒരു ആശ്രമത്തിൽ പ്രാർത്ഥിക്കാനെത്തി. കണ്ണടച്ച്, പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന മറ്റുള്ളവരെ കണ്ടപ്പോൾ അസൂയയും സങ്കടവും വന്ന അയാൾ ഗുരുവിനോടു പറഞ്ഞു: “എനിക്ക് ഇങ്ങനെയൊന്നും പ്രാർത്ഥിക്കാൻ അറിയില്ല!”. ഗുരു പറഞ്ഞു: “നിൻ്റെ കോമാളിത്തരങ്ങളെ പ്രാർത്ഥന ആക്കുക”.
അയാൾക്കു ധൈര്യമായി. അവിടെ നിന്നുകൊണ്ട് അയാൾ, ഓരോ കോമാളിത്തരങ്ങൾ കാണിക്കുവാൻ തുടങ്ങി. കണ്ണടച്ചിരുന്നവരോടു ഗുരു പറഞ്ഞു: “കണ്ണു തുറക്കുകയാണെങ്കിൽ നിങ്ങൾ ഇന്നു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ പ്രാർത്ഥന കാണാനാകും ”

അവരവർക്കറിയാവുന്നതും അവരവർക്കുള്ളതും ഈശ്വരന് അർപ്പിക്കുന്നതാണു പ്രാർത്ഥന. ‘എല്ലാം പ്രാർത്ഥനയോടെ ചെയ്യണം’ എന്നതിനേക്കാൾ ശ്രേഷ്ഠമാണ്
‘ചെയ്യുന്നതെല്ലാം പ്രാർത്ഥനയായി കാണണം’ എന്നത് ! പ്രവൃത്തികൾ പ്രാർത്ഥനയാകുമ്പോൾ, ചുറ്റുപാടുകൾ വിശുദ്ധമാകും. പണിശാലകളിൽ പവിത്രതയുണ്ടെങ്കിൽ അവിടം സ്വാഭാവികമായി പ്രാർത്ഥനാമുറിയായി രൂപാന്തരപ്പെടും.

എല്ലാ നിയമങ്ങൾക്കും ആചാരങ്ങൾക്കും അതീതമാണു പ്രാർത്ഥന. നിയമങ്ങളുടെയും, നിയന്ത്രണങ്ങളുടെയും ചട്ടക്കൂട്ടിലിരുന്നു കൊണ്ട് ഒരാൾക്ക് എങ്ങനെയാണ് ശരിയായി പ്രാർത്ഥിക്കാനാകുക? എല്ലാ ആരവങ്ങൾക്കിടയിലും, സ്വയം നിശബ്ദനാകാൻ കഴിയുന്നതും, ഏറെ ആഴമേറിയ നിശബ്ദതയിലും ഉള്ളം ശബ്ദമുഖരിതമാക്കാൻ കഴിയുന്നതുമാണ് പ്രാർത്ഥനയുടെ മറുപുറങ്ങൾ.

കണ്ണടയ്ക്കുമ്പോഴും, കതകടയ്ക്കുമ്പോഴും മാത്രമല്ല, പ്രാർത്ഥനയുടെ പരിസരം രൂപപ്പെടുക. അവനവനറിയാവുന്ന കാര്യങ്ങൾ അന്യനുവേണ്ടി കൃത്യമായി അനുഷ്ഠിക്കുമ്പോൾ അതു മൈതാനമായാലും, കൂടാരമായാലും, അവിടെ പ്രാർത്ഥനാ മഞ്ജരികൾ രൂപപ്പെടും. അപരനു സന്തോഷമേകുന്നവൻ്റെ മുമ്പിൽ, ഏത് ഈശ്വനാണു കണ്ണു തുറക്കാത്തത്? പ്രാർത്ഥിക്കാൻ, അടച്ചിട്ട സ്ഥലമല്ല, തുറന്നിട്ട മനസ്സാണ് വേണ്ടത്.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments