Friday, September 13, 2024
Homeകേരളംകേരളത്തെ പശ്ചാത്തലസൗകര്യ വികസനങ്ങളുടെ ഹബ്ബാക്കി മാറ്റും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളത്തെ പശ്ചാത്തലസൗകര്യ വികസനങ്ങളുടെ ഹബ്ബാക്കി മാറ്റും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പത്തനംതിട്ട –കേരളത്തെ പശ്ചാത്തലസൗകര്യ വികസനങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി, പുങ്കാവ്- പത്തനംതിട്ട റോഡുകളുടെ ഉദ്ഘാടനവും ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്റ നിര്‍മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോന്നിയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ശബരിമല തീര്‍ഥാടകര്‍ക്കെല്ലാം ഈ നവീകരണപ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമാകും.

കോന്നി,പ്രമാടം,വള്ളിക്കോട് പഞ്ചായത്തുകളിലൂടെ 12.2 കിലോമീറ്റര്‍ മീറ്റര്‍ ദൂരത്തില്‍ കടന്നു പോകുന്ന ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോന്നി ചന്ദനപ്പള്ളി റോഡ് ബിഎം ബിസി സാങ്കേതിക വിദ്യയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത് 10.20 കോടി രൂപ മുതല്‍ മുടക്കിയാണ്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ പൂങ്കാവ് പത്തനംതിട്ട റോഡ് ബിഎം ബിസി സാങ്കേതിക വിദ്യയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത് ഏഴു കോടി രൂപ ചെലവിലാണ്. വള്ളിക്കോട്,പ്രമാടം പഞ്ചായത്തുകളിലൂടെ 4.65 കിലോമീറ്റര്‍ ദൂരത്തില്‍ കടന്നു പോകുന്ന ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡ് 5.5 മീറ്റര്‍ വീതിയില്‍ ബിഎം ബിസി സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്നതും ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ്. ആവശ്യമായ ഇടങ്ങളില്‍ കലുങ്കുകളും ഓടയും ഐറിഷ് ഓടയും നിര്‍മിക്കും.

റോഡ് സുരക്ഷാ പ്രവര്‍ത്തികളും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്യുന്നുണ്ട്. ഇതിനായി ഏഴു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തില്‍ പശ്ചാത്തല വികസന മേഖലയില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ദേശീയപാതകളും സംസ്ഥാനപാതകളും പൊതുമരാമത്ത് റോഡുകളും സംസ്ഥാനമെങ്ങും നവീകരിക്കപ്പെടുകയാണ്. എല്ലാ നിയോജകമണ്ഡലങ്ങളിലും ഈ വികസനമുന്നേറ്റം ദൃശ്യമാണ്. മലയാളികളുടെ സ്വപ്നമായ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയപാത സംസ്ഥാനസര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായി 2025 അവസാനത്തോടെ യാഥാര്‍ഥ്യമാകും. തീരദേശ ഹൈവേയും മലയോരഹൈവേയും സമീപകാലത്തു തന്നെ പൊതുജനങ്ങള്‍ക്കായി ഗതാഗതത്തിന് തുറന്ന് കൊടുക്കും. കോന്നി മണ്ഡലത്തിലും എംഎല്‍എ അഡ്വ. കെ. യു ജനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ പൂര്‍ണ്ണ പിന്തുണ ഇവയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവര്‍ഷം കൊണ്ട് പ്രമാടം ഗ്രാമപഞ്ചായത്തിലെ എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും ഭരണാനുമതി നേടിക്കഴിഞ്ഞു. മണ്ഡലത്തിലെ ഗ്രാമീണ റോഡുകളെല്ലാം മെച്ചപ്പെടുന്നതിന് ഫണ്ട് അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് 108 കോടി രൂപ മുതല്‍മുടക്കിയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളുടെയും ആശുപത്രികളുടെയും നവീകരണം മണ്ഡലത്തില്‍ പലയിടത്തും നടക്കുകയാണ്. പ്രമാടത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് ആദ്യഘട്ടമായി മൂന്ന് കോടി രൂപ പുതിയ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും സമ്പൂര്‍ണമായ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

പൂങ്കാവ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഷിബു മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, അംഗങ്ങളായ പ്രസന്ന രാജന്‍, ശ്രീകല നായര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments