Saturday, July 27, 2024
Homeകേരളംകോഴിക്കോട് ഭക്ഷ്യഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന; 23 ഷവർമ കടകൾക്ക് നോട്ടീസ്, മൂന്ന് കടകൾ പൂട്ടിച്ചു, അഞ്ച്...

കോഴിക്കോട് ഭക്ഷ്യഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന; 23 ഷവർമ കടകൾക്ക് നോട്ടീസ്, മൂന്ന് കടകൾ പൂട്ടിച്ചു, അഞ്ച് കടകൾക്ക് പിഴ.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയിൽ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളിൽ. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടുകയും 23 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇതിന് പുറമെ അഞ്ച് കടകൾക്ക് പിഴ ചുമത്തി.

ജില്ലയിൽ ഷവർമ കടകളിലെ പ്രധാന പ്രശ്നം മയോണൈസിന്റെ തെറ്റായ നിർമാണ രീതിയാണെന്ന് അധികൃതർ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോൾ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാർഗ്ഗം തേടുന്നത്. പാസ്ചറൈസ് ചെയ്ത മുട്ട (പച്ചമുട്ട മൂന്ന് മുതൽ 3.5 മിനിറ്റ് നേരം വരെ 60-65 ഡിഗ്രി ചൂടുവെള്ളത്തിൽ ഇട്ടുവെക്കുന്നത്) ഉപയോഗിച്ചാണ് ഷവർമ നിർമിക്കേണ്ടത്. ഷവർമ ഉണ്ടാക്കുന്നവരുടെ മെഡിക്കൽ ഫിറ്റ്നസും നിയമം കർശനമായി നിർദേശിക്കുന്നു.

ഷവർമ പാർസലായി നൽകുന്ന വേളയിൽ ഒരു മണിക്കൂറിനകം ഉപയോഗിക്കണം എന്നുള്ള ലേബൽ പതിച്ചായിരിക്കണം നൽകേണ്ടത്. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ ശ്രദ്ധിക്കുന്നത്. ഷവര്‍മ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുമ്പോൾ പാലിക്കേണ്ട പ്രത്യേക നിർദേശങ്ങൾക്ക് പുറമെ കടകൾ പൊതുവായി പാലിക്കേണ്ട ശുചിത്വ സംബന്ധമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

പരിശോധനകള്‍ ഇനിയും തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. ഭക്ഷണ കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ജില്ലയായതിനാൽ തന്നെ കോഴിക്കോട് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിൽ കോഴിക്കോട് നഗരത്തിലാണ് കൂടുതൽ ഷവർമ കടകൾ പ്രവർത്തിക്കുന്നത്.

വടകരയിലെ ജിഞ്ചർ കഫേ, കോഴിക്കോട് സൗത്ത് പാലാഴി റോഡിലെ ഹൗസ് ഓഫ് ഫലൂദ, നടക്കാവിലെ ഈ ദുനിയാവ് എന്നിവയാണ് ലൈസൻസ് ഇല്ലാത്തത് കാരണം അടപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments