Saturday, July 27, 2024
Homeകേരളംലോക്സഭാ തെരഞ്ഞെടുപ്പ് : സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് : സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ട — ലോക സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ എം എസ് വിജുകുമാര്‍, ജയദീപ് എന്നിവര്‍ പരിശീലനക്ലാസുകള്‍ നയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗം, പെരുമാറ്റച്ചട്ടങ്ങള്‍, വള്‍നറബിള്‍ ബൂത്തുകളുടെ മാപ്പിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.


ജില്ലയില്‍ പത്ത് മുതല്‍ പതിനാല് വരെ പോളിംഗ് ബൂത്തുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫീസറെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുകയുമാണ് ഇവരുടെ ചുമതല. പോളിംഗിന് ശേഷം സാധനങ്ങള്‍ തിരികെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതുവരെയാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനസമയം.

ഇവര്‍ വോട്ടെടുപ്പിന് മുന്‍പ് ഓരോരുത്തര്‍ക്കും ചുമതലപ്പെടുത്തിയ ബൂത്തുകള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്തും. ഏതെങ്കിലും ബൂത്തില്‍ പുതിയ വോട്ടിംഗ് യന്ത്രം ആവശ്യമായി വന്നാല്‍ അവ ഉടന്‍ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും.
തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യുട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ് , സെക്ടറല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments