Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 28 | ചൊവ്വ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 28 | ചൊവ്വ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മനസ്സു തുറന്നു സംസാരിക്കാൻ ആകട്ടെ
———————————————————————

വേട്ടക്കാരൻ, ഭാര്യ, സുഹൃത്ത് എന്നിവർ ഒരുമിച്ചായിരുന്നു താമസം. ഒരു ദിവസം വേട്ടക്കാരൻ ഒരു മൃഗത്തിനു നേർക്ക് ഉന്നം പിടിച്ചു നിൽക്കുകയായിരുന്നു. പിന്നിലേക്കു നോക്കിയപ്പോൾ സുഹൃത്തു തൻ്റെ നേരേ തോക്കു ചൂണ്ടി നിൽക്കുന്നതു പോലെയാണ് അയാൾക്കു തോന്നിയത്. പെട്ടെന്നയാൾ ഒഴിഞ്ഞു മാറി. സുഹൃത്ത് ഒടി രക്ഷപെട്ടു. വീട്ടിലെത്തിയ വേട്ടക്കാരന് ഒരു സംശയം: തൻ്റെ ഭാര്യയും സുഹൃത്തും ചേർന്നൊരുക്കിയ ഒരു ചതിയായിരുന്നോ അത്? ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, എന്തുകൊണ്ടോ അയാൾ ചോദിച്ചില്ല.

നിശബ്ദമായി വർഷങ്ങൾ കടന്നു പോയി. വേട്ടക്കാരൻ്റെ ഭാര്യ, എന്നും ഡയറി എഴുതി തുറന്നു വയ്ക്കുമായിരുന്നു. എന്നാൽ ഒരിക്കലും അതു വായിക്കുവാൻ അയാൾ ശ്രമിച്ചില്ല. സുഹൃത്തിനു വേണ്ടിയാണവർ ഡയറി എഴുതിയിരുന്നത് എന്നാണയാൾ കരുതിയത്. വർഷങ്ങൾക്കു ശേഷം ഭാര്യ മരിച്ചു. എന്നിട്ടും, അയാൾ ഡയറി തുറന്നു നോക്കിയില്ല. ഒരിക്കൽ സുഹൃത്തു തിരിച്ചെത്തി. അയാളോടു വേട്ടക്കാരൻ പറഞ്ഞു: “എൻ്റെ ഭാര്യ ഡയറി എഴുഴിവച്ചിരിക്കുന്നതു നിങ്ങൾക്കു വേണ്ടിയാണ്”. സുഹൃത്തു പറഞ്ഞു: “അതെനിക്കു വേണ്ടിയല്ല, നിങ്ങൾക്കു വേണ്ടിത്തന്നെയാണ്”.

തുറന്നുപറച്ചിലിൻ്റെ മന:ശാസ്ത്രം വളരെ ലളിതമാണ്. അതിനു പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. എന്നാൽ, ഒന്നു തുറന്നു പറയാൻ കഴിയാത്തതിൻ്റെ പേരിലാണ് പലപ്പോഴും പല ബന്ധങ്ങളും, നിർജ്ജീവമായി പോകുന്നത്. നിശബ്ദത നിർവികരതയിലേക്കും, അതു പിന്നീടു് നിസ്സംഗതയിലേക്കും വഴി നയിക്കും. അടുപ്പത്തിൻ്റെ മറുപുറമാണ്, പരാതിയും പിണക്കവും. എന്നാൽ, അകലത്തിൻ്റെ ആദ്യപടിയായി വേണം, മൗനത്തെ കണുവാൻ . തുറന്നുവച്ച പുസ്തകങ്ങൾ പോലും കാണാനാകാതെ പോകുന്നതിനു കാരണം, കാഴ്ചക്കുറവല്ല, വിശ്വാസക്കുറവാണ്. സംശയത്തിൻ്റെ പടവുകൾ കയറിത്തുടങ്ങാൻ ആരംഭിച്ചാൽപ്പിന്നെ തിരിച്ചിറങ്ങാൻ ബുദ്ധിമുട്ടാണ്.

നേരിട്ടുള്ള ഒറ്റച്ചോദ്യംകൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്ന പല പ്രശ്നങ്ങളും, ചുറ്റമുള്ളവരോട്, ഒരായിരം തവണ ചോദിച്ചാലും പരിഹരിക്കപ്പെടുകയില്ല. കാഴ്ചക്കാർ നൽകുന്ന വിശദീകരണങ്ങളാണ് പല ബന്ധങ്ങളേയും കൂടിച്ചേരാനാകാത്ത വിധം വേർപെടുത്തുന്നത്. മനസ്സു തുറന്നു സംസാരിക്കാനാകട്ടെ നമുക്ക്.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments