Monday, December 9, 2024
Homeകേരളംവാഹനങ്ങളിലെ പുകവലിക്കാർക്കെതിരെ എം.വി.ഡി; ലൈസൻസ് അടക്കം സസ്പെൻ‌ഡ് ചെയ്യും.

വാഹനങ്ങളിലെ പുകവലിക്കാർക്കെതിരെ എം.വി.ഡി; ലൈസൻസ് അടക്കം സസ്പെൻ‌ഡ് ചെയ്യും.

കോഴിക്കോട്: ചുട്ടു പൊള്ളുന്ന വെയിലിൽ ഓടുന്ന വാഹനങ്ങൾക്കുള്ളിലിരുന്ന് പുകവലിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ചൂട് വർദ്ധിച്ചതോടെ യാത്രയ്ക്കിടെ വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാദ്ധ്യത കൂടിയിരിക്കുകയാണ്. ഈ സമയത്ത് ചൂടായ വാഹനങ്ങൾക്കുള്ളിലെ പുകവലി മൂലമുണ്ടാകുന്ന ചെറിയൊരു തീപ്പൊരി പോലും അപകടത്തിന് കാരണമാകും. അതിനാൽ അഗ്നിബാധയ്ക്ക് കാരണമായ സാഹചര്യങ്ങൾ മുൻകൂട്ടി മനസിലാക്കി പൂർണമായും ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉപയോഗശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികൾ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളിൽ നിന്നും പെട്രോൾ, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കിൽ വലിയൊരു ദുരന്തത്തിന് ഇടയാക്കും.

പബ്ലിക് സർവീസ് വാഹനങ്ങളിൽ ഡ്രൈവർ പുകവലിച്ചാൽ ലൈസൻസ് അടക്കം സസ്പെൻഡ് ചെയ്യുന്ന കർശന നടപടികൾ സ്വീകരിക്കുമെന്നും എം.വി.ഡി അറിയിച്ചു.

ഇന്ധന ഗ്യാസ് ലീക്കേജ്, ആൾട്ടറേഷനുകളും ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും, അധിക താപം ഉത്പാദിപ്പിക്കുന്ന ബൾബുകൾ, വാഹനങ്ങളുടെ കാലപ്പഴക്കം, കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് നടത്താത്തത് തുടങ്ങിയവയാണ് വാഹനങ്ങളിലെ അഗ്നിബാധയ്ക്കുള്ള കാരണങ്ങൾ. തീപിടിത്തമുണ്ടായാൽ എല്ലാ വാഹനങ്ങളിലും ചെറിയ ഫയർ എക്സ്റ്റിംഗ്യുഷർ പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിച്ചിരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്നു.

മുൻകരുതലുകൾ.

1. അഗ്നിബാധ ഉണ്ടായാൽ എത്രയും വേഗം വാഹനത്തിൽ നിന്നിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറണം.

2. അഗ്നിശമന സേനയെ ഉടൻ വിവരം അറിയിക്കുക.

3. കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ ലീക്കുണ്ടോയെന്ന് പരിശോധിക്കണം.

4 . യാത്രയ്ക്കിടെ ഗ്യാസിന്റെ മണം അനുഭവപ്പെട്ടാൽ അടുത്തുള്ള സർവീസ് സെന്ററിൽ കാണിച്ച് പരിഹാരിക്കണം.

5. വാഹനങ്ങൾ നിറുത്തിയിടുമ്പോൾ ഉണങ്ങിയ ഇലകളോ പ്ലാസ്റ്റിക്കോ മറ്റ് അഗ്നിബാധയ്ക്ക് സാദ്ധ്യതയുള്ള സ്ഥലങ്ങളോ ആണെങ്കിൽ ഒഴിവാക്കുക.

6. തണലത്ത് വാഹനങ്ങൾ നിറുത്തിയിടുക.

7.ഇന്ധനക്കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്യണം.

8. വാഹനത്തിനകത്ത് ഇന്ധനം, തീപ്പെട്ടി, ലൈറ്ററുകൾ, സ്‌ഫോടക വസ്തുക്കൾ, പെർഫ്യൂം എന്നിവ സൂക്ഷിക്കാതിരിക്കുക.

9. ഇന്ധന ലീക്കേജ് പരിശോധിക്കുക

10. വാഹനത്തിനുള്ളിൽ വച്ച് സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്യാതിരിക്കുക.

RELATED ARTICLES

Most Popular

Recent Comments